രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ക്രൂരമായ മര്‍ദ്ദനത്തിലാണ് ജിബിന്‍ കൊല്ലപ്പെട്ടത്
കാക്കനാട് ആള്‍ക്കൂട്ടകൊലപാതകത്തിന്റെ ഇരയായ ജിബിന്‍ തന്റെ ജീവനു വണ്ടി ഘാതകരോട് അവസാന നിമിഷവും യാചിച്ചു. പക്ഷേ, ആരും ചെവിക്കൊണ്ടില്ല. രണ്ടര മണിക്കൂറോളം നീണ്ട മര്‍ദ്ദനത്തിലായിരുന്നു ജിബിന്‍ കൊല്ലപ്പെടുന്നത്. വാരിയെല്ലുകള്‍ തകരുന്ന മര്‍ദ്ദനമായിരുന്നു ജിബിനേറ്റത്.
എന്നെ ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്കൂ… എന്തെങ്കിലും പറ്റിയതാണെന്നു പറഞ്ഞോളാമെന്നു ജിബിന്‍ മര്‍ദ്ദിക്കുന്നവരോട് കരഞ്ഞപേക്ഷിച്ചെങ്കിലും മര്‍ദ്ദനം തുടരുകയാണ് ചെയ്തത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ തന്നെ സമ്മതിച്ച കാര്യമാണിത്.
വീടിനു പുറത്തു കൂടിയുള്ള ഗോവണിയില്‍ നിന്നും ചവിട്ടി താഴെയിട്ടായിരുന്നു മര്‍ദ്ദനം ആരംഭിക്കുന്നത്. ഗോവണി പടവുകളില്‍ തട്ടി താഴെ വീണ ജിബിനെ താഴത്തെ ഗ്രില്ലില്‍ പിടിച്ചു കെട്ടിയിട്ടു. കെട്ടിയിട്ട നിലയിലായിരുന്നു പിന്നീടുള്ള മര്‍ദ്ദനം. വലിയ ചുറ്റിക, അരകല്ലില്‍ അരയ്ക്കാന്‍ ഉപയോഗിക്കുന്ന അമ്മി എന്നിവയും ജിബിനെ മര്‍ദ്ദിക്കാന്‍ പ്രതികള്‍ ഉപയയോഗിച്ചിരുന്നു.
ഭര്‍തൃമതിയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്ന സദാചാര കൊലയായിരുന്നു ജിബിന്റേത്. മര്‍ദ്ദിച്ച് കൊന്നശേഷം വാഹനാപകടം എന്നു വരുത്തി തീര്‍ക്കാന്‍ മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സമീപം ജിബിന്റെ ബൈക്കും മറിച്ചിട്ടു. അപകടം ആണെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ പോലീസിന്റെ സംശയമാണ് കൊലപാകത്തിന്റെ ചുരുളഴിച്ചത്. 13 പേരെയാണ് സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇതില്‍ 11 പേരും ജിബിന്‍ കൊല്ലപ്പെടുന്ന വീടിനു പരിസരത്തുള്ളവരാണ്. മൂന്നുപേര്‍ പുറത്തു നിന്നു വിളിച്ചിട്ടു വന്നവരും.
അസീസ് എന്നയാളുടെ വീട്ടിലേക്ക് ജിബിനെ തന്ത്രപൂര്‍വം വിളിച്ചു വരുത്തിയായിരുന്നു കൊല ചെയ്തത്. അസീസിന്റെ വീട്ടിലെ യുവതിയുമായിട്ടായിരുന്നു ജിബിന് അടുപ്പമുണ്ടായിരുന്നത് എന്നാണ് പറയുന്നത്.