UPDATES

വിദേശം

‘ജിഹാദി ജാക്ക്’ ഐ എസ് ഭീകരരില്‍ നിന്നും രക്ഷപ്പെട്ടു; ഇപ്പോള്‍ കുര്‍ദിഷ് സേനയുടെ തടവില്‍

ഏകാന്ത തടവില്‍ ആരെങ്കിലും തന്നെ കൊല്ലാന്‍ വരുന്നതും കാത്തിരിക്കുകയാണെന്നു ജിഹാദി ജാക്ക് എന്നറിയപ്പെടുന്ന ജാക്ക് ലെറ്റ്‌സ് പറയുന്നു

‘ജിഹാദി ജാക്ക്’ എന്ന പേരില്‍ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്ന ബ്രിട്ടീഷ് പൗരന്‍ ഐഎസ് ഭീകരരില്‍ നിന്നും രക്ഷപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 2014ല്‍ ബ്രിട്ടണില്‍ നിന്നും സിറിയയിലേക്ക് കടന്ന ഇയാള്‍ ഐഎസ് ഭീകരരോടൊപ്പം ചേര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഭീകരസംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടതായും ഇപ്പോള്‍ ഐഎസിനെതിരെ പോരാടുന്ന കുര്‍ദ്ദിഷ് സേനയുടെ തടവിലാണെന്നും ബിബിസിയുമായി നടത്തിയ വാച്യ, ശബ്ദ സന്ദേശ അഭിമുഖത്തില്‍ ജാക്ക് ലെറ്റ്‌സ് എന്ന ‘ജിഹാദി ജാക്ക്’ വ്യക്തമാക്കി.

ഒരു മനുഷ്യക്കടത്തുകാരന്റെ സഹായത്തോടെയാണ് രക്ഷപ്പെട്ടതെന്നും മൈന്‍ പാകിയ ഇടങ്ങളിലൂടെ നടന്നാണ് കുര്‍ദ്ദിഷ് അതിര്‍ത്തിയില്‍ എത്തിയതെന്നും ജാക്ക് വെളിപ്പെടുത്തി. കുര്‍ദ്ദിഷ് പോരാളികള്‍ രണ്ടുതവണ അവര്‍ക്കെതിരെ വെടിവെച്ചെങ്കിലും രക്ഷപ്പെട്ടു. വടക്ക്-കിഴക്കന്‍ സിറിയയിലെ കുര്‍ദ്ദിഷ് സ്വാധീനമേഖലയിലുള്ള ജയിലില്‍ ഏകാന്തതടവിലാണ് താനെന്നും ജാക്ക് പറഞ്ഞു.

ഓക്‌സ്‌ഫോര്‍ഡിലെ ഷെര്‍വെല്‍ കോംബ്രിഹെന്‍സീവ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ലെറ്റ്‌സ് ഇസ്ലാമിലേക്ക് മതംമാറിയത്. 2014ല്‍ 18 വയസുള്ളപ്പോള്‍ എ-ലെവല്‍ പരീക്ഷകള്‍ ഉപേക്ഷിച്ച് ഇയാള്‍ സിറിയയിലേക്ക് കടന്നു. ആ വര്‍ഷം തന്നെ സിറിയയിലെ ഐഎസ് നിയന്ത്രിത മേഖലകളില്‍ എത്തിപ്പെടുകയും ചെയ്തു. എന്നാല്‍ ഐഎസിന് വേണ്ടി പോരാടനല്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇയാള്‍ സിറിയയിലേക്ക് പോയതെന്നുമാണ് ലെറ്റ്‌സിന്റെ കുടുംബം പറയുന്നത്.

ഒരു സ്‌ഫോടനത്തില്‍ പരിക്കേറ്റ തന്നെ സിറിയയിലെ ഐഎസ് തലസ്ഥാനമായ റാഖ്വയിലെ ആശുപത്രിയില്‍ ചികിത്സിച്ചതായി ലെറ്റ്‌സ് പറയുന്നു. ഐഎസ് ഒരു വര്‍ഷം മുമ്പ് അതിന്റെ മുന്‍ അനുയായികളെ വധിച്ചതോടെയാണ് തനിക്ക് അവരോടുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്ന് ജാക്ക് അവകാശപ്പെടുന്നു. ഇപ്പോള്‍ അമേരിക്കക്കാര്‍ ഐഎസിനെ വെറുക്കുന്നതിന്റെ പതിന്മടങ്ങ് താന്‍ അവരെ വെറുക്കുന്നുണ്ടെന്നും അയാള്‍ സാക്ഷ്യപ്പെടുത്തുന്നു. ഐഎസ് സത്യത്തിന് വേണ്ടിയല്ല നിലകൊള്ളുന്നതെന്ന തന്റെ വിശ്വാസം ബലപ്പെട്ടതോടെ അവര്‍ മൂന്ന് തവണ എന്നെ തടവിലാക്കി. കാവല്‍ ശക്തമല്ലാത്ത ഒരു മേഖലയിലൂടെ രക്ഷപ്പെട്ട ശേഷം മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ പുറത്തുകടക്കുകയായിരുന്നുവെന്നാണ് ലെറ്റ്‌സ് പറയുന്നത്.

എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മകന് കാശ് അയച്ചുകൊടുത്തു എന്നതിന്റെ പേരില്‍ ഭീകരവാദത്തിന് ധനസഹായം നല്‍കുന്നു എന്ന കുറ്റം സമ്മതിക്കാന്‍ ലെറ്റ്‌സിന്റെ മാതാപിതാക്കള്‍ തയ്യാറായിട്ടില്ല. ഏതാനും ആഴ്ചകള്‍ക്ക് ശേഷം സുരക്ഷിത മേഖലയിലാണ് താനെന്ന മകന്റെ സന്ദേശം ലഭിച്ച വിവരം മാതാപിതാക്കളായ ജോണ്‍ ലെറ്റ്‌സും സാലി ലെയ്‌നുമാണ് ബിബിസിയെ അറിയിച്ചത്. മൂന്ന് വര്‍ഷമായി തങ്ങള്‍ കാത്തിരിക്കുന്ന വാര്‍ത്തയാണിതെന്നും മകന്‍ എത്രയും പെട്ടെന്ന് നാട്ടില്‍ മടങ്ങിയെത്തണമെന്നാണ് ആഗ്രഹമെന്നും ഇവര്‍ പറയുന്നു.

മകനെ സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് അവര്‍ ബ്രിട്ടീഷ് അധികൃതരോട് ആവശ്യപ്പെട്ടു. ഐഎസ് മേഖല വിട്ട് സുരക്ഷിത സ്ഥാനത്തെത്തിയാല്‍ മാത്രമേ തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂവെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ മകന്‍ സുരക്ഷിതമേഖലിയില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

മകന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കണമെന്ന് തന്നെയാണ് ജൈവ കര്‍ഷകനായ ജോണ്‍ ലെറ്റ്‌സ് പറയുന്നത്. എന്നാല്‍ ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കുടുംബം വിശ്വസിക്കുന്നില്ല. സിറിയയിലേക്കും ഇറാഖിലെ ചില ഭാഗങ്ങളിലേക്കും തങ്ങളുടെ പൗരന്മാര്‍ സഞ്ചരിക്കരുതെന്ന് യുകെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഈ പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ പലരും നിയമനടപടികള്‍ നേരിടുന്നുമുണ്ട്.

യുകെ സര്‍ക്കാര്‍ എന്തിനാണ് സഹായിക്കുന്നതെന്ന ബിബിസിയുടെ ചോദ്യത്തിന് തന്നെ ആരും സഹായിക്കേണ്ട എന്ന മറുപടിയാണ് ജാക്ക് നല്‍കിയത്. ഏകാന്ത തടവില്‍ തന്നെ ആരെങ്കിലും കൊല്ലുന്നതും കാത്തിരിക്കുകയാണെന്നും ജിഹാദി ജാക്ക് വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍