UPDATES

ട്രെന്‍ഡിങ്ങ്

ബെഹ്റയുടെ പ്രത്യേക അന്വേഷണ സംഘം ബെഹ്റയുടെ പോലീസിനെ കുടുക്കുമോ? ശ്രീറാം വെങ്കിട്ടരാമനെ ‘രക്ഷിക്കാന്‍’ വരുത്തിയ 12 പിഴവുകള്‍ ഇങ്ങനെ

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകടമരണ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന നടപടി. കേസ് ദുര്‍ബലപ്പെടാനും ജാമ്യം നേടാനും സഹായകമായി പൊലീസിന്റെ ഭാഗത്തു നിന്നും പ്രതിക്ക് അനുകൂലമായി കാര്യങ്ങള്‍ ഉണ്ടായി എന്നു സംസ്ഥാന പൊലീസ് മേധാവിക്ക് തന്നെ ബോധ്യപ്പെട്ടിരിക്കുന്നുവെന്നാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ ഉത്തരവും മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിന്റെ സസ്‌പെന്‍ഷനും കാണിക്കുന്നത്.

ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഡിജിപി ലോക്‌നാഥ് ബഹ്‌റ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്, പൊലീസിനെതിരേ ആരോപണങ്ങള്‍ ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ കേസിന്റെ എല്ലാവശങ്ങളും അന്വേഷിച്ച് കണ്ടെത്താന്‍ ഒരു പ്രത്യേക ടീമിനെ നിയോഗിക്കണമെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും ഐജിയും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ്. ഇതിന്‍ പ്രകാരമാണ് എഡിജിപി ഷെയ്ഖ് ദാര്‍വേഷ് സാഹേബിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ഷീന്‍ തറയില്‍ ചീഫ് ഇന്‍വേസ്റ്റിഗേറ്റിംഗ് ഓഫിസര്‍ ആയി, ക്രൈം ബ്രാഞ്ച് എസ് പി ഷാനവാസ് എ, കോസറ്റല്‍ പൊലീസ് സ്റ്റേഷന്‍ സി ഐ അജി ചന്ദ്രന്‍ നായര്‍, ക്രൈം ബ്രാഞ്ച്(ഹെഡ്ക്വാര്‍ട്ടേഴ്‌സ്) ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു എസ് എസ് എന്നിവര്‍ അംഗങ്ങളായ അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുന്നത്. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വിശദമായി അന്വേഷിക്കുന്നതിനൊപ്പം പൊലീസിന്റെ വീഴ്ച്ചകളെ കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് ഡിജിപി പറയുന്നത്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനും ഡിജിപിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

അപകടം നടന്നു മുതല്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് ഗുരുതര കൃത്യവിലോപങ്ങളാണ്. ഈ ആക്ഷേപം ശരിവയ്ക്കുന്നതാണ് താഴെ പറയുന്ന കാര്യങ്ങള്‍;

1.രക്തപരിശോധനയിലും ഫോറന്‍സിക് പരിശോധനയിലും പ്രതിക്ക് അനുകൂലമായ വീഴ്ച്ചകള്‍ സംഭവിക്കുന്നു. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് കോടതിയില്‍ പൊലീസിന് തിരിച്ചടിയുണ്ടാകും.

2.വാഹനം ഓടിച്ചിരുന്നത് ശ്രീറാം തന്നെയാണെന്ന് വിരലടയാളം വച്ച് തെളിയിക്കാനുള്ള നടപടിയിലും വീഴ്ച്ച വരുന്നു. ക്രിമിനല്‍ കേസിന്റെ കാര്യത്തില്‍ പ്രതിയുടെ രക്തപരിശോധന, വിരലടയാളം ശേഖരിക്കല്‍, കൈപ്പട പകര്‍പ്പ് എടുക്കല്‍, ഒപ്പ് ഇടീപ്പിക്കല്‍ എന്നിവ പൊലീസിന് നിര്‍ബന്ധപൂര്‍വം തന്നെ ആവശ്യപ്പെടാമെന്നു നിയമം അനുശാസിക്കുമ്പോഴും ശ്രീറാമിന്റെ കേസില്‍ പൊലീസ് ഐഎഎസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍ അനുസരിച്ച് പെരുമാറുന്നു.

3.അപകട സമയത്ത് ശ്രീറാമാണ് വാഹനമോടിച്ചതെന്നു തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടമുണ്ടാക്കിയ വാഹനം അമിത വേഗത്തില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് കിട്ടിയിരിക്കുന്നത്. ഇതുവച്ച് വാഹനം ഓടിച്ചത് ശ്രീറാം ആയിരുന്നുവെന്ന് തെളിയിക്കാന്‍ സാധിക്കില്ല.

4.വൈദ്യപരിശോധനയ്ക്കു കൊണ്ടു പോകും മുന്നേ മണിപ്പിച്ച് നോക്കിയോ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചോ പ്രതി മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്തുന്നത് സാധാരണ നടപടിയാണ്. ശ്രീറാമിന്റെ കാര്യത്തില്‍ അത്തരം തെളിവെടുപ്പ് നടന്നിട്ടില്ല. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിരുന്നുവെന്നു കണ്ടെത്തുന്നതും കോടതിയില്‍ ഹാജരാക്കാവുന്ന തെളിവാണ്. ബ്രത് അനലൈസര്‍ ഉപയോഗിച്ചുള്ള തെളിവ് തള്ളിപ്പോകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് വൈദ്യ പരിശോധനയ്ക്ക് നടത്തുന്നത്.

5.രക്തപരിശോധന നടത്തണമെന്നു കാണിച്ച് മെഡിക്കല്‍ ഓഫീസര്‍ക്ക് റിക്വസ്റ്റ് കൊടുക്കണം. Under request of a police officer എന്നു പറഞ്ഞാണ് മെഡിക്കല്‍ ഓഫിസര്‍ പ്രതിയുടെ വൈദ്യ പരിശോധന നടത്തുന്നത്. സാധാരണ കേസുകളിലൊക്കെ നടക്കുന്ന പതിവ് പ്രകിയ ഐഎഎസ് ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ നടന്നില്ല. രക്തപരിശോധന നടത്താനുള്ള റിക്വസ്റ്റ് പൊലീസ് നല്‍കിയില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്.

7.പോലീസിന്റെ റിക്വസ്റ്റ് ഉണ്ടെങ്കില്‍ പ്രതി സമ്മതിച്ചില്ലെങ്കില്‍ പോലും രക്തപരിശോധന നടത്താന്‍ സെക്ഷന്‍ 53 സിആര്‍പിസി അനുവദിക്കുന്നുണ്ട്. മയക്കി കിടത്തിയോ ബലപ്രയോഗത്താലോ ഒക്കെ രക്തം എടുക്കാം. ഐഎഎസ് ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ അങ്ങനെയൊരു ആവശ്യം പോലീസ് ഉന്നയിച്ചില്ല.

8.പോലീസിന്റെ റിക്വസ്റ്റ് ഇല്ലെങ്കിലും പ്രതിയുടെ വൈദ്യപരിശോധനയുടെ ഭാഗമായി രക്തം എടുക്കാന്‍ ഡോക്ടര്‍ക്ക് അവകാശം ഉണ്ട്. അങ്ങനെ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശ്രീറാം വെങ്കിട്ടരാമന്‍ വേണ്ടായെന്നു പറഞ്ഞത്. അതോടെ താന്‍ പിന്‍വാങ്ങിയെന്നാണ് ഡോക്ടര്‍ പറയുന്നത്. പോലീസ് ഇവിടെ മൗനമായി നിന്നു. പ്രതി സമ്മതിച്ചില്ലെങ്കില്‍ തന്നെയും മോട്ടോര്‍ വെഹിക്കള്‍ ആക്ട് 202, 203 പ്രകാരം പോലീസിന് പ്രതി മദ്യപിച്ചിട്ടുണ്ട് എന്ന നിഗമനത്തില്‍ കേസുമായി മുന്നോട്ടുപോകാം. രക്തപരിശോധനയ്ക്ക് പ്രതി സമ്മതിച്ചില്ലെന്ന രേഖ കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതി. ഈ വഴികളെല്ലാം പൊലീസ് സ്വയം അടച്ചു.

9.കൂട്ടു പ്രതിയായ വഫ (അപകട സമയത്ത് വാഹനത്തില്‍ ശ്രീറാമിന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ) നല്‍കിയ രഹസ്യ മൊഴിയില്‍ ശ്രീറാം മദ്യപിച്ചിരുന്നതായി പറയുമ്പോഴും രക്തപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനാകാത്തത് സമയപരിധി കഴിഞ്ഞ് പരിശോധന നടത്തിയതുകൊണ്ടാണെന്നു വ്യക്തം. കെമിക്കല്‍ ലാബില്‍ നിന്നും ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരുന്നതായും പറയുന്നു.

10.അര്‍ദ്ധരാത്രിയില്‍ പ്രതി എവിടെ നിന്നാണ് വന്നതെന്ന കാര്യം അന്വേഷിച്ചാലും മദ്യപിച്ചിരുന്നോ എന്ന കാര്യം വ്യക്തമാക്കാവുന്നതാണ്. പാര്‍ട്ടിയില്‍ പങ്കെടുത്തശേഷമാണ് ശ്രീറാം വന്നതെന്നു മൊഴികള്‍ ഉണ്ടായിട്ടും എന്തായിരുന്നു പാര്‍ട്ടി, എവിടെയായിരുന്നു, ആരൊക്കെ ഉണ്ടായിരുന്നു എന്ന കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. ശ്രീറാം മദ്യപിക്കുന്നത് കണ്ടവരുടെ സാക്ഷി മൊഴിയും കോടതിയില്‍ ഹാജരാക്കുന്നതായിരുന്നു. എന്നാല്‍ ശ്രീറാമിന്റെ കാര്യത്തില്‍ ഇതൊന്നും അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്.

11.കവടിയാറില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഒരു കേന്ദ്രം ഉണ്ടെന്നും അവിടെ നിന്നാണ് ശ്രീറാം വന്നതെന്നും പറയുമ്പോള്‍, ആ കേന്ദ്രത്തെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായല്ല.

12.ബഷീറിനെ ഇടിച്ച വാഹനത്തിന്റെ സ്റ്റിയറിംഗ് വീലില്‍ നിന്നും ശേഖരിച്ച വിരലടയാളം ശ്രീറാമിന്റെതാണെന്നു തെളിയിക്കാന്‍ പ്രതിയുടെയും വിരലടയാളം ശേഖരിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിന് കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ഫോറന്‍സിക് തെളിവുകള്‍ നിര്‍ണായകമാണെന്നിരിക്കെ പൊലീസ് എന്തുകൊണ്ട് ഇത്തരമൊരു വീഴ്ച്ച വരുത്തി?

13. കൈക്ക് ഫ്രാക്ചര്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ വഫയുടെ രഹസ്യമൊഴിയില്‍ പറയുന്നത് ശ്രീറാം അപകടത്തില്‍ പരുക്കേറ്റയാളെ (ബഷീറിനെ)പൊക്കിയെടുത്ത് റോഡില്‍ കൊണ്ടുവന്നു കിടത്തിയെന്നാണ്. കൈയ്ക്ക് പരിക്ക് ഉണ്ടായിരുന്നുവെങ്കില്‍ അപകടം നടന്നയിടത്തു നിന്നും ബഷീറിന്റെ ശരീരം ശ്രീറാമിന് ഒറ്റയ്ക്ക് പൊക്കിയെടുത്ത് റോഡില്‍ കൊണ്ടു വന്നു കിടത്താന്‍ കഴിയുമായിരുന്നോ? ഇക്കാര്യം എന്തുകൊണ്ട് പൊലീസ് ചോദിച്ചില്ല?

EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍