UPDATES

ട്രെന്‍ഡിങ്ങ്

‘കലാവിദ്യാർത്ഥികൾ കുഴപ്പക്കാരാണ് എന്ന ചിത്രീകരണം മനുസ്‌മൃതിക്കാരുടെതാണ്’ : കാലടി സർവകലാശാല അധികൃതരുടെ മനോഭാവം മാറേണ്ടതുണ്ട്

കുഴപ്പക്കാരും കലാപകാരികളുമായ കലാകാരന്മാർക്ക് നല്ല കെട്ടിടങ്ങൾ അത്ര അനിവാര്യമല്ല എന്നും അവർക്കു വേണ്ട തൊഴുത്ത് പിന്നെ കെട്ടിക്കൊടുക്കാം എന്ന സമീപനത്തിലും അതുണ്ട്.

പ്രളയാനന്തരം വലിയ ദുരന്തങ്ങൾ നേരിട്ട കേരളത്തിലെ ശ്രദ്ധേയമായ സർവകലാശാലകളിൽ ഒന്നാണ് കാലടി ശ്രീശങ്കരാചാര്യ കോളേജ്. പ്രളയ ദിനങ്ങളിൽ ഒരുപാട് കുട്ടികൾ കോളേജിൽ കുടുങ്ങി പോവുകയും, പിന്നീട് രക്ഷപ്പെടുകയും ഉണ്ടായി. പ്രളയാനന്തരം ശ്രീ ശങ്കരാചാര്യ കോളേജിൽ ഒരു സമരം നടക്കുന്നുണ്ട്. കൂടുതൽ പരിഗണനയും, ജന ശ്രദ്ധയും ലഭിക്കേണ്ട ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്.

ശ്രീചിത്തിരൻ എം ജെ എഴുതുന്നു

കാലടി ശ്രീശങ്കരാ യൂണിവേഴ്സിറ്റിയിൽ ഞാനൊരിക്കലും പഠിയ്ക്കുകയോ ജോലിചെയ്യുകയോ ചെയ്തിട്ടില്ല. ഏതു യൂണിവേഴ്സിറ്റികളിലുമെന്ന പോലെ പല സെമിനാറുകൾക്കും പങ്കെടുക്കുകയും സുഹൃത്തുക്കൾക്കൊപ്പം പലതവണ സന്ദർശിക്കുകയും ചെയ്ത പരിചയമേ എനിക്കു കാലടിയിലുമുള്ളൂ. പക്ഷേ ഇപ്പോൾ അവിടെയുള്ളൊരു പ്രശ്നത്തിൽ ചിലത് പറയേണ്ടതുണ്ട് എന്നു കരുതുന്നു. കാലടി സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ശങ്കരാചാര്യരല്ല പുരോഗമനവാദിയായ ഡോ. ധർമ്മരാജൻ അടാട്ട് ആണ് എന്നും അവിടെ കടവല്ലൂർ അന്യോന്യത്തിന്റെയല്ല ഇടതുസിന്റിക്കേറ്റിന്റെ ഭരണനിർവ്വഹണമാണ് എന്നുമാണ് എന്റെയറിവ്. അതുകൊണ്ടുകൂടിയാണ് ഇത്രയും പറയുന്നത്.

പ്രളയസമയത്ത് വലിയ നാശനഷ്ടങ്ങളുണ്ടായ കാമ്പസാണ് കാലടി യൂണിവേഴ്സിറ്റി കാമ്പസ്. നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുകയും രക്ഷപ്പെടുകയും ചെയ്തു. പല ഡിപ്പാർട്ട്മെന്റുകളിലും ഹോസ്റ്റലിലുമെല്ലാം വെള്ളം കയറി. ആ സമയത്തുള്ള രക്ഷാപ്രവർത്തനസമയത്ത് തന്നെ കാലടിയിലെ പ്രശ്നങ്ങൾ അറിയാൻ ശ്രമിക്കുകയും പലകോണുകളിൽ നിന്ന് രക്ഷാപ്രവർത്തനസാദ്ധ്യതകൾ തേടുകയും ചെയ്ത ഒരാളെന്ന നിലയിൽ, അവിടെയുള്ള കുട്ടികൾ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ച് നേരിട്ട് എനിക്കറിവുണ്ട്. അവർക്കിടയിൽ സജീവമായി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ വിദ്യാർത്ഥികളിൽ തന്നെ ഫൈൻ ആർട്സ് വിദ്യാർത്ഥികളുണ്ടായിരുന്നു എന്നും നേരറിവുണ്ട്. ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റ് ഏതാണ്ട് പൂർണമായും തന്നെ പ്രളയം നശിപ്പിച്ചു. അനേകവർഷങ്ങൾ കൊണ്ട് അവിടെയുണ്ടാക്കിയ കലാനിർമ്മിതികൾ മുതൽ ഡിപ്പാർട്ട്മെന്റ് രേഖകൾ വരെ നശിച്ചു എന്നാണറിവ്. മുൻപ് കാലടിയിൽ പോകുമ്പോഴേ ശ്രദ്ധിച്ചിട്ടുള്ളതാണ് – ഒരിക്കലും ഒരു യൂണിവേഴ്സിറ്റി കാമ്പസിൽ കാണാൻ പാടില്ലാത്ത വിധം അലക്ഷ്യവും ദരിദ്രവുമായ ഭൗതികസാഹചര്യമാണ് ഫൈൻ ആർട്സ് കുട്ടികൾക്ക് അവിടെയുള്ളത്. ആസ്ബസ്റ്റോസ് മേഞ്ഞ, കോഴിഫാം പോലെ തോന്നിപ്പിക്കുന്ന ചില പുരകളേയാണ് അവിടെ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റ് എന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്. സാധാരണനിലയിൽ വെള്ളം കയറിയാൽ തന്നെ അടിയിലാക്കപ്പെടാവുന്ന ആ സ്ഥലത്ത് ഇത്തവണത്തെ പ്രളയം എത്രമേൽ നാശനഷ്ടമുണ്ടാക്കിയിരിക്കും എന്നൂഹിക്കാവുന്നതേയുള്ളൂ. എന്നിട്ടും അവിടെയുള്ള കുട്ടികൾ സജീവമായി രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലുമുണ്ടായിരുന്നു.

ഇപ്പോൾ അവിടെ ക്ലാസുകൾ പുനരാരംഭിച്ചപ്പോൾ അവർക്ക് മാത്രം ക്ലാസുകളില്ല. അവസാനം അവർ റോഡ് സൈഡിൽ ക്ലാസാരംഭിച്ചു. അപ്പോൾ അതവരുടെ ധിക്കാരമായാണ് കണക്കാക്കപ്പെടുന്നതെന്നാണ് കേൾക്കുന്നത്. പുതിയ നല്ല കെട്ടിടങ്ങൾ പണിതീർന്നു കിടക്കുന്നുണ്ടെന്നും അവിടേക്ക് താൽക്കാലികമായെങ്കിലും ക്ലാസ് നടത്താൻ ചോദിച്ചപ്പോൾ അത്രയും നല്ല ക്ലാസുകൾ ഫൈൻ ആർട്സിനാവശ്യമില്ല എന്ന നിലപാട് മേലാളന്മാർ എടുത്തു എന്നും കേൾക്കുന്നു. പഴയ പൊട്ടിപ്പൊളിഞ്ഞ ക്ലാസിലേക്കു തൽക്കാലം മടങ്ങാൻ പറ്റില്ല എങ്കിൽ നിങ്ങൾ പഠിപ്പിക്കേണ്ട, പഠിക്കേണ്ട എന്നാണ് നിലപാട്. അവസാനം ക്ലാസ് റൂം പിടിച്ചെടുക്കൽ സമരത്തിലേക്ക് കാര്യങ്ങൾ എത്തുന്നു എന്നുമറിയുന്നു. ഇതും കഴിഞ്ഞ് കേട്ടതാണ് ഇപ്പോഴിത് പറഞ്ഞേ തീരൂ എന്ന് തോന്നിപ്പിച്ചത്. കാമ്പസ് കുത്തിവരച്ചു വൃത്തികേടാക്കുന്നത് ഫൈൻ ആർട്സ് വിദ്യാർത്ഥികളാണെന്നും കൂടി കേൾക്കുന്നു. കൊള്ളാം.

കാലടി യൂണിവേഴ്സിറ്റിയിലെത്തുമ്പോഴെല്ലാം കൗതുകത്തോടെ ശ്രദ്ധിക്കാറുള്ളതാണ് അവിടെയുള്ള കലാനിർമ്മിതികൾ, വരകൾ. അതു ഫൈൻ ആർട്സിലെ കുട്ടികളുടേതാണ് എന്ന് ഒരിക്കൽ സുഹൃത്ത് പറഞ്ഞപ്പോൾ എല്ലാ കാമ്പസിലും ഈ ഡിപ്പാർട്ട്മെന്റ് വേണ്ടതാണ് എന്നു ചിരിച്ചതോർക്കുന്നു. കാമ്പസ് വെള്ളവലിച്ചു വൃത്തിയാക്കിയ വിരസസർക്കാർ കെട്ടിടങ്ങളാക്കിയാൽ മനോഹരമായിരിക്കും എന്നു തോന്നുന്നവരുടെ തലയിൽ എന്തു ചകിരിച്ചോറാണ് എന്നെനിക്കറിയില്ല. അതവിടെ നിൽക്കട്ടെ. കലാവിദ്യാർത്ഥികൾ കുഴപ്പക്കാരാണ് എന്ന ചിത്രീകരണം കാണുമ്പോൾ കൃത്യമായും മനുവാദത്തിന്റെ കയ്പ്പ് ചുവയ്ക്കുന്നുണ്ട്. കുഴപ്പക്കാരും കലാപകാരികളുമായ കലാകാരന്മാർക്ക് നല്ല കെട്ടിടങ്ങൾ അത്ര അനിവാര്യമല്ല എന്നും അവർക്കു വേണ്ട തൊഴുത്ത് പിന്നെ കെട്ടിക്കൊടുക്കാം എന്ന സമീപനത്തിലും അതുണ്ട്. ശൃംഗേരിമഠമല്ല കാലടിയിലെ യൂണിവേഴ്സിറ്റി. ഡോ. കെ എൻ പണിക്കർ മുതലായ ധൈഷണികതയുടെ ഉന്നതശിരസ്സുകൾ പണിതെടുത്ത ആധുനികവിദ്യാഭ്യാസസ്ഥാപനമാണ്. ആ ഓർമ്മ ഭരിക്കുന്നവർക്ക് നല്ലതാണ്. അതു മറക്കുന്നെങ്കിൽ ഓർമ്മിപ്പിക്കേണ്ട ബാദ്ധ്യത വിദ്യാർത്ഥിസംഘടനകൾക്കുമുണ്ട്.

( ഇതൊക്കെ പറയാൻ നിങ്ങൾക്കെന്ത് അവിടെ കാര്യം എന്നാണെങ്കിൽ – കേരളത്തിലെ ഏതു വിദ്യാഭ്യാസസ്ഥാപനത്തിന്റെ കാര്യത്തിലും അഭിപ്രായം പറയാനുള്ള പൗരസ്വാതന്ത്ര്യം എനിക്കുണ്ട്. രണ്ടാമത് ഈ പ്രളയസമയം മുതൽ ഇപ്പോൾ വരെ അവിടെയുള്ള പല കുട്ടികളും പലതരം ആവശ്യങ്ങൾക്കും സങ്കടങ്ങൾക്കുമായി യുണൈറ്റ് കേരളയെന്ന ടീമിനെ ബന്ധപ്പെട്ടിട്ടുമുണ്ട്, അവരോട് പലതവണ സംസാരിച്ചിട്ടുമുണ്ട്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍