UPDATES

ട്രെന്‍ഡിങ്ങ്

എന്നാണ് കടകംപള്ളി താങ്കള്‍ സായി ഭക്തനായത്? ആള്‍ ദൈവത്തിന്റെ ചിത്രത്തിന് മുന്നില്‍ കൈകൂപ്പി മന്ത്രി

പൂമാലയിട്ട സായിബാബ ചിത്രത്തിനും ഷിര്‍ദിബാബ ചിത്രത്തിനും നേര്‍ക്ക് മന്ത്രി പൂര്‍ണഭക്തിയോടെ കൈക്കൂപ്പി കണ്ണടച്ചു നില്‍ക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്‌

ഭക്തി പ്രകടിപ്പിച്ച് മുമ്പും വിവാദം സൃഷ്ടിച്ച വ്യക്തിയാണ് സിപിഎം നേതാവും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയ ദര്‍ശനവും വഴിപാട് സമര്‍പ്പണവും പാര്‍ട്ടി നേതൃത്വത്തെ പോലും ചൊടിപ്പിച്ചിരുന്നു. അതേസമയം ദേവസ്വം മന്ത്രിയെന്ന നിലയില്‍ മാത്രമായിരുന്നു തന്റെ ക്ഷേത്ര ദര്‍ശനമെന്നാണ് കടകംപള്ളി അന്ന് നല്‍കിയ വിശദീകരണം. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരിക്കെ കണ്ണേറ്റുമുക്കിലെ പാര്‍ട്ടി ഓഫീസിലേക്ക് പോകുമ്പോഴെല്ലാം വഴിവക്കിലുള്ള കോവിലിനു നേരെ കൈകൂപ്പാന്‍ കടകംപള്ളി സഖാവ് മറക്കാറില്ലായിരുന്നുവെന്ന് സമീപത്തെ മുറുക്കാന്‍ കടക്കാരന്‍ തന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. ഇതെല്ലാം സഹിക്കാം ഇപ്പോള്‍ ആള്‍ദൈവത്തിന്റെ ചിത്രത്തിന് നേരെ കൈകൂപ്പിയും വിവാദം സൃഷ്ടിക്കുകയാണ് സിപിഎം നേതാവ്.

അതിന് മുമ്പ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരനായി തൊഴുതുനില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവന്നപ്പോഴും വിവാദമുണ്ടായിരുന്നു. ഗുരുവായൂരില്‍ തൊഴുതു നില്‍ക്കുന്ന മന്ത്രിയുടെ ശരീര ഭാഷയും ഔപചാരികതയുടേതല്ല, നിറഞ്ഞ ഭക്തിയുടെയുടേതാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ ആള്‍ദൈവമായ സത്യസായിബാബയുടെ ചിത്രത്തില്‍ കൈകൂപ്പി നില്‍ക്കുന്ന കടകംപള്ളിയുടെ ചിത്രമാണ് വിവാദത്തിലായിരിക്കുന്നത്. പൂമാലയിട്ട സായിബാബ ചിത്രത്തിനും ഷിര്‍ദിബാബ ചിത്രത്തിനും നേര്‍ക്ക് മന്ത്രി പൂര്‍ണഭക്തിയോടെ കൈക്കൂപ്പി കണ്ണടച്ചു നില്‍ക്കുന്നതാണ് കാണാനാകുന്നത്.

ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നു. ഇന്ത്യയില്‍ മാജിക് എന്ന കലയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളെയാണ് മന്ത്രി കൈക്കൂപ്പുന്നതെന്നും അല്ലാതെ ആള്‍ദൈവത്തെയല്ലെന്നുമായിരുന്നു ഒരു വിമര്‍ശനം. കടുത്ത ഇടതുപക്ഷ അനുഭാവികള്‍ പോലും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ടെന്നതാണ് രസകരമായ വസ്തുത. ‘നീല ഷര്‍ട്ട് ഇട്ട ആളെ മനസിലായി സിപിഎം നേതാവാണ് മന്ത്രിയാണ്.
ഫോട്ടോയില്‍ ആരാണ് എന്നറിയില്ല പുള്ളിയുടെ മരിച്ചു പോയ ബന്ധുക്കള്‍ ആരുടെയോ ആകും ചരമവാര്‍ഷികം ആണെന്ന് തോന്നുന്നു മാലയൊക്കെ ഇട്ടിട്ടുണ്ട്.’ എന്നാണ് ഒരാള്‍ പരിഹസിച്ചുകൊണ്ട് പറയുന്നത്.

കൈകൂപ്പല്‍, നമ്രശിരസ് അതൊക്കെ ഔപചാരികത എന്നു പറയാം. പക്ഷെ ആ ഭക്തസാന്ദ്രമായ മിഴികളിലെ വിനയവും അര്‍പ്പണ ഭാവവും ശ്രദ്ധിക്കൂവെന്നാണ് ഒരാളുടെ പരിഹാസം. അതേസമയം ഇത് ഫോട്ടോഷോപ്പ് ആണോയെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

ചിത്രം എപ്പോള്‍ എവിടെ വച്ച് എടുത്തതാണെന്നൊന്നും വ്യക്തമല്ലെങ്കിലും കടകംപള്ളിക്കെതിരെ ആഞ്ഞടിക്കാനുള്ള വടിയായി തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍