UPDATES

ട്രെന്‍ഡിങ്ങ്

കുട്ടികളെല്ലാവരും പേടിച്ചിരിക്കുകയാണ്; കൃഷ്ണദാസ് കേരളത്തിലുള്ളിടത്തോളം കാലം അവര്‍ക്ക് മൊഴി കൊടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സംസാരിക്കുന്നു

സത്യം സി.ബി.ഐ കണ്ടെത്തുമെന്നും തെറ്റു ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഉറച്ച വിശ്വാസമുണ്ട്.

ശ്രീഷ്മ

ശ്രീഷ്മ

‘ഒരു പരീക്ഷാഹാളിലിരുന്ന് എളുപ്പമുള്ള പരീക്ഷ ആശ്വാസത്തോടെയെഴുതുമ്പോള്‍ എന്തൊരു സന്തോഷത്തോടെയായിരിക്കും ആ വരിയെല്ലാം കുറിച്ചിടുന്നുണ്ടാവുക. അങ്ങനെ പരീക്ഷയെഴുതിയിറങ്ങിയ എന്റെ മോനെയാണ് അവര്‍ ചതിച്ച് ഇല്ലായ്മ ചെയ്തത്. വൈരാഗ്യം വച്ച് മനഃപൂര്‍വ്വം കൊല ചെയ്യുകയാണ് ചെയ്തത്. ഇനിയിത് ആവര്‍ത്തിക്കാന്‍ പാടില്ല. ഇന്നും കരഞ്ഞുകൊണ്ടാണ് ജീവിക്കുന്നത്. എന്റെ എല്ലാം നഷ്ടപ്പെട്ടു. ഇനിയൊരമ്മമാര്‍ക്കും എന്റെ അവസ്ഥ വരാന്‍ പാടില്ല.’ കരച്ചില്‍ പിടിച്ചു നിര്‍ത്തിക്കൊണ്ടാണ് മഹിജ ഇത്രയും പറഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി മഹിജയുടെ കണ്ണീര്‍ കേരളം കാണുന്നുണ്ട്. പാമ്പാടി നെഹ്റു കോളേജിലെ ഇടിമുറികള്‍ കൊലപ്പെടുത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയാണ് മഹിജ. ജിഷ്ണു മരിച്ച് രണ്ടു വര്‍ഷം തികയുമ്പോള്‍, മകന്റെ മരണത്തിന് കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടും വരെ പോരാടാനുള്ള ദൃഢനിശ്ചയമാണ് മഹിജയ്ക്ക്.

2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളേജ് ഹോസ്റ്റലില്‍ വച്ച് ജിഷ്ണു മരിക്കുന്നത്. പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്ന മാനേജ്മെന്റിന്റെ കഥകള്‍ പുറത്തുവരുന്നത്. രാഷ്ട്രീയകേരളവും വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും ഏറ്റെടുത്ത ജിഷ്ണുവിന്റെ കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നെ ക്രൈംബ്രാഞ്ചും അന്വേഷിച്ചു. പുരോഗതിയുണ്ടാകാത്തതിനാല്‍ മഹിജയടക്കമുള്ളവര്‍ പ്രതിഷേധിക്കുകയും സുപ്രീം കോടതി ഇടപെട്ട് കേസ് സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു.

ജിഷ്ണു കേസില്‍ മൊഴി നല്‍കിയതിന് നെഹ്റു കോളേജ് മാനേജ്മെന്‍റ് തോല്‍പ്പിച്ച കുട്ടികള്‍ക്ക് കോളേജിന് പുറത്തു നടത്തിയ പുനഃപരീക്ഷയില്‍ വിജയം

എന്നാല്‍, കേസില്‍ സാക്ഷിമൊഴി കൊടുത്തിട്ടുള്ള വിദ്യാര്‍ത്ഥികളെ കോളേജ് മാനേജ്മെന്റ് തെരഞ്ഞുപിടിച്ച് പ്രതികാരനടപടികളിലേക്ക് കടന്നതോടെ ജിഷ്ണുവിന്റെ കേസ് വീണ്ടും ആശങ്കയിലായിരിക്കുകയാണ്. ജിഷ്ണു പ്രണോയ് കേസിലെ സാക്ഷികളായ അതുല്‍ ജോസ്, മുഹമ്മദ് ആഷിക് എന്നിവരെ പ്രായോഗിക പരീക്ഷയില്‍ മാനേജ്മെന്റ് മനഃപൂര്‍വ്വം തോല്‍പ്പിച്ചതോടെ, ഇത്തരം നീക്കങ്ങള്‍ വിദ്യാര്‍ത്ഥികളെ അരക്ഷിതാവസ്ഥയിലെത്തിക്കുകയും കേസിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തേക്കുമെന്ന് മഹിജ ഭയപ്പെടുന്നു. സി.ബി.ഐ അന്വേഷണത്തിലുള്ള വിശ്വാസവും മഹിജ പങ്കുവയ്ക്കുന്നുണ്ട്.

‘സി.ബി.ഐ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. അവന്റെ ഉത്തരക്കടലാസ്സുകള്‍ രണ്ടാമത് പരിശോധിപ്പിച്ചിരുന്നു. രണ്ടു പേപ്പറുള്ളതില്‍ രണ്ടിലും അവന്‍ പാസ്സായിട്ടുണ്ടെന്നും കോപ്പിയടി നടന്നിട്ടില്ലെന്നും ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണമൊക്കെ കൃത്യമായിത്തന്നെയാണ് നടക്കുന്നത്. ഇപ്പോഴത്തെ പ്രശ്നമതല്ല. കോളേജിനെതിരെ സാക്ഷി പറഞ്ഞിട്ടുള്ള പിള്ളേരെയെല്ലാം ഇവര്‍ മനഃപൂര്‍വം തോല്‍പ്പിച്ചും ഇന്റേണല്‍ മാര്‍ക്ക് കുറച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാനായി കളിക്കുന്നുണ്ട്. അതാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ട വിഷയം. കോളേജ് ഹോസ്റ്റലിലൊക്കെ നടന്ന സംഭവങ്ങളാണ് കേസിന്റെ ആധാരം. ഈ കുട്ടികളേ അതിനൊക്കെ സാക്ഷിയുള്ളൂ.

മാത്രമല്ല, നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് ഇപ്പോള്‍ കേരളത്തിലെത്തുകയും ചെയ്തിട്ടുണ്ട്. കുട്ടികളെല്ലാവരും പേടിച്ചിരിക്കുകയാണ്. പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ്. അവരുടെ ജീവിതം കോളേജിന്റെ കൈയിലാണ്. അവരോടിങ്ങനെ പ്രതികാര നടപടി തുടര്‍ന്നാല്‍ അത് കേസിനെത്തന്നെ ബാധിക്കും. കൃഷ്ണദാസിന്റെ ജാമ്യം റദ്ദുചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം. അത് സുപ്രീംകോടതിയെ അറിയിച്ച് വേണ്ട നടപടികളെടുക്കാനുള്ള നീക്കമുണ്ടാകണം. അയാള്‍ കേരളത്തിലുള്ളിടത്തോളം കാലം കുട്ടികള്‍ക്ക് മൊഴികൊടുക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണുണ്ടാവുക.’

ജിഷ്ണു പ്രണോയ് കേസില്‍ മൊഴി കൊടുത്തു; വിദ്യാര്‍ത്ഥിയെ പരീക്ഷയില്‍ തോല്‍പ്പിച്ച് നെഹ്റു കോളേജ് മാനേജ്‌മെന്റിന്റെ വേട്ടയാടല്‍

ജിഷ്ണു പ്രണോയ് കേസില്‍ മാത്രമല്ല, തങ്ങള്‍ക്കെതിരെയുയരുന്ന എല്ലാ ശബ്ദങ്ങളും ഇല്ലാതെയാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മറ്റു കേസുകളിലും നെഹ്റു കോളേജ് ഇതേ നടപടി സ്വീകരിക്കുന്നതായി മഹിജ ചൂണ്ടിക്കാട്ടുന്നുണ്ട്. ജിഷ്ണു പ്രണോയ് കേസിനൊപ്പം ഉയര്‍ന്നു വന്ന ഷഹീര്‍ ഷൗക്കത്തലി മര്‍ദ്ദനക്കേസില്‍ രഹസ്യമൊഴി നല്‍കിയ വിദ്യാര്‍ത്ഥിനികളെയും നെഹറു കോളേജ് ഇത്തരത്തില്‍ തോല്‍പ്പിച്ചിരുന്നു. കോളേജിന്റെ സാമ്പത്തിക ക്രമക്കേടുകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിനായിരുന്നു ഷഹീറിനെ കൃഷ്ണദാസടക്കമുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ‘ഷഹീര്‍ ഷൗക്കത്ത് കേസിലെ സാക്ഷികളായ പെണ്‍കുട്ടികളടക്കമുള്ളവര്‍ക്കും ഇതേ അനുഭവമാണുണ്ടായിട്ടുള്ളത്. അവരിപ്പോള്‍ യൂണിവേഴ്സിറ്റിയെ സമീപിച്ചിരിക്കുകയാണ്. അക്കാര്യത്തിലും അനുകൂല തീരുമാനമുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ. നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.’ മഹിജ പറയുന്നു.

മാനേജ്മെന്റ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതിനാല്‍ കേസന്വേഷണത്തില്‍ സി.ബി.ഐ നേരിടുന്ന പ്രതിബന്ധങ്ങള്‍ ചെറുതല്ല. ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ കോടതി നേരിട്ട് ഇടപെടണമെന്നും, കൃഷ്ണദാസിന്റെ ജാമ്യം റദ്ദുചെയ്യണമെന്നുമാണ് ജിഷ്ണുവിന്റെ അമ്മയുടെ ആവശ്യം. ജിഷ്ണുവിന്റെ മരണത്തിനു ശേഷം കടന്നു പോന്ന രണ്ടു വര്‍ഷങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, വീണ്ടും വാക്കുകള്‍ മുറിയുന്നുണ്ട് മഹിജയ്ക്ക്.

ഒപ്പം നില്‍ക്കാമോ, എങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ പറയും ജിഷ്ണുവിന്റെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡറിനെക്കുറിച്ച്, കോളേജിലെ നരകയാതനകളെക്കുറിച്ച്

‘ഒരു തെറ്റും ചെയ്യാത്ത മോനാണ്. അന്നൊക്കെ അത്രയും ശക്തമായി പ്രതികരിക്കാന്‍ പറ്റിയത് ആ ഒരു ചിന്തയുള്ളതുകൊണ്ടാണ്. എതിരെ ആരു വന്നാലും വകവയ്ക്കാതെ നീതിക്കുവേണ്ടി പോരാടാനാണ് ഞാന്‍ തീരുമാനിച്ചത്. സത്യം സി.ബി.ഐ കണ്ടെത്തുമെന്നും തെറ്റു ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഉറച്ച വിശ്വാസമുണ്ട്. കൃഷ്ണദാസ് കേരളത്തിലുള്ളതാണ് അതിന് ആകെയൊരു തടസ്സമായി ഞാന്‍ കാണുന്നത്. കേസില്‍ തന്നെ ഉറച്ചു നില്‍ക്കും, മുന്നോട്ടു പോകും. അവസാനം വരെ പോരാടും.

എന്തെങ്കിലും പ്രശ്നത്തിനൊന്നുമല്ല എന്റെ മോന്‍ പോയത്. കോളേജില്‍ ചേര്‍ന്നു പഠിച്ച് ഒരു ജോലിയെല്ലാം നേടാനുള്ള ആഗ്രഹവുമായാണ് അവന്‍ ഈ നെഹ്റു കോളേജില്‍ കയറിയത്. പത്തും പതിനെട്ടും വയസ്സുള്ള അങ്ങനത്തെ മക്കളെയാണ് ഇവര്‍ ഒരു നിമിഷം കൊണ്ട് ഇല്ലായ്മ ചെയ്യുന്നത്. ഈ കോളേജ് ഇങ്ങനെ മുന്നോട്ടു പോകുന്നതു തന്നെ ശരിയായ കാര്യമല്ല. തെളിവുകളൊക്കെ ഇവര്‍ ആദ്യം തന്നെ നശിപ്പിച്ചിട്ടുണ്ട്. ഇനിയിപ്പോള്‍ സാക്ഷിമൊഴിയാണ് ഏറ്റവും പ്രധാനം. പ്രതികരിക്കുന്ന പിള്ളേരെയെല്ലാം ഇതു പോലെ തോല്‍പ്പിച്ചും ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചാല്‍ അവര്‍ക്കും പേടിയുണ്ടാകും. ഈ കേസ് അങ്ങനെ അട്ടിമറിക്കപ്പെടാന്‍ പാടില്ല.’

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍