UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണാടക ബംപര്‍ സ്വതന്ത്രന്‍ നാഗേഷിന്; ഏത് പാളയത്തില്‍ എന്ന് ഇപ്പൊഴും തീര്‍ച്ചയില്ല

തന്റെ പത്രിക തള്ളിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോതൂര്‍ മഞ്ജുനാഥ് നാഗേഷിന് വേണ്ടി പ്രചരണത്തിനിറങ്ങിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ഒരു ദിവസം പിന്നീടുമ്പോള്‍ ഏതാനും എംഎല്‍എമാരെ ചുറ്റിപ്പറ്റിയാണ് കര്‍ണാടക രാഷ്ട്രീയം കറങ്ങുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന തീരുമാനത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റൊരു കുതിര കച്ചവടത്തിനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്.

ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കാതെ പോയത് ബിജെപി നടത്തിയ കുതിരക്കച്ചവടത്തിലാണ്. ചെറിയ പാര്‍ട്ടികളെ സ്വാധീനിച്ച് അവര്‍ രണ്ട് സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുത്തു. കര്‍ണാടകയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ഇതേ തന്ത്രം തന്നെ കോണ്‍ഗ്രസ് തിരിച്ചു പയറ്റുകയും ചെയ്തു. സീറ്റ് നിലയില്‍ മൂന്നാമതെത്തിയ ജെഡിഎസിന് പുറത്തു നിന്നുള്ള പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസും മന്ത്രിസഭയില്‍ വേണമെന്ന് ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ നിര്‍ദ്ദേശിച്ചതോടെ ബിജെപിയുടെ കുതിരക്കച്ചവടത്തിന്റെ സാധ്യത ഇല്ലാതായെന്നാണ് കരുതിയിരുന്നത്.

ഇന്ന് രാവിലെ വരെ മാത്രമാണ് അത്തരം പ്രതീക്ഷകള്‍ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. നാല് ജെഡിഎസ് എംഎല്‍എമാരെയും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെയും ബിജെപി സമീപിച്ചെന്നും നൂറ് കോടി രൂപ വരെ വാഗ്ദാനം ചെയ്തുവെന്നുമാണ് രാവിലെ ആദ്യം പുറത്തു വന്ന വാര്‍ത്ത. 78 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 76 പേരും ജെഡിഎസിനെ പിന്തുണച്ചുകൊണ്ടുള്ള കത്തില്‍ ഇന്ന് ഉച്ചയോടെ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഒപ്പിടാത്ത രണ്ട് എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലേക്കാണോയെന്ന് വരുന്ന മണിക്കൂറുകളില്‍ വ്യക്തമാകും. എന്നാല്‍ ഇതിനിടെ ഇനിയും അനിശ്ചിതത്വത്തില്‍ നില്ക്കുന്നത് സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷിന്റെ നിലപാടാണ്.

നാഗേഷ് ഗവര്‍ണര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ്‌

റനെബെന്നൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കെപിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശങ്കറിന്റെയും മുളബാഗിലു മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എച്ച് നാഗേഷിന്റെയും പിന്തുണ കോണ്‍ഗ്രസ് നേടിയെന്നാണ് ഇന്നലെ വൈകുന്നേരം പുറത്തുവന്ന വാര്‍ത്ത. ഇരുവരെയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തോടൊപ്പം നിര്‍ത്താന്‍ കോതൂര്‍ മഞ്ജുനാഥിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. നാഗേഷ് താന്‍ ജെഡിഎസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതായി കാണിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നതാണ്. ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനോടും പിന്തുണ അറിയിച്ചിരുന്നു. മുളബാഗിലുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കോതൂര്‍ മഞ്ജുനാഥ് പത്രിക സമര്‍പ്പിച്ചെങ്കിലും അത് തള്ളിപ്പോകുകയായിരുന്നു. ജെഡിഎസ് സ്ഥാനാര്‍ത്ഥി സമൃദ്ധി മഞ്ജുനാഥ് ആയിരുന്നു നാഗേഷിന്റെ മുഖ്യ എതിരാളി. നാഗേഷ് 74,213 വോട്ടുകള്‍ നേടിയപ്പോള്‍ സമൃദ്ധി 67,498 വോട്ടുകള്‍ മാത്രമാണ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി അമരേഷ് ആകട്ടെ കേവലം 8411 വോട്ടുകള്‍ മാത്രമാണ് നേടിയത്. കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി ലഭിച്ചതാണ് നാഗേഷിന്റെ ജയം എളുപ്പമാക്കിയത്. തന്റെ പത്രിക തള്ളിയതോടെ കോതൂര്‍ മഞ്ജുനാഥ് നാഗേഷിന് വേണ്ടി പ്രചരണത്തിനിറങ്ങിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2013ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച മഞ്ജുനാഥ് പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. നാഗേഷും ഇത്തരത്തില്‍ കോണ്‍ഗ്രസിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വവും ജെഡിഎസും പ്രതീക്ഷിച്ചിരുന്നത്.

അതിനാല്‍ തന്നെ ഫലം വന്നയുടന്‍ മണ്ഡലത്തിലെത്തിയ ശിവകുമാര്‍ നാഗേഷിനെ മാലയിട്ട് കെപിസിസി ഓഫീസ് വരെ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ നാഗേഷിന്റെ പിന്തുണ ബിജെപിയ്ക്കാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബിജെപി മന്ത്രി പദവി വാഗ്ദാനം ചെയ്തതോടെയാണ് നാഗേഷ് ചുവടുമാറ്റിയതെന്നാണ് അറിയുന്നത്. ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും നൂറ് കോടി രൂപ വരെയാണ് അവര്‍ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ജെഡിഎസ് നേതാവ് കുമാരസ്വാമി ഉയര്‍ത്തിയ ആരോപണം ഇവിടെ ശ്രദ്ധേയമാണ്. മന്ത്രിപദവിക്കൊപ്പം കോടിക്കണക്കിന് പണവും എന്ന പ്രലോഭനത്തില്‍ നാഗേഷ് വീണതാണോ?

അതേസമയം കുതിരക്കച്ചവടം നടത്തിയാല്‍ ബിജെപിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കുമെന്നാണ് കുമാരസ്വാമി പറയുന്നത്. പത്ത് എംഎല്‍എമാരെ റാഞ്ചിയാല്‍ ഇരുപത് പേരെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സര്‍ക്കാരുണ്ടാക്കുമെന്ന വാശിയില്‍ ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും ചാക്കിട്ട് പിടിത്തവും കുതിരക്കച്ചവടവും എംഎല്‍എമാരെ ഒളിപ്പിക്കലും തുടങ്ങിയ എല്ലാ അടവുകളും പയറ്റുമെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. ചുരുക്കത്തില്‍ നാളെ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കര്‍ണാടക രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തെ പുതിയ ചില കളികള്‍ പഠിപ്പിക്കുമെന്ന് വ്യക്തം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍