UPDATES

ട്രെന്‍ഡിങ്ങ്

വിശ്വാസികള്‍ സ്‌നേഹം പങ്കിട്ട് ജീവിക്കുന്നു, വിശ്വാസമില്ലാത്തവര്‍ വെറുപ്പും വിഭജനവും സൃഷ്ടിക്കുന്നു: സച്ചിദാനന്ദന്‍

സമത്വം ലക്ഷ്യമാക്കുന്ന വര്‍ഗ- വര്‍ണ്ണ- ലിംഗ വിപ്ലവങ്ങളുടെ അടിസ്ഥാനം വിദ്വേഷമല്ല, അടിച്ചമര്‍ത്തപ്പെട്ട ജനതയുടെപരസ്പര സ്‌നേഹമാണ്

മതവിശ്വാസികള്‍ പരസ്പരം സ്‌നേഹം പങ്കിട്ട് ജീവിക്കുന്നുവെന്നും മതവിശ്വാസമില്ലാത്തവര്‍ വെറുപ്പും വിഭജനവും സൃഷ്ടിക്കുന്നുവെന്നും കവി കെ സച്ചിദാനന്ദന്‍. ജിന്നയും സവര്‍ക്കറും നിരീശ്വരവാദികളായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിദാനന്ദന്‍ ഇക്കാര്യം വിശദീകരിക്കുന്നത്. കൂടാതെ യുദ്ധങ്ങള്‍ ഉണ്ടാക്കിയത് മതങ്ങളല്ലെന്നും സങ്കുചിത ദേശീയവാദങ്ങള്‍ ആയിരുന്നെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ ചൂണ്ടിക്കാട്ടുന്നു. നാസിസത്തിന്റെ അടിസ്ഥാനം വംശവാദം ആയിരുന്നെന്നും ഫാസിസം അധികാരമോഹത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യങ്ങള്‍ വ്യക്തിപൂജയിലും ജനാധിപത്യത്തിലുള്ള അവിശ്വാസത്തില്‍ നിന്നുമാണ് നിലവില്‍ വന്നത്. ആത്മീയത നഷ്ടപ്പെട്ട് വര്‍ഗ്ഗീയതയായി മാറുമ്പോള്‍ മതം വിദ്വേഷ പ്രചരണത്തിനായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കുരിശു യുദ്ധം ഇന്നത്തെ ഇന്ത്യയിലെ ഹിന്ദു മുസ്ലിം തീവ്രവാദങ്ങള്‍ വരെ ഉദാഹരണമായി നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

‘ചില ക്രിസ്ത്മസ് ചിന്തകള്‍: എന്റെ സെക്യുലറിസം പുസ്തകങ്ങളിലോ പാര്‍ട്ടികളിലോ നിന്ന് വരുന്നതല്ല. കുട്ടിക്കാലത്ത് സുഹൃത്ത് അബ്ദുള്‍ ഖാദറിന്റെ കൂടെ കരൂപ്പടന്ന പള്ളിയില്‍ ചന്ദനക്കുടത്തിനു പോയും റാതീബ് കണ്ടും മാപ്പിളപ്പാട്ടുകള്‍ ആസ്വദിച്ചും അബ്ദുല്‍ ഖാദറിന്റെ സഹോദരി കദീജ ഉണ്ടാക്കിയ പത്തിരി തിന്നും വീട്ടില്‍ ക്രിസ്ത്മസ് നക്ഷത്രം തൂക്കിയും ഇരിഞ്ഞാലക്കുട പള്ളിയില്‍ പിണ്ടിപ്പെരുന്നാളിന്നു പോയും കരോളുകള്‍ക്കൊപ്പം നിന്നും അമ്പലങ്ങളില്‍ മേളം കേട്ടും കഥകളി കണ്ടും കീര്‍ത്തനങ്ങള്‍ ആസ്വദിച്ചും ഇരുപതു വയസ്സായപ്പോഴേക്കും ഋഗ്വേദവും പ്രധാന ഉപനിഷത്തുകളും ബൈബിളും ഖുര്‍-ആനും ശ്രദ്ധിച്ചു വായിച്ചും ഉണ്ടായതാണ്. പിന്നീട് കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോ വായിച്ചപ്പോഴും ഗാന്ധിയുടെ പ്രസംഗങ്ങളും ലേഖനങ്ങളും വായിച്ചപ്പോഴും അതില്‍ ഞാന്‍ ബൈബിള്‍ന്റെയും ഖുര്‍-ആന്റെയും പല സന്ദേശങ്ങളും കേട്ടു, മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും വനസ്പതികള്‍ക്കും ശാന്തിക്കു വേണ്ടിയുള്ള ഋഗ്വേദത്തിലെ പ്രാര്‍ത്ഥന കേട്ടു. ഗീതയിലെ ചാതുര്‍വര്‍ണ്യ ന്യായീകരണം അന്നും ഇന്നും എനിക്ക് തെല്ലും ബോധ്യമല്ലെങ്കിലും.

നിയമത്തിനു മുന്നിലുള്ള തുല്യതയോടൊപ്പം വിഭിന്ന മത വിശ്വാസികള്‍ തമ്മിലും അവരും അവിശ്വാസികളുമായും ഉള്ള ധാരണയും സൌഹൃദവുമാണ് ഇന്ത്യയില്‍ സെക്യുലറിസത്തിന്റെ അടിത്തറയാകേണ്ടത് എന്ന് കാല്‍ നൂറ്റാണ്ട് മുന്‍പേ പറ്റ്‌നയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ – അത് Between Saints and Secularists എന്ന് ലേഖനമായി The Little Magazine എന്ന പ്രസിദ്ധീകരണത്തിലും എന്റെ Readings എന്ന പുസ്തകത്തിലും ചേര്‍ത്തിട്ടുണ്ട്- മലയാളത്തില്‍ ‘ഭാഷാപോഷിണി’ പണ്ടേ അതിന്റെ പരിഭാഷ പ്രകാശിപ്പിച്ചിരുന്നു- ഞാന്‍ പറഞ്ഞിരുന്നു. മതവിശ്വാസികള്‍ പരസ്പരം സ്‌നേഹം പങ്കിട്ടു സമാധാനത്തോടെ ജീവിക്കുന്നതും മതവിശ്വാസമില്ലാത്തവര്‍ -ജിന്നയും സവര്‍ക്കരും നിരീശ്വരവാദികളായിരുന്നു- വെറുപ്പും വിഭജനവും സൃഷ്ടിക്കുന്നതും നാം കണ്ടിട്ടുണ്ട്. യുദ്ധങ്ങള്‍ ഉണ്ടാക്കിയത് മതങ്ങളല്ല, സങ്കുചിത ദേശീയവാദങ്ങള്‍ ആയിരുന്നു, നാസിസത്തിന്റെ അടിസ്ഥാനം വംശ വാദമായിരുന്നു, ഫാസിസം അധികാരമോഹത്തില്‍ നിന്നും സ്റ്റാലിന്‍-പോള്‍ പോട്ട് മാതൃകയിലുള്ള (വലിയൊരളവോളം മാവോയും) കമ്മ്യൂണിസ്റ്റു സമഗ്രാധിപത്യങ്ങള്‍ വ്യക്തിപൂജയിലും ജനാധിപത്യത്തിലുള്ള അവിശ്വാസത്തില്‍ നിന്നുമാണ് നിലവില്‍ വന്നത്. മതവും ആത്മീയത നഷ്ടപ്പെട്ടു വര്‍ഗ്ഗീയതയായി മാറുമ്പോള്‍ വിദ്വേഷപ്രചാരണത്തിനായി ദുരുപയോഗം ചെയ്യപെട്ടിട്ടുണ്ട് എന്നതില്‍ സംശയമില്ല. കുരിശുയുദ്ധം മുതല്‍ ഇന്നത്തെ ഇന്ത്യയിലെ ഹിന്ദു- മുസ്ലീം തീവ്രവാദങ്ങള്‍ വരെ അതിനു ഉദാഹരണമാണ്. ബുദ്ധനും ക്രിസ്തുവും മുഹമ്മദും മാര്‍ക്‌സും ഗാന്ധിയും ഗുരുവും അംബേദ്കറും സിമോന്ഗ് ദു ബുവ്വായും ഫാത്തിമ മെര്‌നീസ്സിയും പ്രധാനമാകുന്നത് സമത്വവും സ്‌നേഹവും നീതിയും വിമോചനവും വിദ്വേഷത്തിനു മുകളില്‍ മേല്‍ക്കൈ നേടുന്ന ഈ സന്ദര്‍ഭത്തിലാണ്. സമത്വം ലക്ഷ്യമാക്കുന്ന വര്‍ഗ- വര്‍ണ്ണ- ലിംഗ വിപ്ലവങ്ങളുടെ അടിസ്ഥാനം വിദ്വേഷമല്ല, അടിച്ചമര്‍ത്തപ്പെട്ട ജനതയുടെപരസ്പര സ്‌നേഹമാണ്’.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍