UPDATES

ട്രെന്‍ഡിങ്ങ്

കാവ്യക്കും അറിയാം പള്‍സറിനെ; തെളിവുകള്‍ കോടതിക്കു കൈമാറി

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറഞ്ഞേക്കും

നടിയെ ആക്രമിച്ചകേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്(പള്‍സര്‍ സുനി) ഗൂഡാലോചന കേസ് പ്രതി ദിലീപിന്റെ ഭാര്യയയും നടിയുമായ കാവ്യ മാധവനും കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍. ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തിലാണ് പ്രോസിക്യൂഷന്‍ ഈ വിവരം വ്യക്തമാക്കുന്നത്. കാവ്യയുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യം സുനി തന്നെയാണ് വെളിപ്പെടുത്തിയതെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

സുനിലിനെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിനു മുമ്പ് കാവ്യയുടെ വസ്ത്രവ്യാപാരശാലയില്‍ സുനി പോയിരുന്നു. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ചു പണം ആവശ്യപ്പെട്ടതായും സുനില്‍ മൊഴിനല്‍കിയിട്ടുണ്ട്. ദിലീപ് നിര്‍ദേശിച്ചതനുസരിച്ച് കാവ്യ സുനിലിനു പണവും നല്‍കി; പ്രോസിക്യൂഷന്‍ പറയുന്നു.
കാവ്യയുടെയും കുടുംബത്തിന്റെയും വിശ്വസ്തനായിരുന്നു സുനില്‍ എന്നും ഒരിക്കല്‍ കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂര്‍ യാത്രയില്‍ സുനിലാണ് കാര്‍ ഓടിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍ വെളിപ്പെടുത്തുന്നുണ്ട്.

നാളെയാകും ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. വാദം പൂര്‍ത്തിയായി. പൊലീസിനെ പ്രതികൂട്ടില്‍ നിര്‍ത്തിയാണ് പ്രതിഭാഗം വാദിച്ചത്. കേസ് അന്വേഷിക്കുന്ന ഉദ്യോസ്ഥരുടെ നിലപാടുകള്‍ സംശാസ്പദമാണെന്നും പ്രതിഭാഗം ആവര്‍ത്തിച്ചു. ദിലീപിനെ കുടുക്കാന്‍ അന്വേഷണ സംഘം കള്ളത്തരങ്ങള്‍ മെനയുകയാണെന്നാണ് പ്രതിഭാഗം കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ പ്രോസിക്യൂഷന്‍ ദിലീപിനെ കിംഗ് ലയര്‍ എന്നാണ് കുറ്റപ്പെടുത്തിയത്. കേസിലെ പ്രധാന തെളിവായ മൊബൈലും സിം കാര്‍ഡും നശിപ്പിച്ചതായി പ്രതികള്‍ പറയുന്നത് കള്ളത്തരമാണ്. ദിലീപിന്റെ പരാതി ഡിജിപിക്ക് ലഭിക്കും മുന്‍പ് തന്നെ കേസില്‍ ദിലീപിന്റെ പങ്ക് സംബന്ധിച്ച് ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ദിലീപിനെതിരായ മൊഴികളും അതിനു മുന്‍പ് ലഭിച്ചിരുന്നു. ദിലീപിന്റെ ക്വട്ടേഷന്‍ സംബന്ധിച്ച് തൃശൂര്‍ സ്വദേശിയോട് സുനില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നടിയുടെ അപകീര്‍ത്തീകരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രതി സുനില്‍ ആവര്‍ത്തിച്ചു ശ്രമിച്ചിരുന്നു. ഗോവയില്‍വച്ചും അതിനു ശ്രമിച്ചതായി മൊഴിയും തെളിവും ഉണ്ട്. സൂത്രശാലിയായ ദിലീപ് കൃത്യം നടത്താന്‍ മികച്ച ‘കളിക്കാരനെ’ തന്നെയാണ് കളത്തില്‍ ഇറക്കിയത്; പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപിനെതിരായ കൂടുതല്‍ തെളിവുകള്‍ വിവരിക്കുന്ന രേഖകള്‍ മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്. സുനിലും കാവ്യയും തമ്മില്‍ ബന്ധമുണ്ടെന്നു സ്ഥാപിക്കുന്ന തെളിവുകളും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍