UPDATES

ട്രെന്‍ഡിങ്ങ്

കുരീപ്പുഴ കേരളം മുഴുവന്‍ കവിത ചൊല്ലി നടക്കുമ്പോള്‍ സുരേന്ദ്രന്‍ നിക്കറിട്ട് ശാഖയില്‍ കോലു കളിക്കുകയായിരുന്നു

കുരീപ്പുഴ ശ്രീകുമാറിനെതിരെ അധിക്ഷേപ പോസ്റ്റുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ഇന്നലെ ആര്‍എസ്എസ് നടത്തിയ ആക്രമണത്തെ സംസ്ഥാന വ്യാപകമായി സമൂഹം അപലപിക്കുമ്പോള്‍ അധിക്ഷേപവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കുരീപ്പുഴ ഇന്നുമുതല്‍ ആഗോള പ്രശസ്തനായി കഴിഞ്ഞെന്നും കെട്ടിക്കിടക്കുന്ന പുസ്തകങ്ങളെല്ലാം ഇനി എളുപ്പത്തില്‍ വിറ്റു തീരുമെന്നുമാണ് സുരേന്ദ്രന്റെ കണ്ടെത്തല്‍.

അര്‍ദ്ധനാരീശ്വരന്‍ എന്ന നോവല്‍ എഴുതിയതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ആര്‍എസ്എസിന്റെ ഭീഷണി നേരിടേണ്ടി വന്ന പെരുമാള്‍ മുരുകനെയും സുരേന്ദ്രന്‍ പരിഹസിക്കുന്നുണ്ട്. ‘അജ്ഞാതനായ ഒരാള്‍ ടെലിഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തല്‍ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി ബഹളമായി മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി ജീവിതത്തില്‍ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിന്റെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആര്‍. എസ്. എസിന്റെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്‌കാരം മടക്കലും. തന്റെ നാട്ടിലെ പെണ്ണുങ്ങള്‍ പലരും രാത്രിയില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവത്തിനുപോകുന്നത് വ്യഭിചരിക്കാനാണെന്ന് മുരുകന്‍ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. മുരുകന്റെ നാട്ടില്‍ ആര്‍. എസ്. എസും ബി ജെ പിയും കഷായത്തില്‍ കൂട്ടാന്‍ പോലുമില്ല. അവസാനം പോലീസ് കേസ്സായി അന്വേഷണമായി. ഒരിടത്തും ആര്‍. എസ്. എസുമില്ല ബി. ജെ. പിയുമില്ല. ആര്‍. എസ്. എസിനെ പിടിക്കാനായില്ലെങ്കിലും മുരുകന്‍ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകള്‍ പലതും വിററുപോയി. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായി. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള എളുപ്പ വഴി താന്‍ മോദിയുടെ വിമര്‍ശകനാണെന്നും എനിക്ക് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കര്‍ണ്ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്’. എന്നായിരുന്നു സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

അതേസമയം ഒട്ടനവധി കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ചോ അല്ലെങ്കില്‍ അറിവില്ലായ്മയോ ആണ് സുരേന്ദ്രന്റെ ഈ ഫേസ്ബുക്ക് പോസ്റ്റില്‍ തെളിയുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സുരേന്ദ്രന്റെ പാര്‍ട്ടിക്കാര്‍ മസ്ജിദ് പൊളിച്ചത് ആഘോഷിക്കുമ്പോള്‍ കേരളത്തിലെമ്പാടും നടന്ന സാംസ്‌കാരിക കൂട്ടായ്മകളില്‍ ഏറ്റവും ഉറക്കെ കേട്ട ശബ്ദമായിരുന്നു കുരീപ്പുഴയുടേത്. ജെസി എന്ന അദ്ദേഹത്തിന്റെ കവിത അന്ന് കേരളം മുഴുവന്‍ ഏറ്റുപാടിയതാണ്. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ചു സുരേന്ദ്രന്‍ തന്റെ നാടെന്ന് പറഞ്ഞു നടക്കുന്ന കാസര്‍ഗോഡ് നടന്ന നിരവധി കവിയരങ്ങുകളില്‍ ഈ കവിത ഏറ്റുപാടിയത് പോലും അദ്ദേഹം അറിഞ്ഞു കാണില്ല. കാരണം, അന്ന് രാമക്ഷേത്രം പണിയാനുള്ള ഇഷ്ടിക പെറുക്കാന്‍ നടക്കുകയായിരുന്നല്ലോ സുരേന്ദ്രനും പാര്‍ട്ടിക്കാരും. ജെസി, ഇഷ്ടമുടിക്കായല്‍, പെങ്ങള്‍ എന്നീ കവിതകള്‍ ഇന്നും കോളേജ് കാമ്പസുകള്‍ ഏറ്റുപാടുന്നത് സുരേന്ദ്രന്‍ കേട്ടുകാണില്ല. അതിനാലായിരിക്കും ഇന്ന് രാവിലെ മാത്രം സുരേന്ദ്രന്‍ കുരീപ്പുഴ ശ്രീകുമാര്‍ എന്ന പേര് കേള്‍ക്കാന്‍ കാരണം.

ഞാന്‍ റെഡി; ഗൌരിക്ക് മുന്‍പ് കുരീപ്പുഴ എഴുതി; കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍… ഇനി എത്ര പേരെ വേണം?

വടയമ്പാടിയിലെ ജാതിമതിലിനെതിരെ ആദ്യം ഉയര്‍ന്നു കേട്ട ആദ്യ സാംസ്കാരിക ശബ്ദങ്ങളിലൊന്ന് കുരീപ്പുഴയുടേതാണ്. ജാതി മതിലിനെതിരെ വടയമ്പാടിയില്‍ സ്വാഭിമാന ജാഥ നടത്തിയപ്പോഴും ആര്‍എസ്എസ് തങ്ങളുടെ അസഹിഷ്ണുത വ്യക്തമാക്കിയതാണ്. സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും മുന്‍പന്തിയിലുണ്ടായിരുന്നത് ആര്‍എസ്എസുകാര്‍ ആയിരുന്നു.

കുരീപ്പുഴ ആക്രമിക്കപ്പെട്ടത് ജാതിമതിലിനെതിരെ സംസാരിച്ചിട്ടാണെന്ന് പറയാന്‍ എന്താണ് മടി?

തമിഴ്‌നാട്ടില്‍ മരുന്നിന് പോലും ബിജെപിക്കാരോ ആര്‍എസ്എസുകാരോ ഇല്ലെന്നാണ് സുരേന്ദ്രന്‍ തന്നെ പറയുന്നത്. കുരീപ്പുഴയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിക്കാന്‍ വേണ്ടിയാണെങ്കിലും സുര ഒരു സത്യം വിളിച്ചുപറഞ്ഞിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ സെല്‍ഫ് ട്രോള്‍ അടിയ്ക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് താനെന്നു ഒരിക്കല്‍ കൂടി തെളിയിക്കുന്നതായി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇനി ഒരു ചോദ്യം, കുരീപ്പുഴയുടെ കെട്ടിക്കിടക്കുന്ന ഏതെങ്കിലും ഒരു പുസ്തകത്തിന്റെ പേര് പറയാമോ സുരേന്ദ്രന്‍ ജി. വായന ശീലമില്ല എന്നറിയാം. കുറിപ്പ് ഉപസംഹരിക്കാന്‍ വേണ്ടി ചോദിച്ചെന്നേ ഉള്ളൂ..

കുരീപ്പുഴയങ്ങ് പേടിച്ചു കരഞ്ഞു കാണും: ആക്രമണത്തെ പരിഹസിച്ച് കെആര്‍ മീര

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍