UPDATES

ട്രെന്‍ഡിങ്ങ്

കണ്ണട ഒരു പ്രതീകമാണെങ്കില്‍ ഓഡി കാര്‍ മറ്റൊരു പ്രതീകമാണ് സുരേന്ദ്രന്‍ സാറേ

ശൈലജ ടീച്ചറുടെ കണ്ണടയുടെ ബില്ല് തപ്പുന്ന തിരക്കിനിടയിലും സര്‍ക്കാരിന് നഷ്ടമായ നികുതിപ്പണം തിരികെയടച്ച് എംപി സ്ഥാനം രാജിവയ്ക്കാന്‍ സുരേന്ദ്രന്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെടുമോ?

ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ കണ്ണടയാണ് ഇപ്പോള്‍ ബിജെപി കേരളത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കമ്മ്യൂണിസ്റ്റ് മന്ത്രി പുതിയതായി വാങ്ങിയ കണ്ണടയുടെ വില 28,000 രൂപയാണെന്ന വാര്‍ത്ത ജനം ചാനല്‍ പുറത്തുവിട്ടതോടെയാണ് ശൈലജയുടെ കണ്ണട ബിജെപി സര്‍ക്കിളുകളില്‍ സജീവ ചര്‍ച്ചയായത്. 28,000 രൂപയുടെ കണ്ണട വാങ്ങാനായി ഷൈലജ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചെന്നും അഴിമതി നടത്തിയെന്നുമൊക്കെയാണ് ആരോപണം. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി ഇത്രയും വിലകൂടിയ കണ്ണട ഉപയോഗിക്കാമോയെന്നാണ് ചിലരുടെ ചോദ്യം.

ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ഈ വിഷയം ഏറ്റവുമധികം ആഘോഷിക്കുന്നത്. പട്ടിണി കിടന്നവന് ഉള്ളിക്കറി കൂട്ടി പൊറോട്ട കിട്ടിയ സന്തോഷമാണ് ഇപ്പോള്‍ സുരേന്ദ്രന്. സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജും അതില്‍ കണ്ണട വിവാദത്തെക്കുറിച്ചുള്ള പോസ്റ്റുകളും വായിച്ചാല്‍ ഇത് വ്യക്തമാകും. ഈ വിഷയത്തില്‍ സുരേന്ദ്രന്‍ ഇട്ട മൂന്ന് പോസ്റ്റുകളിലും അത്രമാത്രം ആവേശമാണ് നിറയുന്നത്. അഴിമതി എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും അത് ഉറക്കെ വിളിച്ചുപറയാന്‍ താങ്കകള്‍ കാണിക്കുന്ന ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നു. ഫേസ്ബുക്കിലെ ഒരു പോസ്റ്റില്‍ ഷൈ ‘ലജ്ജ’ എന്നാണ് മന്ത്രിയെ പരിഹസിച്ച് സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കണ്ണട ഒരു പ്രതീകമാണ്. മഹാത്മാഗാന്ധിയെ വരച്ചുകാട്ടാന്‍ അദ്ദേഹത്തിന്റെ ഫോട്ടോ വരക്കേണ്ട കാര്യമില്ല. ഒരു കണ്ണട മാത്രം വരച്ചാല്‍ മതി. അതെ ഇപ്പോള്‍ സി. പി. എം നേതൃത്വം എത്തിനില്‍ക്കുന്ന അപചയം വരച്ചുകാട്ടാനും ഒരു കണ്ണട മാത്രം മതി. ‘ മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം” എന്നാണ് മറ്റൊരു പോസ്റ്റില്‍ പറയുന്നത്. ‘ജനം ടി.വിക്കാരേ പ്‌ളീസ് ദ്രോഹിക്കരുത്. ടീച്ചറുടേയും കുടുംബത്തിന്റെയും ആരോഗ്യം ഞങ്ങള്‍ മലയാളികള്‍ക്കു വളരെ ഉത്തരവാദിത്വമുള്ള കാര്യമാണ്. അവര്‍ പൂര്‍ണ്ണ ആരോഗ്യവാന്‍മാരായും എപ്പോഴും ഉല്ലാസവാന്‍മാരായും ഇരിക്കണമെന്നാണ് ഞങ്ങളുടെ അടങ്ങാത്ത ആഗ്രഹം. കണ്ട ‘അലവലാതികള്‍’ കിടക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ അവര്‍ പോയി കിടക്കണമെന്ന് നിങ്ങള്‍ വാശിപിടിക്കുന്നത് ദുരുദ്ദേശത്തോടുകൂടിയാണെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഒരു സാമ്രാജ്യത്വ അജണ്ട അതിനുപിന്നിലുണ്ട്. ഉറപ്പ്. പിന്നെ പാവപ്പെട്ടവരുടെ നേതാവാണെന്നു പറഞ്ഞിട്ട് ഒരു ഇരുപത്തെട്ടായിരത്തിന്റെ കണ്ണട വെക്കാന്‍ പാടില്ലെന്നൊക്കെ പറയുന്നത് നിങ്ങള്‍ മഞ്ഞക്കണ്ണട വെച്ചുനോക്കുന്നതുകൊണ്ട് മാത്രമാണ്. ഖജനാവുകാലിയാണെങ്കിലും ആ കുവൈറ്റ് ചാണ്ടി എഴുതി എടുത്തതിന്റെ പകുതിയല്ലേ അവരു കുടുംബസമേതം ചികില്‍സിച്ചിട്ടും ഈടാക്കിയിട്ടുള്ളൂ എന്ന് നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളണം. പിന്നെ സര്‍ക്കാരാശുപത്രികളൊക്കെ നന്നാക്കിക്കഴിഞ്ഞു എന്നുറപ്പുവരുത്തിയശേഷം സ്വകാര്യ ആശുപത്രികളിലെ ചികില്‍സ നല്ലനിലയിലാണോ നടക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഒരു ആരോഗ്യമന്ത്രി എന്ന നിലയില്‍ അവര്‍ക്കില്ലേ? അഞ്ചുകൊല്ലത്തിനിടയില്‍ ഇപ്പോഴുള്ളതും ഇനി വരാന്‍ സാധ്യതയുള്ളതുമായ എല്ലാ അസുഖങ്ങളും കണ്ടുപിടിച്ച് ചികില്‍സിച്ച് ആരോഗ്യരംഗത്ത് ഒരു മാതൃകയായി ജീവിക്കുന്നത് തെററാണോ? ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സുണ്ടാവുള്ളൂവെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ കാര്യം പിണറായി വിജയന്‍ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയതൊന്നും ജനം ടി. വിക്കാര്‍ കേട്ടിരുന്നില്ലേ. ആരോഗ്യമന്ത്രിയുടെ ആരോഗ്യം നോക്കാതെ മററുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാന്‍ എങ്ങനെ കഴിയും എന്നത് ഒരു താത്വിക അവലോകനമല്ലേ. ഏതായാലും ഒരു ഗുണമുണ്ടായി. ജനം ടി. വിക്കുമാത്രമേ ഇങ്ങനെ ദോഷൈകദൃക്കാവാന്‍ കഴിഞ്ഞുള്ളൂ ഭാഗ്യം. മററു മഹാചാനലുകളൊന്നും ഇത്തരം തെററിദ്ധാരണ പരത്താന്‍ മുന്നോട്ടുവന്നില്ലല്ലോ’. എന്നിങ്ങനെ പോകുന്നു സുരേന്ദ്രന്റെ പരിഹാസങ്ങള്‍.

ഏതായാലും കണ്ണടയെ പ്രതീകമാക്കിയ സുരേന്ദ്രനെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. പുതുച്ചേരിയില്‍ കൃഷിയിടമുള്ള ഒരു ബിജെപി നേതാവ് കേരളത്തില്‍ ഉണ്ട്. അദ്ദേഹം തന്റെ കൃഷിയിടത്തിലേക്ക് പോകാനായി മാത്രം ലക്ഷങ്ങള്‍ വിലയുള്ള ഓഡി കാര്‍ ആണ് ഉപയോഗിക്കുന്നത്. അത് അദ്ദേഹത്തിന്റെ ധനശേഷി അനുസരിച്ച് ഇരിക്കുമെന്ന് സമാധാനിച്ചാലും തിരുവനന്തപുരം സ്ഥിരതാമസക്കാരനായ അദ്ദേഹം കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് എന്തിനാണെന്നാണ് ഇവിടെ ഉയരുന്ന ചോദ്യം. പുതുച്ചേരിയിലെ മേല്‍വിലാസത്തില്‍ അവിടെ വാഹനം രജിസ്റ്റര്‍ ചെയ്തത് മൂലം സംസ്ഥാന ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടമുണ്ടായത്. ഇപ്പോള്‍ അദ്ദേഹം ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനും കേസില്‍ നിന്നും ഊരിപ്പോരുന്നതിനുമായി നെട്ടോട്ടമോടുകയാണ്. ഈ നേതാവ് വെറും നേതാവ് മാത്രമല്ല ബിജെപിയുടെ പാര്‍ലമെന്റ് അംഗം കൂടിയാണെന്ന് വരുമ്പോള്‍ ഈ തെറ്റിന്റെ ഗൗരവം വര്‍ദ്ധിക്കുന്നത്. അതും ജനങ്ങള്‍ തെരഞ്ഞെടുത്ത് അല്ല പാര്‍ട്ടി തെരഞ്ഞെടുത്താണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയിരിക്കുന്നത്. സുരേഷ് ഗോപിയെന്ന ആ എംപി ഓഡി കാറിലാണ് തന്റെ കൃഷിയിടത്തിലേക്ക് ചാണകം കൊണ്ടുപോകുന്നത് എന്ന ജനങ്ങളുടെ പരിഹാസമൊന്നും സുരേന്ദ്രന്‍ കാണാത്തതാണോ അതോ കണ്ടില്ലെന്ന് നടിക്കുന്നതാണോ?

ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് കണ്ണട വാങ്ങിയെന്ന് ആരോപിച്ച് ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സുരേന്ദ്രന്‍ പുതുച്ചേരിയില്‍ ഓഡി കാര്‍ രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച സുരേഷ് ഗോപിയെക്കൊണ്ടും രാജിവയ്പ്പിക്കാന്‍ തയ്യാറാകുമോ? നാട്ടുകാര്‍ ഇങ്ങനെയും ചോദിക്കുന്നുണ്ട്.

മറ്റൊരു എംപിയും കേരള എന്‍ ഡി എയുടെ കണ്‍വീനറുമായ രാജീവ് ചന്ദ്രശേഖരന്‍ തന്റെ റിസോര്‍ട്ടിന് വേണ്ടി കുമരകത്ത് കായല്‍ നികത്തി എന്നും വാര്‍ത്തയുണ്ടായിരുന്നു. അതിനെല്ലാം പുറമെ സുരേന്ദ്രന്റെ ഡല്‍ഹിയിലെ തലതൊട്ടപ്പന്‍ തന്റെ പേര് തുന്നിചേര്‍ത്ത ഉടുപ്പിന് 10 ലക്ഷം ചിലവാക്കി എന്നും വാര്‍ത്ത ഉണ്ടായിരുന്നു. ഓര്‍മ്മകള്‍ തികട്ടി വന്നതുകൊണ്ട് കുറിച്ചു എന്നേയുള്ളൂ…

ഔഡി കാറില്‍ പോകുന്ന ‘കൃഷീവല’നോടും ‘പരമദരിദ്ര’രോടും, പാവങ്ങളുടെ കഞ്ഞി കട്ടുകുടിക്കരുത്, പ്ലീസ്…

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍