UPDATES

ട്രെന്‍ഡിങ്ങ്

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് കേന്ദ്രം; ഇല്ലെന്ന് കേരളം

ഡിജിപിമാരുടെ വാര്‍ഷിക സമ്മേളനത്തില്‍ ലോക്‌നാഥ് ബഹ്രയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്‌

ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി കേരളം കേന്ദ്രത്തെ സമീപിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. എന്നാല്‍ ഇത്തരത്തിലൊരു ആവശ്യം കേരള സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. ദ ഹിന്ദു പത്രമാണ് ഡിജിപി ലോക്‌നാഥ് ബഹ്ര ഇത്തരമൊരു ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചതായി വാര്‍ത്ത പുറത്തുവിട്ടത്.

മധ്യപ്രദേശില്‍ കഴിഞ്ഞ മാസം നടന്ന ഡിജിപിമാരുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. സമ്മേളനത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്ര സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതിന്റെ വിശദമായ വിവരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ‘പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഞങ്ങള്‍ ഈ കേസ് പരിശോധിച്ച് വരികയാണ്’ റിജ്ജു വ്യക്തമാക്കി.

കേരളത്തില്‍ ലവ് ജിഹാദില്ല; സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നാല് ക്രിമിനല്‍ കേസുകളാണ് ബഹ്ര ചൂണ്ടിക്കാട്ടിയതെന്ന് ഒരു ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട് ഒരു നിയമവിരുദ്ധ സംഘടനയാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇതിനെക്കുറിച്ചുള്ള ബഹ്രയുടെ പ്രതികരണം ലഭ്യമായിട്ടില്ലെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് മുമ്പ് ഒരിക്കലും ഒരു സംഘടനയുടെയും പ്രവര്‍ത്തനങ്ങള്‍ ഡിജിപി സമ്മേളനത്തില്‍ ഇത്രമാത്രം സൂക്ഷ്മമായി പരിശോധിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെയും നിരോധിച്ചിട്ടില്ല. സിമി(സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ), ഇന്ത്യന്‍ മുജാഹിദ് എന്നിവരെക്കുറിച്ച് മുമ്പ് ഡിജിപി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം നിരോധിച്ചതിന് ശേഷമായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ആഭ്യന്തര സുരക്ഷ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്റലിജന്‍സ് ബ്യൂറോയാണ് ഡിജിപിമാരുടെ വാര്‍ഷിക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയോ അവര്‍ ശിക്ഷിക്കപ്പെടുകയോ ചെയ്ത നാല് കേസുകള്‍ പരാമര്‍ശിച്ച് കഴിഞ്ഞ വര്‍ഷം എന്‍ഐഎയും ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിരവധി പേപ്പര്‍ ജോലികള്‍ ബാക്കിയുള്ളതിനാല്‍ നിരോധനം ഏപ്രിലിന് മുമ്പ് സാധ്യമാകില്ലെന്ന് ആഭ്യന്തര വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

2010ല്‍ ഏതാനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മൂവാറ്റുപുഴയില്‍ വച്ച് പ്രൊഫസര്‍ ടിജെ ജോസഫിനെ ആക്രമിക്കുകയും വലതു കൈപ്പത്തി വെട്ടിയെടുക്കുകയും ചെയ്തിരുന്നു. ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ പ്രവാചകനായ മുഹമ്മദ് നബിയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇത് നബിയെ അപമാനിക്കുന്നതായിരുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഈ കേസിലെ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് 2015 മെയില്‍ കോടതി വിധിച്ചു.

പുരുഷന്മാരും സ്ത്രീകളും ഇസ്ലാം മതം സ്വീകരിച്ച ഒമ്പത് കേസുകള്‍ തങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഇതില്‍ നാല് എണ്ണത്തിലെങ്കിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുണ്ടെന്നുമാണ് എന്‍ഐഎ പറയുന്നത്.

നിങ്ങള്‍ വനിതാ ജിഹാദിയോ എന്തു വേണമെങ്കിലും ആക്കിക്കോളൂ; എന്റെ പണി ജേര്‍ണലിസമാണ്’: ഷബ്ന സിയാദ് പ്രതികരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍