UPDATES

ട്രെന്‍ഡിങ്ങ്

ജെഎന്‍യുവില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണം-വി.സി

ജെഎന്‍യു തങ്ങള്‍ പിടിച്ചെടുത്തെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍

വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം വളര്‍ത്താനൂം അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ അനുഭവിക്കുന്ന ത്യാഗത്തെ ഓര്‍മപ്പെടുത്താനും ജെ.എന്‍.യു ക്യാമ്പസില്‍ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന് വൈസ് ചാന്‍സിലര്‍ എം. ജഗദീഷ് കുമാര്‍. ക്യാമ്പസിന് ടാങ്ക് സ്വന്തമാക്കാന്‍ സഹായിക്കണമെന്ന് അദ്ദേഹം കേന്ദ്രമന്ത്രിമാരായ ധര്‍മന്ദ്രേ പ്രധാനോടും ജനറല്‍ വി.കെ സിംഗിനോടും അഭ്യര്‍ഥിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിലേക്ക് നയിച്ച 2016 ഫെബ്രുവരി ഒമ്പതിലെ സംഭവവികാസങ്ങള്‍ക്കു ശേഷമാണ് ക്യാമ്പസില്‍ വമ്പന്‍ ദേശീയ പതാക ഉയര്‍ത്താനും ആര്‍മി ടാങ്ക് സ്ഥാപിക്കാനുമുള്ള പദ്ധതി ആരംഭിച്ചത്. ഇന്നലെ കാര്‍ഗില്‍ വിജയ ദിവസത്തോട് അനുബന്ധിച്ച് ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വി.സിയുടെ അഭ്യര്‍ത്ഥന.

മന്ത്രിമാര്‍ക്കും വി.സിക്കും പുറമെ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, റിട്ട. മേജര്‍ ജനറല്‍ ജി.ഡി ബക്ഷി, ആര്‍മി ജവാന്മാരുടെ കുടുംബങ്ങള്‍, എ.ബി.വി.പി പ്രവര്‍ത്തകര്‍ തുടങ്ങിയവരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ക്യാമ്പസിന്റെ കവാടം മുതല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വരെ 2,200 അടി നീളമുള്ള ത്രിവര്‍ണ പതാകയും പിടിച്ചുകൊണ്ടുള്ള ‘പതാക യാത്ര’യ്ക്ക് ശേഷമായിരുന്നു ചടങ്ങ്. എന്നാല്‍ കേവലം 300-ഓളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മാവോയിസം തുലയട്ടെ, നാഷണലിസം വാഴട്ടെ തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങള്‍.

“ഈ രാജ്യത്തെ സുരക്ഷിതമാക്കുന്നതിന് നമ്മുടെ പ്രതിരോധ സേനയിലുള്ളവര്‍ ചെയ്ത ത്യാഗത്ത ഓര്‍മിക്കുന്നതിനുള്ള പ്രധാനപ്പെട്ട ദിവസമാണിന്ന്. ജെ.എന്‍.യുവിലെ പ്രധാനപ്പെട്ട ഒരിടത്ത് സ്ഥാപിക്കുന്നതിന് ഒരു ആര്‍മി ടാങ്ക് ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് മന്ത്രിമാരോട് അഭ്യര്‍ത്ഥിക്കുകയാണ്. സര്‍വകലാശാലയില്‍ കൂടി കടന്നു പോകുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് നമ്മുടെ സൈനികര്‍ നടത്തുന്ന ത്യാഗത്തെ എല്ലായ്‌പ്പോഴും ഓര്‍മപ്പെടുത്താന്‍ ടാങ്കിന്റെ രൂപം സഹായിക്കും – ജഗദീഷ് കുമാര്‍ പറഞ്ഞു.

ത്രിവര്‍ണ പതാകയോടുള്ള ആദരവിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നായിരുന്നു ചടങ്ങില്‍ സംസാരിച്ച ഗംഭീറിന്റെ അഭിപ്രായം. സൈന്യത്തിന് ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് പറഞ്ഞ ഗംഭീര്‍ കാശ്മീരില്‍ സൈന്യം യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിവച്ചതിനെയും ന്യായീകരിച്ചു.

ജെ.എന്‍.യു നിലവിലുള്ള വി.സിയുടെ കീഴില്‍ ഇത്തരത്തില്‍ മാറിയത് സന്തോഷിപ്പിക്കുന്നു എന്നായിരുന്നു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്. ജെ.എന്‍.യു നമ്മള്‍ പിടിച്ചു എന്നായിരുന്നു ‘അക്കാദമിക് ഹിന്ദുഫോബിയ’ എന്ന പുസ്തകം എഴുതിയ രാജീവ് മല്‍ഹോത്രയുടെ അഭിപ്രായം. കാര്‍ഗിലില്‍ നേടിയ വിജയത്തിന്റെ ആഘോഷം മാത്രമല്ല, ഇത് മറിച്ച് ആഭ്യന്തര യുദ്ധത്തില്‍ ജെ.എന്‍.യുവിനു മേല്‍ നേടിയ വിജയത്തിന്റെ ആഘോഷം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പിന്തുണച്ചു കൊണ്ട് സംസാരിച്ച ജനറല്‍ ബക്ഷി ജെ.എന്‍.യു പോലെ വലിയ കോട്ടകള്‍ പിടിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ചെറിയ കോട്ടകളായ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുമൊക്കെയാണ് ഇനി പിടിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍