UPDATES

വീഡിയോ

നാന്‍ പൊറുക്കി താന്‍; ഭീഷണിക്കാര്‍ക്കും വിമര്‍ശകര്‍ക്കും മറുപടിയുമായി കമല്‍

ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ട് വെടിവച്ചു കൊല്ലുന്നതാണ് പുതിയരീതി

ഹിന്ദുമഹാസഭയുടെ വിധഭീഷണിയും ബിജെപി-സംഘപരിവാറിന്റെ വിമര്‍ശനങ്ങളും തനിക്കെതിരേ ഉയരുമ്പോഴും കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയവുമായി മുന്നോട്ടു തന്നെ. സ്വന്തം രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുള്ള കമല്‍ അതിനു മുന്നോടിയായി തന്നെ പൊതവേദികളില്‍ പ്രത്യക്ഷപ്പെട്ട് തന്റെ രാഷ്ട്രീയം വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദം ഉണ്ടെന്നു തുറന്നടിച്ച് സംഘപരിവാര്‍ രാഷ്ട്രീയത്തെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും പരസ്യമായി വെല്ലുവിളിക്കുന്ന കമല്‍ അതിന്റെ പേരില്‍ തനിക്കെതിരേ ഉണ്ടാകുന്ന ഭീഷണികളെ വകവയ്ക്കുന്നേയില്ലെന്നാണ് അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകുന്നത്.

ചെന്നൈയില്‍ സംഘടിപിച്ച ഒരു കര്‍ഷക പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ കര്‍ഷക വിഷയങ്ങളില്‍ തന്റെ നിലപാടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ കാണിക്കുന്ന അലംഭാവവും എടുത്തു പറയുന്നതിനൊപ്പം തനിക്കെതിരേയുള്ള വിമര്‍ശനങ്ങളെയും ഭീഷണികളെയും പരിഹസിക്കുന്നുമുണ്ട്. ഡല്‍ഹിയില്‍ ഇരുന്ന് ഒരാള്‍ തമിഴ് പൊറുക്കി എന്നാണ് എന്നെ വിളിച്ചത്. അതേ ഞാന്‍ ഒരു പൊറുക്കിയാണ്; കമല്‍ വെല്ലുവിളിയോടെ പറയുന്നു. ഹിന്ദുത്വതീവ്രവാദത്തെ കുറിച്ച് ആനന്ദവികടനിലെഴുതിയ ലേഖനത്തിന്റെ പേരില്‍ കമലിനെതിരേ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. എല്ലാകാര്യത്തിലും കള്ളത്തരം കാണിക്കുന്നൊരാളാണ് കമല്‍ എന്നാണു സ്വാമി ആക്ഷേപിച്ചത്. സുബ്രഹ്മണ്യന്‍ സ്വാമിക്കുളള മറപടിയായിരുന്നു കമലിന്റെ വാക്കുകളിലെന്നാണ് മനസിലാകുന്നത്.

കള്ളപ്പണക്കാര്‍ നാട്ടില്‍ വിലസുകയാണെന്നും കമല്‍ പരിഹാസിച്ചു. ബാങ്കുകളില്‍ നിന്നും പണം കൊണ്ടുപോയവരോട് അതിനുവേണ്ടി കെഞ്ചുകയാണ്. കള്ളന്‍ എന്നു വിളിച്ച് നാട്ടുകാര്‍ ഒരാളെ ഓടിച്ചാല്‍ പണ്ടവന്‍ ഓടുമായിരുന്നു, ഇന്ന് തിരിഞ്ഞു നിന്നു ഭീഷണി മുഴക്കുന്നു. എന്തിനാണ് ഇങ്ങനെ ചെയ്‌തെന്നു ചോദിച്ചാല്‍, തിരിച്ചു ചോദ്യം ചെയ്യും. ചോദ്യം ചോദിക്കുന്നവരെ ദേശവിരോധിയാക്കി കളയും. ജയിലില്‍ അടയ്ക്കും. ജയിലുകളില്‍ സ്ഥലം ഇല്ലാത്തതുകൊണ്ടാകാം ഇപ്പോള്‍ വെടിവച്ചു കൊല്ലലാണ് പുതിയ രീതി; കമലിന്റെ പരിഹാസം. ഹിന്ദുതീവ്രവാദത്തെ കുറിച്ച് പറഞ്ഞ കമലിനെ വെടിവച്ചു കൊല്ലണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഹിന്ദുമഹാസഭ ആഹ്വാനം ചെയ്തത്. ഈ ഭീഷണിയെക്കൂടിയാണ് കമല്‍ പരിഹിസിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍