UPDATES

ട്രെന്‍ഡിങ്ങ്

ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് റിപ്പോര്‍ട്ട്; കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഇനി എളുപ്പം

അപകടം നടന്ന് പത്തുമണിക്കൂറുകള്‍ കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തപരിശോധന നടക്കുന്നത്‌

മാധ്യമപ്രവര്‍ത്തകന്‍ എം കെ ബഷീറിന്റെ അപകട മരണ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായ രക്തപരിശോധന റിപ്പോര്‍ട്ട്. അപകടം ഉണ്ടാക്കുന്ന സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്നു തെളിയിക്കാന്‍ സഹായകമായ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയയെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ പറയുന്നത്. മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയെന്ന കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഈ റിപ്പോര്‍ട്ട് ശ്രീറാമിന് സഹായിക്കും.

രക്തപരിശോധന റിപ്പോര്‍ട്ട് പൊലീസിനെതിരേ ഉയര്‍ന്ന സംശയങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ്. അപകട സ്ഥലത്ത് നിന്നുള്ള ദൃക്‌സാക്ഷി മൊഴികള്‍ അനുസരിച്ച് ബഷീറിനെ ഇടിച്ചിട്ട വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ശ്രീറാം മദ്യപിച്ച നിലയിലായിരുന്നു. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതും പ്രതിക്ക് മദ്യത്തിന്റെ മണം ഉണ്ടായിരുന്നുവെന്നാണ്. ശ്രീറാമിന് ഒപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന സ്ത്രീ(കൂട്ടുപ്രതി) നല്‍കിയ മൊഴിയില്‍ പറയുന്നതും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും തന്നോട് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാണ് വാഹനം ഓടിക്കുന്നതെന്നുമായിരുന്നു. ഇത്രയും മൊഴികള്‍ ഉണ്ടായിരിക്കെ തന്നെയാണ് ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന തരത്തില്‍ പരിശോധന റിപ്പോര്‍ട്ട് വരുന്നതും.

ശ്രീറാം വിസമ്മതിച്ചതിനാല്‍ പ്രതിയെ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുചെന്ന സമയത്ത് തന്നെ രക്തപരിശോധനയ്ക്ക് സാധിച്ചിരുന്നില്ലെന്നു ഡോക്ടറുടെ റിപ്പോര്‍ട്ട് ഉണ്ട്. പിന്നീട് വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായ ശേഷമാണ് പൊലീസ് ശ്രീറാമിന്റെ രക്തം പരിശോധിക്കുന്നത്. അപ്പോഴേക്കും അപകടം നടന്ന് പത്തു മണിക്കൂറോളം പിന്നിട്ടിരുന്നു. ഈ സമയത്ത് നടത്തിയ പരിശോധനയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പൊലീസിന്റെ സഹായത്തോടെ പ്രതി നടത്തിയ ഗൂഢാലോചനയാണ് തനിക്ക് അനുകൂലമാംവിധം രക്തപരിശോധന റിപ്പോര്‍ട്ട് വരാന്‍ കാരണമെന്നാണ് ആക്ഷേപം. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ തന്നെ രക്തപരിശോധന പൊലീസ് നടത്തേണ്ടതായിരുന്നു. അതിനുള്ള റിക്വസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കുന്നതാണ് പതിവ്. എന്നാല്‍, ശ്രീറാമിന്റെ കാര്യത്തില്‍ അങ്ങനെയൊരു നടപടി ഉണ്ടായില്ല. കുറ്റാരോപിതന്റെ സമ്മതമില്ലാതെ രക്തം പരിശോധിക്കാന്‍ കഴിയില്ലെന്നായിരുന്നു പൊലീസ് പറഞ്ഞ ന്യായം. ആര്‍ട്ടിക്കിള്‍ 20(3) അനുസരിച്ച് self-incrimination ന് അവകാശമുണ്ടെങ്കിലും ക്രിമിനല്‍ കേസുകളില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രതിയെ നിര്‍ബന്ധപൂര്‍വം വിധേയനാക്കാന്‍ പൊലീസിന് അനുവാദം നല്‍കുന്നുണ്ട്. 1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 204 പ്രകാരം മദ്യപിച്ച് വാഹനമോടിച്ചു എന്നു സംശയിക്കുന്നൊരാളോട് നിര്‍ബന്ധമായി രക്തപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസിന് പറയുകയും ചെയ്യാമെന്നിരിക്കെയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ പ്രതിയുടെ വാക്കുകള്‍ പൊലീസ് അനുസരിച്ചത്.

മദ്യപിച്ചല്ല വാഹനമോടിച്ചതെന്ന് റിപ്പോര്‍ട്ട് കോടതിയിലും പ്രതിക്ക് ഗുണം ചെയ്യും. ഇരയുടെ അശ്രദ്ധമൂലമാണ് വാഹനാപകടം ഉണ്ടായതെന്ന തരത്തില്‍ വാദിക്കാനും പ്രതിഭാഗത്തിന് കഴിയാം. മനഃപൂര്‍വമല്ലാത്ത നരഹത്യയിലേക്ക് കേസ് മാറാനും സാധ്യതയുണ്ട്. നിലവില്‍ 304 വകുപ്പ് ചുമത്തി തന്നെയാണ് ശ്രീറാമിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മ്യൂസിയം പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. ‘മദ്യപിച്ച് അപകടരമായും സാഹസികമായും അമിതവേഗതയിലും വാഹനമോടിച്ചാല്‍ അപകടമുണ്ടായി മരണം സംഭവിക്കാന്‍ ഇടയാകുമെന്ന് അറിയാവുന്ന പ്രതി’ എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ റിമാന്‍ഡ് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ പ്രതിഭാഗത്തെ സഹായിക്കുന്നതായും പ്രതി മദ്യപിച്ചിരുന്നില്ല എന്ന രക്തപരിശോധന റിപ്പോര്‍ട്ട്. അതോടെ കേസ് ശ്രീറാമിന് അനുകൂലമായി ദുര്‍ബലപ്പെടാന്‍ സാധ്യതയേറും. ഇരയെ മുന്‍വൈരാഗ്യത്തിന്റെ പുറത്തോ പെട്ടെന്നുള്ള പ്രകോപനത്തിന്റെ പുറത്തോ അണ് പ്രതി വാഹനമിടിപ്പിച്ചതെന്നു തെളിയിക്കാന്‍ കഴിയാതെ വരുമ്പോള്‍ തന്നെ 304 ന്റെ സാധുത ചോദ്യം ചെയ്യപ്പെടാം. അങ്ങനെ വന്നാല്‍ ഒരുപക്ഷേ 304 എ യിലേക്ക് ചാര്‍ജ് മാറ്റാന്‍ സെഷന്‍സ് ജഡ്ജ് നിര്‍ദേശം നല്‍കിയേക്കാം. 304 എ യിലും പരമാവധി രണ്ടുവര്‍ഷം വരെ തടവ് ശിക്ഷയ്ക്ക് സാധ്യതയുണ്ടെങ്കിലും ശക്തമായ സാക്ഷി മൊഴികള്‍ ഉണ്ടാവണം. ഇവിടെയിപ്പോള്‍ അപകടത്തിന്റെതായ സിസിടിവി ദൃശ്യങ്ങളോ, ശക്തമായ സാക്ഷിമൊഴികളോ ഇല്ലാതിരിക്കുകയും പ്രതി മദ്യലഹരിയില്‍ അല്ലായിരുന്നുവെന്നു രേഖ സഹിതം തെളിയിക്കാന്‍ കഴിയുകയും ചെയ്താല്‍ അധിക ദിവസങ്ങള്‍ കഴിയാതെ തന്നെ ജാമ്യം ലഭിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സാഹചര്യമൊരുങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍