UPDATES

ട്രെന്‍ഡിങ്ങ്

കമല്‍ ഹാസന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി: ധനസമാഹരണത്തിനുള്ള മൊബൈല്‍ ആപ്പ് നാളെ

പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിന് തുടക്കത്തില്‍ 30 കോടി രൂപയെങ്കിലും ആവശ്യമാണ്

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള ധനസമാഹരണത്തിനും ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനുമുള്ള മൊബൈല്‍ ആപ്പ് പിറന്നാള്‍ ദിവസമായ ചൊവ്വാഴ്ച പുറത്തിറക്കുമെന്ന് കമല്‍ ഹാസന്‍. കേളമ്പാക്കത്ത് ആരാധക സംഘടനാ പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിന് തുടക്കത്തില്‍ 30 കോടി രൂപയെങ്കിലും ആവശ്യമാണ്. ഈ പണം ജനങ്ങളാണ് നല്‍കുന്നതെന്നതിനാല്‍ ഭയമില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. സംഭാവനയായി ലഭിക്കുന്ന ഓരോ രൂപയ്ക്കും കണക്കുണ്ടായിരിക്കും. പാര്‍ട്ടിക്ക് പേരിടുന്നതൊന്നും വലിയ വിഷയമല്ല. പാര്‍ട്ടി തുടങ്ങുന്നതിനുള്ള മറ്റ് തയ്യാറെടുപ്പുകളാണ് പ്രധാനം. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പിറന്നാള്‍ ദിനമായ നവംബര്‍ ഏഴിന് സുപ്രധാനമായ തീരുമാനമുണ്ടാകുമെന്ന് കമല്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇതിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് അദ്ദേഹം ആരാധകരുടെ യോഗം വിളിച്ചു ചേര്‍ത്തത്.

ആരാധക സംഘടന വഴി 39 വര്‍ഷമായി പൊതുരംഗത്ത് സജീവമാണ്. മുന്‍ മുഖ്യമന്ത്രിമാരായ എംജിആറും കരുണാനിധിയുമെല്ലാം താന്‍ വിളിച്ച യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സമ്പന്നരായ ആളുകള്‍ കൃത്യമായി നികുതി നല്‍കിയാല്‍ നാടിന് വളര്‍ച്ചയുണ്ടാകും. കള്ളപ്പണം ഇല്ലാതാക്കാന്‍ ശക്തമായ നടപടി വേണമെന്നും കമല്‍ ആവശ്യപ്പെട്ടു. ഷൂട്ടിംഗിന്റെ ആവശ്യത്തിനായി പലതവണ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയിട്ടുണ്ടെങ്കിലും താന്‍ ഒരിക്കലും അവിടെ പണം നിക്ഷേപിച്ചിട്ടില്ല. എന്തെങ്കിലും സ്ഥാനത്തിനായല്ല തന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍