UPDATES

ട്രെന്‍ഡിങ്ങ്

തീപ്പൊരി നേതാവിനെ പിടിച്ചകത്തിട്ടിട്ടും നേതൃത്വം തിരിഞ്ഞ് നോക്കിയില്ല: ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് തടഞ്ഞതിനെതിരായ പ്രതിഷേധം ഒരു പ്രസ്താവനയിലൊതുക്കിയതും ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ നീക്കത്തിന് കാരണം

ശബരിമല സമരത്തിലേറ്റ തിരിച്ചടിയുടെ പേരില്‍ ബിജെപിയിലെ വിഭാഗീയത വീണ്ടും മൂര്‍ച്ഛിക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് തടഞ്ഞതും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് തിരിച്ചടിയാകുകയാണ്. ഈ രണ്ട് സംഭവങ്ങളും പിള്ളയ്‌ക്കെതിരായ ആയുധമാക്കാനൊരുങ്ങുകയാണ് വി മുരളീധര പക്ഷം. പരാതി ബോധിപ്പിക്കാന്‍ മുരളീധരന്‍ ഡല്‍ഹിയ്ക്ക് തിരിച്ചുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇരുസംഭവങ്ങളിലും ബിജെപിയുടെ പ്രതിരോധം ദുര്‍ബലമായിരുന്നെന്നാണ് മുരളീധര പക്ഷം പറയുന്നത്. നേതൃത്വത്തിന്റെ മൃദുസമീപനം മൂലമാണ് കെ സുരേന്ദ്രനെതിരെ ഒന്നിന് പുറകെ ഒന്നായി കേസുകള്‍ കൊണ്ടുവരുന്നതിന് കാരണമെന്നും ആരോപിക്കപ്പെടുന്നു.

മുമ്പും കേരളത്തിലെ ബിജെപിയില്‍ ഗ്രൂപ്പ് പോരുണ്ടെങ്കിലും മെഡിക്കല്‍ കോഴയാരോപണത്തിന് ശേഷമാണ് ബിജെപിയിലെ തമ്മിലടി രൂക്ഷമായത്. ഗ്രൂപ്പ് പോരാണ് മെഡിക്കല്‍ കോഴ ആരോപണം ഉയരാന്‍ കാരണമെന്ന് തെളിയുകയും അതിന്റെ പേരില്‍ വി വി രാജേഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടപടി നേരിടേണ്ടി വരികയും ചെയ്തു. ഗ്രൂപ്പ് പോര് രൂക്ഷമായപ്പോഴാണ് മുമ്പ് കുമ്മനം രാജശേഖരനും ഇപ്പോള്‍ ശ്രീധരന്‍ പിള്ളയും സംസ്ഥാന അധ്യക്ഷന്മാരായെത്തിയത്. കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കി മാറ്റിയതിന് പിന്നിലും കേരളത്തിലെ ഗ്രൂപ്പ് പോരാണ് കാരണമെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. കുമ്മനം പദവി ഒഴിഞ്ഞ ശേഷം രണ്ടര മാസത്തോളം ബിജെപിക്ക് കേരളത്തില്‍ നാഥനില്ലാതിരുന്നതിന് കാരണം വി മുരളീധരന്‍-കൃഷ്ണദാസ് ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിപ്പോര് ശക്തമായതാണ്. അങ്ങനെയാണ് ഇരുഗ്രൂപ്പുകളിലും പെടാത്ത ശ്രീധരന്‍ പിള്ളയെ കേന്ദ്രനേതൃത്വം അധ്യക്ഷനാക്കിയത്. ബിജെപിയിലെ വിഭാഗീയതയെക്കുറിച്ച് സാധാരണ പ്രവര്‍ത്തകര്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പരാതി പറയുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചത്. ലസിത പാലയ്ക്കലിനെ അവഹേളിച്ചപ്പോള്‍ നേതൃത്വം നിശബ്ദമായതും പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. അതേക്കുറിച്ച് ചോദിച്ച അഴിമുഖം പ്രതിനിധിയോട് അന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് അണികള്‍ക്ക് അങ്ങനെ പല ആശങ്കകളും കാണും കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവിടെ നേതൃത്വമുണ്ടെന്നായിരുന്നു.

ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കിയത് കൊണ്ടൊന്നും പ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നില്ല. മുരളീധര പക്ഷത്തെ പ്രമുഖനായ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനാകുമെന്നാണ് ഭൂരിഭാഗം പേരും കരുതിയത്. ശ്രീധരന്‍ പിള്ള പ്രസിഡന്റായത് അവര്‍ക്ക് തിരിച്ചടിയാകുകയും ചെയ്തിരുന്നു. കൃഷ്ണദാസ് പക്ഷത്തിന് പിള്ളയോട് എതിര്‍പ്പില്ലാത്തതിനാല്‍ തന്നെ അത് അവരുടെ വിജയമായി കണക്കാക്കപ്പെടുകയും ചെയ്തു. പ്രസിഡന്റായി ചുമതലയേറ്റ ശ്രീധരന്‍ പിള്ളയെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിക്കുന്നത് മുരളീധര വിഭാഗം പതിവാക്കിയിരുന്നു. മുമ്പ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ കാര്യമില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത് ഇവര്‍ വിവാദമാക്കിയിരുന്നു. പെട്രോള്‍ വില കുറയ്ക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ചാണ് പിള്ള പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് പി രഘുനാഥ് ആണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. മുരളീധരനുമായി അടുപ്പമുള്ള നേതാവാണ് രഘുനാഥ്. ‘കോണ്‍ഗ്രസ് നല്‍കിയ എന്തെല്ലാം വാഗ്ദാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്’ എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണം തുടരുന്നത് വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയാണെന്നാണ് രഘുനാഥ് ഫേസ്ബുക്കില്‍ ശ്രീധരന്‍ പിള്ളയ്ക്ക് മറുപടി നല്‍കിയത്. ‘ഏല്ലാവര്‍ക്കും തൊഴില്‍ ,എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തിലേക്ക് ഭാരതത്തെ നയിച്ചുകൊണ്ടിരിക്കുന്ന ലോകാരാദ്ധ്യാനായ ഇന്ത്യന്‍ പ്രധാന മന്ത്രി ബഹുമാന്യനായ നരേന്ദ്ര മോദി ജി ക്ക് അഭിവാദ്യങ്ങള്‍ .ബി.ജെ .പി 2014 ല്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച ജനക്ഷേമ പദ്ധതികളും മുദ്രാ ബേങ്ക് ,ഉജ്ജ്വല്‍ യോജന ,പ്രധാന മന്ത്രി ആവാസ് യോജന, കര്‍ഷകരെ സഹായിക്കുവാനുള്ള പദ്ധതികള്‍ ,ആഭ്യന്തര സുരക്ഷ ,അടിസ്ഥാന വികസനത്തിനായുള്ള പദ്ധതികള്‍ ,തുടങ്ങീ ആയിരക്കണക്കിന് പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നു .പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ജീവിതം സുരക്ഷിതമാക്കുവാന്‍ നലരവര്‍ഷത്തെ മോദി ജിയുടെ ഭരണത്തില്‍ വന്‍ നടപടികള്‍ ഉണ്ടായി .അഴിമതി തുടച്ചു മാറ്റും എന്ന BJP യുടെ ഉറച്ച തീരുമാനം നടപ്പിലാക്കി മാതൃക ഭരണം നടത്തിയ നരേന്ദ്ര മോദി ജി ലോകത്തിന് തന്നെ മാതൃകയായി .വാഗ്ദാനങ്ങള്‍ എല്ലാം നടപ്പിലാക്കി തന്നെയാണ് നരേന്ദ്ര മോദി ജി മുന്നേറുന്നത് .ബിഗ് സല്യുട്ട്’ എന്നായിരുന്നു പി രഘുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ശബരിമല യുവതീ പ്രവേശന വിഷയം ബിജെപി ഏറ്റെടുത്ത ആദ്യഘട്ടത്തില്‍ തന്നെ പാര്‍ട്ടിയിലെ വിഭാഗീയതയും തലപൊക്കി. ശബരിമല യുവതീ പ്രവേശനത്തില്‍ കോടതി വിധിയെ അനുകൂലിച്ച കേന്ദ്ര നേതൃത്വത്തെയും ആര്‍എസ്എസിനെയും നിലപാട് തിരുത്തിച്ചത് സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം നേതാക്കളാണ്. എന്നിട്ടും ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ശ്രീധരന്‍ പിള്ള നടത്തിയ ഉപവാസത്തില്‍ 5000ലേറെ പേരെ പ്രതീക്ഷിച്ചിട്ട് മുന്നൂറോളം പേര്‍ മാത്രമാണ് എത്തിയത്. ഉദ്ഘാടനത്തിന് ശേഷം വേദിയിലുണ്ടായിരുന്നത് നൂറില്‍ താഴെ പേര്‍ മാത്രം. സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകനെ വേദിയിലെത്തിച്ചത് മാത്രമാണ് വാര്‍ത്തയായത്. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടിയെ രാഷ്ട്രീയമായി ഉപയോഗിച്ചതിനെതിരെയുള്ള വിമര്‍ശനം ബിജെപിക്ക് തിരിച്ചടിയാകുകയും ചെയ്തു.

അമിത് ഷായുടെ കണ്ണൂരിലെ പ്രസംഗം വി മുരളീധരന്‍ പരിഭാഷപ്പെടുത്തിയത് പാര്‍ട്ടിക്കുള്ളിലും വിവാദമായിരുന്നു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നാണ് മുരളീധരന്‍ പരിഭാഷപ്പെടുത്തിയത്. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുരളീധരനെ വിമര്‍ശിച്ച് പത്രസമ്മേളനം നടത്തിയിരുന്നു. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് യാതൊരു താല്‍പര്യവുമില്ലാത്ത കണ്ണന്താനം കൃഷ്ണദാസ് പക്ഷത്തെ സുഖിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് മുരളീധര പക്ഷം വിശ്വസിച്ചു. മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അവര്‍ രംഗത്തെത്തുകയും ചെയ്തു.

തുലാമാസ പൂജയിലും ചിത്തിര ആട്ട വിളക്ക് മഹോത്സവത്തിലും പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത് കെ സുരേന്ദ്രനാണ്. മറ്റ് നേതാക്കള്‍ ശബരിമലയില്‍ നിന്ന് അകന്ന് നിന്ന് പ്രതിഷേധിച്ചപ്പോള്‍ മുരളീധരന്‍ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും ഓടി നടന്നു. മണ്ഡലകാലമായപ്പോള്‍ വിവിധ കേസുകളില്‍ പെടുത്തി ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത വിധത്തില്‍ സുരേന്ദ്രനെ പോലീസ് പൂട്ടിയിരിക്കുകയാണ്. പാര്‍ട്ടിയുടെ തീപ്പൊരി നേതാവിനെ പിടിച്ച് അകത്തിട്ടിട്ടും സര്‍ക്കാരിനെതിരെ ഒരു ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പോലും നേതൃത്വത്തിനായില്ലെന്ന പരാതി ഉയരുന്നുണ്ട്. കെ പി ശശികലയെ പോലീസ് ശബരിമലയില്‍ തടഞ്ഞപ്പോള്‍ ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രനെ ജയിലില്‍ നിന്നിറങ്ങാനാകാതെ പൂട്ടിയിട്ടും പാര്‍ട്ടി ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നാണ് പരാതി.

കേന്ദ്രമന്ത്രിയെ എസ് പി റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചിട്ടും നേതൃത്വത്തിന്റെ പ്രതിഷേധം ഒരു പ്രസ്താവനയില്‍ ഒതുങ്ങിയെന്നാണ് മറ്റൊരു ആരോപണം. പാര്‍ട്ടിയുടെ ഇത്തരം ദുര്‍ബല പ്രതിരോധങ്ങള്‍ സര്‍ക്കാരിനെ സഹായിക്കുകയാണെന്നാണ് മുരളീധര പക്ഷം പറയുന്നത്. പ്രസിഡന്റ് ഒരു വിഭാഗത്തിന്റെ മാത്രം താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് മുരളീധരന്റെ ഡല്‍ഹി യാത്ര. പരാതി മുരളീധരന്‍ നേരിട്ട് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് അറിയുന്നത്.

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

കെ സുരേന്ദ്രനെ ‘പൂട്ടി’ സര്‍ക്കാര്‍; ശബരിമല സന്നിധാനത്തെ ബിജെപി-ആര്‍ എസ് എസ് സമരം പൊളിയുന്നു?

ബിജെപി V/s ഐപിഎസ്; ശബരിമലയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

ശബരിമലയിലെ പൊലീസ് നടപടികൾ വിജയത്തിലേക്ക്; നാമജപങ്ങൾ പ്രതിഷേധമാകാതെ അവസാനിക്കുന്നു

യതീഷ് ചന്ദ്ര എന്ന ‘കുട്ടമ്പുള്ള പോലീസ്’

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍