UPDATES

ട്രെന്‍ഡിങ്ങ്

കെ സുരേന്ദ്രനെ ‘പൂട്ടി’ സര്‍ക്കാര്‍; ശബരിമല സന്നിധാനത്തെ ബിജെപി-ആര്‍ എസ് എസ് സമരം പൊളിയുന്നു?

മറ്റ് കേസുകളുടെ കാര്യം കൂടി കണക്കിലെടുത്താല്‍ ഈ മണ്ഡലക്കാലം അവസാനിക്കുന്നത് വരെ സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്ത് വരാനുള്ള സാധ്യത കുറവാണ്

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഡിസംബര്‍ ആറ് വരെ റാന്നി കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ശബരിമല പ്രതിഷേധങ്ങള്‍ക്കിടെ 52കാരിയായ സ്ത്രീയെ ആക്രമിച്ച കേസിലാണ് കോടതി ഉത്തരവ്. ചിത്തിര ആട്ട ഉത്സവത്തിന് പേരക്കുട്ടിയുടെ ചോറൂണ് നടത്താന്‍ എത്തിയ ലളിത എന്ന സ്ത്രീയെ ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ആക്രമിച്ചിരുന്നു. ഈ കേസില്‍ ഗൂഢാലോചന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘര്‍ഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസില്‍ പ്രതി ചേര്‍ത്തത്.

അതേസമയം തനിക്കെതിരായ കേസുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഗൂഢാലോചനയാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. എന്തൊക്കെ പ്രശ്‌നം വന്നാലും ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊള്ളുമെന്ന് കോടതിയില്‍ നിന്നു പുരത്തിറങ്ങവേ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ജയിലില്‍ അടയ്ക്കുകയെന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രിയും സര്‍ക്കാരും മനപ്പൂര്‍വം കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. മഞ്ചേശ്വരത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താനുള്ള സിപിഎമ്മിന്റെ അടവാണ് ഇതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്.

നിലവില്‍ ഒമ്പത് കേസുകളാണ് സുരേന്ദ്രനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് സുരേന്ദ്രന്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്. ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഈ അറസ്റ്റ്. കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡിലായ സുരേന്ദ്രന്‍ പോലീസിനെതിരെ അന്ന് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. താന്‍ മനുഷ്യാവകാശ ലംഘനം നേരിട്ടെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. പോലീസ് മര്‍ദ്ദിച്ചെന്നും ഭക്ഷണവും മരുന്നു നിഷേധിച്ചെന്നുമായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ വൈദ്യപരിശോധനാ ഫലത്തില്‍ സുരേന്ദ്രന് മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ല. പോലീസ് വലിച്ചു കീറിയതെന്ന് കാണിച്ച് സുരേന്ദ്രന്‍ കീറിയ ഷര്‍ട്ടുമിട്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ ഷര്‍ട്ട് വലിച്ചു കീറുമ്പോള്‍ എങ്ങനെ ഇത്ര കൃത്യമാകുമെന്ന് ചോദിച്ചുകൊണ്ട്
സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. തന്റെ ഇരുമുടിക്കെട്ട് പോലീസ് വലിച്ചെറിഞ്ഞെന്നായിരുന്നു സുരേന്ദ്രന്റെ മറ്റൊരു ആരോപണം. സുരേന്ദ്രന്‍ തന്നെ ഇരുമുടിക്കെട്ട് നിലത്തിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടതോടെ ഇതും കള്ളമാണെന്ന് തെളിഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് 352-ാം വകുപ്പും സെക്ഷന്‍ 34 വകുപ്പ് പ്രകാരമുള്ള വിവിധ വകുപ്പുകളും ചുമത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തപ്പെട്ടിരുന്നത്. കരുതല്‍ തടങ്കലിന്റെ ഭാഗമായിരുന്നു ഈ അറസ്റ്റെങ്കിലും വാറണ്ട് റിപ്പോര്‍ട്ടില്‍ ഗുരുതരമായ വകുപ്പുകളാണ് ഉള്‍പ്പെടുത്തിയത്. അതോടെ സുരേന്ദ്രന് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് സുരേന്ദ്രനെതിരെ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയെയും സിഐയെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. തുടര്‍ച്ചയായി ഹാജരാകാതെ വന്നതോടെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഈ കേസിലും ജാമ്യത്തിനുള്ള സാധ്യത കുറവാണ്.

മറ്റ് കേസുകളുടെ കാര്യം കൂടി കണക്കിലെടുത്താല്‍ ഈ മണ്ഡലക്കാലം അവസാനിക്കുന്നത് വരെ സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്ത് വരാനുള്ള സാധ്യത കുറവാണ്. അതിനുള്ള വകുപ്പുകളാണ് ഓരോ കേസിലും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ഉള്‍പ്പെടുത്തുന്നത്. ശബരിമലയിലെ സംഘര്‍ഷ സാധ്യതകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് പോലീസും കണക്കു കൂട്ടുന്നുണ്ടാകും. എന്തായാലും സുരേന്ദ്രനെ നിയമക്കുരുക്കില്‍ അകപ്പെടുത്തിയതോടെ ശബരിമലയില്‍ എത്താന്‍ ബിജെപി നേതാക്കളൊക്കെ മടിക്കുന്നുണ്ട് എന്നതാണ് സത്യം. എ എന്‍ രാധാകൃഷ്ണന്‍ മല ചവിട്ടാനെത്തിയത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സുരക്ഷിതത്വത്തിലാണ്. ചുരുക്കത്തില്‍ ശബരിമലയില്‍ വന്നു സമരത്തിന് നേതൃത്വം നല്‍കാന്‍ ആളില്ലാത്ത അവസ്ഥയാണ് കേരള ബിജെപിയിലുള്ളത്. അതേസമയം സുരേന്ദ്രന്റെ അറസ്റ്റും ജയില്‍ മോചനം വൈകുന്നതും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കള്‍ വിശ്വസിക്കുന്നത്.

പിണറായിയെ ‘വലിച്ചു താഴെ ഇടാന്‍’ കെല്‍പ്പുള്ള ഒരാള്‍; അവന്‍ വരുമോ?

ബിജെപി V/s ഐപിഎസ്; ശബരിമലയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

ശബരിമലയിലെ പൊലീസ് നടപടികൾ വിജയത്തിലേക്ക്; നാമജപങ്ങൾ പ്രതിഷേധമാകാതെ അവസാനിക്കുന്നു

യതീഷ് ചന്ദ്ര എന്ന ‘കുട്ടമ്പുള്ള പോലീസ്’

ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; കെ സുരേന്ദ്രനെ ഡിസംബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍