UPDATES

ട്രെന്‍ഡിങ്ങ്

മാടമ്പി തറവാടിന്റെ ഉമ്മറത്തെ ചാരുകസേരയിലോ ക്യാമറയ്ക്ക് മുന്നിലോ? ഗണേഷ് കുമാറിന് തന്നെ നിശ്ചയമില്ല

റോഡിലിറങ്ങുമ്പോഴും താന്‍ ക്യാമറയ്ക്ക് മുന്നിലാണെന്നും അവിടെയും അങ്ങ് അഭിനയിച്ച് തകര്‍ത്താല്‍ കാണുന്നവരെല്ലാം കയ്യടിക്കുമെന്നുമാണ് ഗണേഷിന്റെ ചിന്ത

ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച വാര്‍ത്തയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാധ്യമങ്ങളിലെ ചര്‍ച്ച. കൊല്ലം അഞ്ചലില്‍ ഒരു മരണ വീട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് സംഭവമുണ്ടായത്. ഗണേഷിന്റെ കാറിന് പോകാനുള്ള സൈഡ് കൊടുത്തില്ലെന്നതായിരുന്നു മാതാവിന്റെ മുന്നില്‍ വച്ച് യുവാവിനെ ആക്രമിക്കാന്‍ ഗണേഷിനെ പ്രേരിപ്പിച്ചത്. ഇതോടൊപ്പം അസഭ്യവര്‍ഷവും നടത്തിയ ഗണേഷ് അനന്തകൃഷ്ണന്‍ എന്ന യുവാവിന്റെ ഒപ്പമുണ്ടായിരുന്ന അമ്മയെയും കേട്ടാലറയ്ക്കുന്ന വാക്കുകള്‍ കൊണ്ട് മൂടിയെന്നാണ് യുവാവിന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പോലീസ് ഗണേഷിനെതിരെ കേസെടുക്കുകയും ചെയ്തു. ‘നിന്നെ കൊന്നുകളയുമെടാ.. നീ കേസിന് പോടാ.. ഞാനാ ഇവിടെ ഭരിക്കുന്നത്.. ഗണേഷിനെ നിനക്ക് അറിയില്ല’ എന്നിങ്ങനെയാണ് ഗണേഷ് പറഞ്ഞതെന്ന് യുവാവ് പറയുന്നു. ഇത് ശരിയാണെങ്കില്‍ അധികാരത്തിന്റെ മത്താണ് ഗണേഷിനെന്ന് പറയേണ്ടി വരും. തന്റെ കയ്യിലെ രാഖി കണ്ടതാണ് ഗണേഷിനെ പ്രകോപിപ്പിച്ചതെന്നാണ് യുവാവ് ആരോപിക്കുന്നത്. അത് വിഷയത്തില്‍ രാഷ്ട്രീയം കടത്താനുള്ള ശ്രമമായി മാത്രം കണക്കാക്കേണ്ട ആരോപണമാണ്. കാരണം, ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമ്പോഴും രഹസ്യമായി സംഘപരിവാറിനോട് അനുഭാവം സൂക്ഷിക്കുന്നു എന്ന ആരോപണം നേരിടുന്നയാളാണ് ഗണേഷ് കുമാര്‍. എന്തായാലും ഗണേഷിനെതിരെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തു കഴിഞ്ഞു.

ഇതാദ്യമായല്ല ഗണേഷ് കുമാര്‍ ഇത്തരം വിവാദങ്ങളില്‍ ചെന്ന് ചാടുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ഗണേഷ് ഭാര്യ യാമിനി തങ്കച്ചിയെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. യാമിനി മുഖ്യമന്ത്രിയച്ച കത്തിലാണ് പരാതി ഉന്നയിച്ചത്. പിന്നീട് മകന്റെ സഹപാഠിയുടെ പിതാവ് ഗണേഷിനെ മര്‍ദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതോടെ യുഡിഎഫ് വിട്ട ഗണേഷ് എല്‍ഡിഎഫിനൊപ്പം ചേരുകയും ചെയ്തു. സോളാര്‍ കേസില്‍ നിരന്തരം പേര് ഉയര്‍ന്നുവന്നെങ്കിലും കേസില്‍ നിന്നും രക്ഷപ്പെടാനാണ് എല്‍ഡിഎഫിനൊപ്പം നിന്നതെന്ന ആരോപണം ഇതിനിടെ ശക്തമായെങ്കിലും നിശബ്ദത കൊണ്ട് ഗണേഷ് ആ ആരോപണങ്ങളെയെല്ലാം അതിജീവിക്കുകയായിരുന്നു.

എന്നാല്‍ സിനിമ മേഖലയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ ഗണേഷിനുള്ളിലെ മാടമ്പി വീണ്ടും പുറത്തു ചാടി. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ശക്തമായതോടെയായിരുന്നു ഇത്. ദിലീപിനെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്‌തെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അമ്മ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മഹാനടന്മാരെ പോലും പിന്നിലാക്കി ഗണേഷ് മുകേഷിനൊപ്പം നന്നായി അഭിനയിക്കുന്നത് അവിടെ കാണാമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രകോപനപരമായാണ് ഗണേഷ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാതെ കേസില്‍ ആരോപണ വിധേയനായ ദിലീപിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിക്കുകയായിരുന്നു എംഎല്‍എമാരായ ഗണേഷ് കുമാറും മുകേഷും. ഭരണകക്ഷിയിലെ രണ്ട് എംഎല്‍എമാരാണ് തങ്ങളെന്ന ചിന്ത പോലുമില്ലാതെയാണ് ആരോപണ വിധേയന് വേണ്ടി അന്ന് ഒറ്റക്കെട്ടായി നിന്നത്. മാധ്യമപ്രവര്‍ത്തകര്‍ അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നായിരുന്നു ധാര്‍ഷ്ട്യത്തോടെയുള്ള ഗണേഷിന്റെ മറ്റൊരു മറുപടി. ഇതിന്റെ പേരില്‍ ഇരുവരും പിന്നീട് വിമര്‍ശിക്കപ്പെടുകയും ചെയ്തു.

അതിന് ശേഷവും ജയിലിലെത്തി ദിലീപിനെ കാണാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കിയത് ഗണേഷ് ആയിരുന്നു. ഒരു സഹപ്രവര്‍ത്തകനെ കാണുന്നതിനേക്കാളുപരി തന്റെ നന്ദി പ്രകടിപ്പിക്കലായിരുന്നു ഗണേഷ് ചെയ്തിരുന്നത്. അത് പലപ്പോഴായി ഗണേഷ് തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ തന്റെ ചുറ്റിലും കൂടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ഗണേഷും ഡ്രൈവറും അസഭ്യവര്‍ഷം നടത്തിയിരുന്നു. മുമ്പ് വി എസ് അച്യുതാനന്ദനെ കാമഭ്രാന്തന്‍ എന്ന് വിളിച്ച് പുലിവാല് പിടിച്ചതും മന്ത്രിസ്ഥാനം പോകുമെന്നായപ്പോള്‍ മാപ്പ് പറഞ്ഞ് തലയൂരിയതും ഇതേ ഗണേഷ് കുമാറാണ്. പെട്ടെന്നുള്ള വികാരത്താല്‍ സംഭവിച്ചുപോയതാണെന്നാണ് അന്ന് ഗണേഷ് പറഞ്ഞത്.

സത്യത്തില്‍ എന്താണ് ഗണേഷ് കുമാറിന് സംഭവിക്കുന്നത്? കുട്ടിക്കാലം മുതല്‍ കണ്ട് ശീലിച്ച മാടമ്പി തറവാടിന്റെ ഉമ്മറത്തെ ചാരുകസേരയിലാണ് താനെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങളും തങ്ങളുടെ അടിയാന്മാരാണെന്നുമാണ് ഗണേഷ് ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നു. അല്ലെങ്കില്‍ സിനിമയേതാണ് ജീവതമേതാണെന്ന് ഇയാള്‍ തിരിച്ചറിയുന്നുണ്ടാകില്ല. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ഗണേഷ് മികച്ച നടനാണെന്നതിന് സംശയമൊന്നുമില്ല. സെന്റിമെന്‍സാണെങ്കിലും ആക്ഷനാണെങ്കിലും അയാള്‍ അഭിനയിച്ച് തകര്‍ക്കുന്നതും നാം കണ്ടിട്ടുണ്ട്. അതുതന്നെയാണ് ഗണേഷിന്റെ പ്രശ്‌നവും. റോഡിലിറങ്ങുമ്പോഴും താന്‍ ക്യാമറയ്ക്ക് മുന്നിലാണെന്നും അവിടെയും അങ്ങ് അഭിനയിച്ച് തകര്‍ത്താല്‍ കാണുന്നവരെല്ലാം കയ്യടിക്കുമെന്നായിരിക്കാം ഗണേഷിന്റെ ചിന്ത. ഇത്തരം വിഴുപ്പ് ഭാണ്ഡങ്ങളെ ചുമക്കേണ്ടതുണ്ടോ എന്നു ഇടതുമുന്നണി ചിന്തിക്കുന്നത് നന്നായിരിക്കും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍