UPDATES

എസ്. മുഹമ്മദ് ഇര്‍ഷാദ്

കാഴ്ചപ്പാട്

ഇടവും കാലവും

എസ്. മുഹമ്മദ് ഇര്‍ഷാദ്

ട്രെന്‍ഡിങ്ങ്

ജനങ്ങളുടെ രാഷ്ട്രീയത്തിന്മേല്‍ സര്‍ക്കാരിന്റെ പോലീസിന് എന്താണ് അധികാരം?

കേരള സർക്കാരും ഇടതു പാർട്ടികളും പുതിവൈപ്പിൽ സമരം ചെയ്തവരെ വികസന വിരോധികൾ എന്ന പതിവ് പല്ലവിക്ക് പകരം അത് തീവ്രവാദികളുടെ സമരമായി ചിത്രീകരിക്കുകയാണ് ചെയ്തത്

സമരങ്ങൾ പോലീസ് അടിച്ചമർത്തുന്നത് കേരളത്തിൽ ആദ്യമായിട്ടല്ല. ക്രൂരമായ പോലീസ് പീഡനങ്ങൾ പലപ്പോഴായി കേരളത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പൊലീസിന്റെ അക്രമം രാഷ്ട്രീയ ആയുധമാക്കാൻ ഇടതു-വലത് വ്യത്യാസമില്ലാതെ നേതാക്കന്മാർ മത്സരിക്കുന്നതും കേരളം കണ്ടിട്ടുണ്ട്. കീറിയ ഖദർ ഉടുപ്പും ഊന്നുവടിയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയതോതിൽ ഉപയോഗിച്ചവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍. എന്നാൽ കേരളത്തിലെ പോലീസ് അതിക്രമങ്ങളുടെ ചരിത്രം വായിച്ചാൽ മാനസിലാക്കാവുന്ന ഒരു കാര്യം, പലപ്പോഴും മുഖ്യധാരാ രാഷ്ട്രീയക്കാർ നടത്തുന്ന നിലനിൽപ്പ് സമരങ്ങളുടെ നേരേ നടത്തുന്ന പോലീസ് അക്രമത്തെക്കാൾ ഭീകരമായിട്ടാണ് പലപ്പോഴും പ്രകൃതി സ്‌നേഹികളുടെയും മുഖ്യധാരയിതര ഇടതു സംഘടനകളുടെ സമരങ്ങളെയും പൊലീസ് നേരിടുന്നത്. പലപ്പോഴും ഇത്തരം പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കാൻ ഇടതുബുദ്ധിജീവികളും നേതാക്കൻമാരും കേരളത്തിൽ മുന്നിൽ നില്‍ക്കാറും ഉണ്ട്.

അടിയന്തിരാവസ്ഥ കാലത്തെ പോലീസ് പീഡനത്തിന്റെ ബാക്കിയായി എല്ലാ വർഷവും കർക്കിടക ചികിത്സ നടത്തുന്ന നേതാക്കൻമാരുള്ള നാടാണ് കേരളം. അവരൊക്കെ ഇന്ന് കേരളം ഭരിക്കുന്നുമുണ്ട്. എന്നാൽ അടിയന്തിരാവസ്ഥയിൽ പോലീസ് അക്രമത്തിൽ ജീവൻ നഷ്ടപെട്ടതും പിന്നീട് ജീവിതം തന്നെ ഇല്ലാതായതും ഇപ്പറഞ്ഞ മുഖ്യധാരാ/തൊഴിൽ രാഷ്ട്രീയക്കാർക്കല്ല (ഈ വാക്കിന് പ്രൊഫ് എം കുഞ്ഞാമനോട് കടപ്പാട്);  ഇവരുടെ രാഷ്ട്രീയ ജീർണ്ണതകളെ പ്രതിരോധിച്ചവർക്കാണ്. ഇത്തരം ചരിത്രത്തെ ആവർത്തിക്കുന്നതാണ് പുതുവയ്പ്പിൽ നടന്ന പൊലീസ് അതിക്രമം.

ഭരണകൂടത്തിന്റെ ഭാഗമല്ലാത്തവരുടെ സമരങ്ങളോടും അവരുടെ ആവശ്യങ്ങളോടും പോലീസ് സ്വീകരിക്കുന്ന നയം അതാത് ഭരണകൂടത്തിന്‍റേത് കൂടിയാണ്. ഭരണകൂടത്തിന്റെ ലാത്തി മാത്രമാണ് പോലീസ്. അതുകൊണ്ട് തന്നെ ഒരു ജനാധിപത്യക്രമത്തിൽ അത് ബൂർഷ്വാ ജനാധിപത്യമായാലും നിയമനടത്തിപ്പ് ഒരിക്കലും സ്വതന്ത്രമായ ഒന്നല്ല. അതുകൊണ്ട് തന്നെ പുതുവയ്പ്പിൽ നടന്ന പോലീസ് അതിക്രമം ഭരണകൂടത്തിൽ നിന്നും മാറ്റി നിർത്തി വിശദീകരിക്കേണ്ട ഒന്നല്ല. ഈ സമരം ജനങ്ങളുടെ അറിവില്ലായ്മയും ശാസ്ത്രയുക്തിയുടെ അഭാവവും ഒക്കെക്കൊണ്ട് ഉണ്ടാകുന്നതാണ് എന്നൊക്കെ വേണമെങ്കിൽ അഭിപ്രായപ്പെടാം. എന്നാൽ അടിസ്ഥാന പ്രശ്നം വലിയ ഒരു വിഭാഗം ജനതയ്ക്ക് ഇത്തരം ശാസ്ത്രയുക്തികളോടും അതിന്റെ പിന്നിലുള്ള സാമ്പത്തിക യുക്തിയോടും യോജിപ്പില്ല എന്നതാണ്.

കൂടംകുളം സമരത്തിലും നീറ്റ ജെലാറ്റിൻ കമ്പനിയുടെ കാര്യത്തിലും പ്രാദേശിക ജനത്തിന് അവിശ്വാസം തന്നെയാണ് ഉണ്ടായിരുന്നത്. രാജ്യം അതിവേഗം സ്വകാര്യവത്ക്കരിക്കപ്പെടുകയും പ്രകൃതി വിഭവങ്ങൾ വലിയ തോതിൽ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ പൗരന് ഭരണകൂടത്തെ സംശയിക്കാനും ചോദ്യം ചെയ്യാനുമുള്ള അധികാരമുണ്ട്. അധികാരം കേവലം കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കേണ്ട ഒന്നല്ല. പലപ്പോഴും കക്ഷിരാഷ്ട്രീയത്തിന് പുറത്താണ് ഇത്തരം സമരങ്ങൾ രൂപപ്പെടുന്നത് തന്നെ. മാത്രവുമല്ല പലപ്പോഴും പ്രത്യയശാസ്ത്ര ബാധ്യതകൾ ഇത്തരം സമരങ്ങളെ ഒരു തരത്തിലും ബാധിക്കാറുമില്ല. ഒരുപക്ഷെ ഇതൊരു ഭയമാകാം, പ്രതിഷേധമാകാം, ചെറുത്തുനിൽപ്പാവാം. കൃത്യമായി രൂപപ്പെടുത്തുന്ന ഒന്നല്ല ഇത്തരം സമരങ്ങൾ ഒന്നും തന്നെ. അവയുടെ വ്യാപ്തിയും ഒരുപക്ഷെ പരിമിതമാകാം.

ഭരണകൂടത്തിന്റെ ഭാഗമായ പ്രസ്ഥാനകൾക്ക് ഇത്തരം സമരങ്ങളിൽ കാര്യമായ പങ്കില്ല എന്നതും ഗൗരമായി പരിഗണിക്കേണ്ടതാണ്. പുതുവൈപ്പിൽ സമരം ചെയ്തവർ ഈ പറഞ്ഞ ഗണത്തിൽ പെടുന്നവരാണ്. അതുകൊണ്ട് തന്നെ അവരെ ഭരണകൂടത്തിന്റെ താല്പര്യത്തിന് അനുസരിച്ച് ഏത് രീതിയിലും പരിഗണിക്കാവുന്നതാണ്. കേരള സർക്കാരും ഇടതു പാർട്ടികളും പുതിവൈപ്പിൽ സമരം ചെയ്തവരെ വികസന വിരോധികൾ എന്ന പതിവ് പല്ലവിക്ക് പകരം അത് തീവ്രവാദികളുടെ സമരമായി ചിത്രീകരിക്കുകയാണ് ചെയ്തത്. തീവ്രവാദത്തിന് കാരണമായി പറഞ്ഞത് മുസ്ലീം മത സംഘനകളുടെ സാന്നിധ്യമാണ്. മുസ്ലീം സംഘടന ഇതുപോലുള്ള ഒരു സമരത്തിൽ പങ്കെടുത്താൽ അതിനെ തീവ്രവാദികളുടെ സമരമായും മാവോയിസ്റ്റുകളുടെ സമരമായും ഒക്കെ കാണുന്നത് സർക്കാരിന്റെ പരാജയമാണ്. ഇത്തരം പൊതുസമരങ്ങളിൽ ഒരു പ്രത്യക മതസംഘടനയുടെ സാന്നിധ്യത്തെ തീവ്രവാദികളുടെ സാന്നിധ്യമായി മാത്രം കാണുന്നത് സർക്കാരിന്റെ കാഴ്ചപ്പാടിലെ വൈരുധ്യവും കൂടിയാണ്. ഇത് തിരുത്തേണ്ട ഒന്നാണ്. ടി വി ക്യാമറകളുടെ മുന്നിൽ വച്ചും ഒരു പൊലീസുകാരന് ജനങ്ങളെ തല്ലാൻ കഴിയുന്ന അവസ്ഥ സർക്കാരിന്റെ പരാജയം മാത്രമല്ല ചുണ്ടിക്കാണിക്കുന്നത്. രാജ്യത്ത് പട്ടാളത്തിനും പൊലീസീനും കിട്ടുന്ന അമിതപ്രാധാന്യത്തിന്റെ പിൻബലം കൂടിയുണ്ട്. പട്ടാളക്കാരെ ന്യായീകരിക്കുന്ന ബിജെപിക്കാരുടെ അതേനയം തന്നെയാണ് മുഖ്യമന്ത്രിയും ഈ വിഷയത്തിൽ എടുത്തത്.

സർക്കാർ നയത്തെ എതിർക്കുന്ന എല്ലാവരും രാജ്യതാത്പര്യത്തിന് എതിർനിൽക്കുന്നവരാണ് എന്ന കേവലയുക്തിക്ക് കിട്ടുന്ന അംഗീകരമായേ ഇത്തരം പൊലീസ് നടപടികളെ കാണാൻ കഴിയൂ. ഇത് ഫാസിസത്തിന്റെ യുക്തിയാണ്, ജനാധിപത്യത്തിന്‍റേതല്ല. കേരളത്തിലെ പോലീസിനെ ഭരിക്കുന്നത് ഫാസിസ്റ്റു യുക്തിയാണോ ജനാധിപത്യയുക്തിയാണോ എന്ന് വ്യക്തമാക്കേണ്ടത് ഇടതു സർക്കാരിന്റെ ബാധ്യതയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍