UPDATES

ട്രെന്‍ഡിങ്ങ്

വീരന്റെ ഇടതു മുന്നണി പ്രവേശം അണിയറയില്‍ പുകയുന്നത്‌ വെള്ളയോ കറുപ്പോ?

യു ഡി എഫില്‍ തുടരുന്നത് അത്രകണ്ട് ഭംഗിയല്ലെന്നു മോഹനനെയും ചന്ദ്രനെയുമൊക്കെ ഏതാണ്ട് ബോധ്യപ്പെടുത്തിയിയിട്ടുണ്ടെന്നാണ് വീരന്‍ പക്ഷക്കാര്‍ പറയുന്നത്. ഇനിയും പിടിവാശി ഉപേക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ പുകഞ്ഞ കൊള്ളി പുറത്തു എന്ന നിലപാടിലേക്ക് നീങ്ങേണ്ടിവരുമെന്നും അവര്‍ കട്ടായം പറയുന്നു

കെ എ ആന്റണി

കെ എ ആന്റണി

കൂട്ടലും കിഴിക്കലുമൊക്കെ അവസാനിപ്പിച്ചു ഒടുവില്‍ എം പി വീരേന്ദ്രകുമാറിന്റെ ജെ ഡി യു രണ്ടും കല്‍പ്പിച്ചു ഇടതു മുന്നണിയില്‍ ചേരാന്‍ ഏതാണ്ട് തീരുമാനിച്ചു കഴിഞ്ഞുവെന്നാണ് ഇന്നത്തെ ദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 12നു തിരുവനന്തപുരത്തു ഉണ്ടാകുമെന്നും പത്രം പറയുന്നു. 11നു സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും 12നു സംസ്ഥാന ജനറല്‍ കൌണ്‍സില്‍ യോഗവും നിശ്ചയിച്ചിട്ടുളളതിനാലും ഏറെ നാളത്തെ പ്രകോപനങ്ങള്‍ക്കൊടുവില്‍ വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചതിനാലും ഇനിയങ്ങോട്ട് ഏതു മുന്നണിയില്‍ നില്‍ക്കണമെന്ന കാര്യത്തില്‍ ഒരു തീരുമാനം ഉടനെ ഉണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. തീരുമാനം നീട്ടികൊണ്ടുപോയാല്‍ രാജ്യസഭയില്‍ കേരളത്തില്‍ നിന്നും ഒഴിവുവരുന്ന സീറ്റുകളിലൊന്നില്‍ കൈക്കലാക്കാനുള്ള സുവര്‍ണാവസരം നഷ്ടമാകും എന്ന് വീരേന്ദ്രകുമാറിന് നല്ല ബോധ്യം ഉള്ളതുകൊണ്ടുകൂടിയാണ് ഇങ്ങനെ പറയുന്നത്.

നിതീഷ് കുമാര്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയില്‍ ചേര്‍ന്ന നാള്‍ മുതല്‍ സോഷ്യലിസത്തിന്റെ അപ്പസ്‌തോലനായ വീരേന്ദ്രകുമാര്‍ ഏറെ ഖിന്നനായിരുന്നു. നിതീഷിനെ തുടക്കത്തിലേ തള്ളിപ്പറഞ്ഞെങ്കിലും രാജ്യസഭാംഗത്വം ഒരു കീറാമുട്ടിയായി തുടര്‍ന്നു. വെക്കും വെക്കും എന്ന് പലവട്ടം പറഞ്ഞെങ്കിലും രാജി ഏറെ നീണ്ടുപോയി. രാജ്യസഭാംഗത്വം കേരളത്തിലെ യു ഡി എഫ് തന്നതാണെന്നും അത് നിതീഷ്‌കുമാറിന്റെ ഔദാര്യമല്ലെന്നും അതുകൊണ്ടുതന്നെ രാജി വെക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സനും ഏറെ പറഞ്ഞുനോക്കിയെങ്കിലും വീരന്‍ വഴങ്ങിയില്ല. അല്ലെങ്കിലും ഒരു സോഷ്യലിസ്റ്റുകാരന്‍ എന്തിന്റെ പേരിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒരു മുന്നണിയില്‍ തുടരേണ്ടതെന്നു വീരന്‍ പല ആവര്‍ത്തി സ്വയം ചോദിച്ചിട്ടുമുണ്ടാകാം. നെഹ്രുവിനു സോഷ്യലിസ്റ്റ് കാഴ്ചപ്പാടുണ്ടായിരുന്നു. ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ താനും ആ വഴിക്കു തന്നെയെന്നൊക്കെ വരുത്തിത്തീര്‍ക്കാന്‍ ഇന്ദിര ശ്രമിച്ചെങ്കിലും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ അവര്‍ തനിനിറം കാട്ടിയതല്ലേ. അക്കാലത്തു തനിക്കും കാരാഗൃഹവാസം അനുഷ്ഠിക്കേണ്ടിവന്നില്ലേ എന്നൊക്കെ വീരന്‍ ചിന്തിക്കുന്നുണ്ടാവാം. എങ്കില്‍ പിന്നെന്തിനു ഇടക്കാലത്തു ഇടതുമുന്നണി വിട്ടു കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫില്‍ ചേക്കേറിയെന്നു ചോദിക്കുന്നവരുണ്ടാകാം.

ഇനി വീര ചരിതം വിജയ കാണ്ഡം?

അതിനുള്ള മറുപടി വീരന്‍ അന്നേ പറഞ്ഞതാണ്. ‘താന്‍ പോയതല്ല, തന്നെ ചവുട്ടി പുറത്താക്കിയതാണെന്ന്’. അന്ന് ചവിട്ടിപുറത്താക്കിയെന്നു വീരന്‍ പറഞ്ഞ പിണറായി ഇന്ന് മുഖ്യമന്ത്രിയാണ്. അപ്പോള്‍ പിന്നെങ്ങിനെ എന്നൊക്കെ ചോദിച്ചാല്‍ അതിനുമുണ്ട് മറുപടി. യു ഡി എഫ് തന്നെയും പാര്‍ട്ടിയെയും പാടെ അവഗണിച്ചു. അര്‍ഹമായതൊന്നും നല്‍കിയില്ലെന്ന് മാത്രമല്ല നല്‍കിയ സീറ്റുകളില്‍ പാരവെച്ചു തോല്‍പിച്ചു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പോലും ജെ ഡി യുവിന് കനത്ത പ്രഹരമേറ്റു. ആകെ നല്‍കിയത് രാജ്യസഭാ അംഗത്വമാണ്. അതും ഗത്യന്തരം ഇല്ലാതെ വന്നപ്പോള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജെ ഡി യു ഇടതുമുന്നണിയിലേക്ക് മടങ്ങിപ്പോകുന്നതിനെ എതിര്‍ക്കുന്നവര്‍ ഇപ്പോഴും ആ പാര്‍ട്ടിയില്‍ ഉണ്ട്. മുന്‍ മന്ത്രി കെ പി മോഹനനും മനയത്ത് ചന്ദ്രനുമാണ് ഇതില്‍ പ്രധാനികള്‍.

വീരന്റെ ദുഃഖവും ഇരുള്‍ പരക്കുന്ന പാര്‍ട്ടിയും; ഒരു സോഷ്യലിസ്റ്റിന്റെ ധര്‍മ്മസങ്കടങ്ങള്‍

പി ആര്‍ കുറുപ്പിന്റെ മകന്‍ മോഹനന് പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് മേഖലകളില്‍ അല്‍പ്പ സ്വല്‍പ്പം സ്വാധീനമൊക്കെയുണ്ട്. മനയത്ത് ചന്ദ്രനാവട്ടെ വടകര ബെല്‍റ്റില്‍ അത്യാവശ്യം പിടിവള്ളിയുണ്ട്. ഈ രണ്ടു നേതാക്കളുടെയും മേഖലകള്‍ ജെ ഡി യു വിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണുതാനും. അതുകൊണ്ടു തന്നെയാണ് ഇടതുമുന്നണി പ്രവേശനം വീരന്‍ വെച്ച് വൈകിപ്പിക്കുന്നതും. എന്നാല്‍ യു ഡി എഫില്‍ തുടരുന്നത് അത്രകണ്ട് ഭംഗിയല്ലെന്നു മോഹനനെയും ചന്ദ്രനെയുമൊക്കെ ഏതാണ്ട് ബോധ്യപ്പെടുത്തിയിയിട്ടുണ്ടെന്നാണ് വീരന്‍ പക്ഷക്കാര്‍ പറയുന്നത്. ഇനിയും പിടിവാശി ഉപേക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ പുകഞ്ഞ കൊള്ളി പുറത്തു എന്ന നിലപാടിലേക്ക് നീങ്ങേണ്ടിവരുമെന്നും അവര്‍ കട്ടായം പറയുന്നു. മോഹനന്‍ പി ആര്‍ കുറുപ്പിന്റെ മകനൊക്കെ തന്നെ. പക്ഷെ, കുറുപ്പിന്റെ നിഴല്‍പോലും ആവാന്‍ പോന്നയാളല്ല അയാള്‍ എന്നാണു അവരുടെ വാദം എന്തായാലും ജനുവരി 12 വരെ കാത്തിരിക്കാം വീരന്റെയും കൂട്ടരുടെയും അന്തിമതീരുമാനം എന്തെന്നറിയാന്‍.

മൌനികളാകാന്‍ മനസില്ലാത്തവര്‍; ഫലം എന്താകുമെന്ന് കണ്ടറിയാം

എം.പി വീരേന്ദ്ര കുമാര്‍/അഭിമുഖം: എല്‍ഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കിയതാണ്; യുഡിഎഫിന് പിന്തുണ പുറത്തുനിന്നു മാത്രം

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍