UPDATES

പ്രളയം 2019

ഉരുൾപൊട്ടൽ: വീട് ഉപേക്ഷിക്കാന്‍ തയ്യാറായി 200 കുടുംബങ്ങള്‍

ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഭൂമിയിൽ വിള്ളലുമുണ്ടായ തീരെ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ 701 കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

കഴിഞ്ഞവർഷത്തെ പ്രളയത്തിന് ശേഷം തീരെ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിൽ 701 കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ.). ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഭൂമിയിൽ വിള്ളലുമുണ്ടായ പ്രദേശങ്ങളിലെ ഇരുനൂറോളം കുടുംബങ്ങൾ വീടുപേക്ഷിച്ച് സ്ഥിരമായി മാറിത്താമസിക്കാൻ തയ്യാറാണെന്നും റിപ്പോർട്ട്. സർക്കാർ വാഗ്ദാനം നല്‍കിയ 10 ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ് പ്രയോജനപ്പെടുത്തി പുതിയ വീടും സ്ഥലവും കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ഈ കുടുംബങ്ങളെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

2018ൽ ആയിരത്തി എണ്ണൂറോളം സ്ഥലങ്ങളിലാണ് ചെറുതും വലുതുമായ മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 12 സംഘങ്ങൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇവിടങ്ങളിലെ ഒരു തരത്തിലും വാസയോഗ്യമല്ലാത്ത വിവിധ പ്രദേശങ്ങളിലാണ് എഴുനൂറിലധികം കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇവരെ മാറ്റിപ്പാർപ്പിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ പാക്കേജ് സർക്കാർ അംഗീകരിച്ചെന്നും റിപ്പോർട്ട് പറയുന്നു. ഈ വീടുകളുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയിട്ടുമുണ്ട്. ഇത്തവണയും സംസ്ഥാനത്ത് വലിയ ഉരുൾപൊട്ടൽ ഉണ്ടായ പശ്ചാത്തലത്തിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളിൽനിന്ന് ആളുകളെ ഇത്തരത്തിൽ മാറ്റിപ്പാർപ്പിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മാറിതാമസിക്കുന്നവർക്ക് ആ പ്രദേശത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടില്ലെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അവർക്കവിടെ നിർമാണപ്രവർത്തനങ്ങൾ നടത്താൻ മാത്രമേ വിലക്കുള്ളൂ. പുതുതായി മാറുന്ന സ്ഥലത്ത് ഏറ്റവും കുറഞ്ഞത് മൂന്നുസെന്റ് സ്ഥലം വേണം. ഇഷ്ടമുള്ള വലുപ്പത്തിൽ വീട് വെയ്ക്കുകയോ വാങ്ങുകയോ ചെയ്യാവുന്നതാണെന്നും റീ ബിൽഡ് കേരള സി.ഇ.ഒ. ഡോ. വി. വേണു വ്യക്തമാക്കുന്നു.

ആരെയും നിർബന്ധിച്ച് മാറ്റിപ്പാർപ്പിക്കില്ല. ഇക്കാര്യത്തിൽ ബോധവത്കരണം നടത്തും. പ്രളയസാധ്യത കണക്കിലെടുക്കുമ്പോൾ വാസയോഗ്യമല്ലെന്ന് വ്യക്തമാകുന്ന സ്ഥലങ്ങളിൽനിന്നും സമാനമായ പുനരധിവാസം അനുവദിക്കും. കഴിഞ്ഞവർഷം കുട്ടനാട്ടിലെ ആർ ബ്ലോക്കിൽ 37 കുടുംബങ്ങൾ വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ വസിക്കുന്നതായി കണ്ടെത്തിയിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, സംസ്ഥാനത്ത് മഴക്കെടുതികൾ ഇത്തവണയും വ്യാപകമായ സാഹചര്യത്തില്‍ ദുരന്തസാധ്യത വിലയിരുത്താൻ 50 സംഘങ്ങൾ രൂപികരിക്കും. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താനും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ വിവരം ശേഖരിക്കുകയുമാണ് ലക്ഷ്യം. ഇതിനായി മൈനിങ് ആൻഡ് ജിയോളജി, ഭൂഗർഭജലം, മണ്ണുസംരക്ഷണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽനിന്ന് രണ്ടുപേരെ വീതം ഉൾപ്പെടുത്തിയാണ് സംഘം രൂപകരിച്ചിട്ടുള്ളത്. ഈ സംഘങ്ങൾ വരുംദിവസങ്ങളിൽ സ്ഥലങ്ങൾ സന്ദർശിച്ച് പഠനം നടത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇത്തവണത്തെ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഉണ്ടായത് ചെറുതും വലുതുമായ 65 ഉരുൾപൊട്ടലുകളാണെന്ന് കേരള ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തല്‍. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെഎസ്ആർഇസി) തയ്യാറാക്കിയ ഭൂപടമാണ് ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്. ഇതുപ്രകരം പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ഉരുൾപൊട്ടലുകളുണ്ടായത്, 18 എണ്ണം. 11 എണ്ണം റിപ്പോർട്ട് ചെയ്ത മലപ്പുറമാണ് രണ്ടാമത്. വയനാട്ടിൽ 10, കോഴിക്കോട് 8, കണ്ണുരിൽ 6 ഉരുൾപൊട്ടലും ഉണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍