UPDATES

‘ഹൃദയം കൊണ്ട് ചിന്തിക്കുന്ന’ ഈ ന്യായാധിപന്‍ സുപ്രീം കോടതിയുടെ നായകനാകുമോ?

ചീഫ്. ജസ്റ്റിസ് സ്ഥാനത്ത് എത്തിയാല്‍ ഇന്ത്യന്‍ പരമോന്നത നീതിപീഠത്തില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും എത്തുന്ന ആദ്യ വ്യക്തി കൂടിയായിരിക്കും ജ. ഗൊഗോയ്

വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു സുപ്രീം കോടതിയില്‍ ദീപക് മിശ്ര ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ച കാലം. ദീപക് മിശ്രയുടെ പിന്‍ഗാമി ആരായിരിക്കും എന്നതിനെ കുറിച്ചു പോലും അഭ്യൂഹങ്ങള്‍ ഉയര്‍ന്ന സമയം. നിലവിലെ മുതിര്‍ന്ന അംഗമായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പിന്‍ഗാമിയായി പരിഗണിക്കുമോ എന്നു പോലും പല കോണുകളില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ആശങ്കകള്‍ക്ക് അല്‍പം കുറവ് വരികയാണ്, ജ. ഗൊഗോയിയെ തന്റെ പിന്‍ഗാമിയാക്കി ശുപാര്‍ശ ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്.

ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയും രാഷ്ട്രപതി ഉത്തരവിറക്കും ചെയ്താല്‍ ജ.രഞ്ജന്‍ ഗൊഗോയ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും സ്ഥിരീകരിക്കുന്നു. ചോദ്യം ചെയ്യപ്പെടാന്‍ ഇടയില്ലാത്തതായിരിക്കും സര്‍ക്കാരിന്റെ തീരുമാനമെന്നാണ് രവിശങ്കര്‍ പ്രസാദിന്റെ ഇതിനെ കുറിച്ചുള്ള പ്രതികരണം. ഇതു കൂടി കണക്കിലെടുക്കുമ്പോള്‍ ഗൊഗോയിയുടെ സ്ഥാനാരോഹണത്തില്‍ അനിശ്ചിതത്വം ഉണ്ടാകാനിടയില്ലെന്ന് കണക്കാക്കാം.

എന്നാല്‍ മാസങ്ങള്‍ പിന്നോട്ട് സഞ്ചരിക്കുമ്പോള്‍ ഉണ്ടായിട്ടുള്ള ചില സംഭവ വികാസങ്ങള്‍ ഗൊഗോയിയുടെ നിയമനത്തിന് പ്രതികൂലമായേക്കുമെന്ന് സംശയിക്കാതിരിക്കാനാവില്ല. കേസുകള്‍ പരിഗണനയ്ക്ക് വിടുന്നതില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പക്ഷപാതം കാണിക്കുന്നെന്ന് ആരോപിച്ച് ജ.ദീപക് മിശ്രക്കെതിരെ പരസ്യമായി രംഗത്തെത്തിയ നാലു മുതിര്‍ന്ന ജസ്റ്റിസുമാരില്‍ ഒരാളായിരുന്നു ജ.ഗൊഗോയ് എന്നത് തന്നെയാണ് ഇതില്‍ പ്രധാന കാരണം.

ജനുവരി 12നായിരുന്നു ഇന്ത്യന്‍ ജുഡീഷ്യറി അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊട്ടിത്തെറിക്ക് സാക്ഷ്യം വഹിച്ചത്. ഇനിയും പ്രതികരിക്കാതിരുന്നാല്‍ അത് രാജ്യത്തോട് ചെയ്യുന്ന തെറ്റായിരിക്കും എന്ന് വ്യക്തമാക്കിയായിരുന്നു ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന ജസ്റ്റിസുമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് മാധ്യമങ്ങളെ കണ്ടത്. ജ.ഗൊഗോയ്‌ക്കൊപ്പം ജസ്റ്റിസുമാരായ ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നായിരുന്നു മാധ്യമങ്ങളെ കണ്ടത്.

ഇതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണം എന്ന് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആരോപണ വിധേയനായിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് സീനിയോറിറ്റി മറികടന്ന് ജൂനിയര്‍ ന്യായാധിപന്‍മാരുടെ ബഞ്ചിന് വിട്ട നടപടിയായിരുന്നു പൊട്ടിത്തെറിക്ക് വഴിവച്ചത്. ഇതോടെ കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കണ്ണിലെ കരടായി മാറിയ ഗൊഗോയിയെ ചീഫ് ജസ്റ്റിസ് ആയി നിശ്ചയിക്കുമോ എന്നത് സംശയത്തിനിടയാക്കിയിരുന്നു.

ഇത് സാധൂകരിക്കുന്ന പ്രതികരണമായിരുന്നു വിരമിച്ച ശേഷം സുപ്രീം കോടതി ജസ്റ്റിസായ ചെലമേശ്വറിന്റേത്. ജ.ഗൊഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുമെന്ന കാര്യത്തില്‍ സംശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിനോടും നിലവിലെ ചീഫ് ജസ്റ്റിസിന്റെ നിലപാടുകളെയും തള്ളിപ്പറയുന്ന ഒരാളെ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ സംശയത്തിന് ആധാരം. ചെലമേശ്വറിന്റെ അഭിപ്രായത്തെക്കുറിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും സര്‍ക്കാര്‍ നിലപാട് അല്ലെന്നുമായിരുന്നു പ്രതികരണം. നിലവില്‍ നിയമ മന്ത്രാലയത്തിന് മുന്നിലുള്ള ശുപാര്‍ശയില്‍ തീരുമാനമെടുത്ത് പ്രധാനമന്ത്രിയുടെ പരിഗണയ്ക്ക് വിടുകയും ശുപാര്‍ശ പിന്നീട് രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്യുന്നതോടെ ദിവസങ്ങള്‍ക്കകം ഗൊഗോയ് നിയമിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

ആരാണ് രഞ്ജന്‍ ഗൊഗോയി?

ഹൃദയം കൊണ്ട് ചിന്തിക്കുന്ന ന്യായാധിപന്‍. അതാണ് ഇന്ത്യന്‍ ജുഡീഷ്യറിയിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ജ. ഗൊഗോയ്ക്കുള്ള വിശേഷണം. വളരെ കുറച്ച മാത്രം സംസാരിക്കുന്ന, എന്നാല്‍ ഒരുപാട് പ്രവര്‍ത്തിക്കുന്ന വ്യക്തി. അസമിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായ കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് രഞ്ജന്‍ ഗൊഗോയ്. കോണ്‍ഗ്രസുകാരനായിരുന്നു കേശബ് ചന്ദ്ര ഗൊഗോയ്. 2018 ഓഗസ്റ്റ് 25ന് ‘ഗുഹാവത്തി ഹൈക്കോടതി, ചരിത്രവും പൈതൃകവും’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ വച്ച് മകനെക്കുറിച്ച് കേശബ് ചന്ദ്ര ഗൊഗോയി നടത്തിയ ഒരു പ്രവചനം ന്യായാധിപര്‍ പങ്കുവച്ചു. ‘മകന്‍ രാഷ്ട്രീയക്കാരനാവുമോ?’ എന്ന ചോദ്യത്തിന് കേശബ് ചന്ദ്ര പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു: ‘ഇല്ല, മകന്‍ രാഷ്ട്രീയക്കാരന്‍ ആവില്ല അതുകൊണ്ട് തന്നെ അസമിന്റെ മുഖ്യമന്ത്രിയാവില്ല. ഇന്ത്യയുടെ ചീഫ് ജസ്റ്റിസാവും.’ അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ കൂടി പൂര്‍ത്തീകരിക്കുകയാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലുടെ.

ഗുഹാവത്തിയിലെ പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഡല്‍ഹിയിലെ സെന്‍റ്.സ്റ്റീഫന്‍സ് കോളേജില്‍ ചരിത്ര പഠനത്തിന് ചേര്‍ന്ന ഗൊഗോയ്, നിയമ പഠനത്തിന് മുന്‍പ് എംഎയും പൂര്‍ത്തിയാക്കി.
2001 ഫെബുവരിയിലാണ് രഞ്ജന്‍ ഗൊഗോയ്, ഗുവഹാത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെടുന്നത്. 2010ല്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയില്‍ ജഡ്ജിയായി നിമിക്കപ്പെട്ട അദ്ദേഹം 2011ല്‍ ഇവിടെ തന്നെ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുകയായിരുന്നു. 2012 ഏപ്രില്‍ 23നാണ് ഗൊഗോയ് സുപ്രീം കോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് ആയാല്‍ ഈ സ്ഥാനത്ത് എത്തുന്ന വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും എത്തുന്ന ആദ്യ വ്യക്തി കൂടിയായിരിക്കും ജ.ഗൊഗോയ്.

കുറച്ചു മാത്രം സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ന്യായാധിപനാണ് ജ. ഗൊഗോയിയെന്നാണ് സഹപ്രവര്‍ത്തകര്‍ പറയാറ്. അഗാധമായ നിയമ പാണ്ഡിത്യവും വ്യക്തമായ കാഴ്ചപ്പാടുകളുള്ളയാള്‍. അദ്ദേഹം ജോലിയില്‍ കണിശക്കാരനാണ്, രേഖകള്‍ പരിശോധിക്കുന്നതില്‍ അഭിഭാഷകരെ പോലും അമ്പരിപ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
സുപ്രീം കോടതിയില്‍ സുപ്രധാന സ്ഥാനത്തെത്തുമ്പോഴും ലളിത ജീവിതം നയിക്കുന്ന വ്യക്തി കൂടിയാണ് ഗൊഗോയ്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും സൗത്ത് ഡല്‍ഹിയിലെ മത്സ്യമാര്‍ക്കറ്റില്‍ അന്നത്തെ ഭക്ഷത്തിനായുള്ള മീന്‍ വാങ്ങിക്കാനെത്തുന്ന ജ.ഗൊഗോയിയെ പലരും തിരിച്ചറിയുക പോലും ചെയ്യാറില്ല.

പിതാവ് മുന്‍ മുഖ്യമന്ത്രിയായിരുന്നിട്ട് പോലും അധികാരത്തിന്റെ ഹുങ്ക് തെല്ലും പ്രകടിപ്പിക്കാത്ത വ്യക്തി. ഇപ്പോഴും സ്വന്തമായി വാഹനം പോലും ഇല്ലായെന്നത് ആരെയും ആശ്ചര്യപ്പെടുത്തും. ന്യായാധിപര്‍ സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശം പാലിച്ച 11 ജസ്റ്റിസുമാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയില്‍ പകുതിയില്‍ താഴെ ജഡ്ജിമാരാണ് ഇതിന് തയ്യാറായതെന്ന് കണക്കാക്കുമ്പോഴാണ് ഗൊഗോയുടെ നിലപാടുകളിലെ സുതാര്യത സംബന്ധിച്ച് ഇത് ഉദാഹരണമാവുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍