UPDATES

സിനിമാ വാര്‍ത്തകള്‍

അഭിനയം മതിയാക്കുന്നതായി കമല്‍ ഹാസന്‍

നീതി പൂര്‍വകമായ ജീവിതത്തിന് വേണ്ടിയാണ് എന്റെ രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി കമല്‍ ഹാസന്‍ തന്റെ അഭിനയജീവതത്തോട് വിട പറയുന്നതായും പ്രഖ്യാപിച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ പിന്നെ സിനിമകളില്‍ അഭിനയിക്കില്ലെന്നാണ് കമല്‍ വ്യക്തമാക്കിയിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സംസ്ഥാന പര്യടനം ഈമാസം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പുതിയ പ്രഖ്യാപനം. തന്റെ രണ്ട് ചിത്രങ്ങളാണ് ഇനി പുറത്തു വരാനുള്ളതെന്നും അതിന് ശേഷം സിനിമകളില്‍ അഭിനയിക്കേണ്ടെന്നാണ് തന്റെ തീരുമാനമെന്നും കമല്‍ വ്യക്തമാക്കി. ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നോ തോല്‍ക്കുമെന്നോ പ്രതീക്ഷിച്ചിട്ടല്ല താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നും കമല്‍ വ്യക്തമാക്കി. നീതിപൂര്‍വകമായ ജീവിതത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ 37 വര്‍ഷമായി താന്‍ പൊതുജീവിതം നയിക്കുന്നു. ഇക്കാലത്തിനിടെയിലെ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ പത്ത് ലക്ഷത്തോളം പ്രവര്‍ത്തകരെ തനിക്ക് നേടാന്‍ സാധിച്ചുവെന്നും കമല്‍ അവകാശപ്പെടുന്നു.

250 വക്കീലന്മാര്‍ ഉള്‍പ്പെടെ യുവാക്കളായ ഒട്ടേറെ പേര്‍ക്കൊപ്പമാണ് താന്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയത്. പണം സമ്പാദിക്കാനല്ല രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ഒരു നടനായി മാത്രം ജീവിച്ച് മരിക്കാതെ ജനങ്ങളെ സേവിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ഇക്കാര്യത്തില്‍ തനിക്ക് തന്നെ ഉറപ്പുണ്ടെന്നും കമല്‍ പറയുന്നു.

എന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കും. കാവി നിറം വ്യാപകമാകുന്നതില്‍ തനിക്ക് ആശങ്കയുണ്ട്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിന് ഭീഷണിയാണ്. ദ്രാവിഡ സംസ്‌കാരത്തെയും കറുത്തവരെയും പ്രതിനിധീകരിക്കുന്നതായിരിക്കും തന്റെ രാഷ്ട്രീയത്തിലെ കറുപ്പ്. തമിഴരായ ഞങ്ങള്‍ക്ക് കറുപ്പ് ഒരു മോശം നിറമല്ലെന്നും ബിജെപിയുമായി ഒരിക്കലും കൈകോര്‍ക്കില്ലെന്നും കമല്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍