UPDATES

ട്രെന്‍ഡിങ്ങ്

സംവരണ വിരുദ്ധ പോസ്റ്റ്: വിശദീകരണവുമായി കാലടി സര്‍വകലാശാല എസ്എഫ്‌ഐ ചെയര്‍പേഴ്‌സണ്‍

ഇന്നത്തെ എന്റെ രാഷ്ട്രീയ നിലപാട് നിശ്ചയിക്കുന്നതിന് മുന്‍പേ ഇന്നത്തെ നിലപാടുകളുമായി തുലനം ചെയ്യാനെങ്കിലും ശ്രമിക്കണമെന്നഭ്യര്‍ത്ഥിച്ചോട്ടെ

കാലടി സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ പാനലില്‍ മത്സരിച്ച് ചെയര്‍പേഴ്‌സണ്‍ ആയ അഞ്ജുനയുടെ ഒരുവര്‍ഷം മുമ്പത്തെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംവരണ വിരുദ്ധത നിറഞ്ഞ ഈ പോസ്റ്റ് താന്‍ ഒരു വര്‍ഷം മുമ്പ് ചെയ്തതാണെന്നും വ്യക്തമായ രാഷ്ട്രീയ വിദ്യാഭ്യാസം ലഭിക്കാത്തതിനാലാണ് അത്തരത്തിലൊരു പോസ്റ്റ് ഇട്ടതെന്നും അഞ്ജുന വിശദീകരിക്കുന്നു. അതേസമയം തനിക്ക് ഇപ്പോള്‍ രാഷ്ട്രീയ ബോധം കൈവന്നിട്ടുണ്ടെന്നും അഞ്ജുന തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സംവരണത്തെക്കുറിച്ചുള്ള തന്റെ തെറ്റിദ്ധാരണ മാറിയത് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ്. ഒരുവര്‍ഷം മുമ്പത്തെ പോസ്റ്റിന്റെ പേരില്‍ തന്റെ നിലപാടുകളെ അളക്കരുതെന്നാണ് അഞ്ജുന പറയുന്നത്. അഞ്ജുനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

“ഇതൊരു വിശദീകരണക്കുറിപ്പല്ല, ചിലയാളുകളെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ട വാര്‍ത്തയോടുള്ള പ്രതികരണം മാത്രമാണ്.

വടക്കേ മലബാറിലെ കണ്ണൂര്‍ ജില്ലയില്‍ മമ്പറം എന്ന ഗ്രാമത്തിലാണ് എന്റെ ജനനവും വളര്‍ച്ചയുമൊക്കെ. കൗമാരം പിന്നിടുന്നത് വരെ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമുണ്ടായിരുന്നില്ല. വളരെ ടിപ്പിക്കലായ ഒരു മധ്യവര്‍ത്തി പെണ്‍കുട്ടിയായാണ് ജനിച്ചതും വളര്‍ന്നതുമൊക്കെ. നിശ്ചയമായും പലതരം പ്രിവിലേജുകള്‍ക്കകമേ ആയിരുന്നു താനും അത്. ചുറ്റുപാടുമായി ബന്ധപ്പെട്ട സാമാന്യ ധാരണയ്ക്കപ്പുറത്ത് രാഷ്ട്രീയമായ നിലപാട് ഉണ്ടായിരുന്നില്ല.

പിന്നീട് ബിരുദ ബിരുദാനന്തര പഠന കാലയളവിലാണ് രാഷ്ട്രീയം രൂപപ്പെട്ടു വരാന്‍ തുടങ്ങിയത്.ആദ്യമൊക്കെ ഒരു കൂട്ടായ്മ എന്നതിനപ്പുറം സംഘടനാ പ്രവര്‍ത്തനത്തെ രാഷ്ട്രീയമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ചെറിയ കാമ്പസുകളായത് കൊണ്ട് തന്നെ എനിക്ക് ലഭിച്ച രാഷ്ട്രീയ വിദ്യാഭ്യാസത്തിന് നിശ്ചയമായും പരിമിതികളുണ്ടായിരുന്നു. വളര്‍ന്ന ചുറ്റുപാടില്‍ ഉറച്ചു പോയ ധാരണകള്‍ പലതും അക്കാലത്ത് തിരുത്തുന്നുണ്ട് എങ്കിലും സമര സംഘാടന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പ്രത്യയശാസ്ത്ര പരമായ വിദ്യാഭ്യാസത്തിന് ഞാനും ഊന്നല്‍ കൊടുത്തിരുന്നില്ല.ലിംഗനീതിയെ മാറ്റി നിര്‍ത്തിയാല്‍ പല ബേസിക് പൊസിഷനുകളിലും എന്റേത് പ്രതിലോമകരമായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട്. അതൊരു തെറ്റായി മനസിലാക്കുന്നേയില്ല, കേരളത്തിലെ ഒരു സാധാരണ പെണ്‍കുട്ടിക്ക് ലഭ്യമാകുന്ന സാമൂഹ്യ ഇടപെടലുകളുടെ പരിമിതിക്കകമേ അത് വെറുക്കപ്പെടേണ്ട ഭൂതകാലമല്ല എന്ന് ബോധ്യമുണ്ട്.

എം ഫില്‍ പഠനകാലയളവിലെ ചുരുങ്ങിയ ഘട്ടമാണ് വാസ്തവത്തില്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ഘട്ടമായത്.കോളജുകളില്‍ നിന്ന് യൂണിവേഴ്‌സിറ്റിയിലെത്തിയതോടെയാണ് പുതിയ തുറസുകള്‍ വന്നത്. കാലടിയിലാവട്ടെ നിരന്തര സംവാദങ്ങളുടെയും സൂക്ഷ്മ ചര്‍ച്ചകളുടെയും തീക്ഷ്ണ അന്തരീക്ഷമായിരുന്നു താനും.കാമ്പസിലെയും കാന്റീനിലെയും ഹോസ്റ്റലിലെയും സംവാദങ്ങളില്‍ നിന്നാണ് ഞാന്‍ ജനറല്‍ ലൈബ്രറിയിലേക്ക് കയറുന്നത് തന്നെ. അതിനു മുമ്പ് വായന പരീക്ഷ പാസാവലിനുള്ള ഉപാധി മാത്രമായിരുന്നു.

കഴിഞ്ഞ അഞ്ചാറ് മാസങ്ങള്‍ക്കിടെയാണ് ഇടതുപക്ഷപരമായ ഒരു പ്രത്യയശാസ്ത്രാവബോധം എന്നില്‍ രൂപപ്പെട്ടു വന്നത്. അറിയാത്ത ലോകങ്ങളെക്കുറിച്ചും, ഉറച്ചു പോയ ശരികളെക്കുറിച്ചും വെളിച്ചം രൂപപ്പെട്ടത് അതിനു ശേഷം മാത്രമാണ്.

കാലടി സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇത്തരം രാഷ്ട്രീയ വളര്‍ച്ച സ്വാഭാവികമാണ് എന്ന് കേട്ടിട്ടുണ്ട്. എനിക്ക് മുന്‍പേ തീവ്ര ഹിന്ദു പക്ഷത്തിന്റെ നേതൃത്വത്തിലിരുന്ന പലരും സര്‍വകലാശാലയില്‍ നിന്ന് പുറത്തിറങ്ങിയത് ലിബറല്‍, ലിബറല്‍ ലെഫ്റ്റ്, അള്‍ട്രാ ലെഫ്റ്റ് നിലപാടുകളായാണത്രേ. സര്‍വകലാശാലാ കാമ്പസിന്റെ രാഷ്ട്രീയാന്തരീക്ഷം അതിന് പ്രേരണ നല്‍കുന്ന ഒന്നു തന്നെയാണ്.

ഒരു വര്‍ഷം മുന്‍പേ ഫേസ് ബുക്കില്‍ ഞാന്‍ ഷെയര്‍ ചെയ്ത ആന്റി റിസര്‍വേഷന്‍ പോസ്റ്റാണ് നിലവില്‍ വിവാദമായിട്ടുള്ളത്. സംവരണ വിരുദ്ധയായ യൂണിവേഴ്സ്റ്റി യൂണിയന്‍ ചെയര്‍മാന്‍ എന്ന് ഞാന്‍ ചിത്രീകരിക്കപ്പെടുന്നു. ചിലരാവട്ടെ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയൊന്നാകെ സംവരണ വിരുദ്ധരാണെന്ന തിയറി പോലും പടച്ചു വിടുന്നുമുണ്ട്. വളര്‍ത്തല്‍ ചുറ്റുപാടുകളുടെയും ജന്മനാ ലഭിച്ച പ്രിവിലേജുകള്‍ക്കുമിടയില്‍ സംവരണ വിരുദ്ധ വികാരം എന്നിലുണ്ടായിരുന്നു എന്നത് ശരി തന്നെയാണ്, അത് നിഷേധിക്കുന്നില്ല. സംവരണ വിരുദ്ധത അത്ര ആഴത്തില്‍ പിടിമുറുക്കുന്ന ഒന്നാണ്. ജന്റര്‍ ക്വസ്റ്റനെ സംബന്ധിച്ച് ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ബിരുദകാലത്തേ സ്വാനുഭവങ്ങള്‍ തിരുത്തിന് പ്രേരിപ്പിച്ചു എങ്കില്‍, സംവരണ കാര്യത്തില്‍ അങ്ങനെയൊരു അനുഭവ പശ്ചാത്തലം ഇല്ലാത്തത് ഐക്യദാര്‍ഢ്യങ്ങള്‍ക്ക് വിലങ്ങു തടിയായി എന്നു തോന്നുന്നു. തുടക്കത്തില്‍ പറഞ്ഞത് പോലെ ആ ഭൂതകാലത്തെ ഞാന്‍ വെറുക്കുന്നില്ല. അന്നത്രയേ സാധ്യമാവുമായിരുന്നുള്ളൂ എന്നെനിക്കറിയാം.

സര്‍വകലാശാല ചെയര്‍പെഴ്‌സണായി ഞാന്‍ മത്സരിക്കപ്പെട്ടത് കഴിഞ്ഞ കുറച്ചു മാസങ്ങളിലെ സംഘടനാ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.നിശ്ചയമായും സംവരണവുമായി ബന്ധപ്പെട്ട എന്റെ നിലപാടുകള്‍ വലിയ അളവില്‍ മാറിയിട്ടുണ്ട്. അത് കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് അറിയാന്‍ പറ്റുമെന്ന് കരുതുന്നു. എനിക്കൊപ്പം PhD എന്‍ട്രന്‍സ് പരീക്ഷയെഴുതിയ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ സംവരണം അട്ടിമറിക്കുന്നെന്ന sfi സമരത്തിന്റെ മുന്‍ നിരയില്‍ എനിക്ക് നില്‍ക്കാന്‍ കഴിഞ്ഞത് ഈ മാറ്റം കൊണ്ടു തന്നെയാണ്.

ഞാനൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥി മാത്രമാണ്. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ ബന്ധങ്ങള്‍ക്കകത്ത് സ്ട്രഗിള്‍ ചെയ്ത് രാഷ്ട്രീയം ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍. എന്റെ പഠനം ഈ നിമിഷം വരെ പൂര്‍ത്തിയായി എന്നു ഞാന്‍ കരുതുന്നില്ല. പ്രാഥമികമായ ധാരണകള്‍ മാത്രമേ രൂപപ്പെട്ടിട്ടേയുള്ളൂ. മുമ്പിലേക്കുള്ള ഓരോ പടിയിലും പലതും തിരുത്തിപ്പോകേണ്ടി വരുമെന്ന് ഉറച്ച ബോധ്യം ഇന്നുണ്ട്. അതിനാല്‍ തന്നെ ഭൂതകാലത്തില്‍ തളം കെട്ടി നില്‍ക്കാന്‍ താത്പര്യപ്പെടുന്നില്ല. നിങ്ങള്‍ക്ക് എന്റെ ഫേസ് ബുക്ക് അക്കൗണ്ടിലെയോ എന്റെ ജീവിതാവിഷ്‌കാരങ്ങളിലെയോ ഭൂതകാലത്തെ ചികഞ്ഞാല്‍ ധാരാളം പ്രതിലോമ നിലപാടുകള്‍ നിശ്ചയമായും കണ്ടെത്താന്‍ പറ്റിയേക്കും. പക്ഷേ അവയെ മുന്‍നിര്‍ത്തി ഇന്നത്തെ എന്റെ രാഷ്ട്രീയ നിലപാട് നിശ്ചയിക്കുന്നതിന് മുന്‍പേ ഇന്നത്തെനിലപാടുകളുമായി തുലനം ചെയ്യാനെങ്കിലും ശ്രമിക്കണമെന്നഭ്യര്‍ത്ഥിച്ചോട്ടെ.

ഗ്രാജ്വലിയുള്ള രാഷ്ട്രീയ വളര്‍ച്ചക്കിടെ തിരുത്തി തിരുത്തി തന്നെ മുന്‍പോട്ടു പോകാനാണ് തീരുമാനം. ഹിസ്റ്റോറിക്കല്‍ ഓഡിറ്റിംഗിന്റെ ഏകപക്ഷീയത വ്യക്തിപരമായി ബാധിക്കാത്ത തരത്തില്‍ വളര്‍ന്നിട്ടുണ്ട്. സാമൂഹ്യ നീതിക്കായുള്ള സമര സംഘാടനങ്ങളില്‍ നിങ്ങള്‍ക്കിനിയും എസ് എഫ് ഐ യുടെ മുന്‍ നിരയില്‍ എന്നെ കാണാന്‍ കഴിയുമെന്ന ഉറപ്പോടെ,

അഞ്ജുന
യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പെഴ്‌സണ്‍
കാലടി സംസ്‌കൃത സര്‍വ്വകലാശാല”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍