UPDATES

അനശ്വര കൊരട്ടിസ്വരൂപം

കാഴ്ചപ്പാട്

അനുനിമിഷം

അനശ്വര കൊരട്ടിസ്വരൂപം

സിനിമ

താരരാജാക്കളെ, ‘നിസാരരായ’ ഈ പെണ്ണുങ്ങളുടെ വിരല്‍ ചൂണ്ടലുകളെ നിങ്ങള്‍ പേടിക്കുന്നതെന്തിന്?

തന്റെ സിനിമയെ പരാമര്‍ശിച്ച സഹപ്രവര്‍ത്തകയെ നിരന്തരം അപമാനിക്കുന്ന, തന്റെ പേരും പ്രശസ്തിയും സ്ഥാനവും ഉപയോഗിക്കുന്ന ഈ അശ്ളീല കൂട്ടത്തെ നിലയ്ക്ക് നിര്‍ത്താന്‍; ഒന്ന് തള്ളിപ്പറയാന്‍ എങ്കിലും അദ്ദേഹത്തിന് സാധിക്കാത്തത് എന്തുകൊണ്ടാണ്?

2017 ഐ എഫ് എഫ് കെയുടെ സമാപന വേദി. ഇത്തവണത്തെ ചലച്ചിത്രമേളയുടെ ഒരു ഗ്ലാന്‍സ് പോലെ ഒരു ചെറിയ വീഡിയോ കാണിക്കുന്നു. അതില്‍ പാര്‍വ്വതിയുടെ ഫോട്ടോ വന്നപ്പോള്‍ പുറകില്‍ നിന്നും കുറച്ചു പേര് കൂവുന്നു! എന്തുകൊണ്ടായിരിക്കും ആ കൂവല്‍ എന്നതിനെ ചൊല്ലി മനസ് അസ്വസ്ഥമാകാന്‍ തുടങ്ങി. ലോകസിനിമയെ കണ്ടാസ്വദിക്കുന്ന, സിനിമ പഠിക്കുന്ന, ഗൊദാര്‍ദിനെയും ഹിച്‌കോക്കിനെയും അവരുടെ സിനിമ സംവിധാന രീതികളെയും ഒക്കെ ആഴത്തില്‍ പഠിച്ച ആള്‍ക്കൂട്ടമായിരുന്നു അവിടെ സന്നിഹിതമായിരുന്നത്. വ്യത്യസ്തതകളെ, ഭിന്നാഭിപ്രായങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന, പ്രതികരിക്കുന്ന പൊതുജനക്കൂട്ടങ്ങളില്‍ നിന്നും വ്യത്യസ്തമെന്നു ‘കരുതുന്ന’ ആള്‍ക്കൂട്ടത്തിന് പാര്‍വതി എന്ന നടി എന്തുകൊണ്ടാണ് അസ്വീകാര്യയായത് എന്നത് ചിന്തിക്കേണ്ട ഒന്നായിരുന്നു. എത്രയൊക്കെ വിദ്യാഭ്യാസവും അറിവും ഉണ്ടായിരുന്നാലും എല്ലാവരുടെയും ഉള്ളില്‍ ഒരു പുരുഷാധിപത്യ പന്നി (MSP ) ഒളിഞ്ഞിരിപ്പുണ്ട് എന്നതിന്റെ തെളിവായിരുന്നു ആ കൂവല്‍ എന്നത് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് നമ്മള്‍ ഫാന്‍സ് എന്ന വെട്ടുകിളികൂട്ടത്തെ ചൊല്ലി അസ്വസ്ഥമാകേണ്ടത്.

WCC എന്ന സംഘടന അതിന്റെ രുപീകരണ സമയം മുതല്‍ക്കേ വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും നേരിട്ടിരുന്നു. പത്തോ പന്ത്രണ്ടോ സ്ത്രീകള്‍ അടങ്ങുന്ന സംഘം മലയാള സിനിമയെ രണ്ടാക്കാന്‍ ഒരുമ്പെടുന്നു എന്നായിരുന്നു ആദ്യ വിമര്‍ശനം. പിന്നീട ഓരോ താരത്തോടും നിങ്ങള്‍ ആ സംഘടനയുടെ ഭാഗമാണോ എന്ന ചോദ്യം. അല്ല എന്ന മറുപടികള്‍ക്കുള്ള സ്വീകാര്യത. ആണോ അല്ലയോ എന്നുറപ്പിച്ചു പറയാന്‍ സാധിക്കാതെ നടീനടന്മാരുടെ ഇരട്ടത്താപ്പ്, തടുങ്ങി അനവധി തലങ്ങളില്‍ ഈ സംഘടന മലയാള സിനിമയില്‍ പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചു. മലയാള സിനിമയ്ക്കും പൊതുസമൂഹത്തിനും അനഭിമതരായ, തലതെറിച്ച പെണ്ണുങ്ങള്‍ ആണ് ആ സംഘടനയുടെ നേതൃത്വത്തില്‍ ഉളളത് എന്നത് തന്നെ ആയിരുന്നു കാരണം. വിവാഹ മോചിതയായ മഞ്ജുവാര്യരും, സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടന്ന് പറഞ്ഞ പാര്‍വതിയും, ഒരു മലയാള നടന്‍ തന്നെ ഒതുക്കുന്നു എന്ന് തുറന്നു പറഞ്ഞ ഭാവനയും, സ്വതന്ത്ര സംവിധായികയും നിലപാടുകള്‍ ഉള്ളവരുമായ ഗീതു മോഹന്‍ദാസും എല്ലാകാലത്തും മലയാളസിനിമ സര്‍ക്കസ് മുതലാളിമാരുടെയും ഫാന്‍സ് വെട്ടുകിളികളുടെയും പൊതുസമൂഹത്തിന്റെയും ഇഷ്ട ലിസ്‌റില്‍ ഇടംപിടിക്കാത്തവര്‍ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് വന്നതു മുതല്‍ WCC ശക്തമായ നിലപാട് ആ കേസില്‍ എടുക്കുകയും, മലയാള സിനിമയെ തന്റെ കാല്‍ച്ചുവട്ടിലാക്കി നിയന്ത്രിച്ചിരുന്ന നടനെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. (കേസിന്റെ വിചാരണ തുടങ്ങാന്‍ ഇരിക്കുന്നു). ഇതോടെ ഫാന്‍സ് വെട്ടുകിളികളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ആക്രമണത്തിന് വിധേയായ സ്ത്രീ ‘മാനം ഭയന്ന്’ മിണ്ടാതിരിക്കും എന്ന കണക്കുകൂട്ടല്‍ തെറ്റിയ വെട്ടുകിളികള്‍, ആ തുറന്നു പറച്ചിലിനെയും അതിനു പിന്തുണ കൊടുത്തവരെയും വെര്‍ബല്‍ റേപ്പിനു വിധേയമാക്കി. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു ജയിലില്‍ ആയ വീര നേതാവിനെ സ്വീകരിക്കാന്‍ എന്ന വണ്ണം അവര്‍ ജയില്‍ മുറ്റങ്ങളില്‍ പടക്കം പൊട്ടിച്ചു. അശ്‌ളീല ലഡുവിതരണം നടത്തി. അങ്ങനെ ജനപ്രിയന്റെ ജനപ്രിയത്വം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു.

താരങ്ങളേ, ഇളകിയാര്‍ക്കുന്ന ഈ ഭക്തസംഘത്തെ പിരിച്ചുവിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?

ഈ വിഷയങ്ങള്‍ ഒന്ന് കെട്ടടങ്ങി വന്നപ്പോള്‍ ആണ് ഐഎഫ്കെയുമായി ബന്ധപ്പെട്ടു അനാവശ്യ വിവാദങ്ങള്‍ (ക്ഷമിക്കണം, കാമ്പില്ലാത്ത എന്നാണ് ഉദ്ദേശിക്കുന്നത്) ഉയര്‍ന്നു വരുന്നതും അതിലേക്കു യാതൊരു വിധത്തിലും കക്ഷിയാകേണ്ടതില്ലാത്ത WCC യെ വലിച്ചിഴയ്ക്കുന്നതും. വിഷ്ണുനാഥ് എം എല്‍ എ അടക്കമുള്ളവര്‍ ദേശീയ അവാര്‍ഡ് നേടിയ നടിയും ചലച്ചിത്ര അക്കാദമിയും തമ്മില്‍ ഉള്ള പ്രശ്‌നത്തില്‍ WCC നിലപാട് എടുക്കാത്തത് ഇരട്ടത്താപ്പാണ് എന്ന വാദവുമായി രംഗത്തെത്തി. നടിയെ ക്ഷണിക്കാത്തതിന് വിശദീകരണവുമായി ചലചിത്ര അക്കാദമി അധികൃതര്‍ രംഗത്തെത്തിയിട്ടും ആളുകള്‍ കിട്ടിയ സാഹചര്യം ഉപയോഗപ്പെടുത്തി WCCയെ കുറ്റപ്പെടുത്തി. തുടര്‍ന്നാണ് ഓപ്പണ്‍ ഫോറത്തില്‍ മലയാള സിനിമയിലെ സ്ത്രീവിരുദ്ധത പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച, നിധിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്ത കസബയെന്ന ചിത്രത്തെ പാര്‍വതി പരാമര്‍ശിക്കുന്നത്. ഫാന്‍സ് വെട്ടുക്കിളികൂട്ടത്തിന് ആഘോഷിക്കാന്‍ വേറെയെന്ത് വേണം. അവര്‍ തങ്ങളുടെ ആവനാഴിയിലെ ഏക ആയുധമായ തെറിവിളിയുമായി രംഗത്തെത്തി. ഈ സാഹചര്യത്തില്‍ ആണ് നേരത്തെ പരാമര്‍ശിച്ച ആ കൂവല്‍ നടക്കുന്നത്.

‘പാര്‍വതിയാന്റിക്കും ഗീതുവാന്റിക്കും’ കൊടുക്കുന്ന മാസ് മറുപടികള്‍ മഹാനടന്മാര്‍ കേള്‍ക്കുന്നുണ്ടല്ലോ അല്ലേ…

എന്തുകൊണ്ടാണ് ഈ പ്രശ്‌നത്തില്‍ മമ്മൂട്ടി എന്ന നടന്‍ വിമര്‍ശിക്കപ്പെടുന്നത്? സിനിമയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന, സ്‌ക്രിപ്റ്റ് തിരുത്തുന്ന ഒരു നടന് തന്റെ സിനിമയിലൂടെ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അത് തടയാന്‍ സാധിക്കേണ്ടതല്ലേ? സിനിമ പൂര്‍ണമായും സംവിധായകന്റെ കലയാണ് എന്ന മോഹനസുന്ദര ഉട്ടോപ്പ്യന്‍ ന്യായങ്ങള്‍ നിരത്തരുത്. നായകന് ഒരു സിനിമയില്‍ ഉള്ള സ്വാധീനം എത്രമാത്രമാണ് എന്നത് സിനിമയെടുക്കുന്ന ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ്. ശരി അത് പോട്ടെ, തന്റെ സിനിമയെ പരാമര്‍ശിച്ച സഹപ്രവര്‍ത്തകയെ നിരന്തരം അപമാനിക്കുന്ന, തന്റെ പേരും പ്രശസ്തിയും സ്ഥാനവും ഉപയോഗിക്കുന്ന ഈ അശ്ളീല കൂട്ടത്തെ നിലയ്ക്ക് നിര്‍ത്താന്‍; ഒന്ന് തള്ളിപ്പറയാന്‍ എങ്കിലും അദ്ദേഹത്തിന് സാധിക്കാത്തത് എന്തുകൊണ്ടാണ്? എവിടെയാണ് അദ്ദേഹം താരരാജാവ് എന്ന തന്റെ സ്വാധീനം ഉപയോഗിക്കാന്‍ പോകുന്നത്? മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഒന്നിച്ചു തീരുമാനമെടുത്താല്‍ മലയാള സിനിമയില്‍ പാര്‍വതിയെയോ റിമയെയോ മഞ്ജുവാര്യരെയോ ഒക്കെ ‘ഒതുക്കാന്‍’ സാധിക്കുമായിരിക്കും. താരാധിപത്യവും പുരുഷാധിപത്യവും കൊടികുത്തി വാഴുന്ന സിനിമ മേഖലയില്‍ വേറിട്ട ശബ്ദങ്ങള്‍ എന്നും വിമര്‍ശനത്തിന് ഇടയാക്കിയിട്ടെ ഉള്ളൂ. അതുകൊണ്ടു തന്നെ അതില്‍ പുതുമയൊന്നും തോന്നില്ല. അതിന് ചുക്കാന്‍ പിടിക്കാനെ താരരാജാക്കന്മാര്‍ക്കും സില്‍ബന്തികളായ സംവിധായക കോമാളികള്‍ക്കും സാധിക്കൂ. അവര്‍ക്കൊപ്പം നിന്ന് വെട്ടുകിളിക്കൂട്ടത്തിനു ഏറ്റവും പുതിയ തെറികള്‍ കണ്ടെത്തി സ്വയം തീട്ടം വാരി മേലുതേച്ചു നാറാനും സാധിക്കുമായിരിക്കും. പക്ഷെ ഈ പെണ്ണുങ്ങള്‍ – ‘നിസാരരായ’ ഈ പെണ്ണുങ്ങള്‍- ഉയര്‍ത്തിയ വിമര്‍ശനങ്ങളും ചോദ്യങ്ങളും അപ്പോഴും നിങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുക തന്നെ ചെയ്യും.

പാര്‍വ്വതിക്കെതിരെയുള്ള ‘വെട്ടുകിളി’ ആക്രമണം; മമ്മൂട്ടീ, ഇടിയുന്നത് നിങ്ങളുടെ അന്തസ്സും കൂടിയാണ്

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍