UPDATES

ട്രെന്‍ഡിങ്ങ്

800 കോടിക്ക് സര്‍ക്കാരുണ്ടാക്കിക്കോ എന്നു പറയാതെ പറഞ്ഞു കോടതി; ഇതിനെ ജനാധിപത്യ വിജയം എന്നൊക്കെ വിളിക്കാമോ?

ആര്‍ക്കാണ് ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആദ്യം അവസരം നല്‍കേണ്ടതെന്ന ചോദ്യത്തിന്റെ മെറിറ്റ് സുപ്രിം കോടതി പരിഗണിച്ചില്ല. ഗവര്‍ണറുടെ വിവേചനാധികരവുമായി ബന്ധപ്പെട്ട് കൂടുതല്‍ വാദങ്ങള്‍ പിന്നീട് കേള്‍ക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നു മാത്രം.

കര്‍ണാടക നിയമസഭയില്‍ യദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നേരിട്ട് ഭൂരിപക്ഷം തെളിയക്കണമെന്ന സുപ്രിം കോടതി നിര്‍ദേശം ജനാധിപത്യത്തിന്റെ വിജയമായും നീതിപീഠം അതിന്റെമേലുള്ള വിശ്വാസം നിലനിര്‍ത്തിയെന്നുമൊക്കെയായി വ്യാഖ്യാനിക്കപ്പെടുകയാണ്. യഥാര്‍ത്ഥത്തില്‍ ആ പറഞ്ഞ രണ്ടു കാര്യങ്ങളും അതിന്റെ പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പാക്കപ്പെട്ടിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചോട്ടേ.

നാളെ സഭയില്‍ യദിയൂരപ്പ വിശ്വാസവോട്ട് നേടിയെന്നിരിക്കട്ടെ, കോണ്‍ഗ്രസോ, ജനതാദളോ, അതല്ലെങ്കില്‍ ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികളോ ബിജെപി സര്‍ക്കാരിനെ അംഗീകരീക്കുമോ? അംഗീകരിക്കുന്നില്ലെങ്കില്‍ അതെന്തുകൊണ്ടായിരിക്കും? കേവലഭൂരിപക്ഷത്തിന് വേണ്ട 112 സീറ്റുകള്‍ തെരഞ്ഞെടുപ്പില്‍ കിട്ടിയിട്ടില്ല ബിജെപിക്ക് എന്ന് അറിയാവുന്നത് കൊണ്ട്, അല്ലേ? അതറിയാവുന്നതുകൊണ്ട് നാളെ ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചാലും നിങ്ങളത് അംഗീകരിക്കില്ല, ജനാധിപത്യം കച്ചവടം ചെയ്യപ്പെട്ടൂ എന്ന് നിങ്ങള്‍ അലറി വിളിക്കും. അങ്ങനയെ നിങ്ങള്‍ പറയൂ എന്നറിയാവുന്നതുകൊണ്ട് തന്നെയാണ് ചോദിച്ചത് ഇന്നത്തെ സുപ്രിം കോടതി ഉത്തരവ്- നാളെ നാല് മണിക്കു മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നുള്ള ഉത്തരവ്- പൂര്‍ണമായ ജനാധിപത്യ വിജയോ നീതിപീഠം അതിന്റെ വിശ്വാസം പൂര്‍ണമായി പരിരക്ഷിച്ചുകൊണ്ടോ നടത്തിയ ഒന്നാണോ എന്ന്.

ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ ഭരണം നടത്തുന്നത് ഏതു സാഹചര്യത്തിലാണെന്ന് ഭരണഘടനയെക്കുറിച്ച് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും അറിയാവുന്നതാണ്. ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ ഉള്ളതിനെക്കാള്‍ കുറവ് അംഗബലമാണ് എതിര്‍ഭാഗത്തുള്ള പാര്‍ട്ടിക്കോ സഖ്യത്തിനോ ഉള്ളതെങ്കില്‍ കടുതല്‍ അംഗസംഖ്യ ആര്‍ക്കാണോ അവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നു എന്നതാണ് ഭരണഘടനപരമായി ശരിയായ രീതിയിലുള്ള കാര്യം. നരസിംഹ റാവു ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ ആ സര്‍ക്കാരിനെക്കാള്‍ അംഗസംഖ്യ എതിര്‍വശത്തുള്ള ആര്‍ക്കും ഇല്ലായിരുന്നു.

ഇവിടെയോ, ബിജെപിക്ക് ഉള്ളത് 104 എംഎല്‍എമാര്‍. മറുവശത്ത് കോണ്‍ഗ്രസ്-ജനത ദള്‍ സഖ്യത്തിനുള്ളത് 117 പേര്‍. ഭൂരിപക്ഷത്തിന് വേണ്ട കണക്ക് 112. സ്വാഭാവികമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത് ആരെയാണ്! എന്നാല്‍ ഗവര്‍ണര്‍ വാജുഭായി വാല ക്ഷണിച്ചത് 104 എംഎല്‍എമാരുള്ള ബിജെപിയെ. 117 നെക്കാള്‍ വലുതാണ് 104 എന്ന് ഗവര്‍ണര്‍ കണ്ടെത്തി. യദിയൂരപ്പയെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു.

ഭൂരിപക്ഷമില്ലാത്ത ഒരു പാര്‍ട്ടിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചതു കൂടാതെ അവര്‍ക്ക് എങ്ങനെയെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടി അവശ്യമായ സമയവും അനുവദിച്ചു കൊടുത്തു ഗവര്‍ണര്‍. 104 ല്‍ നിന്നും 112ല്‍ എത്തണമെങ്കില്‍ അതെങ്ങനെയായിരിക്കും സംഭവിക്കുക എന്നും ഗവര്‍ണര്‍ക്ക് ബോധ്യമുണ്ടാകും. 117 ല്‍ നിന്നും കുറഞ്ഞത് എട്ടുപേരെങ്കിലും ഇപ്പുറത്തേക്ക് വരണം. അതങ്ങനെ വരും? എംഎല്‍എമാര്‍ക്ക് മനസാക്ഷിക്ക് അനുസരിച്ച് വിശ്വാസവോട്ടെടുപ്പില്‍ വോട്ട് ചെയ്യാനൊന്നും പറ്റില്ല. പാര്‍ട്ടിയുടെ തീരുമാനമാണ് നടപ്പാക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ കര്‍ണാടകയില്‍ ഓരോ പാര്‍ട്ടിക്കും കിട്ടിയ സീറ്റുകളുടെ എണ്ണം ഉണ്ട്. എത്ര എംഎല്‍എമാര്‍ ഏതൊക്കെ പാര്‍ട്ടിയില്‍ ഉണ്ടെന്ന് അവിടെ വ്യക്തമാണ്. ഓരോ എംഎല്‍എയും അതാത് പാര്‍ട്ടികള്‍ക്ക് അവകാശപ്പെട്ടതാണ്. പാര്‍ട്ടി ചിഹ്നത്തിലാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. തങ്ങള്‍ക്ക് ഇത്ര എംഎല്‍എമാര്‍ ഉണ്ടെന്ന് ജനത ദളും കോണ്‍ഗ്രസും ഗവര്‍ണറോട് വ്യക്തമാക്കിയതാണ്. അപ്പോള്‍ അവരുടെ 117 പേരും ബിജെപി സര്‍ക്കാരിന് എതിരേയാണ് വോട്ട് ചെയ്യുക. എന്നിരിക്കിലും 104 നെ 112 ആക്കാന്‍ ബിജെപിക്ക് കഴിയുമെങ്കില്‍ അത് കുതിരക്കച്ചവടത്തിലൂടെ തന്നെയായിരിക്കും. ഗവര്‍ണര്‍ക്ക് അറിയാത്ത കാര്യമല്ല.

സ്ഥിതി ഇതാണെന്നിരിക്കെയാണ് സുപ്രിം കോടതിയില്‍ നിന്നും ഇന്നലെയും ഇന്നുമായി ഉണ്ടായിരിക്കുന്ന വിധികള്‍ അത്രകണ്ട് ജനാധിപത്യ വിജയമെന്ന് ആഘോഷിക്കാന്‍ ഉള്ളവയല്ലെന്ന് മനസിലാക്കുന്നത്. ജനാധിപത്യ വിരുദ്ധമായ തീരുമാനത്തിലൂടെ യദിയൂരപ്പയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു യദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ചുകൊണ്ട് കോടതി ചെയ്തത്. അതല്ല, ജനാധിപത്യസംരക്ഷണമായിരുന്നു നടത്തിയതെങ്കില്‍ ഗവര്‍ണറുടെ തീരുമാനം സ്റ്റേ ചെയ്യുകയാണ് വേണ്ടത്. ഗവര്‍ണറുടെ വിവേചനാധികാരത്തെക്കാള്‍ ഭരണഘടനയുടെ മൂല്യം ഉയര്‍ത്തിക്കാട്ടി സുപ്രിം കോടതിക്ക് അത് ചെയ്യാവുന്നതേയുണ്ടായിരുന്നുള്ളൂ. കോടതി അത് ചെയ്തില്ല.

104 എന്ന സംഖ്യയില്‍ നിന്നും എങ്ങനെയെങ്കിലും നിങ്ങള്‍ 112 ല്‍ എത്തൂ എന്നു തന്നെയാണ് സുപ്രിം കോടതിയും പറഞ്ഞിരിക്കുന്നതെന്ന് നമുക്ക് മനസിലാകാതെ പോകരുത്. ഭൂരിപക്ഷമുള്ള സഖ്യത്തെ ക്ഷണിക്കാതെയാണ് ന്യൂനപക്ഷമായ ഒരു പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് നോക്കിയാല്‍ കോടതിക്ക് മനസിലാകുമായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഗവര്‍ണര്‍ നടത്തിയ ജനാധിപത്യവിരുദ്ധതയെ സുപ്രിം കോടതി പിന്താങ്ങി കൊടുത്തിരിക്കുന്നു.

ഇനി ഇന്നത്തെ ഉത്തരവ്, അതായത് നാളെ( ശനിയാഴ്ച) തന്നെ വിശ്വാസവോട്ട് നേടിയിരിക്കണം എന്ന് ബിജെപിയോട് ആവശ്യപ്പെട്ടത്. അതാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഉള്‍പ്പെടെ ജനാധിപത്യത്തിന്റെ വിജയമായും ബിജെപിയ്ക്ക് ഏറ്റ തിരിച്ചടിയുമൊക്കെയായി ആഘോഷിക്കുന്നത്. അവിടെയും ഗവര്‍ണറുടെ തീരുമാനം തെറ്റാണെന്ന് കോടതി പറഞ്ഞോ? ഇല്ല, പകരം ഗവര്‍ണര്‍ അനുവദിച്ച സമയം വെട്ടിക്കുറച്ചെന്നു മാത്രം. ഒരു ദിവസം കൊണ്ട് എന്തു വേണമെങ്കിലും ചെയ്ത് നാളെ നിങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനായാല്‍ ഭരിച്ചോളൂ എന്ന തരത്തില്‍ കോടതി ഉത്തരവിനെ വ്യാഖ്യാനിക്കാവുന്നതല്ലേ. ഗവര്‍ണര്‍ നല്‍കിയ സമയം കൊണ്ട് ബിജെപിക്ക് കൂടുതല്‍ കളികള്‍ക്ക് തയ്യാറെടുക്കാന്‍ പറ്റുമായിരുന്നിടത്ത് ആ വഴി സുപ്രിം കോടതി അടച്ചു എന്നതുമാത്രമാണ് ഇന്നത്തെ വിധിയുടെ വശം. അത് ജനാധിപത്യത്തിന്റെ പൂര്‍ണ വിജയം എന്നൊന്നും വ്യാഖ്യാനിക്കാന്‍ കഴിയില്ല. പകരം ജനധിപത്യധ്വംസനം കൂടുതല്‍ വഷളാകാതെ കോടതി കാത്തു എന്നതിലേക്ക് ചുരുക്കാം.

ആര്‍ക്കാണ് ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആദ്യം അവസരം നല്‍കേണ്ടതെന്ന ചോദ്യത്തിന്റെ മെറിറ്റ് സുപ്രിം കോടതി പരിഗണിച്ചില്ല. ഗവര്‍ണറുടെ വിവേചനാധികരവുമായി ബന്ധപ്പെട്ട് കൂടുതല്‍ വാദങ്ങള്‍ പിന്നീട് കേള്‍ക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നു മാത്രം. ചെയ്യേണ്ടത് ചെയ്യാന്‍ വൈകുന്തോറും നമ്മുടെ ജനാധിപത്യം തച്ചുതകര്‍പ്പെടുകയാണെന്ന കാര്യം മറക്കരുത്.

നാളെ വിശ്വാസ വോട്ടെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യദിയൂരപ്പയടക്കമുള്ള ബിജെപി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അവരുടെ ആത്മവിശ്വാസം എന്തിന്റെ അടിസ്ഥാനത്തിലാണ്? ജനാധിപത്യത്തിന്റെ എന്നൊന്നും തെറ്റിദ്ധരിക്കല്ലേ. 104 എന്ന സംഖ്യ 112 എന്ന മാന്ത്രികസഖ്യയാക്കി അവര്‍ക്ക് മാറ്റാന്‍ കഴിഞ്ഞാല്‍ അത് കുതിരക്കച്ചവടത്തിലൂടെ അല്ലാതെ മറ്റെങ്ങനെ? എട്ടുപേര്‍, അത് കോണ്‍ഗ്രസിലെയോ ജെഡിഎസിലേയോ അതോ രണ്ടിടത്തു നിന്നും ഉള്ളവരോ; ആരായാലും അവരിലൂടെയായിരിക്കും ബിജെപി ജനാധിപത്യം എന്ന വിശ്വാസം ഈ രാജ്യത്ത് നിന്നും ഇല്ലാതാക്കുന്നത്. ആളൊന്നിന് 100 കോടിയാണത്രെ ഓഫര്‍. ആ വിലയനുസരിച്ച് ബിജെപിക്ക് ചെലവഴിക്കേണ്ടത് വെറും 800 കോടി. റെഡ്ഡി സഹോദരന്മാര്‍ക്ക് ഒരു തുണ്ട് ഖനിയില്‍ നിന്നും ഉണ്ടാക്കാവുന്ന തുക. നാളെ കോണ്‍ഗ്രസിലെയോ ജനതദള്‍ എസ്സിലെയോ എംഎല്‍എമാര്‍ യദിയൂരപ്പയെ അനുകൂലിച്ച് വോട്ട് ചെയ്താല്‍ അവര്‍ക്ക് നഷ്ടമാകുക കൂറുമാറ്റ നിരോധന നിയമത്തിലൂടെ എംഎല്‍എ സ്ഥാനം, കിട്ടുന്നതോ നൂറു കോടിയും. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലായിരിക്കും. അതൊരു നഷ്ടമൊന്നുമല്ല. ആ കാലത്തിനിടയ്ക്ക് ജനസേവനം നടത്താന്‍ അവര്‍ക്ക് ഈ നൂറു കോടി ധാരാളം. ഇനി, കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎല്‍എമാരെ അയോഗ്യരാക്കണോ എന്ന കാര്യത്തില്‍ തീരുമാനം സ്പീക്കര്‍ ആണ് എടുക്കുന്നത്. ബിജെപിക്കാരനായ സ്പീക്കര്‍ക്ക് തങ്ങളെ സഹായിച്ചവരെ തിരികെ സഹായിക്കാന്‍ തോന്നിയാല്‍ പിന്നെ കോടതിയില്‍ പോകണം. അതിലൊക്കെ തീരുമാനമായി വരുമ്പോള്‍ ഒരു സമയമാകും. ഇനിയൊടുവില്‍ എംഎല്‍എമാര്‍ അയോഗ്യരായി പുറത്തു പോയെന്നിരിക്കട്ടെ, ആര്‍ക്കാണ് പോകുന്നത്? കോണ്‍ഗ്രസിനും ജനതാ ദളിനും. ബിജെപിക്ക് എന്ത് നഷ്ടം! നാളത്തെ വിശ്വാസ വോട്ടെടുപ്പില്‍ എന്തായാലും കൂറുമാറ്റ നിരോധന നിയമം ഇടംകോലിടില്ല. അപ്പോള്‍ 800 കോടി കൊണ്ട് ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിയും. അപ്പോഴും നമ്മള്‍ പറയുമോ ഇന്നത്തെയും ഇന്നലത്തെയും സുപ്രിം കോടതി വിധികള്‍ ജനാധിപത്യ വിജയമാണെന്ന്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍