UPDATES

കേരളം

വനിതാ മതില്‍ നെഗറ്റീവ് പൊളിറ്റിക്സ്, എതിര്‍ക്കുന്നു: കത്തോലിക്ക സഭ

ചില പ്രത്യേക സംഘടനകളെ ചില പ്രത്യേക പേരില്‍ വിളിച്ച് പ്രത്യേക യോഗം ചേരുന്നതിന് മുഖ്യമന്ത്രി മുന്‍കയ്യെടുത്തതെന്തിനെന്ന് മനസ്സിലാവുന്നില്ല. അത്തരത്തില്‍ ഒരു വനിതാ മതില്‍ നടത്തേണ്ടതിന്റെ എന്ത് ആവശ്യമാണ്?

നവോഥാന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരിരെ രാഷ്ട്രീയ സാമൂഹിക സാമുദായിക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ വനിതാ മതിലിനോട് യോജിക്കാനാവില്ലെന്നറിയിച്ചതാണ് ഇതില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്ന ഒന്ന്. എന്തുകൊണ്ട് തങ്ങള്‍ വനിതാ മതിലിനോട് വിയോജിക്കുന്നു? അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുകയാണ്‌ കെ സി ബി സി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്.

‘വനിതാ മതിലില്‍ പങ്കെടുക്കുമെന്നോ പങ്കെടുക്കില്ല എന്നോ കെസിബിസി പറഞ്ഞിട്ടില്ല. അത് കെസിബിസി പറയേണ്ട കാര്യവുമില്ല. ആളുകളാണ് തീരുമാനിക്കേണ്ടത്. സമൂഹത്തില്‍ ഒരു വിഭജനം ഉണ്ടാക്കുന്നതിലേക്ക് സര്‍ക്കാര്‍ പോവരുതെന്ന് മാത്രമാണ് കെസിബിസിയുടെ അഭിപ്രായം. വനിതാ മതിലില്‍ പങ്കെടുക്കാതിരിക്കാന്‍ എന്‍എസ്എസിന് അതിന്റേതായ കാരണം കാണും. പക്ഷെ ഞങ്ങള്‍ അത്തരത്തിലല്ല അതിനെ കാണുന്നത്. വനിതാ മതിലിലെ നെഗറ്റീവ് ആയ പൊളിറ്റിക്‌സിനെയാണ് ഞങ്ങള്‍ വിമര്‍ശിക്കുന്നത്. ഒഴിവാക്കലുകളുടേയും വിഭജനങ്ങളുടേയും ഒരു നെഗറ്റീവ് പൊളിറ്റിക്‌സ് ഇതിലുണ്ട്. അത് സമൂഹത്തിന് ഗുണം ചെയ്യില്ല. പ്രളയം അനുഭവിച്ച് അതില്‍ നിന്ന് കരകയറി വരുന്ന ഇപ്പോഴത്തെ കേരളത്തിന് ഒട്ടും യോജിക്കുന്ന പ്രവര്‍ത്തിയുമല്ല അത്. തിരിവ് ഉണ്ടാക്കുന്നത് സമൂഹത്തിന് എന്ത് ഗുണം ചെയ്യും?

ഈ ഒരു സമയത്ത് നമ്മള്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കുന്നു എന്ന് കാണിക്കാനുള്ള ഒരു സിംബോളിക് ആക്ഷന്‍ നല്ലതാണ്. അത് വനിതാ മതിലായാലും എന്തായാലും. അത്തരത്തിലുള്ള മെസ്സേജുകളാണ് മുഖ്യമന്ത്രി പ്രളയത്തിന് ശേഷം കേരളത്തിന് നല്‍കിയിരുന്നതും. എന്നാല്‍ അതില്‍ നിന്ന് മാറി ചില പ്രത്യേക സംഘടനകളെ ചില പ്രത്യേക പേരില്‍ വിളിച്ച് പ്രത്യേക യോഗം ചേരുന്നതിന് അദ്ദേഹം മുന്‍കയ്യെടുത്തതെന്തിനെന്ന് മനസ്സിലാവുന്നില്ല. അത്തരത്തില്‍ ഒരു വനിതാ മതില്‍ നടത്തേണ്ടതിന്റെ എന്ത് ആവശ്യമാണ്? ഏത് സംഘടനകള്‍ക്കെല്ലാം നവോഥാനത്തില്‍ പങ്കുണ്ട്, ഏതിനെല്ലാം ഇല്ല എന്ന് മുഖ്യമന്ത്രി കണ്ടുപിടിച്ചതെങ്ങനെയാണ്? അത് ദുരൂഹമായ നീക്കമാണെന്ന് സംശയിക്കുന്നു. നല്ല കേരളം ഉണ്ടാക്കണമെങ്കില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഒന്നിച്ച് നില്‍ക്കുന്നു എന്ന് കാണിക്കാന്‍ സിംബോളിക് ആക്ഷനും നല്ലതാണ്. പക്ഷെ അത് ജാതിയുടേയും, മതത്തിന്റെയും പേര് പറഞ്ഞ് വേര്‍തിരിച്ച് നിര്‍ത്തിക്കൊണ്ടല്ല ചെയ്യേണ്ടത്.

ശബരിമല കോണ്‍ടക്‌സ്റ്റില്‍ ആണ് വനിതാ മതില്‍ എന്ന് പറഞ്ഞാല്‍, ആ കോണ്‍ടക്‌സ്റ്റിലും അത് ചെയ്യുന്നത് ശരിയാണോ? ജനുവരി 22ന് കോടതി റിവിഷന്‍ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കുകയാണ്. അപ്പോള്‍ കോടതിയല്ലേ അതില്‍ തീരുമാനമെടുക്കേണ്ടത്. വനിതാ മതില്‍ കോടതിക്ക് വേറൊരു മെസേജ് കൊടുക്കുകയല്ലേ ചെയ്യുക. കോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയല്ലല്ലോ സര്‍ക്കാര്‍ ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത്.

കേരള നവോഥാനത്തില്‍ എല്ലാവര്‍ക്കും പങ്കാളിത്തമുണ്ട്. ക്രിസ്ത്യന്-മുസ്ലിം സംഘടനകള്‍ക്കെല്ലാം. അത് ചരിത്രത്തിലുള്ളതാണ്. ആ ചരിത്രം മനസ്സിലാക്കാന്‍ കഴിയുന്നതും കഴിയേണ്ടതും സര്‍ക്കാരിനാണ്. അങ്ങനെയല്ലാത്ത ഒന്ന് നല്ല സമീപനമല്ല. ഞങ്ങളുടെ വിയോജിപ്പ് സര്‍ക്കാര്‍ അറിഞ്ഞുകാണും. ആവശ്യമെങ്കില്‍ ഔദ്യോഗികമായി അറിയിക്കും.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍