UPDATES

ട്രെന്‍ഡിങ്ങ്

ജിഷ വധക്കേസ്‌: നാള്‍വഴി

‘സൗമ്യ വധക്കേസില്‍ കീഴ്‌ക്കോടതി വിധികളില്‍ നമ്മള്‍ വളരെയധികം രോമാഞ്ചം കൊണ്ടിരുന്നു. എന്നാല്‍ സുപ്രീകോടതിയിലെത്തിയപ്പോള്‍ അതെല്ലാം മാറി മറിഞ്ഞു’

കേരള സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു പെരുമ്പാവൂര്‍ സ്വദേശിനി ജിഷയുടെ കൊലപാതകം. ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകന്‍ അമീറുള്‍ ഇസ്ലാമിനെതിരെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെല്ലാം ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശരിവച്ചു. ഇനി നാളെ വിധി പ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കുകയാണ്.

കേസിന്റെ നാള്‍ വഴികള്‍:

2016 ഏപ്രില്‍ 28ന് രാത്രി എട്ട് മണിയോടെയാണ് പെരുമ്പാവൂര്‍ കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ ജിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 30ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു. മെയ് നാലിന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അതിക്രൂരമായ ബലാത്സംഗത്തിനിരയായി മൃഗീയമായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലയാളി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് മെയ് എട്ടിന് പോലീസിന് സൂചന ലഭിച്ചു. മെയ് 14ന് കൊലയാളിയുടെ ഡിഎന്‍എ ഫലം പുറത്തുവന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. മെയ്16ന് കൊലയാളിയെ തേടി അന്വേഷണ സംഘം മുര്‍ഷിദാബാദിലേക്ക് തിരിച്ചു. എന്നാല്‍ അന്വേഷണം കൃത്യമായല്ല നടക്കുന്നതെന്നുള്ള ആരോപണങ്ങളും പ്രതിയെ പിടികൂടണമെന്നുള്ള ആവശ്യവുമായി വിവിധ സാമൂഹ്യ, മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ജനരോഷം രൂക്ഷമായതിനെ തുടര്‍ന്ന് മെയ് 28 ന് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തെ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷണം ഏല്‍പ്പിച്ചു. ജൂണ്‍ രണ്ടിന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. ജൂണ്‍ പത്തിന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി സി ടി വി ദൃശ്യം പോലീസിന് ലഭിക്കുന്നു. ജിഷയുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് ജൂണ്‍ പതിമൂന്നിന് പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയും അന്വേഷണ സംഘത്തെ ലക്ഷ്യത്തിലെത്താന്‍ സഹായിച്ചു. ജൂണ്‍ പതിനാലിന് അമീറുള്‍ ഇസ്ലാമിനെ കാഞ്ചീപുരത്ത് നിന്ന് പിടികൂടി. ജൂണ്‍ പതിനാറിന് പ്രതി അമീറുള്ള അറസ്റ്റിലായ വിവരം മുഖ്യമന്ത്രി സ്ഥിരീകരിച്ചു.

ജിഷയുടെ കൊലപാതകം വളരെ വൈകിയാണ് ജനമറിയുന്നത്. ഒരു സാധാരണ കൊലപാതകമെന്ന രീതിയില്‍ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ജിഷയുടെ കൊലപാതകം ദളിത് സംഘടനകളുടേയും, മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വനിതാ സംഘടനകളുടേയും ശക്തമായ ഇടപെടലോടെയാണ് ശ്രദ്ധ നേടുന്നത്. പോലീസ് സ്ഥലത്തെത്താനും അന്വേഷണം തുടങ്ങാനും വൈകിയത് തെളിവുകള്‍ നശിപ്പിക്കപ്പെടാനിടയാക്കിയെന്ന് വ്യപക വിമര്‍ശനവുമുണ്ടായി. കേസന്വേഷണം ആരംഭിച്ചിട്ടും പ്രതിയെ കണ്ടെത്താനോ, അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ട് കൊണ്ടുപോവാനോ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല എന്ന ആരോപണവുമുണ്ടായി. കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന് കൊലപാതകവുമായി ബന്ധമുണ്ടെന്ന ആക്ഷേപങ്ങളും ഇതിനിടയില്‍ ശക്തമായി ഉയര്‍ന്നു കേട്ടു. ഇതിനിടെ യുഡിഎഫ് സര്‍ക്കാര്‍ മാറി എല്‍ഡിഎഫ് സര്‍ക്കാര്‍ വരികയും പോലീസ് തലപ്പത്ത് അഴിച്ചുപണികള്‍ നടക്കുകയും ചെയ്തു. പുതിയ അന്വേഷണ സംഘത്തെ നിയമിച്ചതോടെയാണ് കേസില്‍ കാര്യമായ പുരോഗതിയുണ്ടായത്.

പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുള്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ച് കയറി ജിഷയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 സെപ്തംബര്‍ 17ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മാര്‍ച്ച് 31 നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യവിചാരണ തുടങ്ങിയത്.

 

നിര്‍ണായകമായത് ആറ് ശാസ്ത്രീയ തെളിവുകള്‍

ജിഷാ വധക്കേസില്‍ അമീറുള്ള കുറ്റക്കാരനാണെന്ന് തെളിയിച്ചത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ പ്രതിയെ കണ്ടെത്തുകയെന്നതും കുറ്റം തെളിയിക്കുക എന്നതും അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളിയായിരുന്നു. എന്നാല്‍ ശാസ്ത്രീയ തെളിവുകളാണ് ഈ സാഹചര്യത്തില്‍ തുണയായത്. ജിഷയുടെ വീട്ടിലെ വാതിലില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയിലൂടെയാണ് പ്രതിയുടെ ഡിഎന്‍എ തിരിച്ചറിഞ്ഞത്. ജിഷയുടെ നഖത്തിനുള്ളില്‍ നിന്ന് ലഭിച്ച അമീറുള്ളിന്റെ ഡിഎന്‍എ, വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഉമിനീരിന്റെ അംശം, കൊലയ്ക്കുപയോഗിച്ച കത്തിയില്‍ നിന്ന് ലഭിച്ച ഡിഎന്‍എ, ആക്രമണത്തിനിടെ പ്രതിയുടെ കയ്യില്‍ ജിഷ കടിച്ചിരുന്നു. അതില്‍ നിന്ന് വന്ന രക്തം, ചെരുപ്പില്‍ നിന്ന് ലഭിച്ച രക്തക്കറ, പ്രതിയുടെ ചെരുപ്പിനടിയില്‍ നിന്ന് ലബിച്ച മണ്ണ് ജിഷയുടെ വീടിന് സമീപത്തുള്ളതാണെന്ന കണ്ടെത്തല്‍ എന്നിങ്ങനെയുള്ള ശാസ്ത്രീയ തെളിവുകളാണ് അമീറുള്ളിനെ കുടുക്കിയത്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറി, ബലാത്സംഗം, ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് മാരകമായ മുറിവ് ഉണ്ടാക്കി മരണകാരണമാക്കി, കൊലപാതകം, അന്യായമായി തടവില്‍ വക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. വനിതാ പ്രവര്‍ത്തകയും ദളിത് ആക്ടിവിസ്റ്റുമായ അഡ്വ.കെ.കെ.പ്രീതയുടെ പ്രതികരണത്തിലേക്ക് ‘ തുടക്കത്തില്‍ തന്നെ നിവധി ആളുകള്‍ വരികയും തെളിവുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്ത് കേസ് ആണ് ഇതെന്നാണ് ആക്ഷേപമുള്ളത്. ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളെ മാത്രമേ ഈ കേസില്‍ ആശ്രയിക്കാന്‍ പറ്റുമായിരുന്നുള്ളൂ. അന്വേഷണ സംഘം അതിന് പരിശ്രമിച്ചിട്ടുണ്ട്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് അന്വേഷണം തുടങ്ങുന്നത് പോലും. ജിഷയുടെ സാമൂഹികാവസ്ഥ മനസ്സിലാക്കിക്കൊണ്ടുള്ള ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങുന്നത്. അതോടെ മറ്റ് തെളിവുകള്‍ ഇല്ലാതെ വരികയും ശാസ്ത്രീയതെളിവുകളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളും വളരെ വൈകിയാണ് എടുത്ത് തുടങ്ങിയത്. പിന്നീട് യുദ്ധകാലാടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കേസ് മുന്നോട്ട്‌കൊണ്ടുപോയത്. തീര്‍ച്ചയായും അന്വേഷണ സംഘം ഇതില്‍ എടുത്തിട്ടുള്ള പരിശ്രമത്തെ സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്.’

ഇനി വിധി

കേരളം കാത്തിരിക്കുന്ന ഒരു വിധി തന്നെയാവും കോടതിയില്‍ നിന്നുണ്ടാവുക എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ ഇത് കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകളും ശിക്ഷിക്കലും മാത്രമായിരിക്കും. കെ.കെ.പ്രീത തുടരുന്നു ‘സൗമ്യ വധക്കേസില്‍ കീഴ്‌ക്കോടതി വിധികളില്‍ നമ്മള്‍ വളരെയധികം രോമാഞ്ചം കൊണ്ടിരുന്നു. എന്നാല്‍ സുപ്രീകോടതിയിലെത്തിയപ്പോള്‍ അതെല്ലാം മാറി മറിഞ്ഞു. ഈ കേസില്‍ ഇനിയും മേല്‍ക്കോടതികള്‍ ഉണ്ട്.’ ഈ ആശങ്കയോട് കൂട്ടിച്ചേര്‍ത്ത് വായിക്കാവുന്നതാണ് ‘ഇത് കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകളാണ്. ഇനിയും കോടതികളുണ്ടല്ലോ’ എന്ന പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ആളൂരിന്റെ പ്രതികരണം. .

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍