UPDATES

ട്രെന്‍ഡിങ്ങ്

ജില്ലാ ഭരണാധികാരിയെ കുട ചൂടിച്ച് ‘പല്ലക്കി’ല്‍ ചുമന്ന് ജനങ്ങള്‍, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; എന്നാല്‍ ചിത്രത്തിനു പിന്നിലെ വാസ്തവം മറ്റൊന്നാണ്

‘ആധുനിക കാലത്തെ മഹാരാജാവ്’ എന്നും ‘ശ്രീ ശ്രീ ശ്രീ ഡപ്യൂട്ടി കമ്മീഷണര്‍ റംബാന്‍ ജി ഒരു പല്ലക്കില്‍ ജനങ്ങളെ കാണാന്‍ പോകുന്നു’ എന്നു തുടങ്ങി വലിയ തോതിലുള്ള വിമര്‍ശനമാണ് ഈ ഉദ്യോഗസ്ഥന്‍ നേരിട്ടത്

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രമായിരുന്നു ജമ്മു-കാശ്മീരിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ജനങ്ങള്‍ ‘പല്ലക്കി’ലേറ്റി കുടയും ചൂടിച്ച് ഗ്രാമത്തിലേക്ക് കൊണ്ടു പോകുന്ന കാഴ്ച. ‘ആധുനിക കാലത്തെ മഹാരാജാവ്’ എന്നും ‘ശ്രീ ശ്രീ ശ്രീ ഡപ്യൂട്ടി കമ്മീഷണര്‍ റംബാന്‍ ജി ഒരു പല്ലക്കില്‍ ജനങ്ങളെ കാണാന്‍ പോകുന്നു’ എന്നു തുടങ്ങി വലിയ തോതിലുള്ള വിമര്‍ശനമാണ് ഈ ഉദ്യോഗസ്ഥന്‍ നേരിട്ടത്. എന്നാല്‍ ഇതിന്റെ പിന്നിലുള്ള സത്യാവസ്ഥ മറ്റു ചിലതാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജമ്മു-കാശ്മീരിലെ ഏറ്റവും പിന്നോക്ക ജില്ലകളിലൊന്നായ റംബാനിലെ ചക്കാ കുണ്ഡി ഗ്രാമം സന്ദര്‍ശിക്കാനാണ് ഡപ്യൂട്ടി കമ്മീഷണറായ ഷൗക്കത്ത് ഐജാസ് ഭട്ടും മറ്റ് ഉദ്യോഗസ്ഥരും പുറപ്പെട്ടത്. ഈ മേഖലയില്‍ നിന്നുള്ള ജനങ്ങളുടെ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഇത്. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കാരണം സ്വാതന്ത്ര്യത്തിനു ശേഷം ഒരു ജില്ലാ ഭരണാധികാരി പോലും ഈ ഗ്രാമത്തിലെത്തിയിട്ടില്ല.

“ഒരു ഭരണാധികാരി എന്ന നിലയില്‍ ജനങ്ങളെ സേവിക്കുക എന്നത് എന്റെ ജോലിയാണ്. അതുകൊണ്ടാണ് ഞാന്‍ അവിടേക്ക് പോയത്. സഞ്ചരിക്കാന്‍ വേറൊരു മാര്‍ഗവും ഇല്ല എന്നു വന്നപ്പോഴാണ് ജനങ്ങള്‍ താത്കാലികമായുണ്ടാക്കിയ ഒരു പല്ലക്കില്‍ എന്നെ അവിടേക്ക് എത്തിക്കുന്നത്. എനിക്ക് 58 വയസായി. അവിടേക്ക് പോകുമ്പോള്‍ എനിക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ ഇടയുണ്ടായിരുന്നു”, ഭട്ടിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

റംബാന്‍ ടൗണില്‍ നിന്ന് 20 കിലോമീറ്ററോളം അകലെയുള്ളതാണ് ഈ ഗ്രാമം. നാലു പഞ്ചായത്തുകളിലായി 8,000 പേരോളം താമസിക്കുന്ന ഇവിടേക്ക് ഗതാഗത യോഗ്യമായ റോഡ് നിര്‍മിക്കാന്‍ മണ്ണിടിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ മൂലം പി.ഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. നേരത്തെ ദോദ ജില്ലയുടെ ഭാഗമായിരുന്ന റംബാനെ 2014-ലാണ് പുതിയ ജില്ലയായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഭരണകാര്യങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് ഇപ്പോഴും ദോദയില്‍ തന്നെയാണ്. “ഗ്രാമത്തില്‍ ഒരു ഡിസ്‌പെന്‍സറി പോലുമില്ല. ഒരു പനി വന്നാല്‍ പോലും എട്ടു കിലോ മീറ്ററോളം മല കയറി വേണം ഗുളികയെങ്കിലും വാങ്ങിക്കാന്‍” കുണ്ഡി ഗ്രാമത്തലവനായ സുബാഷ് ചന്ദര്‍ പറയുന്നു.

“റോഡ്, ആശുപത്രി, വൈദ്യുതി, വെള്ളം ഇവയൊക്കെ പ്രശ്‌നമായതുകൊണ്ട് ഞങ്ങള്‍ ഇടക്കിടെ ഡപ്യൂട്ടി കമ്മീഷണറെ കാണാറുണ്ട്. കഴിഞ്ഞയാഴ്ച ഞങ്ങള്‍ അദ്ദേഹത്തെ ഗ്രാമം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. അവിടുത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ ഡാന്‍സ് ചെയ്തും മറ്റുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം ഒരു ജില്ലാ ഭരണാധികാരി അവിടെ എത്തുന്നത് ആദ്യമായായിരുന്നു”, ചന്ദര്‍ പറയുന്നു.

റംബാന്‍ ടൗണില്‍ നിന്ന് കുണ്ഡി ഗ്രാമത്തിനടുത്തുള്ള ബാലിഘര്‍ ഡാം സൈറ്റ് വരെയുള്ള ആദ്യത്തെ 12 കിലോമീറ്റര്‍ യാത്ര റോഡ് ഉള്ളതിനാല്‍ കുഴപ്പമില്ലാതെ പോയി. വീണ്ടും മുന്നോട്ടു പോകാന്‍ റോഡിന്റെ മോശം അവസ്ഥ അനുവദിക്കില്ലായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന ഒരുദ്യോഗസ്ഥന്‍ പറയുന്നു. തുടര്‍ന്ന് നടക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. എന്നാല്‍ രണ്ടു കിലോ മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മൃഗസംരക്ഷണ വകുപ്പ് മുഖ്യ ഓഫീസര്‍ ഡോ. സുനില്‍ സേരുവിന് ശ്വാസതടസം നേരിട്ടു. അദ്ദേഹത്തിന് 60 വയസായി. “എന്നെ അവിടെ വിട്ടിട്ട് അവര്‍ മുന്നോട്ടു പോയി. 10 മിനിറ്റ് വിശ്രമിച്ച ശേഷമാണ് ഞാന്‍ വീണ്ടും നടന്നു തുടങ്ങിയത്”– ഡോ. സേരു പറയുന്നു.

സംഘം ഏഴു കിലോമീറ്ററോളം നടന്നു കഴിഞ്ഞപ്പോഴേക്കും ഡപ്യൂട്ടി കമ്മീഷണര്‍ക്കും തളര്‍ച്ചയും ശ്വാസതടസവും അനുഭവപ്പെട്ടു തുടങ്ങിയെന്ന് ഗ്രാമത്തലവന്‍ ചന്ദര്‍ പറയുന്നു. “ബാക്കി അര കിലോമീറ്റര്‍ ദൂരം നടക്കാന്‍ കഴിയാതെ വന്നതോടെ അദ്ദേഹം ഒരു മരച്ചുവട്ടില്‍ ഇരിക്കുകയും ഗ്രാമീണരോട് അവിടേക്ക് വരാന്‍ പറയുകയുമായിരുന്നു. എന്നാല്‍ വലിയ തോതില്‍ ജനങ്ങള്‍ ഗ്രാമത്തില്‍ ഡപ്യൂട്ടി കമ്മീഷണറെ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം അവിടേക്ക് വരണമെന്നും ഞങ്ങള്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അദ്ദേഹത്തിന് നടക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് ഞങ്ങള്‍ കട്ടില്‍ ഉപയോഗിച്ച് പല്ലക്കു പോലെ ഒന്നുണ്ടാക്കി. സാധാരണ യാത്രയ്ക്ക് ഉപയോഗിക്കുന്ന കഴുതകളും ലഭ്യമായിരുന്നില്ല”, ചന്ദര്‍ പറയുന്നു. ചിത്രത്തില്‍ ഡപ്യൂട്ടി കമ്മീഷണറെ കുട ചൂടിക്കുന്നതായി കാണുന്നതും ചന്ദറാണ്.

സംഭവത്തെക്കുറിച്ച് ജമ്മു-കാശ്മീരില്‍ നിന്നുള്ള ആദ്യ ഐഎഎസ് ഒന്നാം റാങ്കുകാരനും പിന്നീട് രാജി വച്ച് ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന പാര്‍ട്ടി രൂപീകരിച്ചയാളുമായ ഷാ ഫൈസല്‍ പറയുന്നത്, “സോഷ്യല്‍ മീഡിയയില്‍ വരുന്നതെല്ലാം അതേ രീതിയില്‍ തന്നെ സത്യമാകണമെന്നില്ല. ഒരു മുന്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കദ്ദേഹത്തെ നന്നായി അറിയാം. വളരെ സത്യസന്ധനായ, നല്ലൊരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇത്തരമൊരു ചിത്രം കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയും ചെയ്തു” എന്നാണ്.

Read Azhimukham: പൂവാര്‍ കൊലപാതകം: പഴക്കം ഒരു മാസം, പ്രതി സൈനികന്‍, മൃതദേഹത്തില്‍ ഉപ്പു വിതറി, പുരയിടം മുഴുവന്‍ കിളച്ച് കമുകിന്‍ തൈകള്‍ നട്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍