UPDATES

ട്രെന്‍ഡിങ്ങ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; അന്വേഷണ സംഘം ജലന്ധറില്‍; ബിഷപ്പിനെ ചോദ്യം ചെയ്‌തേക്കും

ഇന്നുച്ചയ്ക്ക് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തേക്കുമെന്നും വിവരമുണ്ട്.  ബിഷപ്പ് ഹൗസില്‍ എത്തിയോ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്തു ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും നടപടിയെന്നാണ് റിപോര്‍ട്ട്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാല്‍സംഗക്കേസില്‍ ജലന്ധര്‍ രൂപതയിലെ വൈദികരുടെ മൊഴിയെടുപ്പ്്തുടരുന്നു. കേരളത്തില്‍ നിന്നെത്തിയ അന്വേഷണ സംഘം രൂപതയിലെ നാലു വൈദികരുടെ മൊഴിയെടുത്തതായാണ് വിവരം. ബിഷപ്പില്‍നിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്ന് അറിയാമായിരുന്നുവെന്നാണ് നല്‍കിയ മൊഴിയെന്നും സൂചനകളുണ്ട്. അതേസമയം ഇന്നുച്ചയ്ക്ക് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തേക്കുമെന്നും വിവരമുണ്ട്.  ബിഷപ്പ് ഹൗസില്‍ എത്തിയോ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്തു ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും നടപടിയെന്നാണ് റിപോര്‍ട്ട്.

ജലന്ധര്‍ കന്റോണ്‍മെന്റിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തിയും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയേക്കും. മുതിര്‍ന്ന വൈദികര്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം ജലന്ധര്‍ സൈനിക ക്യാമ്പിലെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ മഠത്തിലും തെളിവെടുപ്പ് നടത്താനുള്ള നീക്കങ്ങളുമായാണ് അന്വേഷണ സംഘം മുന്നോട്ടു പോവുന്നത്.

ബിഷപ്പ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി നല്‍കിയതിന് ശേഷം ഒന്നര മാസം പിന്നിടുമ്പോഴാണ് വൈക്കം ഡിവൈഎസ് പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജലന്ധറില്‍ എത്തിയിരിക്കുന്നത്. പോലീസ് സംഘം ജലന്ധര്‍ കമ്മീഷണര്‍ പി കെ സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തും.

അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന റിപോര്‍ട്ടുകള്‍ വന്നതോടെ രൂപതാ ആസ്ഥാനത്ത് വിശ്വാസികളെ അണിനിരത്തി പോലീസിനെ പ്രതിരോധത്തിലാക്കാനും ശ്രമം നടക്കുന്നതായും സൂചനകള്‍ ഉണ്ട്. ഇതിന്റെ ഭാഗമെന്നോണം രൂപതാ ആസ്ഥാനത്തേക്ക് നിരവധി പേരെത്തുന്നുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്ത് ജലന്ധര്‍ ഡിസിപി  ഗുര്‍മീത്  സിംഗിന്റെ നേതൃത്വത്തിലുള്ള സായുധ പോലീസ് സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ക്രമസമധാന പ്രശ്നമുണ്ടാകാന്‍ അനുവദിക്കില്ലെന്നാണ പഞ്ചാബ് പോലീസ് അധികാരികളുടെ നിലപാട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ രൂപത വക്താവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍