മോദിയെപ്പറ്റി നല്ലതു പറഞ്ഞാല്‍ പുറത്ത്. ഇമ്രാന്‍ഖാനെ പുകഴ്ത്തിയാല്‍ അകത്തും എന്ന് സുരേന്ദ്രന്റെ പരിഹാസം
എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെയാണ് അബ്ദുള്ളക്കുട്ടിക്ക് സുരേന്ദ്രന്റെ ക്ഷണം വന്നിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഇനി നൂറു വര്‍ഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന് ഉറപ്പായി, അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം എന്ന ഫെയ്‌സബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രന്‍ അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് വിളിക്കുന്നത്. വലിയ വാഗ്ദാനങ്ങളൊന്നും തരിനാല്ലെന്നും, എന്നാല്‍ മുസ്ലിം ആയതുകൊണ്ട് ഒരവസരവും നഷ്ടപ്പെടില്ലെന്ന ഉറപ്പ് തരാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ പറയുന്നു. മോദിയെപ്പറ്റി നല്ലതു പറഞ്ഞാല്‍ പുറത്ത്. ഇമ്രാന്‍ഖാനെ പുകഴ്ത്തിയാല്‍ അകത്തും എന്ന പരിഹാസവും ഈ കുറിപ്പില്‍ സുരേന്ദ്രന്‍ കോണ്‍ഗ്രസിനെതിരേ നടത്തുന്നുണ്ട്.
കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മോദിയെപ്പറ്റി നല്ലതു പറഞ്ഞാല്‍ പുറത്ത്. ഇമ്രാന്‍ഖാനെ പുകഴ്ത്തിയാല്‍ അകത്തും. കോണ്‍ഗ്രസ്സ് ഇനി നൂറു വര്‍ഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന് ഉറപ്പായി . അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്‌ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രം…..
അബ്ദുള്ള കുട്ടി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ കെ സുരേന്ദ്രന്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ബിജെപിയില്‍ ചേരുന്ന തരത്തില്‍ താന്‍ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് അബ്ദുള്ള കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ സംഭവത്തില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്നതടക്കമുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അബ്ദുള്ള കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ താന്‍ മോദിയെ പുകഴ്ത്തിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഉറച്ചുനില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. അതേസമയം അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസപൂര്‍ണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കെ സുധാകരനും സതീശന്‍ പാച്ചേനിയും ശ്രമിക്കുന്നതായി എപി അബ്ദുള്ളക്കുട്ടി ഇന്നലെ പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തി വിരോധമാണ്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ പുറത്തായാലും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. വി എം സുധീരനെതിരേയും ശക്തമായ രീതിയില്‍ അബ്ദുള കുട്ടി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.