UPDATES

വായന/സംസ്കാരം

പ്രവാസി പ്രാഞ്ച്യേട്ടന്‍മാര്‍ക്കും അവരുടെ ഗോസ്റ്റ് റൈറ്റര്‍മാര്‍ക്കും ഇതൊരു പാഠമാകട്ടെ

ഒന്നുകില്‍ ‘സ്‌പെയിന്‍-കാളപ്പോരിന്റെ നാട്’ എന്ന പുസ്തകത്തിനായി മോഷണം നടത്തിയത് സോമന്‍ ആയിരിക്കണം അല്ലെങ്കില്‍ സോമന്റെ നിര്‍ദ്ദേശപ്രകാരം ഈ പുസ്തകം തയ്യാറാക്കിയത് ഏതെങ്കിലും ഗോസ്റ്റ് റൈറ്റര്‍ ആയിരിക്കാം അതുമല്ലെങ്കില്‍ രണ്ടു കൂട്ടരും ചേര്‍ന്നുമാകാം

പ്രവാസികള്‍ക്കിടയിലെ പ്രാഞ്ച്യേട്ടന്മാര്‍ക്ക് ഏറെ താല്പര്യമുള്ള രണ്ടു വിഷയങ്ങളാണ് ഏതെങ്കിലും സംഘടനകളുടെ തലപ്പത്ത് സ്ഥാനം ഉറപ്പിക്കുക അല്ലെങ്കില്‍ എഴുത്തുകാരന്‍/കലാകാരന്‍ എന്ന നിലയില്‍ അറിയപ്പെടുക എന്നത്. നാടകാഭിനയം പാട്ടുപാടല്‍ തുടങ്ങിയവ റിസ്‌ക് കൂടിയ സംഗതികളായതിനാല്‍ സംവിധാനം, രചന തുടങ്ങി പിന്നണി പ്രവര്‍ത്തനങ്ങളാണ് പലരും തെരഞ്ഞെടുക്കുക. ഇത്തരത്തില്‍ പ്രതിഭയില്ലാത്തവര്‍ക്ക് പ്രശസ്തിയുണ്ടാക്കുവാന്‍ പറ്റിയ ഒരു മാര്‍ഗ്ഗമാണ് എഴുത്തുകാരനാകുക എന്നത്. ഇത്തരം ആളുകള്‍ക്ക് വലിയ ഒരു ആശ്വാസമാണ് ഗോസ്റ്റ് റൈറ്റര്‍മാര്‍. വിദേശരാജ്യങ്ങളില്‍ ഗൊസ്റ്റ് റൈറ്റര്‍മാര്‍ക്ക് നല്ല ഡിമാന്റാണ്. ഉപജീവനത്തിനായി കേരളത്തിലും ഈ മേഖലയെ ആശ്രയിക്കുന്നവര്‍ ഉണ്ട്. പഠന പ്രബന്ധങ്ങളും, ലേഖനങ്ങളും, കഥയും, കവിതയും തിരക്കഥയും, നോവലും എന്നുവേണ്ട ഒരിക്കലും പോയിട്ടില്ലെങ്കില്‍ പോലും വനയാത്ര മുതല്‍ സ്‌പെയിന്‍ യാത്രവരെ എന്തും ഇത്തരത്തില്‍ ഗോസ്റ്റ് റൈറ്റര്‍മാര്‍ എഴുത്തുകാരന്റെ താല്‍പര്യത്തിനനുസരിച്ച് എഴുതി നല്‍കും.

പ്രസാധകനെ ലഭിച്ചില്ലെങ്കില്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി പുസ്തകം അച്ചടിച്ചിറക്കും. എഴുതുന്ന വിഷയം പുസ്തകത്തിന്റെ പേജുകളുടെ എണ്ണം ഗോസ്റ്റ്റൈറ്ററുടെ ശമ്പളം എന്നിവയടക്കം നാല്പത്തി അയ്യായിരം രൂപ മുതല്‍ മുകളിലേക്കാണ് ഇതിനായി ശരാശരി ചിലവ് വരിക. ഗോസ്റ്റ് റൈറ്റര്‍മാര്‍ക്കും ചെറുകിട പ്രസാധകര്‍ക്കും വിതരണക്കാര്‍ക്കും ഇക്കൂട്ടര്‍ വലിയ അനുഗ്രഹമാണ്. സംഘടനകള്‍ക്ക് ക്ഷാമമില്ലാത്ത നാട്ടില്‍ ഇത്തരം ഗ്രന്ഥത്തിനു അവാര്‍ഡുകളും എഴുത്തുകാരന് സ്വീകരണങ്ങളുമെല്ലാം കരസ്ഥമാക്കുവാന്‍ സാധിക്കുകയും ചെയ്യും. കാരൂര്‍ സോമന്റെ അഭിമുഖങ്ങളും മറ്റും യൂറ്റൂബില്‍ കാണുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം വ്യക്തമാകുന്നുണ്ട്. അദ്ദേഹം ഒരു അഭിമുഖത്തില്‍ അല്‍പം പരിഹാസപൂര്‍വ്വം പറയുന്നത് ഡോളറോ പൗണ്ടോ റിയാലോ കയ്യില്‍ വരുമ്പോള്‍ പലരും പുസ്തകപ്രസിദ്ധീകരണത്തിനായി മുന്നോട്ടുവരുന്നതും അവരുടെ ചിലവില്‍ കേരളത്തിലെ ചില പ്രസാധകര്‍ ജീവിച്ചു പോകുന്നതിനെ പറ്റിയുമാണ്. ഒരു പ്രാഞ്ചിയേട്ടന്റെ ഒരുമാതിരി എല്ലാ ലക്ഷണങ്ങളും ആ അഭിമുഖങ്ങളില്‍ തെളിഞ്ഞുവരുന്നുമുണ്ട്. താന്‍ സാഹിത്യത്തില്‍ വലിയ ഒരു സംഭവമാണെന്ന് പറഞ്ഞുവെക്കുന്ന കാരൂര്‍ സോമന്‍ പുതുതലമുറയിലെ എഴുത്തുകാര്‍ക്ക് ഉപദേശങ്ങളും നല്‍കുന്നുണ്ട്. അന്യന്റെ ആശയങ്ങളും എഴുത്തും മോഷ്ടിച്ചെടുത്ത് അതും മാതൃഭൂമി പോലെ ഒരു പ്രമുഖ പ്രസാധകര്‍ വഴി പ്രസിദ്ധീകരിക്കുന്ന വ്യക്തിയാണെന്ന് ‘സ്‌പെയിന്‍: കാളപ്പോരിന്റെ നാട്’ എന്ന പുസ്തകം പൊതുസമൂഹത്തിനു വ്യക്തമാക്കി തന്നു.

കഥ, കവിത, നാടകം, ലേഖനം, സിനിമ, യാത്രാവിവരണങ്ങള്‍ തുടങ്ങി സാഹിത്യത്തിന്റെ സമസ്ഥ മേഖലകളിലും രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ഇദ്ദേഹം. ‘സ്‌പെയിന്‍-കാളപ്പോരിന്റെ നാട്’ എന്ന പുസ്തകത്തില്‍ നിരക്ഷരന്റെ ബ്ലോഗ്ഗില്‍ നിന്നും മാത്രമല്ല സജി തോമസ് എന്ന മറ്റൊരു വ്യക്തി എഴുതിയതും മോഷ്ടിച്ച് തന്റേതാക്കിയെന്ന ആരോപണവും വന്നു കഴിഞ്ഞു. ബുള്‍ഫൈറ്റ് സംബന്ധിച്ച ലേഖനമാണ് ഇപ്രകാരം തന്റെ പേരില്‍ ഇറക്കിയ പുസ്തകത്തില്‍ അനുവാദമില്ലാതെ ചേര്‍ത്തതെന്നാണ് പറയുന്നത്. ആദ്യമായല്ല കാരൂര്‍ സോമനെതിരെ ആരോപണം ഉയരുന്നത്. നേരത്തെ മാധ്യമത്തിനായി ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്തതും ഇത്തരത്തില്‍ വിവാദമായിട്ടുണ്ട്. അമ്പതില്‍ പരം പുസ്തകങ്ങള്‍ രചിച്ചു എന്ന് അവകാശപ്പെടുന്ന സോമന്റെ ഇതര കൃതികളും പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവര്‍ കണ്ടെത്തി വെളിപ്പെടുത്തുന്നതിനേക്കാള്‍ സോമന്‍ സ്വയമേവ പിന്‍വലിക്കുന്നതാകും കൂടുതല്‍ നന്നാകുക. നിരക്ഷരന്‍ 2011 ഒക്ടോബറില്‍ എഴുതിയതും സോമന്‍ തന്റെ പുസ്തകത്തില്‍ ചേര്‍ത്തതതായി ആരോപണം ഉയര്‍ന്ന സ്‌പെയിന്‍ യാത്രാ വിവരണങ്ങള്‍ ഇവിടെ വായിക്കാം.

http://niraksharan.in/?p=226
http://niraksharan.in/?p=224
http://niraksharan.in/?p=225

‘സ്‌പെയിന്‍-കാളപ്പോരിന്റെ നാട്’ എന്ന ഗ്രന്ഥത്തില്‍ മനോജ് നിരക്ഷരന്റെ ബ്ലോഗ്ഗില്‍ നിന്നും മോഷ്ടിച്ച് ചേര്‍ത്ത കാരൂര്‍ സോമന്‍ പിടിക്കപ്പെട്ടപ്പോള്‍ പഴി ചാരുന്നത് ഡി.ടി.പി ജോലികള്‍ ചെയ്തവരെയാണ്. പ്രസ്തുത പുസ്തകം താന്‍ കൈകൊണ്ട് എഴുതിയതാണ് എന്നും മനോജിന്റെ ബ്ലോഗില്‍ നിന്നും ഉള്ള ഭാഗങ്ങള്‍ പ്രസ്തുത ഗ്രന്ഥത്തില്‍ ചേര്‍ത്തത് ഡി.ടി.പിക്കാര്‍ ആണെന്നുമാണ് സോമന്റെ ന്യായീകരണം. എന്നാല്‍ എഴുതി നല്‍കുന്നത് കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്തു നല്‍കുകയാണ് ഡി.ടി.പി ജോലിക്കാര്‍ ചെയ്യുക. ഒരു യാത്രാവിവരണത്തില്‍ ഗ്രന്ഥകാരന്‍ എഴുതിയതിനെ മറികടന്നുകൊണ്ട് മൂന്ന് അധ്യായങ്ങളില്‍ തങ്ങളുടെ വകയായി പേജുകള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുക എന്ന് യാതൊരു രീതിയിലും നടക്കുവാന്‍ ഇടയുള്ള കാര്യമല്ല. മാത്രമല്ല മിക്ക എഴുത്തുകാരും പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പായി അതിന്റെ പ്രൂഫ് റീഡിംഗ് നടത്തും. ഈ ഗ്രന്ഥം രണ്ടാം എഡിഷന്‍ ഇറങ്ങുന്നു എന്നിരിക്കെ ഇത്തരം ‘കൂടിച്ചേര്‍ക്കലുകള്‍’ തന്റെ അറിവോ അനുമതിയിയോ ഇല്ലാതെ ഡി.ടി.പിക്കാര്‍ക്ക് വന്ന പിഴവാണെന്ന് സോമന്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് വ്യക്തം.

ഒന്നുകില്‍ ‘സ്‌പെയിന്‍-കാളപ്പോരിന്റെ നാട്” എന്ന പുസ്തകത്തിനായി മോഷണം നടത്തിയത് സോമന്‍ ആയിരിക്കണം അല്ലെങ്കില്‍ സോമന്റെ നിര്‍ദ്ദേശപ്രകാരം ഈ പുസ്തകം തയ്യാറാക്കിയത് ഏതെങ്കിലും ഗോസ്റ്റ് റൈറ്റര്‍ ആയിരിക്കാം അതുമല്ലെങ്കില്‍ രണ്ടു കൂട്ടരും ചേര്‍ന്നുമാകാം എന്ന സംശയത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സ്‌പെയിനില്‍ യാത്ര ചെയ്തു രചന നടത്തുവാന്‍ സാധ്യത ഇല്ലാത്ത ആരെങ്കിലുമാണ് ഗൊസ്റ്റ് റൈറ്റിംഗ് നടത്തിയതെങ്കില്‍ അവര്‍ പ്രധാനമായും ആശ്രയിച്ചിരിക്കാവുന്ന ഒന്ന് ഓണ്‍ലൈനാകും. മനോജിനെ പോലെ വളരെ നല്ല ഭാഷയില്‍ ഓരോ യാത്രയും വസ്തുതകള്‍ നിരത്തി വിസ്തരിച്ച് എഴുതുന്നവരുടെ ബ്ലോഗുകള്‍ ഇത്തരക്കാര്‍ക്ക് വലിയ ആശ്രയമാകുകയും ചെയ്യും. ഗോസ്റ്റ് റൈറ്റര്‍ ആണ് ഈ ഗ്രന്ഥത്തിനു പിന്നില്‍ എങ്കില്‍ സ്വാഭാവികമായും കാരൂര്‍ സോമന്‍ ശ്രദ്ധിച്ചു കാണുവാനും വഴിയില്ല.

മുഴങ്ങോട്ടുകാരി എന്ന് ഗൂഗിള്‍ ചെയ്താല്‍ രണ്ടാമത് കാണിക്കുന്ന ലിങ്ക് ഇഡ്ഡലി തിന്നാന്‍ വേണ്ടിയൊരു യാത്ര എന്ന ടൈറ്റിലില്‍ മനോജ് നിരക്ഷരന്‍ 2009 ജനുവരി 20 നു manoramaonline.com-ല്‍ എഴുതിയ ലേഖനത്തിലേക്കാണ്. പത്തുവര്‍ഷം മുമ്പ് മുതല്‍ നിരക്ഷരന്റെ യാത്രാവിവരണങ്ങളിലൂടെയും മറ്റും വായനക്കാര്‍ക്ക് ഏറെ പരിചിതരാണ്. അദ്ദേഹത്തിന്റെ ഭാര്യ ‘മുഴങ്ങോട്ടുകാരി’യും മകള്‍ നേഹയും. മുഴങ്ങോട്ടുകാരി എന്ന അദ്ദേഹത്തിന്റെ പ്രയോഗത്തെ പിന്‍പറ്റി ഒരു കാലത്ത് അനവധി പേര്‍ ഓണ്‍ലൈനില്‍ സഹധര്‍മ്മിണിമാരെ അവരുടെ നടിന്റെ പേരില്‍ സംബോധന ചെയ്യുകയും പതിവായിരുന്നു. സ്‌പെയിന്‍ യാത്രയുടെ വിവരങ്ങള്‍ മോഷണം നടത്തിയ ആള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല. ഗ്രന്ഥത്തില്‍ പലയിടത്തും കാരൂര്‍ സോമന്റെ കഥപാത്രങ്ങളോ സഹയാത്രികരോ ആയി പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു എന്നത് “തികച്ചും യാദൃശ്ചികം” മാത്രമാണ് എന്ന് കരുതാനാകില്ല. തിരക്കുപിടിച്ച ഈച്ചക്കോപ്പിയടിക്കിടയില്‍ ഒറിജിനല്‍ എഴുത്തുകാരന്റെ ഭാര്യയേയും മകളേയും ഒഴിവാക്കുവാന്‍ മറന്നു പോയി എന്ന് വ്യക്തം.

ബ്ലോഗ് എഴുത്തുകാരന്റെ യാത്രാക്കുറിപ്പുകള്‍ മോഷ്ടിച്ച് പുസ്തകമാക്കി; മാതൃഭൂമി ബുക്‌സും കാരൂര്‍ സോമനും കുടുങ്ങി

എഴുത്തുകാര്‍ തങ്ങളുടെ രചനകള്‍ക്ക് വിവിധ സോഴ്‌സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക പതിവുണ്ട്. ഇന്ത്യയിലെ ആദ്യ ഓഗ്മെന്റ് റിയാലിറ്റി പുസ്തകമായ മുസിരിസ് യാത്രകള്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ അവലംബമായി സ്വീകരിച്ച പുസ്തകങ്ങള്‍ സഹായിച്ച വ്യക്തികള്‍ ഇവയെ പറ്റി വിശദമായി തന്നെ മനോജ് ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പിടിക്കപ്പെട്ടപ്പോള്‍ സോമന്‍ പറയുന്നത് അടുത്ത എഡിഷനില്‍ മനോജിനു ക്രെഡിറ്റ് വെക്കാമെന്നാണ്. സോമന്‍ നടത്തിയ യാത്രാവിവരണത്തില്‍ രണ്ട് അധ്യായങ്ങളും മറ്റു പലയിടങ്ങളിലും മനോജിന്റെ യാത്ര മോഷ്ടിച്ച് ചേര്‍ത്തതിനു എങ്ങിനെയാണ് അദ്ദേഹം ക്രേഡിറ്റ് നല്‍കുക? കോ ഓതര്‍ എന്ന് പല ഗ്രന്ഥങ്ങളിലും കാണാം പക്ഷെ ഇത് സോമന്റെ മാത്രം യാത്രയാണ് എന്ന് പറഞ്ഞാണല്ലോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാത്രമല്ല സോമനും നിരക്ഷരനും ഒരുമിച്ച് ഒരിക്കലും യാത്രയും ചെയ്തിട്ടില്ല. അപ്പോള്‍ ഇപ്രകാരമാണ് ചേര്‍ക്കുന്നതെങ്കില്‍ സോമന്‍ വായനക്കാരെയല്ല വഞ്ചിക്കുന്നത്. വായനക്കാരെ വഞ്ചിക്കുന്ന എഴുത്തുകാരന് എന്ത് ആധികാരികതയും ധാര്‍മ്മികതയുമാണ് ഉള്ളത്. വായനക്കാരോട് സാധ്യമല്ലെങ്കിലും ചുരുങ്ങിയ പക്ഷം അവനവനോടെങ്കിലും നീതി പുലര്‍ത്തുവാനായി ആ യൂറ്റൂബ് അഭിമുഖങ്ങള്‍ എങ്കിലും സോമന്‍ പിന്‍ വലിക്കുവാന്‍ തയ്യാറാകണം.

സോമനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നിരക്ഷരന്‍ വ്യക്തമാക്കിയതോടെ അദ്ദേഹത്തെ വിളിച്ച് അനുനയിപ്പിക്കുവാന്‍ സോമന്‍ നേരിട്ട് ചില ശ്രമങ്ങള്‍ നടത്തി. എന്നാല്‍ നിലപാടില്‍ വിട്ടുവീഴ്ച്കള്‍ നടത്താത്ത നിരക്ഷരന്‍ അതിനു വഴങ്ങില്ല എന്ന് അദ്ദേഹവുമായി ഇടപെട്ടിട്ടുള്ളവര്‍ക്ക് അറിയാം. തന്റെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വ്യവഹാരങ്ങളില്‍ ഒരു കാരണവശാലും മനോജ് പിന്നോട്ട് പോകുന്നതല്ലെന്ന് നേരത്തെ മാലിന്യ പ്ലാന്റ് വിഷയത്തില്‍ കൊച്ചി മേയറായിരുന്ന ടോണി ചമ്മണിയുമായി ഉണ്ടായ നിയമ പ്രശ്‌നം വ്യക്തമാക്കുന്നുമുണ്ട്.

തന്റെ ബ്ലോഗില്‍ നിന്നും മോഷ്ടിച്ചെടുത്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് ഇന്ത്യന്‍ കോടതികളിലും യു കെയിലെ കോടതിയിലും കേസ് ഫയല്‍ ചെയ്യുവാനുള്ള ഒരുക്കത്തിലാണ് നിരക്ഷരന്‍. ഇക്കാര്യത്തില്‍ അദ്ദേഹം അഭിഭാഷകരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഇന്ത്യന്‍ കോടതികളില്‍ വ്യവഹാരങ്ങള്‍ നീണ്ടു പോകുമെങ്കിലും യൂറോപ്യന്‍ കോടതികളില്‍ കാര്യങ്ങള്‍ വളരെ വേഗത്തിലാണ് നീങ്ങുക. അവിടെ ഇത്തരം കാര്യങ്ങള്‍ക്ക് കര്‍ശനമായ നിയമമാണ് ഉള്ളത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ വലിയ നഷ്ടപരിഹാരവും സോമന്‍ നല്‍കേണ്ടിവരും. സോമന്‍ താന്‍ നടത്തിയ മോഷണത്തെ പറ്റി പരസ്യമായി വ്യക്തമാക്കുകയും ഒപ്പം നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കുകയും ചെയ്താല്‍ ഇതില്‍ നിന്നും പിന്‍വാങ്ങാമെന്നും നിരക്ഷരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും എന്ന് മനോജ് അറിയിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം തന്റെ ഫേസ്ബുക്ക്/ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. സോമനെ പോലുള്ളവര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ എഴുത്തുകാരെയും വായനക്കാരെയും പ്രസാധകരേയും ഒരേ സമയം വഞ്ചിക്കുന്നതാണ്. നിരക്ഷരന്റെ നിയമ പോരാട്ടവും ഒപ്പം ഓണ്‍ലൈനില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളും പ്രഞ്ചിയേട്ടന്‍ എഴുത്തുകാര്‍ക്ക് ഇതൊരു മുന്നറിയിപ്പു കൂടെയായി മാറും എന്നത് പ്രത്യാശക്ക് വക നല്‍കുന്നു. ഒപ്പം പുസ്തകത്തിലെ കോപ്പിയടി വിവാദം ശ്രദ്ധയില്‍ പെട്ടതോടെ പുസ്തകം പിന്‍വലിച്ച് മാതൃഭൂമി മാതൃകയായതും അഭിനന്ദനാര്‍ഹമാണ്. അവരും സോമനെതിരെ നടപടിക്ക് തയ്യാറാകട്ടെ.

മഴ നനയണം കഴിയുന്നത്ര; വാല്‍പ്പാറയിലേക്ക് ഒരു മഴയാത്ര

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സതീഷ് കുമാര്‍

സതീഷ് കുമാര്‍

ദുബായില്‍ ആര്‍ക്കിടെക്ചര്‍ മേഖലയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍