UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരില്‍ ഹിതപരിശോധന ആവശ്യപ്പെട്ട കമല്‍ ഹാസന്‍ വിവാദമായപ്പോള്‍ തിരുത്തി; പ്രസ്താവന വളച്ചൊടിച്ചെന്ന് വിശദീകരണം

എന്തുകൊണ്ട് സര്‍ക്കാര്‍ ഇത് ചെയ്യുന്നില്ല? അവര്‍ എന്തിനെയാണ് പേടിക്കുന്നത്?

ജമ്മു കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ പിന്‍വലിച്ച് വിശദീകരണവുമായി നടന്‍ കമല്‍ ഹാസന്‍. ജനഹിത പരിശോധന നടത്തൂ, എല്ലാവരും സംസാരിക്കട്ടെ. എന്തുകൊണ്ട് സര്‍ക്കാര്‍ ഇത് ചെയ്യുന്നില്ല? അവര്‍ എന്തിനെയാണ് പേടിക്കുന്നത്? നമ്മള്‍ ഈ രാജ്യത്തെ വെട്ടിമുറിച്ച് രണ്ടാക്കിയതാണ്. ഒരിക്കല്‍ കൂടി എന്തുകൊണ്ട് അവരോട് എന്ത് വേണം എന്ന് ചോദിക്കുന്നില്ല? എന്നാല്‍ അവര്‍ അത് ചെയ്യാന്‍ പോകുന്നില്ല – ചെന്നൈയില്‍ ഒരു പരിപാടിയ്ക്കിടെ പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കമല്‍ഹാസന്‍ ഇങ്ങനെ പറഞ്ഞിരുന്നു.

സൈനികര്‍ എന്തിന് മരിക്കണം? രണ്ട് ഗവണ്‍മെന്റുകളും (ഇന്ത്യ, പാകിസ്താന്‍) നേരാംവണ്ണം പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു സൈനികന്‍ പോലും കൊല്ലപ്പെടില്ല. നിയന്ത്രണരേഖ ശരിക്കും നിയന്ത്രണത്തിലാകുമെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. അതേസമയം ഒരു ഇംഗ്ലീഷ് ന്യൂസ് ചാനല്‍ കമലിന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നാണ് കമലിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പറയുന്നത്. മുഴുവന്‍ കാശ്മീരും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും സുരക്ഷാസേനകള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു എന്നും എംഎന്‍എം പ്രസ്താവനയില്‍ വിശദീകരിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പ് ഒരു മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ഒരു കാലത്ത് ചര്‍ച്ച ചെയ്തിരുന്ന സാധ്യതയാണിത്. ഈ ആവശ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. കമല്‍ഹാസനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയ്‌ക്കോ ഇത്തരമൊരു നിലപാടല്ല ഇപ്പോളുള്ളതെന്നും മക്കള്‍ നീതി മയ്യം പറയുന്നു.

അതേസമയം കമല്‍ പറഞ്ഞ കാര്യങ്ങള്‍ ഈ വാദത്തെ തള്ളിക്കളയുന്നതാണ്. കമല്‍ഹാസന്‍ പറഞ്ഞത് ഇതാണ്:

സര്‍, ആരുടെയെങ്കിലും ദേഹത്ത് നിന്ന് ചോര വരുന്നുണ്ട് എന്ന് വിചാരിക്കുക. ആദ്യം ആ ചോര നിര്‍ത്താനാണ് നോക്കേണ്ടത്. എന്നാല്‍ ഇവിടെ എല്ലാവരും ശ്രമിക്കുന്നത് സര്‍ജറി ചെയ്യാനാണ്. ഞാന്‍ തിരുനെല്‍വേലിയില്‍ രക്തസാക്ഷിയായ ജവാന്റെ പിതാവുമായി സംസാരിച്ചിരുന്നു. ഇരു ഗവണ്‍മെന്റുകളും ഈ പരസ്പരം പോരടിക്കുന്നത് നിര്‍ത്തണം. കഴിഞ്ഞ പതിനായിരം വര്‍ഷത്തിനിടെ ഒന്നും നമ്മള്‍ പഠിച്ചില്ലേ? – കമല്‍ ഹാസന്‍ ചോദിച്ചു.

ഞാന്‍ ‘മയ്യം’ മാഗസിന്‍ നടത്തിക്കൊണ്ടിരുന്ന സമയം കാശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് അതിലെഴുതിയിരുന്നു. ഇത് സംഭവിക്കുമെന്ന് ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഹിതപരിശോധന നടത്തൂ. അതിര്‍ത്തിക്കപ്പുറത്ത് അവര്‍ തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നത്. അവര്‍ ജിഹാദികളുടെ പോസ്റ്ററുകള്‍ ട്രെയിനുകളില്‍ പതിക്കുന്നു. ഇന്ത്യയില്‍ സിനിമ താരങ്ങള്‍ക്ക് പോലും ഈ പരിഗണന കിട്ടുന്നില്ല. അത് വിഡ്ഢിത്തരമാണ്. എന്നാല്‍ ഇന്ത്യയും ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ശരിയല്ല. നമുക്ക് മെച്ചപ്പെട്ട രാജ്യമാകണമെങ്കില്‍ നമ്മള്‍ അവരെ പോലെ പെരുമാറാതിരിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍