UPDATES

വായന/സംസ്കാരം

കാനായിയെ കണ്ടപ്പോള്‍ നബീസുമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി; മലമ്പുഴ യക്ഷിയുടെ കാലുകളുടെ ഉടമയെ തേടി 50 വര്‍ഷങ്ങള്‍ക്കിപ്പുറം ശില്പി എത്തിയപ്പോള്‍

യക്ഷിയാനം വലിയ ആഘോഷമായി നടത്തുമ്പോള്‍ ശില്പ നിര്‍മ്മാണ സഹായികളെ അവഗണിച്ചതായി അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഒടുവില്‍ നബീസുമ്മയെ തേടി കാനായി എത്തി. അരനൂറ്റാണ്ട് മുമ്പ് മലമ്പുഴ ഉദ്യാനത്തിലെ യക്ഷിശില്പ നിര്‍മ്മാണത്തിന് സഹായിയായ, യക്ഷിയുടെ കാലുകള്‍ക്ക് മാതൃകയായ നബീസുമ്മയെ കാനായി കുഞ്ഞിരാമന്‍ നേരില്‍ ചെന്നു കണ്ടു. യക്ഷി ശില്പത്തിന്റെ അമ്പതാം പിറന്നാള് ‘യക്ഷിയാനം’ എന്ന 12 ദിന പരിപാടിയിലൂടെ സര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ അതിന് ശില്പ നിര്‍മ്മാണത്തില്‍ പങ്കാളികളായവരെ അവഗണിക്കുകയാണെന്ന് പരാതികളുണ്ടായിരുന്നു. ശില്പ നിര്‍മ്മാണ സഹായികളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന നബീസ, വേലായുധന്‍, പഴനിസ്വാമി എന്നിവരെ ലളിതകലാ അക്കാദമി അവഗണിക്കുകയായിരുന്നു. ശില്പിയെങ്കിലും തങ്ങളെ ക്ഷണിക്കുമെന്നോ കാണാനെത്തുമെന്നോ ഇവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുമുണ്ടാവാത്തതിന്റെ സങ്കടം വേലായുധനും പഴനിസ്വാമിയും അഴിമുഖത്തോട് പങ്കുവച്ചിരുന്നു. ഈ പരിഭവങ്ങള്‍ക്കും പരാതികള്‍ക്കുമുള്ള പരിഹാരമായിരുന്നു കാനായിയുടെ മുന്‍കൂട്ടി നിശ്ചയിക്കാത്ത സന്ദര്‍ശനം.

മലമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നബീസുമ്മയുണ്ടെന്നറിഞ്ഞ് കാനായിയും ഭാര്യയും എത്തി. എന്നാല്‍ നബിസുമ്മയ്ക്ക് ആദ്യം തന്നെ കാണാനെത്തിയത് ആരെന്ന് മനസ്സിലായില്ല. അസുഖങ്ങളാല്‍ ഓര്‍മ്മ ഏറെക്കുറെ നഷ്ടമായിരുന്നു നബീസയ്ക്ക്. എന്നാല്‍ പേര് പറഞ്ഞ് പരിചയപ്പെടുത്തിയതോടെ നബീസുമ്മയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. പിന്നീട് ശില്പ നിര്‍മ്മാണ ദിവസങ്ങളിലെ ഓര്‍മ്മകള്‍ ഓരോന്നും എടുത്ത് പറഞ്ഞത് നബീസുമ്മയാണ്. കൂടെ ജോലിയിലുണ്ടായിരുന്ന ഓരോരുത്തരുടേയും പേരുകള്‍ നബീസ ഓര്‍ത്തെടുത്തു. എല്ലാവരുടേയും പേരുകള്‍ പറഞ്ഞ് കാനായിയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.

‘മലമ്പുഴ ഉദ്യാനം ഒക്കെ പോയി. അന്നത് പൂങ്കാവനമായിരുന്നു. ഇന്നത് മരുഭൂമിയായി. 33 വര്‍ഷം അവിടെ ജോലി ചെയ്തു. പക്ഷെ ഇപ്പോള്‍ ഉദ്യാനത്തിലേക്ക് പോണമെങ്കില്‍ ടിക്കറ്റ് എടുക്കണം’ നബീസുമ്മ പരാതിയായി പറഞ്ഞു. ‘ഇനിയൊരിക്കല്‍ കാണാനുണ്ടാവുമോയെന്നറിയില്ല’ എന്ന് പറഞ്ഞ നബീസയോട് ‘ എന്നെയോര്‍ക്കുമ്പോള്‍ ഉദ്യാനത്തില്‍ ചെന്ന് എന്റെ മകളെയൊന്ന് കണ്ടാല്‍ മതി. എന്റെ ആദ്യത്തെ മകളാണ് മലമ്പുഴയിലെ യക്ഷി’ എന്നായിരുന്നു കാനായിയുടെ മറുപടി. അര മണിക്കൂര്‍ നബീസുമ്മയോടൊപ്പം ചെലവഴിച്ച് കാനായി വീണ്ടും ‘യക്ഷിയാന’ വേദിയിലേക്ക് തിരിച്ചു.

നബീസയാണ് യക്ഷിയുടെ കാലുകള്‍ക്ക് മാതൃകയായതെന്ന് ശില്പ നിര്‍മ്മാണ സഹായിയായുണ്ടായിരുന്ന വേലായുധന്‍ വെളിപ്പെടുത്തിയിരുന്നു. നബീസുമ്മയെ കണ്ട കാനായി തങ്ങളേയും കാണാനെത്തുമെന്ന പ്രതീക്ഷയിലാണ് വേലായുധനും പഴനിസ്വാമിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍