UPDATES

ട്രെന്‍ഡിങ്ങ്

ജെഎന്‍യു: മുഴുവന്‍ സീറ്റിലും തോറ്റു; എന്നാല്‍ ജയിച്ചെന്ന വ്യാജപ്രചരണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും

വൈസ് പ്രസിഡന്റ്റ് പോസ്റ്റിലേക്ക് വിജയിച്ചത് എബിവിപിയാണെന്ന് പ്രചരിപ്പിച്ചവരില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയയും

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകളായ എസ് എഫ് ഐ- എ ഐ എസ് എ-ഡിഎസ്എഫ് സഖ്യം മുഴുവന്‍ സീറ്റിലും വിജയിച്ചെങ്കിലും പ്രസിഡന്റ്റ്, വൈസ് പ്രസിഡന്റ്റ് പോസ്റ്റുകളില്‍ തങ്ങള്‍ ജയിച്ചതായി സംഘപരിവാറിന്റെ വ്യാജ പ്രചരണം.

പ്രസിഡന്റ്റ് സ്ഥാനത്തേക്ക് എ.ബി.വി.പിയുടെ നിധി ത്രിപാഠി വിജയിച്ചെന്നും ജെ.എന്‍.യുവില്‍ ഇതിഹാസം രചിച്ചെന്നും ഒരു സംഘപരിവാര്‍ പോസ്റ്റ് പ്രഖ്യാപിക്കുമ്പോള്‍ വൈസ് പ്രസിഡന്റ്റ് പദവിയിലേക്ക് എ.ബി.വി.പി വിജയിച്ചെന്ന് പ്രചരിപ്പിക്കുന്നത് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ തന്നെയാണ്. എന്നാല്‍ ഈ ട്വീറ്റ് വിജയ്‌വര്‍ഗിയ പിന്നീട് ഡിലീറ്റ് ചെയ്തു. ഇന്ത്യയെ തകര്‍ക്കണമെന്ന് പറഞ്ഞവരെ പരാജയപ്പെടുത്തിയാണ് എ.ബി.വി.പി വിജയിച്ചിരിക്കുന്നത് എന്നുമായിരുന്നു വിജയ്‌വര്‍ഗിയ പറഞ്ഞത്.

പ്രസിഡന്റ്റ് സ്ഥാനത്തേക്ക് യുണൈറ്റഡ് ലെഫ്റ്റിന്റെ ഗീതാ കുമാരി 464 വോട്ടിന് നിധി ത്രിപാഠിയെ പരാജയപ്പെടുത്തിയെങ്കിലും തങ്ങളാണ് വിജയിച്ചതെന്ന് സംഘപരിവാര്‍ അനുഭാവികള്‍ പ്രചരിപ്പിക്കുകയായിരുന്നു.  നിധി ത്രിപാഠിയുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയായിരുന്നു പ്രചരണം.

ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഐസയുടെ (എ ഐ എസ് എ) ഗീതാകുമാരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍. എബിവിപിയുടെ നിധി ത്രിപാഠി രണ്ടാം സ്ഥാനത്തും ബാപ്‌സ (ബിര്‍സ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) സ്ഥാനാര്‍ത്ഥി ഷബാന അലി 935 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തും വന്നു.

വൈസ് പ്രസിഡന്റ് സ്ഥാനം ഐസയുടെ തന്നെ സിമോണ്‍ സോയ ഖാന്‍ സ്വന്തമാക്കി. 4,620ല്‍ 1876 വോട്ടുകള്‍ നേടി ഇവിടെയും എബിവിപി രണ്ടാം സ്ഥാനത്ത് എത്തി. 1028 വോട്ടുകള്‍ അവരുടെ സ്ഥാനാര്‍ത്ഥി ദുര്‍ഗേഷ് കുമാര്‍ നേടിയപ്പോള്‍ 935 വോട്ടുകളുമായി ബാപ്‌സയുടെ സ്ഥാനാര്‍ത്ഥി മൂന്നാമതെത്തി.

എസ് എഫ് ഐ യുടെ ദുഗ്ഗിരാല ശ്രീകൃഷ്ണയാണ് ജനറല്‍ സെക്രട്ടറി. 2082 വോട്ടുകള്‍ നേടി. 975 വോട്ടുകളുമായി എബിവിപി രണ്ടാമതും 854 വോട്ടുകളുമായി ബാപ്‌സ മൂന്നാമതും എത്തി.

ജോയിന്റ് സെക്രട്ടറി ഡിഎസ് എഫിന്റെ സുഭാന്‍ഷു സിംഗ്. നേടിയ വോട്ടുകള്‍ 1755. രണ്ടാമതെത്തിയ എബിവിപിക്ക് 920 ഉം ബാപ്‌സയ്ക്ക് 860 ഉം വോട്ടുകള്‍ കിട്ടി.

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് എന്നിവിടങ്ങളിലും ഇടതുസഖ്യത്തിനാണ് വിജയം. ഇവിടങ്ങളിലെല്ലാം കണ്‍വീനര്‍ സ്ഥാനം സ്വന്തമാക്കിയ സഖ്യം സ്‌കൂള്‍ ഓഫ് ലാംഗ്വേജസിലെ അഞ്ചു കൗണ്‍സിലര്‍ സീറ്റുകളും സ്വന്തമാക്കി. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാലു കൗണ്‍സിലര്‍ സ്ഥാനവും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ അഞ്ചില്‍ നാലുകൗണ്‍സിലര്‍ സ്ഥാനങ്ങളും എസ്എഫ്‌ഐ-എ ഐ എസ എ- ഡിഎസ്എഫ് വിജയിച്ചു.

Also Read: വലത് രാഷ്ട്രീയത്തിനിടം നല്‍കാതെ ജെഎന്‍യു; ഇടതുസഖ്യത്തിന് ഉജ്ജ്വലവിജയം

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ജെ.എന്‍.യു ലക്ഷ്യമിട്ട് നടക്കുന്ന പ്രചരണങ്ങള്‍ക്ക് പുറമേ വിദ്യാര്‍ഥി നേതാക്കള്‍ അടക്കമുള്ളവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നിരുന്നു. അതിനു പിന്നാലെ സര്‍വകലാശാലയിലെ സീറ്റുകള്‍ വെട്ടിക്കുറച്ച നടപടിയും വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍