UPDATES

ട്രെന്‍ഡിങ്ങ്

ജീതുവിനെ ചുട്ടുചാമ്പലാക്കാന്‍ വിരാജിനെ ‘സഹായിച്ചത്’ നാട്ടുകാരോ?

കരഞ്ഞ് ബഹളം വെച്ചത് കേട്ട് അവിടെ ഉണ്ടായിരുന്നവര്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചെങ്കില്‍ ലൈറ്റര്‍ കത്തിച്ച് തീ കൊളുത്താന്‍ വിരാജിന് ആകില്ലായിരുന്നു

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്ന സംഭവം മാധ്യമ ശ്രദ്ധയിലെത്തുന്നത് മൂന്നാം ദിവസം. ഞായറാഴ്ച ഉച്ചക്കാണ് വെള്ളിക്കുളങ്ങര സ്വദേശി ജീതുവിന്റെ ദേഹത്ത് ഭര്‍ത്താവ് വിരാജ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. 85 ശതമാനത്തോളം പൊള്ളലേറ്റ ജീതു ഇന്നലെ രാത്രി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെടുകയായിരുന്നു.

കുടുംബശ്രീ യോഗം നടക്കുന്ന സ്ഥലത്ത് വെച്ചാണ് ജീതു ആക്രമണത്തിനിരയാകുന്നത്. വായ്പ പൈസ തിരിച്ചടക്കുന്നതിനായി അച്ഛനോടൊപ്പമാണ് ഇവര്‍ ഭര്‍ത്താവിന്റെ വീടിനടുത്തുള്ള യോഗസ്ഥലത്തെത്തിയത്. അവിടേക്ക് വന്ന വിരാജ് പെട്രോള്‍ ഒഴിച്ച് കത്തിക്കുമ്പോള്‍ കുടുംബശ്രീ അംഗങ്ങളും പഞ്ചായത്ത് അംഗവും ഉള്‍പ്പെടെ സമീപത്തുണ്ട്. എന്നാല്‍ ആരും വേണ്ട വിധത്തില്‍ ഇടപെടാഞ്ഞതിനാലാണ് ഇത്തരമൊരു ദുരന്തം നടന്നതെന്നാണ് പരക്കെ ഉയരുന്ന ആരോപണം.

ഈ മരണത്തില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ജോയ് കൈതാരത്ത് പറയുന്നു. ”കുടുംബ ശ്രീയില്‍ പൈസ അടച്ച് തിരിച്ച് പോരുമ്പോഴാണ് ഇത് കൂടി കൊണ്ട് പൊക്കോളൂ എന്ന് പറഞ്ഞ് വിരാജ് ജീതുവിനെ വിളിക്കുന്നത്. തന്റെ വസ്ത്രങ്ങള്‍ തിരിച്ചു തരാനാകും എന്ന് കരുതി ജീതു അവിടെ നിന്ന സമയത്ത് ഇയാള്‍ ബാഗ് തുറന്ന് പെട്രോള്‍ എടുത്ത് ഒഴിച്ചു. ആ സമയത്ത് കരഞ്ഞ് ബഹളം വെച്ചത് കേട്ട് അവിടെ ഉണ്ടായിരുന്നവര്‍ ഇടപെട്ട് തടയാന്‍ ശ്രമിച്ചെങ്കില്‍ ലൈറ്റര്‍ കത്തിച്ച് തീ കൊളുത്താന്‍ വിരാജിന് ആകില്ലായിരുന്നു.” ജോയ് പറയുന്നു.
ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ തടയാതെ നിഷ്പക്ഷത പാലിക്കുന്നത് ശരിയല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവിടെ കൂടി നിന്ന ആളുകളെല്ലാം ജീതു കത്തി തുടങ്ങിയപ്പോഴാണ് സംഭവം കാണുന്നതെന്നും തുടര്‍ന്ന് തങ്ങളാലാകും വിധം ഇടപെട്ടു എന്നുമാണ് ദൃക്‌സാക്ഷിയും പുതുക്കാട് പഞ്ചായത്ത് അംഗവുമായ ഗീത സുകുമാരന്‍ പറയുന്നത്. ”വെള്ളിക്കുളങ്ങര സ്വന്തം വീട്ടില്‍ താമസിക്കുന്ന ജീതുവിനോട് കുടുംബശ്രീയിലെ വായ്പാ സംബന്ധിച്ച കണക്കുകള്‍ തീര്‍ക്കാനായി അങ്ങോട്ട് ചെല്ലാമെന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത് പിന്നീട് ജീതു തന്നെ സംഭവദിവസം നടന്ന യോഗത്തിലേക്ക് വരാമെന്ന് അറിയിക്കുകയായിരുന്നു.

പണമടച്ച് പോകാനായി ഇറങ്ങുകയും ഓട്ടോറിക്ഷക്കാരന്‍ വണ്ടി സ്റ്റാര്‍ടട് ചെയ്യുകയും ചെയ്ത സമയത്താണ് വിരാജ് വരുന്നത്. അവിടെ എവിടെയോ ഒളിച്ചിരുന്നതാകണം. ഞങ്ങള്‍ നോക്കുമ്പോള്‍ കണ്ടത് ഒരു തീഗോളമാണ്.

കത്തി നില്‍ക്കുന്നത് കണ്ടപാടെ ഞങ്ങളെല്ലാം ഓടിയെത്തി തീ കെടുത്താനും വെള്ളമൊഴിക്കാനുമൊക്കെ സഹായിച്ചു. ഞായറാഴ്ച ആയത് കൊണ്ട് മറ്റൊരു വണ്ടിയും കിട്ടാഞ്ഞത് കൊണ്ടാണ് ജീതു വന്ന വണ്ടിയില്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോയത്. ഒരാളിലധികം കയറാന്‍ ആ വണ്ടിയില്‍ സ്ഥലമുണ്ടായില്ല. അത് കൊണ്ട് ഒപ്പം പോയില്ല. ”

ചുറ്റും കൂടി നിന്നവര്‍ ഇടപെട്ടില്ല എന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന ജീതുവിന്റെ അച്ഛന്‍ ജനാര്‍ദ്ദനന്‍ ആദ്യം മുതലേ ആരോപിക്കുന്നത്. അത്തരം പ്രസ്താവനകള്‍ അടിസ്ഥാന രഹിതമാണെന്നും തനിക്ക് ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി ഇടപെട്ടുവെന്നുമാണ് പഞ്ചായത്ത് അംഗം ഇതിനോട് പ്രതികരിക്കുന്നത്.

പൊതു സ്ഥലത്ത് ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ നടന്ന അക്രമമായിട്ടും രണ്ടാം ദിവസം മരണം സംഭവിച്ചതിന് ശേഷം ഏറെ നേരം കഴിഞ്ഞാണ് സംഭവം പൊതുശ്രദ്ധയില്‍ തന്നെ എത്തുന്നത്. മൊബൈല്‍ ടവര്‍ നോക്കുമ്പോള്‍ പ്രതി വിരാജ് മുംബൈയിലെത്തിയിട്ടുണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് പോലീസില്‍ നിന്ന് അറിഞ്ഞതായി ജോയ് കൈതാരത്ത് പറയുന്നു. കൃത്യം നടത്തി കഴിഞ്ഞ് ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ട് ഒളിവില്‍ പോയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍