എം.ബി.ശ്രീനിവാസനില്‍ നിന്നു ഇടവേള ബാബുവിലേക്കുള്ള ദൂരം ഒരു ചെറിയ ദൂരമല്ല
ഇത് മാനാമതുരായി ബാലകൃഷ്ണന്‍ ശ്രീനിവാസന്‍. ബ്യുട്ടി പാര്‍ലറുകളില്‍ നിന്നു പുട്ടിയിട്ടു പെയിന്റടിച്ച മുഖവുമായി എ.എം.എം.എ.ജനറല്‍ ബോഡി യോഗങ്ങളില്‍ വന്നു വെള്ളി വെളിച്ചത്തില്‍ പുളയുന്ന മോളിവുഡ് സിനിമക്കാരില്‍ ഭൂരിപക്ഷത്തിനും അറിയാനിടയില്ല. മലയാളികളെ മരണം വരെ പിന്തുടരുന്ന മനോഹര ഗാനങ്ങള്‍ പകര്‍ന്നു തന്ന പ്രിയപ്പെട്ട എം.ബി.ശ്രീനിവാസന്‍ എന്ന മഹാനായ സംഗീതകാരന്‍. 1962ല്‍ ഫോര്‍ട്ട് കൊച്ചിക്കാരനായ ഒരു പാവം ചെറുപ്പക്കാരനെക്കൊണ്ട് ‘ജാതിഭേദം മതദ്വേഷം’എന്നു തുടങ്ങുന്ന ഗുരുവിന്റെ നാലുവരി കവിത പാടിച്ച് ‘കാല്‍പ്പാടുകള്‍’എന്ന ചിത്രത്തിലൂടെ വിശ്വ സംഗീത ചക്രവാളത്തിലേക്ക് പറത്തിവിട്ട അതുല്യനായ സംഗീത സംവിധായകന്‍.
1925 സെപ്തംബര്‍ 19 നു ചിറ്റൂരില്‍ ജനിച്ച അതീവ സമ്പന്നമായ ഒരു തമിഴ് യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലെ ആണ്‍ തരി. പക്ഷേ ചെറുപ്പം തൊട്ടേ അദ്ദേഹത്തെ ആകര്‍ഷിച്ചത് കമ്മ്യുണിസ്റ്റ് ആശയങ്ങളാണ്. സ്വാതന്ത്ര്യ പൂര്‍വകാലം തൊട്ടേ M S O എന്ന മദ്രാസ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ പ്രമുഖ സംഘാടകനും സംസ്ഥാന ഭാരവാഹിയുമായിരുന്നു എം ബി എസ്. പിന്നീട് ഇന്ത്യയാകെ സര്‍ഗ്ഗാത്മകതയുടെ കൊടുങ്കാറ്റ് അഴിച്ചു വിട്ട ഐ.പി.ടി.എ യുടെ മുഖ്യ സംഘാടകനും ഭാരവാഹിയുമായി.സംഗീതത്തില്‍ ഇപ്റ്റ തുടക്കമിട്ട നവതരംഗത്തിന്റെ പ്രോദ്ഘാടകരില്‍ ഒരാളായി. ഇന്നും നാം പാടുകയും കേള്‍ക്കുകയും ചെയ്യുന്ന പല പാട്ടുകള്‍ക്കും ജന്മം നല്‍കി. അമ്പതുകളുടെ തുടക്കത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലെ അന്തേവാസിയായി. പാവങ്ങളുടെ പടത്തലവന്‍ സ:എ.കെ.ജിയുടെ െ്രെപവറ്റ് സെക്രട്ടറിയായി. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ അടിസ്ഥാന ജന വര്‍ഗ്ഗങ്ങളുടെ ജീവിതം അടുത്തറിഞ്ഞ് അതിനോടൊപ്പം സഞ്ചരിച്ചു. 1971 ല്‍ മദ്രാസ് യൂത്ത് ക്വയര്‍ സ്ഥാപിച്ചു.
തമിഴിലും മലയാളത്തിലുമായി ഏറ്റവും മികച്ച നിരവധി ചലച്ചിത്ര ഗാനങ്ങള്‍ സൃഷ്ടിച്ചു.അടൂര്‍ ഗോപാലകൃഷ്ണന്റെയും,എം ടിയുടെയും കെ.ജി ജോര്‍ജ്ജിന്റെയും ഹരിഹരന്റെയും ലെനിന്‍ രാജേന്ദ്രന്റെയും പ്രിയപ്പെട്ട സംഗീതകാരനായി.
‘ശരദിന്ദൂ മലര്‍ ദീപ നാളം നീട്ടി,’കൃഷ്ണ തുളസിക്കതിരുകള്‍’,ഒരു വട്ടം കൂടി ,’ചൈത്രം ചായം ചാലിച്ചൂ’,’ എന്റെ കടിഞ്ഞൂല്‍’, ഭരതമുനിയൊരു .., എണ്ണിത്തീര്‍ക്കാനാവില്ല എം ബി എസ്സിന്റെ പ്രശസ്തഗാനങ്ങള്‍. ജോണ്‍ അബ്രഹാമിന്റെ അഗ്രഹാരത്തില്‍ കഴുതൈ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ധീരേതിഹാസങ്ങളില്‍ ഒന്നായ ഡോ.സൈഫുദീന്‍ കിച്‌ലു വിന്റെ മകള്‍ സാഹിദയെയാണ് എം ബി എസ് വിവാഹം കഴിച്ചത്. പ്രധാനമന്തി ജവഹര്‍ലാല്‍ നെഹ്‌റുവാണ് ആ കല്ല്യാണത്തിനു കാര്‍മ്മികത്വം വഹിച്ചത്… ഇതിനൊക്കെ അപ്പുറമുള്ള ഒരു കാര്യത്തെക്കുറിച്ചു പറയാനാണീ മുഖവുരയെല്ലാം…
അത്, അമ്മയ്ക്കും മാക്ടയ്ക്കും ഫെഫ്ക്കയ്ക്കുമെല്ലാം മുന്‍പ് തെക്കേ ഇന്ത്യയില്‍ ആദ്യമായി സിനിമാക്കാര്‍ക്ക് ഒരു തൊഴില്‍ സംഘടനയ്ക്ക് നേതൃത്വം നല്‍കിയത് ആ വലിയ വിപ്ലവകാരിയാണ്. രണ്ടു സംഘടനകള്‍ അദ്ദേഹം നയിച്ചു. 1.സിനി ടെക്‌നിഷ്യന്‍സ് യുണിയന്‍ 2.സിനി മ്യുസിഷ്യന്‍സ് യുണിയന്‍. രാഷ്ട്രീയവും സാമൂഹ്യവുമായ അനുഭവങ്ങളുടെ അനന്തമായ ഒരു പശ്ചാത്തലം സ്വന്തമായുള്ള മനുഷ്യരാണ് സ്വന്തം താല്‍പ്പര്യങ്ങള്‍ക്കപ്പുറം വിശാലമായ ജനകീയ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞു ഒരു പ്രസ്ഥാനം നയിക്കാന്‍ പ്രാപ്തരാകുന്നത്.എം.ബി.ശ്രീനിവാസനില്‍ നിന്നു ഇടവേള ബാബുവിലേക്കുള്ള ദൂരം ഒരു ചെറിയ ദൂരമല്ല.എം ബി എസ്സും സഖാക്കളും എന്തിനു വേണ്ടിയൊക്കെ പൊരുതിയോ അതിന്റെ നേരെ എതിര്‍ പക്ഷത്താണ് കേരളത്തിലെ ചലച്ചിത്ര സംഘടനകളുടെ സ്ഥാനം. അതുകൊണ്ടു മാഫിയാ മൂലധന ശക്തികളുടെയും സൂപ്പര്‍ താര വ്യവസ്ഥയുടെ നിക്ഷിപ്ത താല്‍പര്യങ്ങളുടെയും നടത്തിപ്പിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ള ഈ ജനാധിപത്യ വിരുദ്ധ,സത്രീ വിരുദ്ധ ആള്‍ക്കൂട്ടങ്ങളുടെ തകര്‍ച്ചയില്‍ ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ല. അത് ചരിത്രത്തിന്റെ കാവ്യ നീതിയാണ്.
‘വേലക്കാരി വന്നില്ല്യാന്നു വെച്ചാ എന്താ ചെയ്യാ..പാല്‍പ്പായസം മ്മള് തന്നെ വെക്കേണ്ടി വരില്ല്യെ ‘എന്നൊക്കെ ചിന്തിക്കുന്ന ഒരു ചിന്തയും കര്‍മ്മവും ഉള്ളവര്‍ തന്നെയാണ് അതിന്റെ നേതൃത്വത്തിലെ ഉണ്ണികളും ഉണ്ണിക്കുട്ടന്മാരും…
അവര്‍ കണക്കു പറയേണ്ട കാലം വരും. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളോട്…ബഹിഷ്‌ക്കരണത്തിന്റെ ചിതയില്‍ നിങ്ങള്‍ പച്ചമരം പോലെ കത്തിച്ച രാഷ്ട്രീയ ബോധമുള്ള വലിയ കലാകാരന്മാരോട്.
(കരിവെള്ളൂര്‍ മുരളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)