UPDATES

ട്രെന്‍ഡിങ്ങ്

നാഗ്പൂരില്‍ നിന്നും ചോറുണ്ടാല്‍ വിചാരധാര ഭരണഘടനയാകില്ല; കര്‍ണ്ണാടക ഗവര്‍ണറോടാണ്

യെദിയൂരപ്പയുടെയും, കെ സുരേന്ദ്രന്റെയും ചാരിത്ര്യ പ്രസംഗം ബിജെപിയുടെ രാഷ്ട്രീയ ധാര്‍മ്മികതാ ചരിത്രവും

കര്‍ണാടകയില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ജനതാദള്‍ എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ഉള്ള കോണ്‍ഗ്രസ് തീരുമാനം രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന യെദിയൂരപ്പയുടെയും, കെ സുരേന്ദ്രന്റെയും വിമർശനങ്ങൾ ആണ് ഇന്ന് കണ്ട ഏറ്റവും വലിയ തമാശ. പിന്നിട്ട കാലത്തെ ഓർമ്മകൾ മാഞ്ഞു പോകുന്ന ഏതോ അസുഖം ബാധിച്ചിരിക്കുന്നു ബി ജെ പി നേതാക്കൾക്ക് എന്ന് വേണം അനുമാനിക്കാൻ. എന്നാൽ ഈ ഓര്‍മ്മപിശക് രാജ്യത്തെ മറ്റു ജനങ്ങൾക്ക് ബാധകമല്ലെന്നു മാത്രം മനസ്സിലാക്കിയാൽ നല്ലത്.

മേഘാലയിലെ തെരഞ്ഞെടുപ്പ് ഫലം എന്തായിരുന്നു? രണ്ടേ രണ്ടു സീറ്റ് ആയിരുന്നു ബി ജെ പി യുടെ സമ്പാദ്യം, രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കുതിര കച്ചവടത്തിന് ആണ് പിന്നീട് മേഘാലയ സാക്ഷി ആയത്. ആ കച്ചവടത്തിന് ചുക്കാൻ പിടിച്ചതോ ഇന്ന് പിൻവാതിൽ പ്രവേശനത്തിന് വിമർശന കാവ്യം രചിക്കുന്നവരും. മണിപ്പൂരിൽ കോണ്‍ഗ്രസ് 28 സീറ്റും ബിജെപി 21 സീറ്റുമാണ് നേടിയത്. ഭരണത്തിലെത്തിയത് ബി ജെ പി. ഗോവയില്‍ കോണ്‍ഗ്രസിന് 17 സീറ്റും ബിജെപിയ്ക്ക് 13 സീറ്റുമാണ് ലഭിച്ചത്. അവിടെ ഭരണം ബി ജെ പിക്ക്. ഇവിടെയൊന്നും ഭൂരിപക്ഷം ഇല്ലെന്ന കാരണത്താൽ ബിജെപി ഭരണത്തിൽ നിന്ന് മാറിനിന്നിട്ടില്ല. രാഷ്ട്രീയ ധാർമികതയുടെ ഇൻറ്റർസിറ്റി ഗോവയിൽ നിന്ന് കർണാടകയിൽ എത്തുമ്പോൾ മാത്രം ഉണരുന്നതിനു പിന്നിലെ വേദന മനസ്സിലാക്കാൻ അമിത് ഷായുടെ ചാണക്യ ബുദ്ധി വേണമെന്നില്ല ദൈനം ദിനം പത്രം വായിക്കുന്നവന്റെ കോമൺ സെൻസ് മതിയാകും. കർണാടക ഗവർണർ പണ്ട് നാഗ്പൂരിൽ നിന്ന് ചോറുണ്ടു കാണും അതുകൊണ്ട് വിചാരധാര ഭരണഘടനാ ആവില്ലെന്ന് ഓർക്കണം.

തെരഞ്ഞെടുപ്പിനെ യുദ്ധക്കളം എന്നാണു അമിത് ഷാ വിശേഷിപ്പിച്ചത്, യുദ്ധങ്ങളിൽ ധാർമികത ഇപ്പോഴും പ്രതീക്ഷിക്കരുത്. പ്രത്യേകിച്ചു മരുന്നിനു പോലും അത് കയ്യിലില്ലാത്തവർ. ഇപ്പോഴും മാധ്യമങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ചു ജെ ഡി എസ് – കോൺഗ്രസ്സ് എം എൽ എ മാരെ ചാക്കിട്ടു പിടിക്കാൻ ബി ജെ പി ശ്രമിക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ രണ്ടു ദൂതന്മാരെ അമിത് ഷാ ചാർട്ടർ ഫ്‌ളൈറ്റിൽ കർണാടകയിലേക്ക് പറഞ്ഞു വിട്ടിട്ടുമുണ്ട്. ഇതെല്ലം സൂചിപ്പിക്കുന്നത് എന്താണ്?

ത്രിപുരയുടെ ഹാങ്ങ് ഓവറിൽ കർണാടക കൂടി പിടിക്കാം എന്ന മോഹത്തിനേറ്റ തിരിച്ചടിയുടെ ബാക്കി പത്രമാണ് യെദിയൂരപ്പയുടെയും, കെ സുരേന്ദ്രന്റെയും പ്രസ്താവനകൾ. അമിത് ഷാ യുടെ ആശീര്‍വാദത്തിൽ ബി ജെ പി കളിച്ചു പോന്ന കളികൾ അതെ നാണയത്തിൽ കോൺഗ്രസ്സും കളിക്കാൻ ശീലിച്ചിരിക്കുന്നു. ഒരുപക്ഷെ അതൊരു തിരിച്ചറിവും ആയിരിക്കാം. ഒരു വലിയ കാലഘട്ടത്തിനു ശേഷം കോൺഗ്രസ്സ് രാജ്യത്തു നടത്തിയ ഏറ്റവും മികച്ച ഒരു മൂവ് ആണ് ജെ ഡി എസ് സഖ്യം എന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തുന്നു. ചരിത്രത്തിൽ നിന്ന് കോൺഗ്രസ്സുകാരും ചില പാഠങ്ങൾ പഠിക്കാൻ തുടങ്ങിയിരിക്കുന്നു, ഇവിടെ അവർക്കു വഴികാട്ടി ആയതോ ബി ജെ പിയും.

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍