UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യന്‍ താരം ബുംമ്രയുടെ മുത്തച്ഛന്റെ മൃതദേഹം നദിക്കരയില്‍; 17 വര്‍ഷത്തിനുശേഷം ചെറുമകനെ കാണാനുള്ള ആഗ്രഹം നടക്കാത്തതിലുള്ള വിഷമത്തിലുള്ള ആത്മഹത്യയെന്നു സംശയം

ബുംമ്ര ലോകം അറിയുന്ന താരമായപ്പോഴും ജീവിക്കാനായി ട്രക്ക് ഓടിക്കുകയായിരുന്നു 84 കാരനായ സന്തോഖ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് സിംഗ് ബുംമ്രയുടെ മുത്തച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. 84 കാരനായ സന്തോഖ് സിംഗ് ബുംമ്രയുടെ മൃതദേഹമാണ് ഞായറാഴ്ച അഹമ്മദാബാദിലെ സബര്‍മതി നദിയുടെ കരയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. ജസ്പ്രീത് ബുംമ്രയെ കാണാനായാണ് സന്തോഖ് അഹമ്മദാബാദില്‍ എത്തിയത്. എന്നാല്‍ ഇദ്ദേഹത്തെ വെള്ളിയാഴ്ച ഉച്ച മുതല്‍ കാണാതായിരുന്നു. സന്തോഖിന്റെ കുടുംബംഗങ്ങള്‍ വസ്ത്രാപൂര്‍ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

അതേസമയം തന്റെ പിതാവിന്റെ മരണത്തിനു കാരണം ജസ്പ്രീതിന്റെ മാതാവും സന്തോകിന്റെ മരുമകളുമായ ദല്‍ജിത് കൗര്‍ ആണെന്ന് സന്തോഖിന്റെ മകള്‍ രജീന്ദര്‍ കൗര്‍ ആരോപിച്ചു. ദില്‍ജിത്ത് സന്തോഖിനെ തന്റെ ചെറുമകനായ ജസ്പ്രീതിനെ കാണാനോ സംസാരിക്കാനോ അനുവദിച്ചില്ല എന്നാണു രജീന്ദര്‍ പറയുന്നത്. ജസ്പ്രീതിന്റെ ഫോണ്‍ നമ്പര്‍ പോലും നല്‍കാന്‍ ദില്‍ജിത്ത് വിസമ്മതിച്ചു. ചെറുമകനെ കാണാനാകാത്തതിന്റെ വിഷമത്തോടെയാണ് സന്തോഖ് മടങ്ങിയത്. പിന്നീടദ്ദേഹത്തെ കാണാതായെന്നും ഒടുവില്‍ മരണവിവരമാണ് അറിയുന്നതെന്നും രജീന്ദര്‍ പറയുന്നു.

കഴിഞ്ഞ 17 വര്‍ഷമായി സന്തോഖ് തന്റെ ചെറുമകനെ കണ്ടിട്ടില്ല. ജസ്പ്രീത് ഇന്ത്യന്‍ താരമായി മാറിയശേഷം ടിവിയിലൂടെയാണ് മുത്തച്ഛന് ചെറുമകനെ കാണാന്‍ കഴിഞ്ഞിരുന്നത്. ഡിസംബര്‍ അഞ്ചിന് ജസ്പ്രീതിന്റെ പിറന്നാള്‍ ആയിരുന്നു. എങ്ങനെയെങ്കിലും അന്നേ ദിവസം തന്റെ മകന്റെ മകനെ കാണണം എന്നായാഗ്രഹത്തിലായിരുന്നു സന്തോഖ് അഹമ്മദാബാദില്‍ എത്തിയതെന്നു പറയുന്നു.

എന്നാല്‍ ദില്‍ജിത്ത് ജസ്പ്രീതിനെ കാണുന്നതില്‍ നിന്നും സന്തോകിനെ തടഞ്ഞതോടെ ആ വൃദ്ധന്‍ തീര്‍ത്തും നിരാശനായി എന്നു പറയുന്നു. മറ്റൊരു മകനായ ബല്‍വീന്ദര്‍ സിംഗിനെ വിളിച്ച് താന്‍ തന്റെ മരിച്ചു പോയ ഭാര്യയെ കാണാന്‍ പോവുകയാണെന്നു പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. അതിനാല്‍ സന്തോഖ് ആത്മഹത്യ ചെയ്തിരിക്കാമെന്ന സംശയവും ബന്ധുക്കള്‍ക്കുണ്ട്.

ട്വന്റി20 ക്രിക്കറ്റ് ബൗളര്‍മാരുടെ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം, ഡെത്ത് ഓവറുകളില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്നം; ജസ്പ്രിത് ബുംമ്ര എന്ന ഇന്ത്യന്‍ താരം ഇന്നു ലോകക്രിക്കറ്റില്‍ വളരെ മുകളില്‍ നില്‍ക്കുമ്പോഴും പണവും നിറഞ്ഞ ഒരു കൊച്ചുമകന്‍ ഉണ്ടായിട്ടും സന്തോഖ് സിംഗ് ബുംമ്രയുടെ ജീവിതം കഷ്ടപ്പാടുകളുടെതായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ടെമ്പോ വാന്‍ ഓടിക്കുകയായിരുന്നു അദ്ദേഹം, താമസം വാടകവീട്ടില്‍.

കഴിഞ്ഞ പത്തുവര്‍ഷമായി ഉത്തരഖണ്ഡിലെ ഉദ്ദംസിംഗ് നഗറിലാണ് സന്തോഖ് ജീവിച്ചിരുന്നത്. അഹമ്മദാബാദില്‍ നിന്നാണ് ഉദ്ദംസിംഗ് നഗറിലേക്ക് സന്തോഖ് എത്തുന്നത്. അതിനു പിന്നില്‍ വലിയൊരു തകര്‍ച്ചയുടെ കഥയുണ്ട്. ഒരു കാലത്ത് വലിയൊരു ബിസിനസുകാരനായിരുന്നു സന്തോഖ്. സ്വന്തമായി മൂന്നു ഫാക്ടറികളായിരുന്നു ഉണ്ടായിരുന്നത്. സന്തോഖിന്റെ പുത്രന്‍ ജസ്‌വീര്‍ സിംഗ് ബുംമ്ര( ജസ്പ്രിത് ബുംമ്രയുടെ പിതാവ്)യായിരുന്നു ബിസിനസുകള്‍ നോക്കി നടത്തിയിരുന്നത്. 2001 ല്‍ ജസ്‌വീറിന്റെ അപ്രതീക്ഷിത മരണമാണ് എല്ലാം തകര്‍ത്തത്. മകന്റെ മരണം സന്തോഖിനെ മാനസികമായി തകര്‍ത്തു. ബിസിനസിനെയും അതു ബാധിച്ചു. ഉണ്ടായിരുന്ന ലോണുകള്‍ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. കടം വലുതാകാന്‍ തുടങ്ങി. ഒടുവില്‍ മൂന്നു ഫാക്ടറികളും സന്തോഖ് വിറ്റു.

ഫാക്ടറികള്‍ വിറ്റതിനു പിന്നാലെ സന്തോഖ് ഉദ്ദം സിംഗ് നഗറിലേക്ക് മാറി. അവിടെവച്ച് നാലു ടെമ്പോ വാനുകള്‍ വാങ്ങി. പുതിയൊരു ബിസിനസിന്റെ ആരംഭം. പക്ഷേ കഷ്ടകാലം സന്തോഖിനെ വെറുതെ വിട്ടില്ല. ആ ബിസിനസും നഷ്ടമായി. അതോടെ ഉണ്ടായിരുന്ന നാലു വണ്ടികളില്‍ മൂന്നും വിറ്റു. ശേഷിക്കുന്ന ഒന്നോടിച്ചായിരുന്നു ആ വൃദ്ധന്റെ ജീവിതം.

കഷ്ടപ്പാടുകള്‍ക്കിടയിലും സന്തോഖ് തന്റെ കൊച്ചുമകനെയോര്‍ത്ത് ഏറെ അഭിമാനിക്കുകയും അതില്‍ ആഹ്ലാദിക്കുകയും ചെയ്തിരുന്നു. ടിവിയില്‍ ചെറുമകന്‍ പന്തെറിയുന്നതു കാണുമ്പോള്‍ സന്തോഖ്് അവനെ കെട്ടിപ്പിടിക്കാന്‍ കൊതിക്കുമായിരുന്നു ബന്ധുക്കള്‍ പറയുന്നു. തന്റെ ജീവിതം ഇങ്ങനെയായിപ്പോയെങ്കിലും ചെറുമകന്റെ നേട്ടത്തിലും അവനു കിട്ടിയ വലിയൊരു ജീവിതത്തിലും സ്വയം അഭിമാനം കൊള്ളുകയായിരുന്നു ആ വൃദ്ധന്‍. പക്ഷേ അവസാനമായി ഒന്നു കാണാന്‍ കൊതിച്ച്, അതിനു സാധിക്കാതെ, സങ്കടത്തോടെ സന്തോഖ് യാത്രയായി…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍