UPDATES

ട്രെന്‍ഡിങ്ങ്

ജലന്ധർ ബിഷപ് വിചാരിച്ചാൽ ഇവരെ പട്ടിണിക്കിട്ട് നരകിപ്പിക്കാം; 13 തവണ പീഡിപ്പിച്ചിട്ടും മൌനം പാലിച്ചതെന്തേ എന്നു ചോദിക്കുന്ന മാന്യന്‍മാരോട്

ബിഷപ്പിന്റെ കിങ്കരമ്മാർ പാലായിലും, കുറവിലങ്ങാടും ആത്മാർത്ഥമായി പണി എടുക്കുന്നുണ്ട്. സിസ്റ്റർമാർ സാമൂഹികമായ ഭ്രഷ്ടും, ഭീഷണിയും നേരിടുന്നുണ്ട്

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം വന്ന സമയത്ത് പല അൽമായരുമായി സംസാരിക്കാൻ ഇടയായി. ലൈംഗീകാരോപണ കേസുകളിലെ പൊളിറ്റിക്കൽ കറക്ടനെസ്സ് ഒന്നും ആലോചിക്കാത്ത സാധാരണ മനുഷ്യരുടെ പ്രതികരണം എല്ലാം ഒന്നായിരുന്നു. “അവൾക്ക് 13 തവണ പീഡനം കഴിഞ്ഞപ്പഴാണോ ഇത് പീഢനമായി തോന്നിയത്”. “നാലു കൊല്ലം പീഢിപ്പിച്ച ശേഷമാണോ അത് പീഡനമായി തോന്നിയത്” എന്നൊക്കെ പോയി പ്രതികരണം. സൂര്യനെല്ലി കേസിൽ “നിനക്കൊന്ന് ഉറക്കെ കരഞ്ഞൂടായിരുന്നൊ” എന്ന് ചോദിച്ച കോടതിയുള്ള നാടാണ്. സാധാരണ മനുഷ്യർ അങ്ങനെ പ്രതികരിച്ചില്ലെങ്കിലെ അത്ഭുതമുള്ളു.

ലൈംഗികാക്രമണത്തിൽ അന്തർലീനമായ അധികാരത്തിന്റെ പ്രയോഗം അത്ര എളുപ്പം മനസ്സിലാക്കാൻ സാധിക്കണമെന്നില്ല. പക്ഷെ ഈ കേസിൽ ഏറ്റവും പ്രകടമായി നിൽക്കുന്നത് ആക്രമണത്തിലെ അധികാര സ്വാധീനമാണ്. അത് വ്യക്തമായി മനസ്സിലാകണമെങ്കിൽ ജലന്ധർ രൂപതയും, ഈ സിസ്റ്റർമ്മാരുടെ കോണ്ഗ്രിഗേഷനും തമ്മിലുള്ള ബന്ധം മനസ്സിലാക്കണം.

നോര്‍ത്ത് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രൂപതകളിലൊന്നാണ് ജലന്ധർ രൂപത. 1886 ൽ സ്ഥാപിച്ച ലാഹോർ രൂപതയുടെ കീഴിലായിരുന്നു ജലന്ധർ. പാർട്ടീഷനു ശേഷം 1952 ൽ ജലന്ധർ പ്രിഫെക്ച്വർ രൂപം കൊണ്ടു. 1971 ൽ രൂപതയായി അവരോധിച്ചു. ലാഹോർ രൂപത ബെൽജിയൻ കപ്പൂച്ചിൻ അച്ചമ്മാരുടെ കീഴിലായിരുന്നു. ആ പാരമ്പര്യം നിലനിർത്തി ഒരു കപ്പൂച്ചിൻ വൈദീകനെ തന്നെ ജലന്ധറിന്റെ ആദ്യ മെത്രാനാക്കി. കോട്ടയം, കടപ്ലാമറ്റത്തൂന്നുള്ള സിംഫോറിയൻ കീപ്രാത്ത് എന്ന കപ്പൂച്ചിൻ വൈദീകനാണ് ജലന്ധറിന്റെ ആദ്യ ബിഷപ്. ഇവിടെയാണ് ജലന്ധറിന്റെ മലയാളി ബന്ധം തുടങ്ങുന്നത്. ഇടക്കാലത്ത് അനിൽ കൌട്ടൊ എന്നൊരു ഗോവൻ ബിഷപ് വന്നിരുന്നു. അദ്ദേഹം ഡൽഹി മെത്രാനായി പോയപ്പോൾ വന്ന ഒഴുവിലാണ് ഫ്രാങ്കോ മുളയ്ക്കൽ മെത്രാനായത്.

കത്തോലിക്കാ കുടുംബങ്ങളിൽ നിന്ന് അച്ചനൊ കന്യാസ്ത്രീ ആകാൻ പോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കന്യാസ്ത്രീകളായി പോകുന്നവർക്ക് കാര്യം ഒട്ടുമേ എളുപ്പമല്ല. കന്യാസ്ത്രീ കോണ്‍ഗ്രിഗേഷനുകൾ രണ്ട് തരമുണ്ട്. സ്കൂളുകളും, കോളേജുകളും, ആശുപ്ത്രികളുമൊക്കെ സ്വന്തമായുള്ള കോണ്‍ഗ്രിഗേഷൻ ആണ് ഒന്ന്. ഇത്തരം കോണ്‍ഗ്രിഗേഷനുകളിൽ വലിയ സ്ഥാപനങ്ങൾ ഉള്ളത് കൊണ്ട് വിവിധതരം ജോലികൾ ചെയ്യാൻ അവസരമുണ്ട്. ഭാഗ്യവും, പഠിക്കാൻ കഴിവും ഉണ്ടെങ്കിൽ കോളേജ് പ്രൊഫസറോ, ഡോക്ടറോ ഒക്കെ ആക്കാൻ കഴിവുള്ള കോണ്ഗ്രിഗേഷനുകളാണ് ഇവ. ഇത്തരം കോണ്‍ഗ്രിഗേഷനുകളിൽ വിദേശ ജോലിക്കും, വാസത്തിനും ഒക്കെ സാദ്ധ്യതയുണ്ട്. പല മഠങ്ങളും വിദേശത്ത് ഉത്ഭവിച്ചതാണ് എന്നതാണ് കാരണം. നാട്ടിൽ ഉത്ഭവിച്ച കോണ്‍ഗ്രിഗേഷനുകൾക്കും ഇൻഡ്യയ്ക്ക് പുറത്ത് പ്രൊവിൻഷ്യൽ ഒക്കെ ഉള്ളവ ഉണ്ട്.

രണ്ടാമത്തെ ഓപ്ഷനാണ് മിഷൻ കോണ്‍ഗ്രിഗേഷനുകൾ. മിക്ക മിഷൻ കോണ്‍ഗ്രിഗേഷനുകൾക്കും സ്ഥാപനങ്ങളൊന്നും ഉണ്ടാവില്ല. നോര്‍ത്ത് ഇന്‍ഡ്യയിലെ പല രൂപതകളിലെ ചെറിയ ജോലികൾക്ക് ഒക്കെ ഉള്ള അവസരങ്ങളെ ഇത്തരം മഠങ്ങളിലെ കന്യാസ്ത്രീകൾക്ക് ഉണ്ടാവു. പലപ്പഴും കടുത്ത ദാരിദ്ര്യമാണ്. കാട്ടിലും, മലമൂട്ടിലും ഒക്കെ കിടന്ന് കഷ്ടപ്പെട്ടാണ് അവർ ജീവിക്കുന്നത്. അടുക്കളപ്പണി തൊട്ട് ചെറിയ ക്ലെറിക്കൽ ജോലികളാണ് മുഖ്യമായും ഇവരുടെ തൊഴിൽ.

ഇവയിൽ ഏത് തിരഞ്ഞെടുത്താലും അഡ്മിഷൻ വലിയ ബുദ്ധിമുട്ടാണ്. അഡ്മിഷൻ ഉറപ്പിക്കുന്നതിന് മുൻപ് നൊവിഷ്യേറ്റ് എന്നൊരു സ്റ്റേജുണ്ട്. നൊവിഷ്യേറ്റിന്റെ ജീവിതം അടുക്കളപ്പണിയൊ, മറ്റ് ദേഹാദ്ധ്വാനമുള്ള പണികളോ ആണ്. കൂടെ കുറച്ച് മതപഠനവും.കന്യാസ്ത്രീ ആകാൻ ആഗ്രഹിച്ച് വരുന്ന ഒരു 50% പേരെയും നൊവിഷ്യേറ്റ് ആകുന്നതിന് മുന്നെ തിരിച്ചയക്കും. നൊവിഷ്യേറ്റ് ആയി രണ്ട് മൂന്ന് കൊല്ലം കൈലു കുത്തിയാലെ ഉടുപ്പു കിട്ടു. എന്നാലെ അഡ്മിഷൻ ഉറപ്പാകു. അല്ലെങ്കിൽ നൊവിഷ്യേറ്റായി നിന്ന് കഷ്ടപ്പെട്ടത് മാത്രം മിച്ചം.

ഒരു കാലത്ത് മിഷൻ കോണ്‍ഗ്രിഗേഷനുകളിൽ ചേരുന്നത് ഒരു ഫാഷനായിരുന്നു. ദാരിദ്ര്യം അനുഭവിച്ച് ക്രിസ്തുവിന് വേണ്ടി പണിയെടുത്ത് ത്യാഗ്വോജ്ജലമായ ജീവിതം സ്വപ്നം കണ്ട് പലരും മിഷൻ കോണ്‍ഗ്രിഗേഷൻ തിരഞ്ഞെടുക്കാൻ പ്രിഫർ ചെയ്തിരുന്നു. ആ സമയത്ത് മലയാളി പെണ്കുട്ടികൾ നോർത്തിന്ഡ്യൻ കോണ്ഗ്രിഗേഷനുകളിലേയ്ക്ക് കൂട്ടമായി എത്തി തുടങ്ങി. എല്ലാ വർഷവും പുതിയ കോണ്‍ഗ്രിഗേഷനുകളുടെ പേരുകൾ കേൾക്കാം. ബന്ധത്തിലുള്ളതൊ, പരിചയത്തിലുള്ള ഏതെങ്കിലും പെണ്കുട്ടി മഠത്തിൽ ചേർന്നെന്ന് കേട്ടാൽ പിന്നെ കേൾക്കുന്നത് കോണ്ഗ്രിഗേഷന്റെ പേരാണ്. മിക്കവാറും മുൻപ് കേട്ടിട്ടില്ലാത്ത ഒരു പേര്.

ഈ ഒരു കാലഘട്ടത്തിൽ (1993 ൽ) രൂപീകൄതമായ ഒരു മഠമാണ്. മിഷണറീസ് ഓഫ് ജീസ്സസ്. ജലന്ധർ രൂപതയുടെ ആദ്യ മെത്രാനായിരുന്ന സിംഫോറിയൻ കീപ്രാത്ത് ആണ് സ്ഥാപകൻ. ഈ മഠത്തിലെ കന്യാസ്ത്രീകളാണ് ഇന്ന് ഹൈക്കോടതിയുടെ മുന്നിൽ സമരത്തിന് ഇരുന്നത്.

ഒന്ന് ആലോചിക്കണം. ഇവർക്ക് വരുമാനമാർഗ്ഗമുള്ള സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ല. ജലന്ധർ രൂപതയിൽ നിന്ന് പണിയെടുക്കുന്ന സിസ്റ്റർമ്മാർക്ക് തുച്ഛമായ മാസ വരുമാനമുണ്ട്. ജലന്ധറിനു പുറത്ത് പാലായിലും, കണ്ണൂരും തലശ്ശേരിയിലും മാത്രമേ മഠങ്ങളുള്ളു. എല്ലായിടത്തും കൂടെ 70 പേരിൽ താഴെ കന്യാസ്ത്രീകളെ ഉള്ളുതാനും. ജലന്ധർ ബിഷപ് വിചാരിച്ചാൽ ഇവരെ പട്ടിണിക്കിട്ട് നരകിപ്പിക്കാം. രൂപതയുമായി അത്രയ്ക്ക് ബന്ധപ്പെട്ടാണ് ഈ മഠം പ്രവർത്തിക്കുന്നത്.

ഈ നിരാലംബരായ സ്ത്രീകളെയാണ് രൂപതാധിക്ഷ്യൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചത്. 13 തവണ പീഡിപ്പിച്ചപ്പോഴും ഒച്ച വെയ്ക്കാതിരുന്നതിന്റെ കാരണം കൄത്യമായി ഇപ്പോൾ മനസ്സിലാകണ്ടതാണ്. നാലു കൊല്ലം തുടർന്ന പീഡനം ഇത്രയും കാലം പിടിക്കപ്പെടാതെ ഇരുന്ന കാരണവും ഇത് തന്നെയാണ്.

അന്വേഷിച്ചതിൽ നിന്ന് മനസ്സിലായത്, ഈ നാലു കൊല്ലവും ഈ സ്ത്രീകൾ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു. അവസാനം അവരൊക്കെ വീട്ടിൽ ബന്ധുക്കളെ അറിയച്ചപ്പഴാണ് പരസ്യമായി പ്രതികരിക്കാനുള്ള ധൈര്യം ലഭിച്ചത്. കുറവിലങ്ങാടുള്ള മഠം ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബിഷപ്പിന്റെ കിങ്കരമ്മാർ പാലായിലും, കുറവിലങ്ങാടും ആത്മാർത്ഥമായി പണി എടുക്കുന്നുണ്ട്. സിസ്റ്റർമാർ സാമൂഹികമായ ഭ്രഷ്ടും, ഭീഷണിയും നേരിടുന്നുണ്ട്. ജലന്ധർ ബിഷപ് ഹൌസ്സിലും റാം റഹീം സിങ്ങ് പയറ്റിയ അടവുകൾ തന്നെയാണ്. വലിയൊരു അൽമായ സംഘവും, പ്രൊഫഷണൽ സെക്യുരിറ്റി ഗ്യാങ്ങും അരമന വളഞ്ഞ് സുരക്ഷിത വലയം ഒരുക്കിയിട്ടുണ്ട്.

ഇന്ന് സിസ്റ്റർമാർ സമരത്തിനിറങ്ങിയതിന്റെ പശ്ചാത്തലം ശരിക്കും മനസ്സിലാക്കണം. ബിഷപ്പിനെ അറസ്റ്റ് ചെയ്താലും ഇല്ലെങ്കിലും അവരുടെ ജീവിതം അപ്പാടെ വഴി മുട്ടി. മിക്കവരും മദ്ധ്യവയസ്സു പിന്നിട്ടു. കുപ്പായം ഊരിയാലും, സമൂഹത്തിൽ ജോലി ചെയ്ത് ജീവിക്കാനുള്ള സ്കില്ലൊ സാധ്യതയെ ഇല്ല. എന്നിട്ടും അവർ സമരത്തിനിറങ്ങി തിരിച്ചെങ്കിൽ അളമുട്ടിയത് കൊണ്ടാണെന്ന് മനസ്സിലാക്കണം. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി വിധി നിലവിലുണ്ട്. കേരള പോലീസിന് ജലന്ധറിൽ ചെന്ന് അറസ്റ്റ് ചെയ്യാൻ ലോജിസ്റ്റിക്സ് ബുദ്ധിമുട്ടുണ്ട്. സാഭാനേതൄത്വം തന്നെ മുൻകൈ എടുത്ത് സമാധാനപൂർവ്വമായ അറസ്റ്റിന് സാഹചര്യമുണ്ടാക്കണം.

*ഫേസ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രഞ്ജിത് ആന്റണി

രഞ്ജിത് ആന്റണി

എഴുത്തുകാരന്‍, Perleybrook Labs LLC-യുടെ CEO/Founder, ബോസ്റ്റണില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍