UPDATES

ട്രെന്‍ഡിങ്ങ്

കല്‍പ്പാത്തിയില്‍ ഓപ്പറേഷന്‍ കമലയെ ജനങ്ങള്‍ തോല്‍പ്പിച്ചു; ബിജെപിയുടെ ഏക നഗരസഭാ ഭരണം ഇനി എത്രനാള്‍?

അധികാരം നഷ്ടപ്പെട്ടില്ലെങ്കിലും ബിജെപിയുടെ കണക്കു കൂട്ടലുകള്‍ പിഴച്ചുവെന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് പരാജയം

ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയാണ് പാലക്കാട് രണ്ടാം വാര്‍ഡായ കല്‍പ്പാത്തിയില്‍ യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് ജയിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ പി എസ് വിബിന്‍ 421 വോട്ടുകള്‍ക്കാണ് ജയിച്ചത്. 464 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശാന്തകുമാരന് നേടാന്‍ സാധിച്ചത്. കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ശരവണന്‍ രാജി വച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഏഴ് പേര്‍ മത്സരിച്ച ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍കൗണ്‍സിലര്‍ പി സത്യഭാമ മൂന്നാം സ്ഥാനത്തായി. ബിജെപിയുടെ ഓപ്പറേഷന്‍ കമലയാണ് ശരവണനെക്കൊണ്ട് രാജിവയ്പ്പിച്ചത്. നഗരസഭാധ്യക്ഷനും ഉപാധ്യക്ഷനുമെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴാണ് ശരവണന്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. അതിന് മുമ്പ് നടന്ന മൂന്ന് അവിശ്വാസ പ്രമേയങ്ങളിലും ബിജെപി പരാജയപ്പെട്ടിരുന്നു. അതിനാലാണ് അവര്‍ ഇക്കുറി ബ്രഹ്മാസ്ത്രമായ ഓപ്പറേഷന്‍ കമല തന്നെ പുറത്തെടുത്തത്.

അധികാരം നഷ്ടപ്പെട്ടില്ലെങ്കിലും ബിജെപിയുടെ കണക്കു കൂട്ടലുകള്‍ പിഴച്ചുവെന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് പരാജയം. വി ശരവണനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. ശരവണനെ തന്നെ നിര്‍ത്തി കൂറ് മാറ്റത്തെ ന്യായീകരിക്കാനായിരുന്നു ഈ നീക്കം. ഒരുപക്ഷെ അങ്ങനെ ചെയ്തിരുന്നെങ്കിലും ബിജെപിയ്ക്ക് ഗുണം ചെയ്‌തേക്കില്ലായിരുന്നുവെന്ന് വിബിന്റെ വോട്ട് നില വ്യക്തമാക്കുന്നു. കേരളത്തില്‍ ബിജെപി ഭരണമുള്ള ഏക നഗരസഭയാണ് പാലക്കാട്. 52 അംഗങ്ങളുള്ള നഗരസഭയില്‍ 24 അംഗങ്ങളുള്ള ബിജെപിയാണ് ഒന്നാം സ്ഥാനത്ത്. യുഡിഎഫിന് 18ഉം സിപിഎമ്മിന് ഒമ്പതും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരു അംഗവുമുണ്ട്.

ഉപതെരഞ്ഞെടുപ്പ് നടന്ന ശേഷവും സീറ്റ് നിലയില്‍ യാതൊരു മാറ്റവും സാധിച്ചില്ല എന്നതിനാല്‍ ബിജെപിക്ക് ആശ്വസിക്കാമെങ്കിലും തങ്ങളുടെ കുതിരക്കച്ചവടത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ഇതെന്നത് അവരെ തെല്ലൊന്നുമായിരിക്കില്ല അസ്വസ്ഥരാക്കുന്നത്. അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലുണ്ടായ അതൃപ്തി അവസാനിച്ച സന്തോഷത്തിലാണ് കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കെപിസിസിയില്‍ നിന്നും കടുത്ത നടപടികളുണ്ടാകുമെന്ന ആശങ്കയാണ് ഒത്തൊരുമിച്ച തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് അവരെ പ്രേരിപ്പിച്ചത്. അതിന് ഫലം കണ്ടുവെന്ന് വിബിന്റെ വിജയം വ്യക്തമാക്കുന്നു. അവിശ്വാസ പ്രമേയം പരാജയപ്പെട്ടപ്പോള്‍ കെപിസിസി വിശദീകരണം തേടിയുരുന്നു. ഡിസിസി നേരിട്ട് നിയന്ത്രിച്ചിട്ടും അവിശ്വാസ പ്രമേയം പരാജയപ്പെട്ടതാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയത്.

അവിശ്വാസത്തെ തടയാന്‍ ബിജെപി നേതൃത്വത്തിന് വേണ്ടത്ര സമയം കൊടുത്തുവെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന പരാതി. ബിജെപിയുടെ കൈവശമുണ്ടായിരുന്ന സ്ഥിരംസമിതികള്‍ക്കെതിരെയാണ് ആദ്യം അവിശ്വാസം കൊണ്ടുവന്നിരുന്നത്. ഇതേ തുടര്‍ന്ന് ബിജെപി കൂടുതല്‍ ജാഗ്രത പാലിച്ചതാണ് നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷയ്ക്കുമെതിരായ അവിശ്വാസം പരാജയപ്പെടാന്‍ കാരണമായത്. ആദ്യമേ ഇവര്‍ക്കെതിരെയാണ് അവിശ്വാസം കൊണ്ടുവരേണ്ടിയിരുന്നതെന്ന നിര്‍ദ്ദേശം ഇപ്പോഴുമുണ്ട്.

കല്‍പ്പാത്തി സീറ്റ് നിലനിര്‍ത്തിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ അടുത്ത നീക്കമെന്താണെന്നാണ് ബിജെപി നോക്കുന്നത്. എത്രയും വേഗം അധ്യക്ഷയ്ക്കും ഉപാധ്യക്ഷയ്ക്കുമെതിരെ അവിശ്വാസം കൊണ്ടുവരാനാകും കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ഏകദേശം ഉറപ്പാണ്. സിപിഎമ്മിന്റെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പിന്തുണ ഇതിന് ലഭിക്കുകയും ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍