UPDATES

ട്രെന്‍ഡിങ്ങ്

ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ ‘ചുംബന മത്സര’ത്തിനെതിരെ ബിജെപി

ഡിസംബര്‍ ഒമ്പതിന് നടന്ന മേളയില്‍ 20 ദമ്പതികളാണ് പരസ്യമായി ചുംബിക്കാന്‍ മുന്നോട്ട് വന്നത്

ജാര്‍ഖണ്ഡിലെ പരമ്പരാഗത ഗോത്ര ഉത്സവത്തിനെതിരെ ബിജെപി രംഗത്ത്. വര്‍ഷങ്ങളായി നടത്തിവരുന്ന ഗോത്രമേളയോടനുബന്ധിച്ച് നടന്ന ചടങ്ങാണ് ബിജെപിയുടെ സാദാചാര പോലീസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എ സിമോണ്‍ മറാണ്ഡി ആദിവാസി സംസ്‌കാരത്തെ വില കുറച്ചുകാണുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. മേളയോട് അനുബന്ധിച്ച് ‘ചുംബന മത്സരം’ നടന്നത് ആദിവാസി സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നാണ് ബിജെപിയുടെ ആരോപണം.

എന്നാല്‍, ഗോത്രവിഭാഗമായ സന്താള്‍ സമുദായത്തില്‍ സ്ഥിരമായി നടക്കുന്ന ചടങ്ങാണിതെന്ന് മറാണ്ഡി വ്യക്തമാക്കുന്നു. മറാണ്ഡി എംഎല്‍എ ആയ ലിത്തിപ്പാറ നിയമസഭ മണ്ഡലത്തിലെ തലപ്പഹാരി ഗ്രാമത്തിലാണ് മേള നടന്നത്. സമൂഹത്തിനിടയില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ക്കെതിരായാണ് ചടങ്ങ് നടത്തുന്നതെന്ന് മറാണ്ഡി വിശദീകരിച്ചു. മേളയിലെ ചടങ്ങുകളില്‍ ഒന്ന് മാത്രമാണ് ചുംബന മത്സരം. പരസ്പരം പരസ്യമായി ഉമ്മവെക്കാന്‍ ദമ്പതികളോട് ആവശ്യപ്പെടുന്ന ചടങ്ങാണിത്. ഡിസംബര്‍ ഒമ്പതിന് നടന്ന മേളയില്‍ 20 ദമ്പതികളാണ് പരസ്യമായി ചുംബിക്കാന്‍ മുന്നോട്ട് വന്നത്. ഇത് എല്ലാ വര്‍ഷവും നടക്കുന്ന ചടങ്ങാണെന്നും ഇപ്പോള്‍ പ്രത്യേക പുതുമയൊന്നും ചടങ്ങിനില്ലെന്നും മറാണ്ഡി ചൂണ്ടിക്കാണിക്കുന്നു.

സദാചാരത്തിന്റെ മാലാഖകളേ, പൊതു ഇടങ്ങളിലെ ചുംബനം അശ്ലീലമാണോ? വീണാ മണി എഴുതുന്നു

ജനങ്ങളെ ആധുനികവല്‍ക്കരിക്കുകയല്ല ചടങ്ങെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആദിവാസികള്‍ക്ക് അവരുടേതായ വിശ്വാസങ്ങളും ജീവിതചര്യയുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വിവാഹമോചനം വര്‍ദ്ധിച്ചുവരികയാണ്. ഇത് കുടുംബബന്ധങ്ങളെ തകര്‍ക്കുകയാണെന്നും ഇതിനെതിരെ ദമ്പതികളെ ബോധവല്‍ക്കരിക്കുന്നതിനാണ് ചടങ്ങ് നടത്തുന്നതെന്നും മറാണ്ഡി വ്യക്തമാക്കി. സന്താളി ഭാഷയില്‍ മേളയുടെ പേര് ‘പ്രേമ ചുംബനം’ എന്നാണെന്നും മറാണ്ഡി വ്യക്തമാക്കി.
എന്തിന്റെ പേരിലാണ് ബിജെപി ആരോപണം ഉന്നയിക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും മറാണ്ഡി വ്യക്തമാക്കി. ഗ്രാമങ്ങളിലെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയുന്നതിന് വല്ലപ്പോഴും ഗ്രാമങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ബിജെപി നേതാക്കള്‍ക്ക് ഉപദേശം നല്‍കാനും മറാണ്ഡി മറന്നില്ല.

എന്നാല്‍ ഇത്തരം ചടങ്ങുകള്‍ ആദിവാസി സംസ്‌കാരത്തെ ഇടിച്ചു താഴ്ത്തുന്നതാണെന്നാണ് മറാണ്ഡിയോട് തോറ്റ ബിജെപി നേതാവ് ഹേംലാല്‍ മുര്‍മുവിന്റെ വാദം. സാന്താള്‍ പാരമ്പര്യപ്രകാരം ആണും പെണ്ണും പരസ്പരം ഹസ്തദാനം ചെയ്യാന്‍ പോലും തയ്യാറാവില്ലെന്ന് അദ്ദേഹം വാദിക്കുന്നു. സ്ത്രീ ശക്തിയെ അപമാനിക്കലാണ് ഇത്തരം ചടങ്ങുകളെന്നാണ് മുര്‍മു വാദിക്കുന്നത്. ഇന്നാരാംഭിക്കുന്ന സംസ്ഥാന നിയമസഭ സമ്മേളനത്തില്‍ മറാണ്ഡിയെ പങ്കെടുപ്പിക്കരുത് എന്നൊരു വാദവും മുര്‍മു ഉന്നയിക്കുന്നു.

ചുംബനം ആണിന് സുഖം നല്‍കുന്നു, പക്ഷെ പെണ്ണിന് അത് സ്വയം നല്‍കലാണ്; മീടൂവില്‍ പുരുഷന്മാരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍