കാശ്മീർ വിഷയത്തിൽ പിന്തുണ നേടുന്നതിനായി യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളില്‍ നാലു രാജ്യങ്ങളേയും പാക്കിസ്താന് ബന്ധപ്പെട്ടു
കശ്മീര്‍ വിഷയം പരിഹരിക്കാൻ ഇന്ത്യയും പാക്കിസ്താനും ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചതെന്ന് വൈറ്റ് ഹൌസിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ 370ാം വകുപ്പ് നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യ പാക് വഷളായതിന് പിന്നാലെയാണ് ട്രംപിൻെ പ്രതികരണം. ഇന്നലെ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തിലും കശ്മീര്‍ വിഷയം ചര്‍ച്ചയായിരുന്നു.
ട്രംപും ഇമ്രാന്‍ഖാനും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് ട്രംപ് സമ്മതിച്ചതായും പ്രതികരിച്ചിരുന്നു. ഇതിന് പിറകെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. കാശ്മീർ വിഷയത്തിൽ ചൈനയ്ക്കു പുറമേ മറ്റൊരു രാജ്യത്തിന്റെ പിന്തുണ കൂടി ഉറപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഇമ്രാന് ഖാന് യുഎസിനെ സമീപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
കാശ്മീർ വിഷയത്തിൽ പിന്തുണ നേടുന്നതിനായി യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളില്‍ നാലു രാജ്യങ്ങളേയും പാക്കിസ്താന് ബന്ധപ്പെട്ടിട്ടുണ്ടെന്നും, ഫ്രഞ്ച് പ്രസിഡന്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതായും ഖുറേഷി വ്യക്തമാക്കി. പാക്കിസ്താന്റെ പ്രഖ്യാപിത സഖ്യകക്ഷിയായ ചൈനയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയില്‍വെച്ച് കശ്മീര്‍ വിഷയം രക്ഷാസമിതി ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ 5 സ്ഥിരാംഗങ്ങളും 10 താല്കാലിക അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം രക്ഷാസമിതി തള്ളിയിരുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് ഭരണഘടനയിലെ ‘ആര്‍ട്ടിക്കിള്‍ 370’ ഇന്ത്യ അസാധുവാക്കിയത്. ഇതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവി നഷ്ടമായി. കശ്മീരിനെ ജമ്മു കശ്മീര്‍ എന്നും ലഡാക്ക് എന്നും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് ഇന്ത്യ ചെയ്തത്.