UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തെ പേ പിടിച്ച ഒരു ആള്‍ക്കൂട്ടമാക്കാന്‍ ആസൂത്രിത ശ്രമം: കരിവള്ളൂര്‍ മുരളി

മനുഷ്യരെ തല്ലിക്കൊല്ലുന്ന ആള്‍ക്കൂട്ടങ്ങള്‍ പോലെയായി കേരളവും മാറാതിരിക്കാന്‍ ഇനിയും ഉണര്‍ന്നേ തീരൂ

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന അജ്ഞാത വാര്‍ത്തയുടെ മറവില്‍ കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും യാചകര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ഈ വിഷയത്തെക്കുറിച്ച് നാടകപ്രവര്‍ത്തകന്‍ കരിവള്ളൂര്‍ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഏതാനും മാസം മുമ്പ് ഒരു ബസ് യാത്രയിലാണ് ഞാന്‍ അസീസിനെ കണ്ടത്. ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നും കേരളത്തില്‍ എത്തിയ ഇരുപതുകാരന്‍. ആലക്കോട്ടെ ഹോട്ടലില്‍ പൊറോട്ടയുടെ പണിയാണ് അസീസിന്. ജോലി, കൂലി, താമസ സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ചോദിക്കാതെ തന്നെ അവന്‍ വിശദമാക്കി. കുറച്ചു നേരത്തെ സംസാരം സൃഷ്ടിച്ച സ്വാതന്ത്ര്യത്തിന്റെ ബലത്തില്‍ അവനോട് ഒരു കാര്യം ഞാന്‍ ചോദിച്ചു ആയിരക്കണക്കിന് നാഴിക അകലെയുള്ള ഒരു വടക്ക് കിഴക്കന്‍ സ്റ്റേറ്റില്‍ നിന്നും 28 സംസ്ഥാനങ്ങളെയും ഒഴിവാക്കി ഈ തെക്കേ അറ്റത്തുള്ള ഇത്തിരിപ്പോന്ന സ്ഥലത്തേക്ക് എന്തിനാണ് നിങ്ങള്‍ വരുന്നത്?അതിനിടയില്‍ എത്ര വലിയ നഗരങ്ങളുണ്ട്? എത്ര സംസ്ഥാനങ്ങളുണ്ട് ? വളരെ ലാഘവത്വത്തോടെ ഒരു ചെറു ചിരിയോടെയാണ് അവന്‍ ആ ചോദ്യത്തെ നേരിട്ടത്. ഈ ചോദ്യത്തിന് ആരോടും മറുപടി പറയാന്‍ സുസജ്ജനായതു പോലെ. അതൊന്നും ഉത്തരമായിരുന്നില്ല. ഒരു പിടി ചോദ്യങ്ങളായിരുന്നു.

എവിടെയാണ് ഇന്ത്യയില്‍ ഞങ്ങള്‍ക്ക് ഇത്രയും കൂലിയും വേലയും കിട്ടുന്നത് ?
എവിടെയാണ് ജാതി മേലാളന്മാരെയോ മത ഭ്രാന്തന്മാരെയോ അല്‍പ്പം പോലും ഭയപ്പെടാതെ ഇതു പോലെ സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നത് ?
എവിടെയാണ് ബസ്സില്‍ താങ്കളെപ്പോലെ മാന്യമായി വസ്ത്രം ധരിച്ച ഒരാളുടെ കൂടെ അതേ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യാന്‍ കഴിയുന്നത്?
എവിടെയാണ് ഞാന്‍ തന്നെ പൊറോട്ടയടിക്കുന്ന ഹോട്ടലിലെ മേശയുടെ ഒരു ഭാഗത്തിരുന്ന് ഒട്ടും ഭയപ്പെടാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാവുന്നത്?
എവിടെയാണ് കാണുന്നവരും പരിചയപ്പെടുന്നവരുമെല്ലാം ജാതിയും മതവും അന്വേഷിക്കാത്തവരായി ഉള്ളത്?

അസീസില്‍ നിന്നു ഒരു പാടു കാര്യങ്ങള്‍ ഞാനും പഠിക്കുകയായിരുന്നു. കേരളത്തിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഏതു മനുഷ്യനോടും നിങ്ങള്‍ ചോദിക്കൂ. ഏറിയും കുറഞ്ഞും ഇതൊക്കെ തന്നെയാണ് നമ്മുടെ നാടിനെക്കുറിച്ചുള്ള അവരുടെ പ്രതികരണം.
അടുത്ത കാലത്തായി അതെല്ലാം അട്ടിമറിക്കപ്പെടുകയാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്നാരോപിക്കുന്ന നിരവധി കെട്ടുകഥകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. കുട്ടികളിലും രക്ഷിതാക്കളിലും വ്യാപകമായിക്കഴിഞ്ഞ ഈ ആശങ്ക മുഴുവന്‍ ജനങ്ങളിലേക്കും ഒരു മാസ് ഹിസ്റ്റീരിയ പോലെ പടര്‍ത്തുകയാണ്. ഇതിനു വേണ്ടി നിഗൂഡമായ ലക്ഷ്യത്തോടെ നിരവധി വ്യക്തികളും വര്‍ഗ്ഗീയ ഗ്രൂപ്പുകളും പരിശ്രമിക്കുന്നു. കേരളത്തെക്കുറിച്ച് ഇന്ത്യയാകെ തുടര്‍ച്ചയായി നടന്നു വന്ന അപവാദ പ്രചാരണങ്ങളുടെ മറ്റൊരു മുഖമാണ് ഈ വ്യാജ പ്രചാരണവും. ഇതിനു പിന്നിലെ ലക്ഷ്യം വ്യക്തമാണ്. വിചാരണയും വിധിയും തെരുവില്‍ വെച്ചു തന്നെ നടപ്പിലാക്കുന്ന ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ഭ്രാന്തു കയറിയതു പോലുള്ള ആള്‍ക്കൂട്ടങ്ങളെ ആവര്‍ത്തിച്ചുള്ള അസത്യ പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കുകയെന്നത് വര്‍ഗീയ ശക്തികളുടെ ആത്യന്തിക ആവശ്യമാണ്.

ജാതിയും മതവും പറഞ്ഞും വര്‍ഗീയത ഇളക്കിവിട്ടും നടത്തുന്ന ഭിന്നിപ്പിക്കല്‍ ശ്രമങ്ങള്‍ നവോത്ഥാനത്തിന്റെ ദീര്‍ഘ ചരിത്രമുള്ള ഒരിടത്ത് നടക്കാതെ വന്നപ്പോള്‍ കണ്ടു കിട്ടിയ പുതിയ പദ്ധതിയാണ് അരക്ഷിതത്വം വളര്‍ത്തി മനുഷ്യരെ അക്രമത്തിലേക്ക് തിരിച്ചു വിടല്‍. അപരത്വം സൃഷ്ടിക്കുക എന്നത് മതത്തിന്റെ പേരില്‍ മാത്രമല്ല, ദേശത്തിന്റെ പേരില്‍ കൂടിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു തൊഴിലെടുക്കുവാന്‍ ഇവിടെ എത്തിയവര്‍ മുഴുവന്‍ കുറ്റവാളികളും സംശയത്തിന്റെ നിഴലില്‍ ഉള്ളവരാണെന്നും പരത്തുന്നത് ലോകത്തെങ്ങുമുള്ള മലയാളികളുടെ നില തന്നെ പരുങ്ങലിലാക്കും. കൂത്തുപറമ്പിനടുത്ത മാനന്തേരിയില്‍ മനസ്സിന്റെ സമനില തെറ്റിയ ഒരു വടക്കേ ഇന്ത്യന്‍ തൊഴിലാളിയെ ജനക്കൂട്ടം തല്ലിച്ചതച്ചത് ഈ മാസ് ഹിസ്റ്റീരിയ സൃഷ്ടിച്ച ദുരന്തമാണ്.

കായികാദ്ധ്വാനം ആവശ്യമുള്ള എല്ലാ മേഖലകളിലും മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ വിയര്‍പ്പിലാണ് ഇപ്പോള്‍ കേരളം പിടിച്ചു നില്‍ക്കുന്നത്. റോഡും പാലവും കെട്ടിടവുമെല്ലാമായി മലയാളി നയിക്കുന്ന ജീവിതത്തില്‍ വീണ വിയര്‍പ്പുതുള്ളികള്‍ മുഴുവന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന സഹോദരങ്ങളുടെതാണ്. നന്ദിപൂര്‍വ്വം അതിനോട് സമീപിക്കേണ്ട ഒരു സമൂഹം അവരെ മുഴുവന്‍ കുട്ടികളെ പിടിയന്മാരും ക്രിമിനലുകളുമാക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന നിറം പിടിപ്പിച്ച കഥകള്‍ ഫോര്‍വേഡ് ചെയ്ത് അശാന്തിയും അസ്വസ്ഥതയും പടര്‍ത്താന്‍ മത്സരിക്കയാണ്. ഇതവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തേ തീരു.വ്യാജ പ്രചാരണം നടത്തുന്നവരെയും മുന്‍ പിന്‍ നോക്കാതെ അത് ആഘോഷിക്കുന്നവരെയും ഒരു പോലെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം.മുഴുവന്‍ ജനകീയ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ എജന്‍സികളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ജാതി മാറി കല്യാണം കഴിച്ചതിനും പശുവിനെ തെളിച്ചു വഴിയിലൂടെ പോയതിനും മനുഷ്യരെ തല്ലിക്കൊല്ലുന്ന ആള്‍ക്കൂട്ടങ്ങള്‍ പോലെയായി കേരളവും മാറാതിരിക്കാന്‍ ഇനിയും ഉണര്‍ന്നേ തീരൂ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍