ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കെതിരെയും അതിന്റെ സംഘാടകര്‍ക്കെതിരെയും യോനീകവാടത്തിനെതിരെയും സംസാരിക്കുന്നത് ഈ തെരുവില്‍ അക്രമമഴിച്ചുവിടുന്ന നാമജപക്കാര്‍ തന്നെയാണ്
2019-2020 വര്‍ഷത്തെ ബജറ്റ് ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ബജറ്റിലെ വിശദാംശങ്ങള്‍ക്കും ധനവിനിയോഗത്തിന്റെ കണക്കുകള്‍ക്കുമൊപ്പം ചര്‍ച്ചയാകുന്നത് ധനമന്ത്രി തന്നെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ബജറ്റ് പ്രസംഗത്തിന്റെ മുഖചിത്രമാണ്. കൈയില്‍ സ്ലേറ്റു പിടിച്ച പഞ്ചമിയെ ചേര്‍ത്തു നിര്‍ത്തി പ്രസംഗിക്കുന്ന അയ്യങ്കാളിയുടെ ജലച്ചായ ചിത്രം ഉറച്ച ഒരു രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ വെളിപ്പെടലായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്.
സ്വര്‍ണക്കരയുള്ള തലപ്പാവോ ചന്ദനക്കുറിയോ ഇല്ലാത്ത, ഇരുണ്ട നിറമുള്ള ദളിതനായ അയ്യങ്കാളിയെ ഒരു പക്ഷേ ആദ്യമായി ചിത്രീകരിച്ച ഈ കലാസൃഷ്ടിക്കു പിന്നില്‍ ജലജ പി.എസ്. എന്ന ആര്‍ട്ടിസ്റ്റാണ്. കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവഹാരങ്ങളില്‍ കുറച്ചുകാലങ്ങളായി നിറഞ്ഞു നില്‍ക്കുന്ന കലാകക്ഷി എന്ന കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് ജലജ. അടുത്തകാലത്ത് കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്തിട്ടുള്ള ആര്‍പ്പോ ആര്‍ത്തവ വേദിയിലെ യോനീ കവാടവും, കന്യാസ്ത്രീ സമരവേദിയിലെ കന്യാസ്ത്രീയെ മടിയിലേന്തിയ മാതാവിന്റെ പിയത്തയും സൃഷ്ടിച്ചെടുത്ത അതേ രാഷ്ട്രീയ ബോധ്യം തന്നെയാണ് ബജറ്റിന്റെ പുറം ചട്ടയിലെ അയ്യങ്കാളിക്കു പിറകിലുമുള്ളത്. അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും ദാക്ഷായണി വേലായുധനുമെല്ലാം വൈകിയാണെങ്കിലും പൊതുമണ്ഡലത്തിലെത്തിത്തുടങ്ങിയ കാലത്തെ ബജറ്റ് മുഖചിത്രത്തെക്കുറിച്ച് ജലജ സംസാരിക്കുന്നു.
അറിയേണ്ടതും വായിക്കേണ്ടതും അയ്യങ്കാളിയെയാണ്
ഈ ചിത്രം ഇതിനു മുന്‍പും നമ്മള്‍ ഉപയോഗിച്ചിട്ടുള്ളതാണ്. ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ പോസ്റ്ററായിട്ടാണ് ഇത് നേരത്തേ ഉപയോഗിച്ചിട്ടുള്ളത്. 2018 മുതല്‍ വരച്ചു വരുന്ന 101 Inspiring speeches for Indians you can’t afford to miss എന്ന സീരിസിലെ നാലാമത്തെ ചിത്രമാണിത്. അതിന്റെ അടുത്ത ഘട്ടം ഇപ്പോഴും വരയ്ക്കുകയാണ്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നപ്പോള്‍, സ്ത്രീകളുടെ സ്വത്വ തീരുമാനങ്ങളെ മുന്‍നിര്‍ത്തി ആര്‍ത്തവം അശുദ്ധമല്ല എന്നു പ്രഖ്യാപിച്ച പരിപാടിയാണ് ആര്‍പ്പോ ആര്‍ത്തവം. ആര്‍ത്തവ അയിത്തത്തെ നിയമം മൂലം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട ആദ്യത്തെ കൂട്ടായ്മ കൂടിയാണിത്. പഞ്ചമിയുടെ കൈപിടിച്ച് സ്‌കൂളിലേക്കു പോകുന്ന അയ്യങ്കാളിയെ ഈ പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററുകളില്‍ ഉപയോഗിച്ചത്, സ്ത്രീകളുടെ തുല്യനീതിയെക്കുറിച്ചും മറ്റ് ഏതൊരാള്‍ക്കുമുണ്ടായിരുന്നതിനേക്കാള്‍ വ്യക്തമായൊരു കാഴ്ചപ്പാട് അയ്യങ്കാളിക്ക് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നതു കൊണ്ടാണ്.
തിരുവനന്തപുരത്തുള്ള ഗോഡ്‌ഫ്രേ ദാസാണ് ബജറ്റിന്റെ കവര്‍ പേജ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിക്കപ്പെടുന്നതെന്നും, അതിന്റെ ഭാഗമായി സ്ത്രീ കലാകാരികളുടെ വര്‍ക്കുകള്‍ അതിന്റെ കവറായി ഡിസൈന്‍ ചെയ്യാന്‍ ആലോചനയുണ്ടെന്നും അറിയിച്ചാണ് എന്നെ വിളിക്കുന്നത്. അതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടാണ് അയ്യങ്കാളിയുടേയും പഞ്ചമിയുടേയും ചിത്രം കൊടുക്കുന്നത്. അറിയേണ്ടതും വായിക്കേണ്ടതും തിരിച്ചുകൊണ്ടുവരേണ്ടതുമായ ചരിത്രമാണിത്. നവോത്ഥാനം എന്നു പറയുമ്പോള്‍ നവോത്ഥാന നായകന്മാരെയേ നമുക്കറിയൂ. ദാക്ഷായണി വേലായുധനേയും അമ്മു സ്വാമിനാഥനേയും പോലുള്ളവരെത്തന്നെ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ ശേഷമാണ് പലരും കേള്‍ക്കുന്നതു തന്നെ. ഒരു നങ്ങേലിയും പഞ്ചമിയും കഴിഞ്ഞാല്‍ മറ്റൊരു പേര് ആരും കേട്ടിട്ടുമില്ല. സ്ത്രീകളുടെ വിദ്യാഭ്യാസത്തേയും തുല്യനീതിയേയും വേണ്ടവിധത്തില്‍ ചര്‍ച്ച ചെയ്ത ഒരു വ്യക്തി അയ്യങ്കാളി മാത്രമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അല്ലെങ്കില്‍, അയ്യങ്കാളിയെപ്പോലെ മറ്റൊരാളും സ്ത്രീകളുടെ കൈപിടിച്ച് അവളുടെ ഉന്നമനത്തിലേക്ക് വഴികാട്ടിയിട്ടില്ല. അതു കൊണ്ടാണ് ആര്‍പ്പോ ആര്‍ത്തവത്തിന്റെ പോസ്റ്ററുകളിലും പിന്നീട് ബജറ്റ് മുഖചിത്രത്തിലേക്ക് ആവശ്യപ്പെട്ടപ്പോഴും അയ്യങ്കാളിയെത്തന്നെ തെരഞ്ഞെടുത്തത്.
ചന്ദനക്കുറിയിട്ട അയ്യങ്കാളിയല്ല, കറുത്ത തൊലിയുള്ള അയ്യങ്കാളി
റഫറന്‍സിനായി മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതു കൊണ്ട് പലപ്പോഴും ഗൂഗിളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റുമാണ് ചിത്രങ്ങളെടുക്കാറ്. സ്വാഭാവികമായും അയ്യങ്കാളിക്ക് വേണ്ടിയും അത്തരം മാര്‍ഗ്ഗങ്ങളില്‍ അന്വേഷിച്ച് കിട്ടിയ ചിത്രമാണ് ആദ്യമുപയോഗിച്ചത്. കസവു തലപ്പാവും ചന്ദനക്കുറിയും തൊട്ട അയ്യങ്കാളിയെ മാത്രമേ അങ്ങനെ നമുക്കു കാണാന്‍ കിട്ടുകയുള്ളൂ. വെളുത്ത തൊലിയുള്ള അയ്യങ്കാളി. പലയിടത്തു നോക്കിയിട്ടും അതാണ് കിട്ടിയത്. അതു വച്ചാണ് ആദ്യം വരച്ചത്. ആര്‍പ്പോ ആര്‍ത്തവത്തിന്റെ പോസ്റ്ററുകളെക്കുറിച്ച് ആലോചിച്ചപ്പോഴും ആദ്യം അയ്യങ്കാളിയും പഞ്ചമിയുമായിരുന്നു മനസ്സില്‍. പരിപാടിയുടെ കൊടിയേറ്റം വഞ്ചി സ്‌ക്വയറില്‍ വച്ചു നടത്തിയിരുന്നു. അവിടെ വച്ചാണ് പോസ്റ്റര്‍ പുറത്തുവിടുന്നത്.
പോസ്റ്റര്‍ ചെയ്തശേഷം ചര്‍ച്ചകള്‍ക്കായി സുഹൃത്തുക്കള്‍ ചേര്‍ന്ന് സണ്ണിച്ചേട്ടന്റെ (സണ്ണി എം കപിക്കാട്) വീട്ടില്‍ പോയിരുന്നു. സണ്ണിച്ചേട്ടനെ വര്‍ക്ക് കാണിച്ചപ്പോഴാണ് അയ്യങ്കാളിയെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ സണ്ണിച്ചേട്ടന്‍ പറയുന്നത്. അയ്യങ്കാളി കസവ് തലപ്പാവോ ചന്ദനക്കുറിയോ ഉപയോഗിച്ചിരുന്നതായുള്ള ചരിത്ര രേഖകള്‍ നമുക്കില്ല. ഇന്ന തരം വസ്ത്രമാണ് അയ്യങ്കാളി ഉപയോഗിച്ചിരുന്നതെന്നും എവിടെയും പറയുന്നില്ല. സമൂഹത്തില്‍ ഉന്നതനായ ഒരു വ്യക്തിയുടെ വസ്ത്രരീതികള്‍ വൃത്തിയായി അദ്ദേഹം ചെയ്തിരുന്നു എന്നതൊഴിച്ചാല്‍ മറ്ററിവുകള്‍ ഒന്നുമില്ല. കൊടിയേറ്റത്തിനു നാലു ദിവസം മുന്‍പാണിത്. ഇത്തരം ഒരു അഭിപ്രായമുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ വീണ്ടും മാറ്റി വരയ്ക്കാന്‍ തീരുമാനിച്ചു. ഏതോ ഒരു കലാകാരന്റെ കാഴ്ചയില്‍ നമ്മള്‍ ഇത്രനാള്‍ കണ്ടു കൊണ്ടിരുന്ന അയ്യങ്കാളിയെ മാറ്റി, പകരം ദളിത് സ്വത്വമുള്ള, ഇരുണ്ട നിറമുള്ള അയ്യങ്കാളിയെ വരയ്ക്കുകയാണ് ചെയ്തത്. ഇനിയുള്ള തലമുറ അയ്യങ്കാളിയെക്കുറിച്ച് പരിശോധിക്കുമ്പോള്‍ കറുത്ത തൊലിയുള്ള ചന്ദനക്കുറിയില്ലാത്ത മറ്റൊരു അയ്യങ്കാളിയെക്കൂടി അവര്‍ക്കു കാണാന്‍ സാധിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എങ്കില്‍ മാത്രമേ അവരത് പഠിക്കാന്‍ ശ്രമിക്കുകയുള്ളൂ. എനിക്കുണ്ടായ സ്വയം ബോധ്യമാണത്.
എന്തുകൊണ്ട് കലാകക്ഷി?
വിവിധ വിഷയങ്ങളില്‍ ഇടപെടുന്ന ഒരു കലാകൂട്ടായ്മയാണ് കലാകക്ഷി. തൃപ്പൂണിത്തുറ ആര്‍.എല്‍.വിയില്‍ നിന്നും പഠിച്ചിറങ്ങുകയും, ശേഷം കൊച്ചിയില്‍ ജോലി ചെയ്യുകയും ചെയ്തിരുന്ന കുറച്ചുപേര്‍ ചേര്‍ന്നുണ്ടാക്കിയതാണിത്. ആര്‍.എല്‍.വിയില്‍ എന്റെ സമകാലീനരായോ ജൂനിയര്‍മാരായോ ആര്‍ട്ട് പഠിച്ചിട്ടുള്ളവരാണ് കലാകക്ഷിയിലുള്ളത്. 2014 മുതലാണ് പൊതുവിടങ്ങളിലേക്ക് എത്തിത്തുടങ്ങിയത്. അതിനു മുന്നേ തന്നെ സൗഹൃദ കൂട്ടായ്മകളുടെ രൂപത്തില്‍ പ്രദര്‍ശനങ്ങളൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്. ‘RAY’ എന്ന കൂട്ടായ്മയൊക്കെയായിരുന്നു അന്ന്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ അത്തരം പ്രദര്‍ശങ്ങള്‍ ചെയ്തിരുന്നു. പിന്നീട് 2014ല്‍ കൊച്ചിയില്‍ പുതുവത്സരാഘോഷം കഴിഞ്ഞു വരുമ്പോള്‍ പൊലീസിന്റെ ഭാഗത്തു നിന്നും സദാചാര ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെതിരെ പ്രതികരിച്ചുകൊണ്ടാണ് പൊതുവിടങ്ങളിലേക്ക് കലാകക്ഷിയെത്തുന്നത്.
അതിനു മുന്നേ മനുഷ്യസംഗമത്തിന്റെ ഭാഗമായും കാലകക്ഷി പെര്‍ഫോര്‍മന്‍സുകള്‍ നടത്തിയിട്ടുണ്ട്. പുതുവൈപ്പിനിലെ സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്തത് കലാകക്ഷിയാണ്. കന്യാസ്ത്രീ സമരത്തിന്റെ വേദിയിലുണ്ടായിരുന്ന, കന്യാസ്ത്രീയെ മടിയില്‍ കിടത്തിയിട്ടുള്ള പിയാത്തയുടെ ആവിഷ്‌കാരം ചെയ്തതും ഞാനാണ്. നിലനില്‍പ്പിനായി ആളുകള്‍ ചെയ്യുന്ന, ഐക്യപ്പെടാന്‍ സാധിക്കുന്ന സമരങ്ങളോട് ചേര്‍ന്നു നില്‍ക്കുകയാണ് കലാകക്ഷി. ഏതു തരം ആളുകളോടും ചേര്‍ന്നു നില്‍ക്കാനുള്ള കഴിവ് ആര്‍ട്ടിനുണ്ട്. ജനകീയമായ വിഷയങ്ങളുടെ, മൗലികാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളുടെ ഭാഗമായിക്കൊണ്ട് കല എങ്ങനെ പൊതുവിടങ്ങളില്‍ ഇടപെടണം എന്നതിന്റെ പരീക്ഷണമാണ് കലാകക്ഷി. നമുക്കറിയാവുന്നത് കലയാണ്. അതിനെ ഒരു മീഡിയമായി ഉപയോഗിക്കുന്നു എന്നേയുള്ളൂ.
ആരെയാണ് യോനീകവാടം അസ്വസ്ഥരാക്കുന്നത്?
ആളുകളെ വരയ്ക്കുന്നയാളാണ് ഞാന്‍. ഇതിനു മുന്‍പും പുരുഷന്മാരെയും സ്ത്രീകളെയും നഗ്‌നതയുമൊക്കെ വരച്ചിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എല്ലാ ശരീരഭാഗങ്ങളും എനിക്ക് ഒരുപോലെയാണ്. ഒരു സ്ത്രീയുടെ യോനി പബ്ലിക് സ്പേസില്‍ കണ്ടെന്നതുകൊണ്ട് ഒരു ആധുനിക സമൂഹം ഇത്രയേറെ ചര്‍ച്ചയും വിവാദവുമുണ്ടാക്കേണ്ട കാര്യമേയില്ല. അതും യോനിയുടെ ഒരു മാതൃക മാത്രമായിരുന്നു എന്നു ശ്രദ്ധിക്കണം. അതൊരു അവയവയമായിത്തന്നെ നിലനില്‍ക്കുന്നു എന്ന് മനുഷ്യര്‍ മനസ്സിലാക്കണം. ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കെതിരെയും അതിന്റെ സംഘാടകര്‍ക്കെതിരെയും യോനീകവാടത്തിനെതിരെയും സംസാരിക്കുന്നത് ഈ തെരുവില്‍ അക്രമമഴിച്ചുവിടുന്ന നാമജപക്കാര്‍ തന്നെയാണ്. സാധാരണക്കാരാരും ആക്രമണമഴിച്ചുവിടാന്‍ പോയിട്ടില്ലല്ലോ.
ഞാനൊരു വിശ്വാസിയൊന്നുമല്ല. എനിക്ക് വിശ്വാസമുള്ളത് ഭരണഘടനയിലാണ്. അതുകൊണ്ട് ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കുന്നു, ചിന്തിക്കുന്നു. അവര്‍ക്ക് വിശ്വാസം അയ്യപ്പന്റെ ബ്രഹ്മചര്യത്തിലായിരിക്കും. അവര്‍ അതിനെക്കുറിച്ച് ചിന്തിക്കട്ടെ. വിശ്വാസം വ്യക്തിക്ക് നിലനില്‍ക്കാനുള്ള ഉപാധിയാണ്. അതിനെ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടത്. വ്യത്യസ്തരായ ആളുകള്‍ക്ക് വ്യത്യസ്തരായി നിലനില്‍ക്കാനുള്ള സ്പേസ് കൊടുക്കുന്നതു കൂടിയാണല്ലോ ജനാധിപത്യം. ഇപ്പോള്‍ ആര്‍പ്പോ ആര്‍ത്തവത്തിന്റെ സംഘാടകര്‍ക്കെതിരെ ചിലര്‍ കേസു കൊടുത്തിട്ടുണ്ട്. അത് സ്ത്രീകളാണെങ്കിലും, നാമജപക്കാരുടെ കൂട്ടത്തിലുള്ളവര്‍ തന്നെയാണ്. പുരുഷന്മാര്‍ കൊടുക്കുന്ന സ്വാതന്ത്ര്യത്തിനപ്പുറത്തേക്ക് ചിന്തിക്കാത്ത, പുരുഷാധിപത്യ സമൂഹത്തിന്റെ സ്ത്രീകളായിരിക്കും ഈ കേസൊക്കെ കൊടുത്തിരിക്കുക. സ്വത്വബോധമുള്ള സ്ത്രീകള്‍ അതിനു പോകില്ലല്ലോ. ആ സമയത്ത് സ്വന്തം ഇടം ഉണ്ടാക്കിയെടുക്കാനല്ലേ അവര്‍ ശ്രമിക്കൂ.