UPDATES

ട്രെന്‍ഡിങ്ങ്

ജയ ബച്ചന്‍ നൃത്തക്കാരിയാണെന്ന് നരേഷ് അഗര്‍വാള്‍

ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം വിവാദ പ്രസ്താവന, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവും ശക്തം

ബിജെപിയിലേക്കുള്ള ഔദ്യോഗിക പ്രവേശനത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെ വിവാദത്തിലകപ്പെട്ട് നരേഷ് അഗര്‍വാള്‍. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയ ബച്ചന്‍ ‘ബോളിവുഡ് നൃത്തക്കാരിയാണെന്ന പരാമര്‍ശമാണ് അഗര്‍വാളിനെ വിവാദ പുരുഷനാക്കിയത്. രാജ്യസഭ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സമാജ്‌വാദി പാര്‍ട്ടി വിട്ടാണ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നത്.

അഗര്‍വാളിന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നതിനായി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനിടെയാണ് തനിക്ക് രാജ്യസഭ സീറ്റ് നിഷേധിച്ചിട്ട് അത് സിനിമകളില്‍ നൃത്തം ചെയ്തവള്‍ക്ക് നല്‍കിയെന്ന് അഗര്‍വാള്‍ തുറന്നടിച്ചത്. കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളുമായ സുഷമ സ്വരാജും സ്മൃതി ഇറാനിയും അഗര്‍വാളിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അഗര്‍വാളിന്റെ ബിജെപി പ്രവേശനം അംഗീകരിക്കുന്നുവെന്ന് പറഞ്ഞ സുഷമ സ്വരാജ് എന്നാല്‍ ജയ ബച്ചനെക്കുറിച്ചുള്ള പരാമര്‍ശം അനുചിതം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

രൂക്ഷമായ ഭാഷയിലാണ് സ്മൃതി ഇറാനി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. സഞ്ജയ് നിരുപമിനെതിരെ തന്റെ കേസ് കോടതിയിലെത്തിയിട്ട് അഞ്ച് വര്‍ഷമായെന്ന് പറഞ്ഞ സ്മൃതി തന്റെ പോരാട്ടം മറ്റൊരു സ്ത്രീയെ അപമാനിക്കുന്നതിനുള്ള ഒഴിവുകഴിവല്ലെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീകളിലൊരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞങ്ങള്‍ രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടാകും- അവര്‍ ട്വിറ്ററില്‍ കുറിച്ചു. നരേഷ് അഗര്‍വാളിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ഏഴു തവണ ഉത്തര്‍പ്രദേശ് എംഎല്‍എയും സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ രാജ്യസഭ എംപിയുമാണ് അഗര്‍വാള്‍. എന്നാല്‍ ഇത്തവണ സീറ്റ് അനുവദിക്കാതെ ജയ ബച്ചനെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍