UPDATES

ട്രെന്‍ഡിങ്ങ്

വിധിയില്‍ തെറ്റില്ല, ശബരിമലയെ ചൊല്ലി ‘ചിലര്‍’ ഹിന്ദുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് ബിജെപി മുഖപത്രം

പുരുഷമേധാവിത്വത്തിന്റെ കാലം അസ്തമിച്ചു എന്ന് എല്ലാവരും മനസ്സിലാക്കണം.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിൽ ആചാരപരമായി തെറ്റില്ലെന്നും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നുമുള്ള നിലപാടിൽ നിന്ന് പിന്നോക്കം പോയ ആർഎസ്എസ് നിലപാട് പുറത്തു വന്ന് മണിക്കൂറുകൾക്കകം ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പിന്തുണച്ചു കൊണ്ട് ജന്മഭൂമിയിൽ ലേഖനം.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ സഞ്ജയൻ എഴുതിയ ലേഖനം സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും, സ്ത്രീ തീര്‍ത്ഥാടകര്‍ വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ എന്നും സമർത്ഥിക്കുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ പ്രതിസന്ധി നേരിടുന്നത് ബിജെപിയും ആർഎസ്എസുമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്ത ആർഎസ്എസ് പിന്നീട് നിലപാട് മാറ്റി. ശബരിമലയിൽ സ്ത്രീപ്രവേശനം അരുതെന്ന നിലപാട് വ്യക്തമായി പ്രഖ്യാപിച്ചാണ് അവർ ഇന്നലെ വാർത്ത കുറിപ്പ് പുറത്തിറക്കിയത്. എന്നാൽ മണിക്കൂറുകൾക്കകം ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുന്ന ലേഖനം അച്ചടിച്ച് വന്നത് സംഘപരിവാർ പാർട്ടികളിലെ ആശയക്കുഴപ്പം രൂക്ഷമാക്കിയേക്കും.

സഞ്ജയന്റെ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ

കുട്ടികളുടെ ചോറൂണുപോലുള്ള ചടങ്ങുകള്‍ക്കായി പണ്ടുമുതലേ ഭക്തരായ സ്ത്രീകള്‍ ദേവസ്വം അധികൃതരുടെ അറിവോടെ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നാണ് അറിയുന്നത്. 1991 ലെ കേരള ഹൈക്കോടതിയുടെ ഒരുത്തരവോടെയാണ് സ്ത്രീപ്രവേശന നിരോധനത്തിന് നിയമപരമായ അടിത്തറ ലഭിച്ചത്. അതാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് ദുര്‍ബ്ബലപ്പെടുത്തിയത്. ഒരു പ്രത്യേക പ്രായപരിധിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് ശബരിമലയില്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് വിവേചനപരമാണെന്നും, അത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന് എതിരാണെന്നും ഉള്ള പരാതിയിന്‍മേലാണ് സുപ്രീംകോടതി, വ്യത്യസ്ത വീഷണഗതിക്കാരുടെ വാദം കേട്ടശേഷം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ശബരിമലയിലെ സ്ത്രീ പ്രവേശന നിരോധനം ഏതെങ്കിലും ഒരു മതവിശ്വാസത്തിന്റെ അനിവാര്യമായ ഭാഗം അല്ല എന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മത സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് മറ്റ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാകാന്‍ പാടില്ല എന്നത് ഭരണഘടനാപരമായ നിഷ്‌കര്‍ഷയുമാണ്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ കോടതി ഉത്തരവിന്റെ അന്തഃസത്തയോട് വിയോജിക്കാന്‍ കഴിയില്ല.

ശബരിമല സന്ദര്‍ശിക്കണോ വേണ്ടയോ അഥവാ, സന്ദര്‍ശിക്കുന്നെങ്കില്‍ എപ്പോള്‍ സന്ദര്‍ശിക്കണം എന്നീ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ഭക്തരായ സ്ത്രീകള്‍ക്കുതന്നെ വിട്ടുകൊടുക്കുക. അതിനുള്ള വിവേചനശക്തി സ്ത്രീകള്‍ക്ക് ഉണ്ടെന്ന് അംഗീകരിക്കുകയാണ് കാലോചിതവും യുക്തിപരവുമായ നിലപാട്. പുരുഷമേധാവിത്വത്തിന്റെ കാലം അസ്തമിച്ചു എന്ന് എല്ലാവരും മനസ്സിലാക്കണം.

ശബരിമല ക്ഷേത്രദര്‍ശനം ആഗ്രഹിക്കുന്നവര്‍ക്ക് അത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും. എത്രപണിപ്പെട്ടാലും പമ്പയിലും മറ്റും നടക്കേണ്ട പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്‌ടോബര്‍ അവസാനത്തോടെ പൂര്‍ണമാക്കാന്‍ കഴിയുമോ എന്നതില്‍ സന്ദേഹമുണ്ട്. അതിനാല്‍ ഈ വരുന്ന മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടനകാലം കഴിയും വരെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ ഇളവ് അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിക്കാവുന്നതാണ്. സമീപകാലത്തെ പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരമൊരാവശ്യത്തിന് മതിയായ ന്യായീകരണമുണ്ട്.

ക്ഷേത്രങ്ങളുടെയും ധര്‍മ്മസ്ഥാപനങ്ങളുടെയും ക്ഷേത്രാചാരങ്ങളുടെയും സംരക്ഷണം ഹിന്ദുസമൂഹത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. പക്ഷേ അവ സംരക്ഷിക്കപ്പെടേണ്ടത് കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടുവേണം. യുക്തിഹീനമായ മാമൂലുകളെ അതേപടി നിലനിര്‍ത്തുവാനുള്ള സ്ഥാപിതതാല്പര്യക്കാരുടെ പരിശ്രമത്തിന് ചൂട്ടുപിടിച്ചു കൊടുക്കുന്നത് സമൂഹത്തില്‍ ജീര്‍ണ്ണതയും സംഘര്‍ഷവും ചൂഷണവും വര്‍ദ്ധിക്കാന്‍ മാത്രമേ സഹായിക്കൂ.

അത്തരം സന്ദര്‍ഭങ്ങളില്‍ കോടതികളുടെയും മറ്റധികൃതരുടെയും ഇടപെടലുകള്‍ ഉണ്ടാകുക സ്വാഭാവികമാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രഭരണം സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത് അവിടെ നടന്നതായി ആരോപിക്കപ്പെട്ട കെടുകാര്യസ്ഥയുടെ പശ്ചാത്തലത്തിലാണ്. കാലോചിതമായ പരിഷ്‌കാരങ്ങളിലൂടെ ക്ഷേത്രസംസ്‌കാരത്തെ ജനമനസ്സില്‍ സജീവമായി നിലനിര്‍ത്താനുള്ള പരിശ്രമങ്ങളാണ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കേണ്ടത് എന്നും ലേഖനം പറയുന്നു.

Also Read: പതിനെട്ടാം പടിയില്‍ സിനിമ നടി നൃത്തം ചെയ്തിട്ടില്ലേ! ശബരിമലയില്‍ അവകാശം ഉണ്ടായിരുന്ന ഈഴവ കുടുംബത്തിന് എന്ത് സംഭവിച്ചു?

ക്ഷേത്രഭരണവും സുത്യാര്യമാവണം. ക്ഷേത്രങ്ങളെ വ്യാപാരവത്കരിക്കുവാനും സാമ്പത്തിക ചൂഷണത്തിനുള്ള ഇടമാക്കുവാനും ഉള്ള സംഘടിത മാഫിയകളുടെ ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കുക എന്നതാണ് ഇന്ന് ഹിന്ദുസമൂഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

പരിവര്‍ത്തനോന്മുഖതയാണ് ആധുനിക ഹിന്ദു നവോത്ഥാനത്തിന്റെ മുഖമുദ്ര. അത് സൃഷ്ടിച്ച പ്രബുദ്ധതയെയും സമാജ ഐക്യത്തേയും സ്ഥാപിത താല്പര്യക്കാര്‍ക്ക് അവരുടെ ചൂഷണോപാധിയാക്കാന്‍ അനുവദിക്കരുത്. വൈകാരിക ഇളക്കത്തിന് സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ ചിന്താശൂന്യമായ നിലപാടുകള്‍ ഗുണം ചെയ്യില്ല. ജനശിക്ഷണം സാധ്യമാണെന്ന ഉത്തമബോധ്യമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘടനാ പ്രവര്‍ത്തകരെ ഭരിക്കേണ്ടത്.

സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നു പറഞ്ഞ് ആരംഭിക്കുന്ന ലേഖനം, സ്ത്രീ തീര്‍ത്ഥാടകര്‍ (മാളികപ്പുറങ്ങള്‍) വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ എന്നും പറയുന്നു. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണ്.

Also Read: ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

ഹിന്ദു ധര്‍മത്തെയോ സമൂഹത്തെയോ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നുംതന്നെ ആ വിധി തീര്‍പ്പിലില്ല. 10-50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഒരു കീഴ്‌നടപ്പിനെയാണ് കോടതി അസാധുവാക്കിയത്. ഈ കീഴ്‌നടപ്പിനാകട്ടെ, ധര്‍മ്മ-തന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടെയോ പിന്‍ബലമുള്ളതായി സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല.

കുട്ടികളുടെ ചോറൂണുപോലുള്ള ചടങ്ങുകള്‍ക്കായി പണ്ടുമുതലേ ഭക്തരായ സ്ത്രീകള്‍ ദേവസ്വം അധികൃതരുടെ അറിവോടെ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നാണ് അറിയുന്നത്. 1991 ലെ കേരള ഹൈക്കോടതിയുടെ ഒരുത്തരവോടെയാണ് സ്ത്രീപ്രവേശന നിരോധനത്തിന് നിയമപരമായ അടിത്തറ ലഭിച്ചത്. അതാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് ദുര്‍ബ്ബലപ്പെടുത്തിയത്. ഒരു പ്രത്യേക പ്രായപരിധിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് ശബരിമലയില്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് വിവേചനപരമാണെന്നും, അത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന് എതിരാണെന്നും ഉള്ള പരാതിയിന്‍മേലാണ് സുപ്രീംകോടതി, വ്യത്യസ്ത വീഷണഗതിക്കാരുടെ വാദം കേട്ടശേഷം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് എന്നും ഭാരതീയ വിചാര കേന്ദ്രം മേധാവി പറയുന്നു.

ആര്‍എസ്എസ് താത്വികാചാര്യന്‍ പി. പരമേശ്വരനാണ് ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഡയറക്ടര്‍.

അടിപ്പാവാടയുടുത്ത പെണ്ണുങ്ങള്‍ പമ്പയില്‍ കുളിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നത് നിര്‍ഭാഗ്യവശാല്‍ വയലാര്‍ രാമവര്‍മയുടെ മകനാണ്

ശബരിമല: ആർഎസ്എസ് നിലപാടിൽ മലക്കംമറിച്ചിൽ; ‘നിർബന്ധിതമായ ആചാരലംഘനം’ അനുവദിക്കരുതെന്ന് ആഹ്വാനം

“എന്റെ ചോറൂണ് ശബരിമലയില്‍ അമ്മയുടെ മടിയില്‍”: മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍

പതിനെട്ടാം പടിയില്‍ സിനിമ നടി നൃത്തം ചെയ്തിട്ടില്ലേ! ശബരിമലയില്‍ അവകാശം ഉണ്ടായിരുന്ന ഈഴവ കുടുംബത്തിന് എന്ത് സംഭവിച്ചു?

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍