UPDATES

ബ്ലോഗ്

സുപ്രീം കോടതിയെ വെല്ലുവിളിച്ച് അക്രമം നടത്തിയ കെ സുരേന്ദ്രന് ജനനായക പട്ടം ഒരുക്കുന്ന സമൂഹത്തിനു മുന്നില്‍ തന്നെയാണ് രഹന ഫാത്തിമ ജയിലില്‍ കിടക്കുന്നത്

രഹന ഫാത്തിമയ്ക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. 22 ദിവസം നീണ്ടുനിന്ന ജയില്‍ വാസത്തിനൊടുവിലാണ് നിലയ്ക്കലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത സുരേന്ദ്രന് കോടതി ശനിയാഴ്ച്ച ജാമ്യം അനുവദിച്ചത്. പല തവണ ജാമ്യം നിഷേധിക്കപ്പെട്ടതിനു ശേഷമാണ് ബിജെപി നേതാവിന് ജയിലിനു പുറത്ത് ഇറങ്ങാന്‍ സാധിച്ചത്. ജയില്‍ മോചിതനായി പുറത്തുവരുന്ന സുരേന്ദ്രന് ഹിന്ദു ജനനായക പരിവേഷം നല്‍കാനുള്ള തിരക്കാണ്. തനിക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് സംസാരിച്ച് സുരേന്ദ്രന്‍ തന്റെ ജയില്‍വാസം മുതലാക്കാനും ശ്രമിക്കുന്നുണ്ട്.

കര്‍ശന ഉപാധികളോടെ പുറത്തു വരുന്ന സുരേന്ദ്രന് ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാനാകില്ല. അതേസമയം കേസിന്റെ വലിപ്പം വച്ച് സുരേന്ദ്രന് ഇപ്പോള്‍ ജാമ്യം അനുവദിക്കാന്‍ പാടുണ്ടോയെന്ന ചോദ്യം ഉയരുന്നുണ്ട്. പ്രത്യേകിച്ചും ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് സുരേന്ദ്രന്റെ കേസെന്നതിനാല്‍. വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതില്‍ ജാമ്യം അനുവദിക്കാനാകില്ലെന്നാണ് കേസ് പരിഗണിച്ച റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആദ്യം അറിയിച്ചത്. ചിത്തിര ആട്ട വിശേഷ സമയത്ത് തൃശൂര്‍ സ്വദേശി ലളിതാ ദേവി എന്ന സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് സുരേന്ദ്രനെതിരായ കേസ്. ഇതുകൂടാതെയും നിരവധി കേസുകള്‍ സുരേന്ദ്രന്റെ പേരിലുണ്ട്. ഈ പശ്ചാത്തലം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ജാമ്യത്തിലിറങ്ങിയ സുരേന്ദ്രന്‍ ജനനായകനാകാന്‍ പരിശ്രമിക്കുന്നത്. ശബരിമല സമരത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളാണ് സുരേന്ദ്രന്‍. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രിം കോടതി ഭരണഘടന ബഞ്ച് വിധി അംഗീകരിക്കില്ലെന്നു വാശി പിടിക്കുന്നവരാണ് സുരേന്ദ്രനും കൂട്ടരും. അതിന്റെ പേരിലാണ് അക്രമങ്ങള്‍.

അതേസമയം സുപ്രിംകോടതി വിധിയനുസരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയാണ് രഹന ഫാത്തിമ. അവര്‍ അതിന് പോലീസിന്റെ സഹായം തേടുകയും ചെയ്തു. ശബരിമല ദര്‍ശനത്തിന് സാധിച്ചില്ലെന്നതു മാത്രമല്ല, രഹന ഇപ്പോള്‍ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ശബരിമലയില്‍ പ്രവേശിച്ചതല്ല രഹനയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കുറ്റം. ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ്. സുപ്രിം കോടതി ഉത്തരവുണ്ടായതിന് പിന്നാലെ താന്‍ ശബരിമലയില്‍ പോകാന്‍ തയ്യാറെടുക്കുന്നുവെന്ന് കാണിച്ച് കറുത്ത വസ്ത്രവും മാലയുമണിഞ്ഞ് നില്‍ക്കുന്ന ഒരു ചിത്രമാണ് അവര്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ അവരുടെ കാല് കാണുന്നുവെന്നതാണ് അയ്യപ്പ ഭക്തന്മാരെ പ്രകോപിതരാക്കിയത്. എന്നാല്‍ ഈ ചിത്രം ഏത് വിധത്തിലാണ് മതനിന്ദ സൃഷ്ടിക്കുന്നതെന്ന് കേസ് കൊടുത്തവര്‍ പറയുന്നില്ല.

ശബരിമല ദര്‍ശനത്തിനെത്തിയ 52-കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതാണ് സുരേന്ദ്രനെതിരെയുള്ള കേസ്. അതായത് ശബരിമലയില്‍ പ്രതിഷേധക്കാരുടെ വിശ്വാസമനുസരിച്ച് എത്തിയ സ്ത്രീയെയാണ് ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. ഗൂഢാലോചന തെളിയിക്കുന്നതിന്റെ തെളിവായി വീഡിയോ ദൃശ്യങ്ങളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ റാന്നി കോടതിയില്‍ വാദിച്ചത്. ഈ തെളിവുകള്‍ കണ്ടാണ് അന്ന് ജാമ്യം നിഷേധിച്ചതും. എന്നാല്‍ ഹൈക്കോടതി ഈ തെളിവുകളെല്ലാം പരിശോധിച്ച് സുരേന്ദ്രന് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും സുരേന്ദ്രനെ എക്കാലവും തടവിലിടാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ഭരണഘടനാപരമായി തനിക്കുള്ള അവകാശം നിഷേധിക്കരുതെന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍ മറ്റുള്ളവരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കാന്‍ ഹര്‍ജിക്കാരനും അവകാശമില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.

രഹന ഫാത്തിമയ്ക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. സുപ്രിംകോടതി വിധി അനുസരിച്ച് അവര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. അത് പ്രഖ്യാപിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്? ഇവിടുത്തെ വനിത സംഘടനകള്‍ പോലും രഹനയെ അവഗണിക്കുകയാണ്. സംയുക്ത പ്രസ്താവനകള്‍ രഹനയ്ക്ക് വേണ്ടി ഉയരുന്നില്ല. സര്‍ക്കാരും രഹ്നയുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സുപ്രീം കോടതിയെ വെല്ലുവിളിച്ച് അക്രമം നടത്തിയ കെ സുരേന്ദ്രന് ജനനായക പട്ടം ഒരുക്കുന്ന സമൂഹത്തിനു മുന്നില്‍ തന്നെയാണ് രഹന ഫാത്തിമ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നത്.

കൊച്ചിയിൽ നിന്നും 8 കിമി. ദൂരത്ത് താമസിക്കുന്ന ഈ 4000 പേർക്ക് മെട്രോയിൽ കയറാൻ അവകാശമില്ലെന്നാണോ?

കൊല്‍ക്കത്തയില്‍ ബിജെപി റാലി നടത്തിയ സ്ഥലത്ത് ചാണകം തളിച്ച് തൃണമൂല്‍ പ്രവര്‍ത്തകരുടെ ‘ശുദ്ധീകരണം’

‘കൈയും കാലും പോയാലും കിതാബ്‌ നാടകം കളിക്കുമെന്നായിരുന്നു കുട്ടികള്‍, അവര്‍ക്ക് ഭയമില്ലായിരുന്നു’

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍