UPDATES

ട്രെന്‍ഡിങ്ങ്

ഭീഷണി, മര്‍ദ്ദനം, അമിതവേഗം, ഇപ്പോള്‍ പീഡനശ്രമവും; നിയമങ്ങളെ നോക്കുകുത്തിയാക്കി കല്ലട ബസ് യാത്ര തുടരുന്നു

നടപടികള്‍ കർശനമാക്കിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ബസ് ജീവനക്കാരുടെ ഇടപെടലുകളിൽ‌ യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് പുതിയ പരാതി തെളിയിക്കുന്നത്

രണ്ട് മാസം മുമ്പ് യാത്രക്കാരെ മര്‍ദ്ദിച്ചതിന്റെ പേരില്‍ നടപടി നേരിടുന്നതിനിടെയാണ് സുരേഷ് കല്ലട ബസ്സില്‍ യാത്രക്കാരിക്കെതിരെ കടന്നു പിടിക്കാന്‍ ശ്രമം നടന്നത്. ഇന്നലെ അര്‍ദ്ധരാത്രി കോഴിക്കോടിന് സമീപത്തുവെച്ചാണ് യാത്രക്കാരിക്കു നേരെ സഹ ഡ്രൈവര്‍ കൈയേറ്റ ശ്രമം നടത്തിയത്. സുരേഷ് കല്ലട ബസിന് നേരെ പരാതി ഉയര്‍ന്നപ്പോള്‍ നടപടികള്‍ എടുക്കുമെന്ന് ആവര്‍ത്തിച്ചതല്ലാതെ കര്‍ശനമായ നീക്കങ്ങള്‍ ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ ഏപ്രിലിൽ യാത്രക്കാരായ യുവാക്കളെ കൊച്ചിയിൽ വച്ച് ക്രുരമായി മർ‌ദ്ദിച്ച സംഭവത്തിന് പിന്നാലെ നടപടികൾ കർശനമാക്കിയെന്ന് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുമ്പോഴാണ് പുതിയ പരാതി ഉയർന്നിരിക്കുന്നത്. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്കുള്ള യാത്രക്കിടെ കോഴിക്കോട് വച്ച് യുവതിയെ ബസിലെ രണ്ടാം ഡ്രൈവർ കടന്നു പിടിച്ചെന്നാണ് പരാതി. യാത്രക്കാർ ഇടപ്പെട്ട് ബസ് പിന്നീട് മലപ്പുറം തേഞ്ഞിപ്പലത്തെ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ഡ്രൈവറെ ബലം പ്രയോഗിച്ച് പോലീസിൽ ഏൽ‌പ്പിക്കുകയുമായിരുന്നു. ബസ് ഡ്രൈവർ കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺസൺ ജോസഫാണ് പിടിയിലായത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം എസ്.പി പി. നാരായണൻ അറിയിച്ചു. യുവതിയിൽ നിന്നും മൊഴിയെടുത്തു.

കഴിഞ്ഞ ഏപ്രിലിലായിരുന്നു വൈറ്റിലയിൽ വച്ച് കല്ലട ബസ്സിലെ യാത്രികരായ മൂന്ന് യുവാക്കളെ ബസ് ജീവനക്കാർ മർദ്ദിച്ചത്. യാത്രക്കിടെ ബസ് നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വാര്‍ത്തയാവുകയും ചെയ്തതിന് പിന്നാലെയാണ് അന്തർ‌ സംസ്ഥാന ബസുകൾക്കെതിരെ നടപടി കടുപ്പിച്ചത്. നിരവധി നിയമ ലംഘനങ്ങളായിരുന്നു അതിന് ശേഷമുള്ള പരിശോധനകളിൽ കണ്ടെത്തിയത്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിലായിരുന്നു അതിന് ശേഷമുള്ള നടപടികൾ.

Also Read: ആരും തടയാനില്ലാതെ കുതിച്ച സുരേഷ് കല്ലടയെ പിടിച്ചു നിര്‍ത്തി സോഷ്യല്‍ മീഡിയ

എന്നാൽ പരിശോധനയും നടപടികളും കർശനമാക്കിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ട്രാവൽസുകളുടെയും ബസ് ജീവനക്കാരുടെയും ഇടപെടലുകളിൽ‌ യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് പുതിയ പീഡനപരാതി തെളിയിക്കുന്നത്. ഇതിന് പുറമെയാണ് കല്ലട ബസിലെ തന്നെ യാത്രികന് കഴിഞ്ഞ ദിവസം പരിക്കേറ്റത്. പയ്യന്നൂർ സ്വദേശിയായ മോഹനാണ് കല്ലടയുടെ ക്രൂരതയിൽ പരിക്കേറ്റത്.

അമിത വേഗത്തിലുള്ള ബസിന്റെ യാത്രയിൽ ഹംപിൽ ചാടിച്ചപ്പോൾ യാത്രക്കാരന്റെ തുടയെല്ല് പൊട്ടിയ സംഭവമാണ് ഉണ്ടായത്. എന്നാൽ പരിക്ക് പറ്റിയ ശേഷം വേണ്ട ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കാൻ പോലും ബസ് ജീവനക്കാർ തയാറായില്ല. ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവിൽ സ്വന്തം മകനാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ബസിന്റെ ഏറ്റവും പുറകുവശത്തായിരുന്നു ഇരുന്നിരുന്നത്. തനിക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് മോഹനൻ ഉറക്കെ നിലവിളിച്ചെങ്കിലും ബസ് ജീവനക്കാർ അത് ഗൗനിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലെ സംഭവത്തിന് ശേഷം ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അമിത വേഗത്തിന് ഉള്‍പ്പെടെ വയനാട്ടിൽ ഉൾപ്പെടെ നാട്ടുകാർ ഇടപെട്ട് തടയുന്ന അവസ്ഥപോലും ഇതിനിടെ ഉണ്ടായി. കൊല്ലത്ത് ബൈക്ക് യാത്രക്കാരെ ഇടിക്കുകയും പിന്നാലെ ജീവനക്കാര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്ത സംഭവവും ഉണ്ടായി. ഇതിനു തൊട്ടു മുമ്പായിരുന്നു രാത്രി ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്തിയ ശേഷം യാത്രക്കാരിയെ കയറ്റാതെ പോയ സംഭവം ഉണ്ടായതും. എന്നാല്‍ മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള അധികൃതർ ഉണര്‍ന്ന് പ്രവർത്തിച്ചില്ലെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണമായത് എന്നാണ് ആരോപണം.

അതേസമയം, കൊച്ചിയിൽ യുവാക്കളെ ആക്രമിച്ച കേസിൽ 7 പേരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികൾ എങ്ങുമെത്താതെ തുടരുകയാണ്. ബസ് ഉടമ സുരേഷ് കല്ലടയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകമാത്രമാണ് ഉണ്ടായത്. പ്രതികൾക്ക് തിരിച്ചറിയൽ പരേഡിന് മുൻപ് ജാമ്യം ലഭിച്ചത് ഉൾപ്പെടെ കേസിലെ ഒത്തുകളിയെന്ന ആരോപണം ഉയരാനിടയാക്കിയിരുന്നു. പ്രോസിക്യൂട്ടർ – പോലീസ് ഒത്തുകളിയാണ് പ്രതികൾക്ക് അനുകൂലമായതെന്നായിരുന്നു ആരോപണം. കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങള്‍ കോടതിയിൽ നിന്നും മറച്ച് വച്ചതാണ് സെഷൻസ് കോടതി ജാമ്യം അനുവദിക്കാൻ ഇടയാക്കിയതെന്നായിരുന്നു നിഗമനം. പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. മർദനം നടന്ന ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും ഇതുവരെ നടപ്പായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

Also Read: വീണ്ടും കല്ലട: ഭക്ഷണത്തിന് നിര്‍ത്തിയപ്പോള്‍ കയറ്റാതെ പോയി, യാത്രക്കാരി അഞ്ച് മിനുട്ട് പിന്നാലെ ഓടി; ചോദിച്ചപ്പോള്‍ മോശം പെരുമാറ്റം

കല്ലട സുരേഷ് ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവരുടെ വിവരങ്ങളും സൂക്ഷിക്കണമെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുത്, ബുക്കിങ് ഓഫീസുകളുടെ ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് ക്രിമിനല്‍ ചരിത്രം പാടില്ല. പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റു വസ്തുക്കള്‍ പാഴ്സലായി ബസുകളില്‍ കയറ്റരുതെന്നും ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവങ്ങൾ.

തമിഴ്നാട് സ്വദേശിയായ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച പരാതിയില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കല്ലട ബസിൽ പീഡന ശ്രമം, ഡ്രൈവർ പിടിയിൽ; ബസ് പോലീസ് പിടിച്ചെടുത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍